കേരളത്തിൽ വനത്തോട് ചേർന്ന ജനാവാസ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞവർഷം മാത്രം എണ്ണായിരത്തിലധികം വന്യമൃഗാക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അമ്പത് ദിവസത്തിനിടെ, ചുരുങ്ങിയത് അരഡസൻ ആളുകളാണ് വന്യമൃഗാക്രമണങ്ങളിൽ കൊല്ലപ്പെട്ടിരിക്കുന്നത്. കൃഷിനാശത്തിനും കണക്കില്ല. കോടികൾ ചെലവഴിച്ചിട്ടും ഭരണകുടത്തിന്റെയും ജുഡീഷ്യറിയുടെയും ഇടപെടലുകളുണ്ടായിട്ടും എന്തുകൊണ്ടാണ് ഈ പ്രശ്നം തുടർന്നുകൊണ്ടിരിക്കുന്നത്? -അന്വേഷണം.
പണ്ട് ഇരുൾവേളയിലാണ് വന്യജീവി ആക്രമണം നടന്നിരുന്നതെങ്കിൽ ഇന്ന് പകൽ പോലും പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ് പലയിടത്തും. നേരത്തേ വനയോര ഗ്രാമങ്ങളിലെ ജനങ്ങൾ അനുഭവിച്ചിരുന്ന വന്യജീവി പ്രശ്നം ഇന്ന് ഗ്രാമ-നഗര ഭേദമന്യേ എല്ലായിടത്തും വ്യാപകമായി. അടുത്തിടെയുണ്ടായ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ കാണുമ്പോൾ വനമേതെന്നോ ജനവാസ മേഖലയേതെന്നോ മൃഗങ്ങൾക്കും തിരിച്ചറിയാതായിരിക്കുന്നു എന്നു വേണം കരുതാൻ.
കേരളത്തിലെ വനമേഖലക്ക് 1000 ആനകളെ ഉൾക്കൊള്ളാനുള്ള ശേഷിയേ ഉള്ളൂവെങ്കിൽ 2011 ലെ കണക്കനുസരിച്ച് ആറു മടങ്ങ് കൂടുതലാണ് ഇവയുടെ എണ്ണം. വനമേഖലയുടെ വിസ്തൃതി കുറയുകയും വന്യമൃഗങ്ങളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഉണ്ടാവുകയും ചെയ്തതോടെ ആവാസ വ്യവസ്ഥ തന്നെ തകിടംമറിഞ്ഞു. ഇതോടെ വയനാട് പോലുള്ള വനസമ്പുഷ്ടമായ നാട്ടിൽ ആനയും കടുവയും പുലിയും കാട്ടുപോത്തും കരടിയും മാനുമെല്ലാം വനത്തിന് വെളിയിലേക്ക് തങ്ങളുടെ ഇടവും ഭക്ഷണവും തേടി ഇറങ്ങിത്തുടങ്ങി.
വനമില്ലാത്ത പഞ്ചായത്തുകളിൽപോലും വന്യജീവി ആക്രമണങ്ങൾക്ക് പഞ്ഞമില്ലാതായി. 2023 ജനുവരി 12ന് വനപ്രദേശം ഇല്ലാത്ത എടവക പഞ്ചായത്തിലാണ് പട്ടാപ്പകൽ കടുവയുടെ ആക്രമണമേറ്റ കർഷകൻ തോമസ് കൊല്ലപ്പെടുന്നത്. വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷിനെ ഡിസംബർ ഒമ്പതിന് കടുവ കൊന്ന് പാതി ഭക്ഷിച്ചത് പകൽ നേരത്താണ്. അഞ്ചു വർഷത്തിനിടെ അഞ്ഞൂറിലധികം പേരാണ് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം മാത്രം കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ മൂന്ന് ജീവൻ നഷ്ടമായി. ജീവിക്കുന്ന രക്തസാക്ഷികളുടെ എണ്ണത്തിന് കണക്കില്ല.
