ഗുസ്തിക്കാരി

വയസ്സിപ്പോള്‍ പതിനാറേ ആയുള്ളൂ. അതിനിടയില്‍ ലോകമറിയുന്ന നടിയായത് ദംഗല്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ ആമിര്‍ ഖാന്‍െറ മകളായി വേഷമിട്ടതോടെയാണ്. എഴുപത് കോടിക്കു നിര്‍മിച്ച പടം 700 കോടി കൊയ്തപ്പോള്‍ ഗുസ്തി താരം ഗീത ഫോഗട്ടിന്‍െറ കുട്ടിക്കാലം അവതരിപ്പിച്ച സാഇറ വസീം എന്ന കൊച്ചുമിടുക്കി കലാപ്രേമികളുടെയും കായികപ്രേമികളുടെയും മാനസപുത്രിയായി. പക്ഷേ, ഗുസ്തിപിടിത്തം സിനിമയില്‍ ഒതുങ്ങിയില്ല എന്നതാണ് ഇപ്പോള്‍ ഈ കുട്ടിയെ അലട്ടുന്നത്. സിനിമക്കു പുറത്തും ഗുസ്തിപിടിക്കേണ്ട ഗതികേടിലാണ്.

ദംഗലില്‍ ഗുസ്തിപിടിച്ചത് സമപ്രായക്കാരുമായാണെങ്കില്‍ ജീവിതത്തില്‍ അങ്ങനെയല്ല. കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍, പിന്നെ സോഷ്യല്‍ മീഡിയയിലെ എണ്ണമറ്റ സൈബര്‍ പൗരന്മാര്‍. മസിലും പെരുപ്പിച്ച് മുന്നില്‍ നില്‍ക്കുകയാണ് ഒരുപാട് എതിരാളികള്‍. അഭിപ്രായം പറയുന്നത് പെണ്ണാണെങ്കില്‍ അവളെ അടിച്ചിരുത്താന്‍ അരയും തലയും മുറുക്കുമല്ളോ സൈബര്‍ പൗരന്മാര്‍. അതുതന്നെ സംഭവിച്ചു. അച്ഛന്‍ വയല്‍ കിളച്ച് നനമണ്ണൊരുക്കിയ നാട്ടിന്‍പുറഗോദയില്‍ ആണ്‍കുട്ടികളെ മലര്‍ത്തിയടിക്കുന്ന കുഞ്ഞുഗീതയുടെ ഉശിരുപോരാ പ്രതീതിലോകത്തെ പേരറിയാത്ത ആയിരങ്ങളെ മലര്‍ത്തിയടിക്കാന്‍.

കശ്മീരി യുവത മാതൃകയാക്കേണ്ട പെണ്‍കുട്ടി എന്നു വിശേഷിപ്പിച്ചത് ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി. കശ്മീരിലെ ഹവേലി ജില്ലക്കാരിയാണ് സാഇറ. മഹ്ബൂബയെ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോ ഫേസ്ബുക്കിലിട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീസുരക്ഷ എന്നീ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ സാഇറയും മഹ്ബൂബയും ചര്‍ച്ചചെയ്തത്. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിന്‍െറ പേരില്‍ കടുത്ത ട്രോളിങ്ങിനിരയാക്കിയത് കശ്മീര്‍ താഴ്വരയിലെ യുവതതന്നെ.

