അധികാര വികേന്ദ്രീകരണം കാൽ നൂറ്റാണ്ടു പൂർത്തിയാക്കിയ കേരളത്തിൽ ഇക്കാലയളവിൽ തദ്ദേശ ഭരണസ്ഥാപനങ്ങളിൽ അഞ്ചു തെരഞ്ഞെടുപ്പുകൾ നടന്നു. കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ 15 വർഷം സംസ്ഥാനഭരണം ഇടതു ജനാധിപത്യമുന്നണിക്കും 10 വർഷം ഐക്യജനാധിപത്യ മുന്നണിക്കുമായിരുന്നു. കേരളം തദ്ദേശ ഭരണരംഗത്തു വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. എന്നാൽ, പഞ്ചായത്തീരാജും തുടർന്ന് ജനകീയാസൂത്രണവുമായി വിപുലമായ തദ്ദേശഭരണ സംവിധാനം ലക്ഷ്യം നേടിയോ? നിയമം വിഭാവനം ചെയ്തത് സ്വയംഭരണ തദ്ദേശ സ്ഥാപനങ്ങളാണ്. എത്ര സ്ഥാപനങ്ങൾ സ്വയംപര്യാപ്ത ഭരണസ്ഥാപനങ്ങളായിട്ടുണ്ട്?
1995ൽ ആദ്യ തെരഞ്ഞെടുപ്പ് നടത്തുകയും 1996-97ലെ ആദ്യ സംസ്ഥാന വാർഷികബജറ്റിൽ തദ്ദേശ സ്ഥാപനങ്ങൾക്കു വികസന വാർഷിക പദ്ധതി വിഹിതം നീക്കിവെക്കുകയും ചെയ്തു. 1996ൽ സംസ്ഥാനത്ത് ഇടതു ജനാധിപത്യമുന്നണി അധികാരത്തിൽ വരുകയും ജനകീയാസൂത്രണം നടപ്പാക്കുകയും ചെയ്തു. ജനകീയാസൂത്രണം ജനപങ്കാളിത്ത ആസൂത്രണമെന്നു നാമകരണം ചെയ്ത് വിഭവവിദഗ്ധരെ (റിസോഴ്സ് പേഴ്സൻ) തദ്ദേശസ്ഥാപനങ്ങളിലേക്ക് വിവിധ പേരുകളിൽ ഇറക്കുമതി ചെയ്തു. ആയിരത്തിലധികം സംസ്ഥാനതല വിദഗ്ധർ പരിശീലനക്കളരികൾക്കു നേതൃത്വം നൽകി. പദ്ധതി രൂപവത്കരണത്തിനു കർമസമിതികളും വിലയിരുത്തലിനു സാങ്കേതികസമിതികളും േപ്രാജക്ടുകൾക്കു സാങ്കേതികാനുമതി നൽകാൻ സാങ്കേതികസമിതികളും ഉണ്ടാക്കി. ഇപ്രകാരം വന്ന വിഭവവിദഗ്ധരും കർമസമിതി-സാങ്കേതിക സമിതി അംഗങ്ങളും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രാനുഭാവികളോ പ്രവർത്തകരോ ആയത് യാദൃച്ഛികമല്ല. തന്ത്രപരമായ ആസൂത്രണമായിരുന്നു. ഇപ്രകാരം ഒരു ലക്ഷത്തിലധികം വിദഗ്ധരെ തദ്ദേശ സ്ഥാപനങ്ങളിലേക്കു കടത്തിവിട്ടു. ഇവരുടെ ഇടപെടലുകളെ ജനപങ്കാളിത്തമെന്നു നാമകരണം ചെയ്തു. തദ്ദേശഭരണം പരോക്ഷമായി വിദഗ്ധർ ഏറ്റെടുക്കുകയാണു ചെയ്തത്. ഇത്തരം നയസമീപനമാണ് തദ്ദേശ സ്ഥാപനങ്ങൾ സ്വയംഭരണ സ്ഥാപനങ്ങളാകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചത്.