കേരളത്തിൽ 3,213.24 ചതുരശ്ര കിലോമീറ്ററാണ് വനമേഖല. അതായത്, ഭൂവിസ്തൃതിയുടെ 27.83 ശതമാനം. ഓരോ വർഷവും സംസ്ഥാനത്ത് വന്യജീവികളെ പ്രതിരോധിക്കുന്നതിന് കോടികൾ ചെലവഴിക്കുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണ് വന്യജീവി ആക്രമണങ്ങളുടെ എണ്ണത്തിലെ വർധന കാണിക്കുന്നത്. രണ്ടുവര്‍ഷം മുമ്പ് വനം വകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടി രൂപ ചെലവുവരുന്ന ഒരു പദ്ധതി കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും കേന്ദ്രം നിരസിച്ചു. 2022 മുതല്‍ 2023 വരെ കാലയളവിൽ 1472 കിലോമീറ്റര്‍ ദൂരം കേരളത്തില്‍ പ്രതിരോധ ബാരിക്കേഡുകളും കിടങ്ങുകളും സ്ഥാപിച്ചതായാണ് കണക്ക്. ഇതിനുപുറമെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 കോടിയുടെ 801.24 കിലോമീറ്ററോളം ഫെൻസിങ് സ്ഥാപിക്കാനും പദ്ധതിയുണ്ട്.
വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും കൃഷി നശിച്ചവര്‍ക്കുമായി 11.89 കോടി രൂപയാണ് വയനാട് ജില്ലയില്‍ മാത്രം വനം വകുപ്പ് വിതരണം ചെയ്തത്. എട്ടു വർഷത്തിനിടെ വന്യമൃഗങ്ങൾ കാരണമായി 68.43 കോടി രൂപയുടെ കൃഷിനാശമാണ് കേരളത്തിലുണ്ടായത്. 33,000ത്തോളം കർഷകരാണ് അഞ്ചുവർഷക്കാലയളവിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയത്. ഭൂവിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമായ കേരളത്തിൽ ഓരോ വർഷവും ശരാശരി 25 കോടി രൂപ വന്യജീവി പ്രതിരോധത്തിനായി ചെലവിടുമ്പോഴും ആക്രമണങ്ങളുടെ തോത് നാൾക്കുനാൾ വർധിക്കുകയാണ്.
വയനാട്ടിൽ വന്യമൃഗ- മനുഷ്യ സംഘർഷങ്ങൾ വർധിക്കുന്നത് വലിയ ചർച്ചയാകുന്നതിനിടെ വനം വകുപ്പ് ജില്ലയിലെ കടുവകളുടെ കണക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 2023ലെ വനം വകുപ്പിന്റെ കണക്ക് പ്രകാരം വയനാട് ലാന്‍ഡ് സ്കേപ്പിൽ 84 കടുവകൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ആറ് എണ്ണത്തിനെ പിടികൂടിയിട്ടുണ്ട്. 2023 ഏപ്രില്‍ മാസം മുതല്‍ ഇതുവരെയായി മൂന്ന് കടുവകള്‍ മരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 2022ലെ നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ കണക്ക് പ്രകാരം വയനാട് ലാന്‍ഡ് സ്കേപ്പിൽ 80 കടുവകൾ ഉണ്ടെന്നാണ് റിപ്പോർട്ടിലുള്ളത്.
പുറത്തുവന്ന കണക്ക് പരിശോധിച്ചാൽ കേരള വനം വകുപ്പിന്‍റെ കണക്കുകളില്‍ 2023 ആകുമ്പോഴേക്കും നാല് കടുവകള്‍ മാത്രമാണ് കൂടിയതെന്ന് കാണാം. വനംവകുപ്പിന്‍റെ പുതിയ വസ്തുതാവിവരണപ്രകാരം വയനാട് ലാൻഡ് സ്കേപ്പിന്റെ ആകെ വനവിസ്തൃതി 1138 സ്ക്വയര്‍ കിലോമീറ്ററാണ്. വയനാട് വന്യജീവി സങ്കേതം, ആറളം വന്യജീവി സങ്കേതം, കൊട്ടിയൂര്‍ വന്യജീവി സങ്കേതം, വയനാട് നോര്‍ത്ത് ഡിവിഷന്‍, വയനാട് സൗത്ത് ഡിവിഷന്‍, കണ്ണൂര്‍ ഡിവിഷന്‍ എന്നിവയാണ് വയനാട് ലാൻഡ് സ്കേപ്പിന്റെ പരിധിയിൽ വരുന്നത്.
