കേരള-കേന്ദ്ര സർക്കാറുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (KRDCL) പ്രഖ്യാപിച്ച സിൽവർലൈൻ പദ്ധതിയെപ്പറ്റി ഏറെ ചർച്ചകൾ നടക്കുന്നുണ്ട്. തിരുവനന്തപുരം മുതൽ കാസർകോട് വരെ 532 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി കേരളത്തിന് ഏറെ ഗുണകരമായിരിക്കുമെന്നും വികസനത്തിന് എതിരു നിൽക്കുന്നവരാണ് അതിനെ എതിർക്കുന്നതെന്നും പ്രചാരണവും ശക്തമാണ്. പദ്ധതിയെ അനുകൂലിക്കാത്ത വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരാളെന്ന നിലയിൽ അതിനുള്ള കാരണം അധികൃതരുടെയും പൊതുജനങ്ങളുടെയും മുന്നിൽ ചുരുക്കിപ്പറയാൻ ശ്രമിക്കുകയാണ് ഈ കുറിപ്പിലൂടെ.
താങ്ങാനാവാത്ത ചെലവ്
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഒരു കാലത്ത് ജനങ്ങൾക്ക് സാർവത്രികമായി പ്രയോജനം ചെയ്യാത്ത വൻകിട പദ്ധതികളുമായി ഇറങ്ങിത്തിരിക്കുന്നതുതന്നെ അപകടമാണ്. കെ.ആർ.ഡി.സി.എൽ കണക്കുകൂട്ടിയ പദ്ധതിചെലവ് 63,940 കോടി രൂപയാണെങ്കിൽ കേന്ദ്രസർക്കാറിെൻറ പരമോന്നത നയ ഉപദേശക വിദഗ്ധ സംഘമായ നിതി ആയോഗ് 1,26,081 കോടി ചെലവു വരുമെന്ന് കണ്ടെത്തിയിരിക്കുന്നു. സാധാരണ ഇന്ത്യൻ േബ്രാഡ്ഗേജ് റെയിൽവേയുടെ ഒരു കിലോമീറ്റർ നിർമാണത്തിന് 20 മുതൽ 30 വരെ കോടി രൂപയാണ് ചെലവെങ്കിൽ ആറിരട്ടിയിലേറെ വരും സിൽവർലൈനിനുവേണ്ടി ഉദ്ദേശിക്കുന്ന സ്റ്റാൻഡേർഡ് ഗേജിന്. മെഷീനുകളും റോളിങ് കാറുകളും പൂർണമായും ഇറക്കുമതി ചെയ്യേണ്ടി വരും. വൻതോതിൽ വിദേശനാണയ ശോഷണം വരുത്തിവെക്കുന്ന ഈ ഇറക്കുമതി രാജ്യത്തിെൻറ 'മേക്ക് ഇൻ ഇന്ത്യ' നയത്തിന് എതിരാണ്.
രണ്ടര കോടി ജനസംഖ്യയുള്ള നഗരങ്ങളിലൂടെ കടന്നുപോകുന്ന മുംബൈ- സൂറത്ത്-അഹ്മദാബാദ് ബുള്ളറ്റ് െട്രയിനിലെ പ്രതീക്ഷിത യാത്രക്കാർ ദിനേന 37,500 മാത്രമാണ്. അതേസമയം, 50 ലക്ഷം മാത്രം ജനസംഖ്യയുള്ള 11 ജില്ല കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന സിൽവർലൈൻ 80,000 യാത്രക്കാരെ പ്രതീക്ഷിക്കുന്നതായി പറയുന്നു. മുഴുവൻ ശേഷിയും ഉപയോഗിച്ച് 675 യാത്രക്കാരുമായി 37 തവണ സർവിസ് നടത്തിയാൽപോലും 24,975 പേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.