തദ്ദേശസ്ഥാപനങ്ങൾക്കു സംസ്ഥാന വാർഷിക പദ്ധതിയുടെ മൂന്നിലൊന്നു വികസനഫണ്ടായി നൽകുമെന്ന് 1996-97ൽ പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ ഒരു ഗവൺമെൻറും നൽകിയില്ല. ലഭിച്ച വികസനഫണ്ട് പൂർണമായി വിനിയോഗിക്കാനാവശ്യമായ ഭരണപരിചയവും ആർജിച്ചില്ല. പ്ലാൻ ഫണ്ട് വിനിയോഗം 75 ശതമാനത്തിനു ചുറ്റും നിൽക്കുകയാണ്. 2019-20ൽ നൽകിയ വികസനഫണ്ടിെൻറ 53 ശതമാനമാണ് വിനിയോഗം. വികസന ഫണ്ടിനൊപ്പം വിനിയോഗം സംബന്ധിച്ചു നൽകുന്ന മാർഗനിർദേശങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്കു വിലങ്ങും സ്വയംഭരണനയത്തിനു വിരുദ്ധവുമാണ്. വികസനഫണ്ടിെൻറ മേഖല വിഭജനം പട്ടികജാതി-വർഗ വിഹിതം, ശിശു-വൃദ്ധജന വിഹിതം, വനിത വിഹിതം, പരിസ്ഥിതിസംരക്ഷണ വിഹിതം, ശാരീരിക-മാനസിക വെല്ലുവിളി അനുഭവിക്കുന്നവരുടെ വിഹിതം മുതലായ വികസന ഫണ്ട് വിനിയോഗ മാർഗനിർദേശം തദ്ദേശസ്ഥാപനങ്ങളെ പദ്ധതി രൂപവത്കരണ-നിർവഹണങ്ങളിൽ സ്വയംപര്യാപ്തമാക്കിയില്ല. കാൽനൂറ്റാണ്ടു കഴിഞ്ഞിട്ടും ഓരോ തദ്ദേശ സ്ഥാപനവും സമഗ്ര വികസനപദ്ധതിയും സ്വയംപര്യാപ്തതയും എന്ന ലക്ഷ്യത്തിലേക്കു കടന്നിട്ടില്ല. ഗവൺമെൻറ് നയസമീപനവും മാർഗനിർദേശവും സഹായകരമായിട്ടുമില്ല.
ഓരോ തദ്ദേശഭരണ സ്ഥാപനവും സ്വാശ്രയ പുരോഗതിയിലൂടെ സ്വയംപര്യാപ്തത കൈവരിക്കണം. ഭക്ഷ്യവസ്തുക്കൾ, ഭവനം, കുടിവെള്ളം, ആരോഗ്യസേവനം, പ്രാഥമിക വിദ്യാഭ്യാസം മുതലായ അടിസ്ഥാനസൗകര്യങ്ങൾ തദ്ദേശസ്ഥാപനങ്ങൾ ലഭ്യമാക്കണം. ധനദൗർലഭ്യം ജനപങ്കാളിത്തം വഴിയും മുൻഗണന നിർണയം നടത്തിയും ഏറക്കുറെ പരിഹരിക്കാം. ഇതിനുള്ള സ്വാതന്ത്ര്യം തദ്ദേശസ്ഥാപനങ്ങൾക്കു നൽകണം. ത്രിതല പഞ്ചായത്തുകളുടെ പദ്ധതിസംയോജനമോ ഏകോപനമോ നടക്കുന്നില്ല. തദ്ദേശസ്ഥാപനങ്ങളുടെ വികസനപദ്ധതി ജില്ലതലത്തിൽ ആസൂത്രണസമിതികളുണ്ടെങ്കിലും ഏകോപിപ്പിച്ച് സമഗ്ര ജില്ലപദ്ധതി തയാറാക്കുന്നില്ല. ജില്ല വികസന പദ്ധതി സംസ്ഥാന പദ്ധതിയുമായി സംയോജിപ്പിച്ച് ഒരു സമഗ്ര സംസ്ഥാന പദ്ധതി കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇല്ല. മറിച്ച് 1200 തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം പ്രത്യേകം േപ്രാജക്ടുകൾ തയാറാക്കി നടപ്പാക്കുന്നു. എല്ലാ തദ്ദേശസ്ഥാപനങ്ങളും കാർഷികവിത്തുകൾ, തൈകൾ, വളം, കോഴിക്കുഞ്ഞുങ്ങൾ, ആട്ടിൻകുട്ടികൾ, കിടാരികൾ എന്നിവ ഓരോ വർഷവും മത്സരിച്ചു വിതരണം ചെയ്യുന്നു. കുടുംബശ്രീ മൈേക്രാ യൂനിറ്റുകളും സ്വയം ഉൽപാദന-വിതരണ യൂനിറ്റുകളും ആരംഭിക്കുന്നു. ഓരോ തദ്ദേശസ്ഥാപനവും പ്രാദേശികാവശ്യവും സ്വാശ്രയവികസനവും ലക്ഷ്യമിട്ടല്ല ഇത്തരം േപ്രാജക്ടുകൾ നടപ്പാക്കുന്നത്. ഇതെല്ലാം തദ്ദേശ സ്ഥാപനതലത്തിൽ സംയോജിപ്പിച്ച് ലക്ഷ്യവും തന്ത്രവും ആസൂത്രണം ചെയ്യുമ്പോഴാണ് സമഗ്രവികസനവും സ്വാശ്രയ പുരോഗതിയും ഉണ്ടാകുന്നത്. ഇത്തരം വികസനസമീപനം 2020ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും പ്രകടമല്ല.
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രകടനപത്രിക ഇരുമുന്നണികളും സംസ്ഥാനതലത്തിൽ തയാറാക്കി ജനങ്ങൾക്കു നൽകി വോട്ടുചോദിക്കുകയാണ്. ഇടതുമുന്നണി പ്രകടനപത്രിക പറയുന്നു: പത്ത് ലക്ഷം തൊഴിലും അഞ്ചു ലക്ഷം വീടും, കോവിഡ് വാക്സിൻ വിതരണം, പ്രതിവർഷം 50,000 കാർഷിക തൊഴിൽസംരംഭങ്ങൾ, തൊഴിലുറപ്പ് പദ്ധതി വഴി മൂന്നു ലക്ഷം തൊഴിൽ, ഓരോ കുടുംബത്തിനും മൈേക്രാ പ്ലാൻ, എല്ലാവർക്കും കുടിവെള്ളം, 60 വയസ്സ് കഴിഞ്ഞവർക്കെല്ലാം പെൻഷൻ; പൊതുവായ തെരഞ്ഞെടുപ്പ് മുദ്രാവാക്യം 'വികസനത്തിന് ഒരു വോട്ട്, സാമൂഹികമൈത്രിക്ക് ഒരു വോട്ട്' ആണ്. ഓരോ തദ്ദേശ സ്ഥാപനത്തിെൻറയും ആവശ്യങ്ങൾ ഇവിടെ യാഥാർഥ്യമാക്കുമോ?
ഐക്യജനാധിപത്യമുന്നണിയുടെ പ്രകടനപത്രിക പറയുന്നു: എല്ലാവർക്കും മിനിമം വേതനം ഉറപ്പാക്കുന്ന ന്യായപദ്ധതി, കോവിഡ് വാക്സിൻ വിതരണം, ദുരിതാശ്വാസനിധി, മംഗല്യസഹായം, ന്യായകാര്യാലയങ്ങൾ, സൗജന്യ വൈഫൈ, വാർഷിക പ്രവാസിസംഗമം, ഗ്രാമസഭകൾ കാര്യക്ഷമമാക്കും, വാർധക്യകാല പെൻഷൻ, മാലിന്യസംസ്കരണം, തൊഴിലുറപ്പ് പദ്ധതി വഴി 100 ദിവസം തൊഴിൽ. പൊതു മുദ്രാവാക്യം, 'പുനർജനിക്കുന്ന ഗ്രാമങ്ങളും ഉണരുന്ന നഗരങ്ങളു'മാണ്. സമ്പൂർണ ഗ്രാമസ്വരാജ് ലക്ഷ്യമെന്നും പ്രഖ്യാപിക്കുന്നു.