കടുവകളുടെ എണ്ണം സംബന്ധിച്ച വനംവകുപ്പിന്റെ കണക്കുകൾ തെറ്റാണെന്ന് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വനംവകുപ്പ് കണക്കുകൾ പുറത്തുവിട്ടത്. കർഷക സംഘടനയായ കിഫ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇതിന്റെ ഇരട്ടിയോളമായിരുന്നു കടുവകളുടെ എണ്ണം. എന്നാൽ, കാമറകൾ ഉപയോഗിച്ച് രണ്ടുവശത്തുനിന്നുള്ള ചിത്രം പകർത്തി എണ്ണം പെരുപ്പിച്ചുകാണിച്ചുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം.
ഒരു പ്രദേശത്ത് ഒരു കടുവ മാത്രമേ ഉണ്ടാവുകയുള്ളു. 70 മുതൽ 80 ചതുരശ്ര കിലോമീറ്ററാണ് ആൺ കടുവയുടെ അധീന പ്രദേശം. പെൺകടുവയുടേത് 25 ചതുരശ്ര കിലോമീറ്ററും എന്നാണ് കണക്കുകൾ. കണക്കുകൾ പരിശോധിച്ചാൽ ഇത്രയും കടുവകളെ ഉൾക്കൊള്ളാനുള്ള ശേഷിയില്ല.
വിദേശ സസ്യങ്ങള്‍ കീഴടക്കിയിരിക്കുകയാണ് വനത്തിന്റെ പല ഭാഗങ്ങളും. 23 ഇനം അധിനിവേശ സസ്യങ്ങളാണ് വയനാട് വന്യജീവി സങ്കേതത്തില്‍ തഴച്ചുവളരുന്നത്. സെന്ന പോലുള്ള വിദേശ സസ്യങ്ങൾ ദ്രുതഗതിയിലാണ് വയനാട് വന്യജീവി സങ്കേതത്തിൽ ആധിപത്യമുറപ്പിക്കുന്നത്. വന്യജീവികൾക്കാവശ്യമായ ഭക്ഷണത്തിന് ക്ഷാമം നേരിടാനും ജലദൗർലഭ്യത്തിനും അടിക്കാടുകൾ നശിക്കാനും വിദേശ സസ്യങ്ങൾ കാരണമാകുന്നു. ചില വിദേശ സസ്യങ്ങളുടെ ഗന്ധം മൃഗങ്ങൾക്ക് അസഹനീയമാകുന്നത് അവയെ അവിടെനിന്നും മാറിത്താമസിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.
സെന്ന അഥവാ സ്വർണക്കൊന്ന പോലുള്ള സസ്യങ്ങൾ തദ്ദേശീയ സസ്യങ്ങളെ വളരാൻ അനുവദിക്കില്ലെന്നതിനുപുറമെ ജലം പരമാവധി വലിക്കുകയും ചെയ്യും. നീലഗിരി ജൈവ മണ്ഡലത്തില്‍ അധിനിവേശ സസ്യങ്ങളില്‍ അധികവും 344.4 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിലാണ്. മുത്തങ്ങ, ബത്തേരി, തോല്‍പ്പെട്ടി, കുറിച്യാട് എന്നീ നാല് റേഞ്ചുകള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം. മഞ്ഞക്കൊന്ന, അരിപ്പൂ(കൊങ്ങിണി), കമ്യൂണിസ്റ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാര്‍ത്തീനിയം തുടങ്ങിയ വിദേശ സസ്യങ്ങളെല്ലാം കേരളത്തിലെ കാടുകളിൽ ആധിപത്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇന്ത്യയിൽ അധിനിവേശ സസ്യങ്ങളെ കണ്ടെത്താനും അവയുടെ ആഘാതം വിലയിരുത്താനുമുള്ള ശ്രമങ്ങൾ ഇപ്പോഴും പ്രാരംഭഘട്ടത്തിലാണ്.
വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണം വനത്തിനുള്ളിൽനിന്നുതന്നെ ലഭിക്കാതിരിക്കാൻ ഏകവിളത്തോട്ടങ്ങൾ മുഖ്യ പങ്കുവഹിക്കുന്നുണ്ട്. വ്യാവസായിക വികസനത്തിനുവേണ്ടി 1950 മുതല്‍ 1980കളുടെ തുടക്കം വരെ സ്വാഭാവിക വനങ്ങള്‍ വെട്ടിത്തെളിച്ച് ഉണ്ടാക്കിയതാണ് വയനാട്ടിലെ ഏകവിളത്തോട്ടങ്ങള്‍. സൗത്ത് വയനാട്, നോര്‍ത്ത് വയനാട്, വൈല്‍ഡ് ലൈഫ് ഡിവിഷനുകളിലായി ഏകദേശം 200 ചതുരശ്ര കിലോമീറ്റർ തേക്ക്, യൂക്കാലിപ്റ്റസ്, കാറ്റാടി തോട്ടങ്ങളുണ്ട്. വന്യജീവി സങ്കേതത്തില്‍ 101.48 ചതുരശ്ര കിലോമീറ്റര്‍ ഏകവിളത്തോട്ടമാണ്.
വനാതിര്‍ത്തി പ്രദേശങ്ങളിലെ വര്‍ധിച്ച വന്യജീവി ശല്യത്തിനും വേനലിലെ ജലക്ഷാമത്തിനും മുഖ്യ കാരണങ്ങളില്‍ ഒന്ന് കാട്ടിലെ ഏകവിളത്തോട്ടങ്ങളുടെ ആധിക്യമാണെന്ന് വനസംരക്ഷണ രംഗത്തുള്ളവര്‍ പറയുന്നു.
കേരളത്തിൽ വനവിസ്തൃതി കുറയുകയാണ്. വനത്തിന്റെ സ്വാഭാവികത നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന മുളങ്കാടുകൾ നശിപ്പിച്ചതോടെതന്നെ വനനശീകരണത്തിന് തുടക്കമായി. ചതുപ്പുകളും തണ്ണീർത്തടങ്ങളും കുറഞ്ഞതോടെ വലിയ തോതിൽ ജലലഭ്യതയും കുറഞ്ഞു. യൂക്കാലിപ്റ്റസ് നട്ടതോടെ ജലദൗർലഭ്യം വർധിച്ചു. ഇപ്പോൾ ലക്ഷങ്ങൾ മുടക്കി വനത്തിനുള്ളിൽ തണ്ണീർത്തടങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. വനം കൈയേറി സ്വകാര്യവത്കരിക്കുന്നതും മനുഷ്യ ഇടപെടൽ വനത്തിനുള്ളിലേക്ക് വ്യാപിക്കുന്നതും മനുഷ്യ - വന്യജീവി സംഘർഷങ്ങൾക്ക് ആക്കം കൂട്ടി.
വന്യജീവികളുടെ ആക്രമണം മൂലമുള്ള നാശത്തിന് നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ രേഖകൾ സഹിതം അക്ഷയകേന്ദ്രങ്ങൾ വഴി ഓൺലൈനായി നൽകണം. അപകടം സംഭവിച്ച് ആറുമാസത്തിനുള്ളിൽ അപേക്ഷ നൽകണം. അപേക്ഷകന്റെ പരിധിയിലെ റേഞ്ച് ഓഫിസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വനത്തിനുള്ളിലോ വനാതിർത്തിയിലോ വെച്ചുണ്ടായ അപകടത്തിനാണ് നഷ്ടപരിഹാരം നൽകുന്നത്. ഒരാൾക്ക് ഒരു സാമ്പത്തിക വർഷം നാല് പ്രാവശ്യംവരെ നഷ്ടപരിഹാരം ലഭിക്കും.
വന്യമൃഗ ആക്രമണത്തിൽ ജീവനഷ്ടവും കൃഷിനാശവും സംഭവിക്കുകയും അത് പ്രാദേശിക തലത്തിൽ ഒച്ചപ്പാടുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ച് തടിയൂരാറാണ് അധികൃതർ. പലപ്പോഴും പ്രഖ്യാപിക്കുന്ന നഷ്ടപരിഹാര തുക തുച്ഛമായിരിക്കും. ഇതു സംബന്ധിച്ച് നിയതമായ ഒരു നിയമം ഇല്ല എന്നത് ആക്രമണത്തിനിരയാവുന്ന മനുഷ്യർക്ക് ഈ കുറഞ്ഞ തുക ലഭിക്കുന്നതിന് പോലും തടസ്സമാവുന്നു.