ഇത്ര ബൃഹത്തായ പദ്ധതി നടപ്പാക്കും മുമ്പ് നിർബന്ധമായ പരിസ്ഥിതി ആഘാത പഠനം (ഇ.ഐ.എ) നടത്തിയത് സെൻറർ ഫോർ എൻവയൺമെൻറ് ആൻഡ് െഡവലപ്മെൻറ് എന്ന അംഗീകാരമില്ലാത്ത സ്ഥാപനമാണ്. അവരുടെ പഠനം അസാധുവായതിനാൽ വീണ്ടും 96 ലക്ഷം രൂപ മുടങ്ങി പഠനം നടത്താൻ ടെൻഡർ ക്ഷണിച്ചിരിക്കുന്നു. 14 മാസമാണ് പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി. േപ്രാജക്ട് കോസ്റ്റിലെ വർധനയും സമയപരിധി അതിക്രമിക്കുന്നതും, മുപ്പതിനായിരം കോടിയോളം വിദേശ വായ്പ വാങ്ങേണ്ടുന്ന സാഹചര്യങ്ങളും കിലോമീറ്ററിന് 2.75രൂപ എന്ന യാത്രാനിരക്ക് അസാധ്യമാക്കും. പുണെ-നാസിക് സെമി ഹൈസ്പീഡ് റെയിൽ പ്രതീക്ഷിക്കുന്ന യാത്രക്കൂലി കിലോമീറ്ററിന് നാലു രൂപയാണ്. അതേ നിരക്കുെവച്ച് കണക്കുകൂട്ടിയാൽ നിലവിൽ 330 രൂപ നൽകി നടത്താവുന്ന തിരുവനന്തപുരം- കാസർകോട് സ്ലീപർ യാത്രയുടെ സ്ഥാനത്ത് 2120 രൂപ നൽകുക എന്നത് കേരളത്തിലെ സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല.
പര്യാപ്തമല്ലാത്ത വേഗതാ വാദം
ഇന്ത്യൻ റെയിൽവേ ഇപ്പോൾത്തന്നെ ന്യൂഡൽഹി മുതൽ അക്ജാൻസി വരെ ഗതിമാൻ എക്സ്പ്രസ് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഒാടിക്കുന്നു. 2025 ൽ എവിടെയൊക്കെ ഇരട്ടപ്പാത ലഭ്യമാണോ അവിടെയെല്ലാം മൂന്നാമതൊരു ലൈൻ കൂടി നിർമിച്ച് എല്ലാ എക്സ്പ്രസ് െട്രയിനുകളും 160 കിലോമീറ്റർ വേഗതയിലാക്കും. എന്നാൽ, സിൽവർലൈൻ വേറിട്ടു നിൽക്കുന്ന സ്റ്റാൻഡേർഡ് ഗേജ് റെയിൽവേ ലൈൻ ആയതിനാൽ അത് ഒരിക്കലും നിലവിലുള്ള റെയിൽവേ ലൈനുമായി യോജിപ്പിക്കുവാനോ, ഭാവിയിലെ ആവശ്യപ്രകാരം ഹൈസ്പീഡ് ലൈനായി പരിവർത്തനപ്പെടുത്തുവാനോ കഴിയില്ല. കാസർകോടു നിന്ന് മംഗലാപുരത്തിനോ ബംഗളൂർക്കോ ചെന്നൈക്കോ ലൈൻ നീട്ടാനാവില്ല. ചരക്കു ഗതാഗതവും യാത്രയും ഉയർന്ന തോതിലുള്ള റൂട്ടുകളാണിത്.
മണിക്കൂറിൽ 350 മുതൽ 500 വരെ കിലോമീറ്റർ വേഗതയുള്ള ബുള്ളറ്റ് െട്രയിനുകൾ പ്രാവർത്തികമാക്കിയും 1000 കിലോമീറ്റർ വേഗതയുള്ള ഹൈപ്പർ ലൂപ്പിനായി ഗവേഷണം നടത്തുകയുമാണ് ലോകം. പുണെ- നാസിക് സെമി ഹൈസ്പീഡ് െട്രയിൻപോലും 250 കിലോമീറ്റർ വേഗതയിലാണ് വിഭാവനം ചെയ്യുന്നത്. 2025 ഓടു കൂടി ഇന്ത്യൻ റെയിൽവേ എല്ലാ എക്സ്പ്രസ് െട്രയിനുകളും 160 കിലോമീറ്ററിൽ ഓടിക്കുമ്പോൾ 2030 നോ അതിനു ശേഷമോ മാത്രം പ്രാവർത്തികമാകുമെന്ന് പ്രതീക്ഷിക്കുന്ന 200 കിലോമീറ്റർ വേഗതയുണ്ടെന്ന് അവകാശപ്പെടുന്ന 132 കിലോമീറ്റർ മാത്രം ശരാശരി വേഗതയുള്ള സിൽവർലൈനിനു വേണ്ടി ഭീമമായ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക നാശങ്ങളെ അവഗണിക്കുക എന്നത് തികച്ചും അപഹാസ്യമാണ്.
