പ്ലാസ്റ്റിക് മാലിന്യം വീടകങ്ങളിൽനിന്ന് വലിച്ചെറിയാതെ ശേഖരിക്കുന്ന പുതിയൊരു സംസ്കാരം കേരളത്തിൽ മെനയുകയാണ് നമ്മുടെ സ്വന്തം സേനയായ ഹരിത കർമസേന. മലയാളക്കരയെ വൃത്തിയും വെടിപ്പുമുള്ളതാക്കാൻ പൊരുതുകയാണവർ. സംസ്ഥാനത്ത് പ്ലാസ്റ്റിക് മാലിന്യ സംസ്കരണ രംഗത്ത് വലിയ മാറ്റമാണ് ഹരിത കര്‍മസേന സൃഷ്ടിച്ചത്.
പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഭൂമിക്ക് കൂടുതൽ കരുതൽ വേണമെന്ന ഇത്തവണത്തെ ലോക പരിസ്ഥിതിദിന സന്ദേശം മുഴങ്ങുമ്പോൾ ഹരിത കർമസേനയുടേത് മഹത്തരമായ ചുവടുതന്നെ.
2018ൽ ആരംഭിച്ച ഹരിത കർമസേനയെ ചലിപ്പിക്കുന്നത് ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, കുടുംബശ്രീ, ക്ലീന്‍ കേരള കമ്പനി, തദ്ദേശ ഭരണ സ്ഥാപനങ്ങൾ എന്നിവയെല്ലാം കൈകോർത്താണ്. കൃത്യമായ ഇടവേളകളില്‍ വീടുകളില്‍നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് പരിസ്ഥിതിസൗഹൃദ രീതിയില്‍ സംസ്കരിക്കുകയാണ് ഇവരുടെ ചുമതല.
കോവിഡ് കാലത്ത് പ്രതിസന്ധിയായെങ്കിലും കോവിഡാനന്തരം വീണ്ടും സജീവമാവുകയായിരുന്നു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിത കർമസേനാംഗങ്ങളുടെ വിന്യാസം പൂർത്തിയാക്കി. 95 ശതമാനത്തോളം പേരും വനിതകളാണ്. കുറച്ചിടങ്ങളിൽ പുരുഷന്മാരും ഉണ്ട്.
കഴുകി ഉണക്കിയ പ്ലാസ്റ്റിക്, ചെരിപ്പ്, ബാഗ്, കുപ്പിച്ചില്ലുകൾ, കണ്ണാടിപ്പാത്രങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എല്ലാം ഇവർ ശേഖരിക്കും. ഒരുമാസം തുടർച്ചയായി വീടുകളിൽനിന്ന് ശേഖരിക്കുന്നത് പ്ലാസ്റ്റിക്കാണ്. മറ്റു മാലിന്യങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഷെഡ്യൂൾ പ്രകാരമായിരിക്കും ശേഖരിക്കുക. അതിന്റെ ചുമതല ശുചിത്വ മിഷനാണ്.
മാസാമാസം പിരിക്കുന്ന യൂസർ ഫീ ഒരു കൺസോർട്യം രൂപവത്കരിച്ച് അതിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അതിൽനിന്ന് ഓരോ മാസത്തെയും ഹാജർ നോക്കി അംഗങ്ങൾക്ക് ശമ്പളം നൽകും. മാസം കുറഞ്ഞത് 8,500 രൂപ ശമ്പളം ലഭിക്കും. ചിലയിടങ്ങളിൽ 25,000 രൂപക്ക് മുകളിൽ വരുമാനം കിട്ടുന്നവരുമുണ്ട്. യൂനിഫോം, ഐ.ഡി കാര്‍ഡ് തുടങ്ങിയവയും നല്‍കുന്നുണ്ട്. ഇതിനു പുറമെ ഇൻഷുറൻസ് പരിരക്ഷയുമുണ്ട്. നൂറുശതമാനം വീടുകളും സ്ഥാപനങ്ങളും പങ്കാളികളായ ഇടങ്ങളിലാണ് കൂടുതൽ വരുമാനം കിട്ടുന്നത്.
ശേഖരിക്കുന്ന പ്ലാസ്റ്റിക് ഏഴു തരമായാണ് വേർതിരിക്കുന്നത്. മിൽമയുടേതുപോലെ വിലകിട്ടുന്ന കട്ടിയുള്ള കവറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ തുടങ്ങിയവ പ്രത്യേകം വേർതിരിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ സംഭരണ കേന്ദ്രങ്ങളിലാണ് വേർതിരിച്ച പ്ലാസ്റ്റിക് ശേഖരിക്കുക. ഇവിടെനിന്ന് മാലിന്യം തരംതിരിച്ച് മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയില്‍ കൊണ്ടുവരുന്നു. അവിടെനിന്നാണ് ക്ലീൻകേരള കമ്പനി ഇത് കൊണ്ടുപോവുക.
വിലകിട്ടുന്ന പ്ലാസ്റ്റിക്കിന്റെ വില ക്ലീൻ കേരള കമ്പനി തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. പുനരുപയോഗം ചെയ്യാൻ കഴിയുന്നവ ആ നിലക്ക് മാറ്റും. അതിന് സാധിക്കാത്തവ പ്ലാസ്റ്റിക് ഷ്രെഡിങ് മെഷീൻ വഴി പൊടിച്ച് റോഡ് ടാറിങ്ങിനും മറ്റും ഉപയോഗിക്കുന്ന തരത്തിലേക്ക് മാറ്റും.
കൂടാതെ വീട്ടുകാര്‍ക്ക് ജൈവമാലിന്യ സംസ്കരണത്തിനുതകുന്ന പരിഹാരങ്ങള്‍ നൽകിയും പാഴ്വസ്തുക്കളില്‍നിന്ന് മികച്ച ഉൽപന്നങ്ങളുണ്ടാക്കുന്ന ഹരിത സംരംഭങ്ങള്‍ തുടങ്ങിയും മറ്റു നൂതന സംരംഭ മാതൃകകള്‍ നടപ്പാക്കിയും സ്വയംപര്യാപ്തമാകാന്‍ ഹരിത കര്‍മസേനകള്‍ ശ്രമിക്കുന്നുണ്ട്. നാടിന്റെ മാലിന്യ പ്രശ്നത്തിന് ഒരു പരിഹാരവും സ്ത്രീകൾക്ക് മികച്ച വരുമാന മാർഗവുമൊക്കെയായി ഹരിത കർമസേന വളരുകയാണ്.
അതേസമയം, ജൈവമാലിന്യ സംസ്കരണത്തിന് വഴിയില്ലാത്തതാണ് സംസ്ഥാനം നേരിടുന്ന വലിയ വെല്ലുവിളി. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾ കാര്യമായ ഇടപെടൽ നടത്തുന്നില്ലെന്ന പരാതി വ്യാപകവുമാണ്. ഡയപ്പർ, സാനിറ്ററി നാപ്കിൻ തുടങ്ങിയവയുടെ സംസ്കരണവും വലിയ പ്രതിസന്ധിയാണ്. ഇക്കാര്യങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.