വന്യജീവി അക്രമങ്ങൾക്ക് ഇരയായവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് 1980ൽ കേരളത്തിൽ നിലവിൽ വന്ന ചട്ടം, ഇതിനകം എട്ടുതവണയെങ്കിലും ഭേദഗതി ചെയ്തിട്ടുണ്ട്. സമഗ്രമായ ഒരൊറ്റ നിയമത്തിന്റെയും നഷ്ടപരിഹാരം നിശ്ചയിക്കുന്നതിലെ കൃത്യമായ മാനദണ്ഡത്തിന്റെയും അഭാവം അനാവശ്യമായ ആശയക്കുഴപ്പങ്ങളും തുകയിൽ ഏറ്റക്കുറച്ചിലുകളും സൃഷ്ടിക്കുന്നു.
വന്യജീവി ആക്രമണത്തിൽ കൃഷി,കന്നുകാലി, വസ്തുവകകൾ എന്നിവക്ക് നാശം സംഭവിച്ചാൽ പരമാവധി 75,000 രൂപവരെ നൂറുശതമാനം നഷ്ടപരിഹാരം നൽകുമെന്നാണ് കേരളത്തിലെ ചട്ടം പറയുന്നത്. എന്നാൽ, ഈ നഷ്ടം കണക്കാക്കുന്നതിന് അടിസ്ഥാനപ്പെടുത്തുന്ന മാനദണ്ഡം സംബന്ധിച്ച് വ്യക്തതയില്ല. അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥരുടെ മനോഗതമനുസരിച്ച് നാശനഷ്ടത്തിന്റെ വ്യാപ്തി നിശ്ചയിക്കുന്നത് പലപ്പോഴും കടുത്ത വിവേചനത്തിനും അനീതിക്കും വഴിവെക്കുന്നു.
നഷ്ടപരിഹാര അപേക്ഷ നൽകുന്നതിലുമുണ്ട് ഏറെ പ്രയാസങ്ങൾ. നഷ്ടം സംഭവിച്ചവർ മൂന്ന് ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകണം. അവരത് ശിപാർശ സഹിതം മേലാവിലേക്ക് കൈമാറും. തുടർന്ന് ഒരു ഉദ്യോഗസ്ഥൻ നാശനഷ്ടം തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരത്തിന് ഉത്തരവിടുകയും ചെയ്യും. ഈ ത്രിതല പ്രക്രിയ വരുത്തിവെക്കുന്ന സമയനഷ്ടവും ഊർജനഷ്ടവും സങ്കീർണതകളും ഏറെ വലുതാണ്.
- വന്യമൃഗങ്ങളുടെ എണ്ണത്തിലുള്ള വർധന
- വരൾച്ച ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനങ്ങൾ
- വനയോര മേഖലകളിലെ കൃഷിയിടങ്ങളുടെ വർധന
- വനങ്ങൾ ഏകവിളത്തോട്ടങ്ങളാക്കി മാറുന്നത്
- വനത്തിനുള്ളിൽ വിദേശ സസ്യങ്ങളുടെ വ്യാപനം
- വനത്തിനുള്ളിൽ ഭക്ഷ്യ, ജലലഭ്യത കുറയുന്നത്
- വന്യജീവികളുടെ സ്വൈരവിഹാരം തടസ്സപ്പെടുന്നു
- വനമേഖലയോട് ചേർന്ന സ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം
- ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത
- വന്യമൃഗങ്ങളുടെ ശക്തി പോരാട്ടത്തിൽ ബലഹീനൻ വനത്തിൽനിന്ന് പുറന്തള്ളപ്പെടുന്നു
- വേനല്‍ക്കാലത്ത് ഇലപൊഴിയുന്ന കാടുകളുള്ള കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് വന്യമൃഗങ്ങൾ ഇവിടേക്കെത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.