സ്വാശ്രയ സ്വയംപര്യാപ്ത വീക്ഷണം ഉൾക്കൊള്ളുന്നതിൽ ഐക്യമുന്നണിയുടേതാണ് അൽപം ഭേദം. തദ്ദേശസ്ഥാപനങ്ങൾ ദുരിതാശ്വാസനിധിയും ന്യായകാര്യാലയവും അനുവദിക്കുന്നതു വേറിട്ടതാണ്. ലക്ഷ്യം സമ്പൂർണ ഗ്രാമസ്വരാജ് എന്ന് പ്രകടനപത്രികയിൽ എഴുതുകയെങ്കിലും ചെയ്തു. മുന്നണികൾ പ്രകടനപത്രിക തയാറാക്കി ജനങ്ങൾക്കു നൽകി വോട്ടു വാങ്ങി അധികാരത്തിൽ വരുന്ന തദ്ദേശസ്ഥാപനങ്ങൾ സ്വയംപര്യാപ്തതക്കു കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതെങ്ങനെ? നിയമം വഴി തദ്ദേശസ്ഥാപനങ്ങൾക്കു കൈമാറിയിട്ടുള്ള ചുമതലകൾ നിർവഹിക്കണോ മുന്നണി പ്രഖ്യാപിക്കുന്ന വാഗ്ദാനങ്ങൾ നടപ്പാക്കണോ എന്ന ചോദ്യം ഉയരും. പ്രാദേശിക വിഭവലഭ്യതയും ജനകീയ ആവശ്യങ്ങളും വിലയിരുത്തി പ്രാദേശിക വികസന പരിപാടികൾ തയാറാക്കി നടപ്പാക്കുന്ന നയസമീപനമാണ് പ്രായോഗികവും നിയമം വിഭാവനം ചെയ്യുന്നതും. ഇതു സാധ്യമാകണമെങ്കിൽ തദ്ദേശസ്ഥാപനങ്ങൾതന്നെ പ്രകടനപത്രിക തയാറാക്കി ജനങ്ങൾക്കു നൽകി വോട്ടു വാങ്ങി ഭരണം നടത്തണം. കാൽനൂറ്റാണ്ട് കഴിഞ്ഞിട്ടും തദ്ദേശസ്ഥാപനങ്ങൾക്ക് ഇതിനു കഴിയുന്നില്ല. അവരെ അനുവദിക്കുന്നുമില്ല.
1200 തദ്ദേശ സ്ഥാപനങ്ങൾക്ക് കേരളം കഴിഞ്ഞ നാലുവർഷം (2016-2020) 25,725 കോടി രൂപ വാർഷിക വികസന പദ്ധതി വിഹിതമായി നൽകിയെങ്കിലും ധനവിനിയോഗം കാര്യക്ഷമമായില്ല. ഓഖിയും പ്രളയവും കോവിഡും തദ്ദേശസ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങൾ താളംതെറ്റിച്ചു. കഴിഞ്ഞ മൂന്നു വർഷവും (2017-20) പദ്ധതിവിഹിതം 20-30 ശതമാനം വരെ വെട്ടിക്കുറച്ചെങ്കിലും കിട്ടിയ ഫണ്ട് പൂർണമായും വിനിയോഗിച്ചില്ല. 2019-20ൽ ചെലവഴിച്ചത് 54 ശതമാനം മാത്രം. ജനകീയാസൂത്രണത്തിൽ ആട്, കോഴി, നടീൽവസ്തുക്കൾ വിതരണവും കുളം-കിണർ കുഴിക്കലും ഭവനനിർമാണവും റോഡുനിർമാണവുമാണ് മുഖ്യ വികസനപ്രവർത്തനങ്ങൾ. റേഷൻ വിതരണവും കിറ്റ് വിതരണവും സംസ്ഥാന സർക്കാർ വാർഷിക ബജറ്റ് വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്നതാണ്. കാൽനൂറ്റാണ്ട് കഴിഞ്ഞ അധികാരവികേന്ദ്രീകരണത്തിൽ സ്വാശ്രയ വികസനവും സ്വയംപര്യാപ്തതയും ലക്ഷ്യമിട്ടുള്ള ഒരു വികസനനയം കേരളത്തിലെ ഓരോ തദ്ദേശ സ്ഥാപനവും ആവിഷ്കരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.