മുഖംമൂടി ധരിച്ച കുറെ പേര്‍ തെരുവിലിറങ്ങി സാഇറയുടെ പോസ്റ്റര്‍ കത്തിച്ചു. ഇവളെ കൊല്ലുന്നതാണ് നീതി എന്ന് എഴുതിയ ലഘുലേഖകള്‍ വിതരണം ചെയ്യപ്പെട്ടു. അതിനു കാരണം കഴിഞ്ഞ കുറെ മാസങ്ങളായി അവിടെ പുകയുന്ന അസ്വസ്ഥതകളാണ്. 86 പേര്‍ മരിക്കുകയും ആയിരങ്ങള്‍ക്കു പരിക്കേല്‍ക്കുകയുംചെയ്ത കഴിഞ്ഞ ആറു മാസത്തെ സംഭവങ്ങളുടെ പേരില്‍ പ്രതികരിക്കുന്നവരുടെ വികാരം താന്‍ മാനിക്കുന്നുവെന്നും മുഖ്യമന്ത്രിയെ കണ്ടതില്‍ മാപ്പുചോദിക്കുന്നുവെന്നും സാഇറ ഫേസ്ബുക്കില്‍ വിശദീകരിച്ചു. തന്നെ ആരും മാതൃകയാക്കേണ്ടതില്ളെന്നും താന്‍ ചെയ്യുന്ന കാര്യങ്ങളില്‍ ഒട്ടും അഭിമാനം തോന്നുന്നില്ളെന്നും പറഞ്ഞ് ക്ഷമചോദിച്ച സാഇറ അധികം വൈകാതെ ആ പോസ്റ്റ് നീക്കം ചെയ്യുകയുംചെയ്തു. മാപ്പു പറയേണ്ടിയിരുന്നില്ളെന്നു പറഞ്ഞത് ഗുസ്തി താരം ഗീത ഫോഗട്ട്. പരിഹാസങ്ങളെ അവഗണിക്കാന്‍ പഠിക്കണമെന്നും ഗീതോപദേശം.

ജമ്മു-കശ്മീര്‍ പവര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ മാനേജിങ് ഡയറക്ടറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡോ. ഷാ ഫൈസല്‍ വേറിട്ട പിന്തുണയുമായി എത്തി. സ്വന്തം നേട്ടങ്ങളുടെ പേരില്‍ പെണ്‍കുട്ടികള്‍ മാപ്പുപറയേണ്ട അവസ്ഥയാണ് ഇവിടെയെന്ന് കശ്മീരില്‍നിന്ന് ആദ്യമായി സിവില്‍ സര്‍വിസില്‍ ഒന്നാം റാങ്ക് നേടിയ ഫൈസല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പെണ്‍കുട്ടിയായതിനാല്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്നു പറഞ്ഞത് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ആ കുട്ടിയെ മാപ്പ് അപേക്ഷിക്കാന്‍ നിര്‍ബന്ധിക്കരുതായിരുന്നുവെന്നു പറഞ്ഞത് മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല. സാഇറയുടെ ക്ഷമാപണം ഭീരുത്വമാണെന്നായിരുന്നു അനുപംഖേറിന്‍െറ അഭിപ്രായം.

വിഘടനവാദികളായ ആസിയ ആന്ദ്രാബി, ഡോ. മുഹമ്മദ് ഖാസിം ഫഖ്തൂ ദമ്പതികളുടെ മകന്‍ മുഹമ്മദ് ബിന്‍ ഖാസിമും പിന്തുണച്ചു. സാഇറ ബുദ്ധിയുള്ള പെണ്‍കുട്ടിയാണെന്നും അറിവില്ലാത്തവരാണ് അവളെ ആക്രമിക്കുന്നതെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. ദംഗല്‍ കാണുമ്പോള്‍ കൈ്ളമാക്സിലെ ദേശീയഗാനത്തിന്‍െറ പശ്ചാത്തലസംഗീതം കേട്ട് തിയറ്ററില്‍ എല്ലാവരും എഴുന്നേറ്റുനിന്നപ്പോള്‍ സാഇറ എഴുന്നേറ്റില്ല എന്നാരോപിച്ച് ഹിന്ദു വലതുപക്ഷ മാധ്യമങ്ങള്‍ എരിതീയില്‍ എണ്ണ പകര്‍ന്നു.