നെടുകെ പിളർത്തുന്ന ഭിത്തികൾ
530 കിലോമീറ്റർ ദൈർഘ്യം വരുന്ന സിൽവർ ലൈനിൽ വെറും 88 കിലോ മീറ്റർ മാത്രമാണ് ഇലവേറ്റഡ് ആയി കടന്നുപോകുന്നത്. ബാക്കി 410 കിലോമീറ്ററിലും ഇരുവശങ്ങളിലും 15 അടിയോളം ഉയരത്തിൽ സംരക്ഷിത ഭിത്തി നിർമിക്കേണ്ടിവരും. ഇതു സംസ്ഥാനത്തെ രണ്ടായി പിളർത്തും. റോഡ് ശ്രൃംഖലയെ പ്രതികൂലമായി ബാധിക്കും. ഇത്തരം അതിർത്തി മതിലുകൾ 2018 ലെയും 2019 ലേയും പോലുള്ള പ്രളയസാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ അസാധ്യമാക്കും.
മുളക്കുളം പ്രദേശത്ത് മൂവാറ്റുപുഴയാറിൽ പരമ്പരാഗത മത്സ്യബന്ധനം നടത്തി ജീവിക്കുന്ന നൂറോളം കുടുംബങ്ങളെ കുടിയിറക്കേണ്ടി വരും. 132 കിലോമീറ്റർ നീളത്തിൽ നെൽവയലുകളും തണ്ണീർത്തടങ്ങളും മണ്ണുകൊണ്ടും പാറ കൊണ്ടും നികത്തിയെടുക്കുക വഴി സുഗമമായ നീരൊഴുക്ക് തടയപ്പെടും. 132 കിലോമീറ്റർ നെൽവയലുകളും നീർത്തടങ്ങളും നികത്തുന്നത് നീർവാർച്ച തടയും. ഗ്രൗണ്ട് വാട്ടർ ലെവൽ താഴുന്നതിനും വരൾച്ചക്കും കാരണമാവും.തൃശൂരിലെ കോൾ നിലങ്ങൾ,കടലുണ്ടി പക്ഷിസങ്കേതം,കണ്ണൂരിലെ മാടായിപ്പാറ എന്നിവക്കും നാശമുണ്ടാക്കും.
പദ്ധതി ലാഭകരമാക്കുന്നതിനുവേണ്ടി നിർദിഷ്ട സ്റ്റേഷനുകളുടെ സമീപം സ്മാർട്ട് സിറ്റികളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും നിർമിതിക്കായി 2500 ഏക്കർ ഭൂമി വികസിപ്പിക്കുന്നതിന് ടെൻഡർ ക്ഷണിച്ചു കഴിഞ്ഞു. 12 വർഷം മുമ്പ് നിർമാണം ആരംഭിച്ച കൊച്ചി സ്മാർട്ട് സിറ്റി ഒരിഞ്ചുപോലും മുമ്പോട്ടു പോയില്ല. ആയതിനാൽ പരിഗണനയിലുള്ള 10 സ്മാർട്ട് സിറ്റികളുടെ നിർമാണം അപ്രായോഗികവും പൊതുഖജനാവിന് ഭീമമായ സാമ്പത്തിക നഷ്ടം വരുത്തി െവക്കുന്നതുമാണ്. വികസിപ്പിക്കുന്നതിനുവേണ്ടി ടെൻഡറുകൾ വിളിക്കപ്പെട്ട 2500 ഏക്കർ ഭൂമികളിൽ എഫ്.എ.സി.ടിയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കറും എച്ച്.എം.ടിയുടെ 200 ഏക്കറും ഉൾപ്പെടുന്നു. എന്നാൽ, വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നതു പ്രകാരം മേൽപറഞ്ഞ ടെൻഡറുകൾ ക്ഷണിക്കപ്പെട്ടത് ഭൂമി ഉടമയായ യൂനിയൻ ഗവൺമെൻറിെൻറ അറിവോ സമ്മതമോ ഇല്ലാതെയാണ്. അത് നിയമ വിരുദ്ധവും തട്ടിപ്പിന് സമാനവുമാണ്.
വല്ലാർപ്പാടം പദ്ധതിക്കായി മൂലമ്പിള്ളിയിൽ കുടിയിറക്കപ്പെട്ട കുടുംബത്തിലെ കുഞ്ഞുങ്ങൾ. ആ കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറവും പെരുവഴിയിലാണ്
കുടിയിറക്കപ്പെട്ടവരുടെ ഗതി
വല്ലാർപാടം കണ്ടെയ്നർ ബെർത്തിനു വേണ്ടി 2008ൽ കൊച്ചി നഗരത്തിലെ മൂലമ്പള്ളിയിൽ നിന്ന് കുടിയിറക്കപ്പെട്ട 326ൽ 250 കുടുംബങ്ങൾ ഇപ്പോഴും പുനരധിവസിക്കപ്പെടാതെ പ്ലാസ്റ്റിക് ഷീറ്റുകൾക്ക് കീഴെ അന്തിയുറങ്ങുന്നു. അങ്ങനെയെങ്കിൽ 20,000 കുടുംബങ്ങളും ഒരു ലക്ഷത്തിലേറെ മനുഷ്യരും കുടിയിറക്കപ്പെടുമെന്ന് കണക്കാക്കപ്പെടുന്ന ഈ പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ അവസ്ഥ എന്തായിരിക്കും?
കേരള സംസ്ഥാന സർക്കാർ നാളിതുവരെ ഏറ്റെടുത്ത ഏറ്റവും വലിയ പദ്ധതിയായിട്ടും നാളിതുവരെ സംസ്ഥാന നിയമസഭയിലോ സംസ്ഥാനത്തെ പാർലമെൻറ് അംഗങ്ങളുമായോ ഇതേപ്പറ്റി ചർച്ചകൾ നടത്തിയിട്ടില്ല. നിക്ഷേപ പൂർവ പ്രവൃത്തികൾ നടത്താൻ തത്ത്വത്തിലുള്ള അനുമതി മാത്രമാണ് റെയിൽവേ ബോർഡ് നൽകിയിരിക്കുന്നത്. കേന്ദ്ര ഗവൺമെൻറിെൻറയോ റെയിൽവേ ബോർഡിെൻറയോ അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പദ്ധതിക്കു വേണ്ടി ഭൂമിയുടെ ഏറ്റെടുക്കലിനു വേണ്ടിയുള്ള മുഴുവൻ സർവേ നമ്പറുകളും പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. അതുവഴി മേൽപറഞ്ഞ മുഴുവൻ ഭൂമിയുടെയും ക്രയവിക്രയങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ്.
ലോകമെമ്പാടും ജനങ്ങൾ കോവിഡ് മഹാമാരിയെ അതിജീവിക്കുവാൻ പോരാടുകയാണ്. കോവിഡ് കേരളത്തിൽ സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യം മറികടക്കുവാൻ ചുരുങ്ങിയത് അഞ്ചു വർഷമെങ്കിലും വേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം ഒരവസ്ഥയിൽ ലക്ഷം മനുഷ്യരെ കുടിയിറക്കി നടപ്പാക്കുന്ന പദ്ധതി അങ്ങേയറ്റം മനുഷ്യവിരുദ്ധമാണ്. കുടിയിറക്കൽ ശ്രമങ്ങൾ ഉടനടി അവസാനിപ്പിക്കുകയും ഈ പദ്ധതി എന്നന്നേക്കുമായി ഉപേക്ഷിക്കുകയുമാണ് വേണ്ടത്.
(നിർദിഷ്ട സിൽവർലൈൻ പദ്ധതിക്കുവേണ്ടി വ്യാപക തോതിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവരുന്ന മുളകുളത്തെ െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.