സിനിമയിലെ തലതൊട്ടപ്പന്‍ ആമിര്‍ ഖാനാണ്. ദംഗലിലെ അച്ഛന്‍ തന്നെ ഫാദര്‍ ഫിഗര്‍. ഒരു നടിയെയും തുടര്‍ച്ചയായി രണ്ടു തവണ തന്‍െറ സിനിമകളില്‍ പരീക്ഷിക്കാത്ത ആമിര്‍ ഖാന്‍ അടുത്ത പടമായ സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ സാഇറയെ നിശ്ചയിച്ചുകഴിഞ്ഞു. സൈബര്‍ ആക്രമണങ്ങളില്‍ സങ്കടപ്പെട്ടിരിക്കുന്ന സഹതാരത്തിന് പിന്തുണയുമായി ആമിര്‍ എത്തി. സാഇറയാണ് തന്‍െറ റോള്‍ മോഡല്‍ എന്ന് പ്രഖ്യാപിച്ചു. യുവത്വവും പ്രതിഭയും കഠിനാധ്വാനവും ധൈര്യവുമുള്ള ഈ പെണ്‍കുട്ടി ഇന്ത്യയിലെ മാത്രമല്ല, ലോകത്ത് എവിടെയുമുള്ള പെണ്‍കുട്ടികള്‍ക്ക് മാതൃകയാണ് എന്നാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. ജീവിതത്തില്‍ വലിയ കാര്യങ്ങള്‍ നേരിടാനിരിക്കുന്ന ഈ പതിനാറുകാരിയെ വെറുതെവിടണമെന്ന് ആമിര്‍ അഭ്യര്‍ഥിക്കുകയുംചെയ്തു.

പിന്നെ ഗുസ്തിപിടിക്കാന്‍ ഗോദയില്‍ വന്ന് പേശി പെരുപ്പിച്ചുനിന്നത് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. ബുര്‍ഖ ധരിച്ച ഒരു സ്ത്രീക്കു മുന്നില്‍ അടച്ചിട്ട കൂട്ടില്‍ നഗ്നയായിരിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ട്വീറ്റ് ചെയ്ത മന്ത്രി പറഞ്ഞത് ഈ ചിത്രം സാഇറയെ ഓര്‍മിപ്പിക്കുന്നുവെന്നാണ്. സമൂഹമാധ്യമങ്ങള്‍ അഴിച്ചുവിട്ട ആക്രമണത്തിന് സാഇറ വിധേയായത് ഓര്‍മിപ്പിക്കുകയായിരുന്നു മന്ത്രി. അത് സാഇറയെ ചൊടിപ്പിച്ചു. ബുര്‍ഖ വിവാദത്തില്‍ തന്നെ അനാവശ്യമായി വലിച്ചിഴക്കരുതെന്ന് സാഇറ മറുപടി നല്‍കി.

മന്ത്രിയോടുള്ള എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഈ താരതമ്യത്തോട് താന്‍ പൂര്‍ണമായും വിയോജിക്കുന്നുവെന്നായിരുന്നു സാഇറയുടെ കുറിപ്പ്. ഹിജാബിലും സ്ത്രീകള്‍ സുന്ദരികളും സ്വതന്ത്രകളുമാണെന്നും ആ പെയിന്‍റിങ് ഉദ്ദേശിച്ച സ്ത്രീയുടെ അവസ്ഥയുമായി എന്‍െറ ജീവിതകഥക്ക് വിദൂരസാമ്യം പോലുമില്ളെന്നും സാഇറ മറുപടി നല്‍കി. അതോടെ ഗോദയില്‍നിന്ന് ഗോയല്‍ ഒരുചുവട് പിന്നോട്ടു മാറി. സാഇറ തന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അവളുടെ കഴിവിനെ താന്‍ മാനിക്കുന്നുവെന്നും പുരുഷാധിപത്യ പ്രവണതകളെ നിരുത്സാഹപ്പെടുത്തണമെന്നും മറുകുറിപ്പ് എഴുതി തടി രക്ഷപ്പെടുത്തി. അതോടെ ആ ഓണ്‍ലൈന്‍ ദംഗല്‍ അവസാനിച്ചു.

വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് ദംഗലിന്‍െറ ഓഡിഷന് സാഇറ എത്തിയത്. 5000 പെണ്‍കുട്ടികള്‍ പങ്കെടുത്ത വിപുലമായ ഓഡിഷനില്‍ നടനും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര സാഇറയില്‍ കുഞ്ഞുഗീതയെ കണ്ടത്തെി. സിനിമയില്‍ മുഖം കാണിക്കുന്നത് ആദ്യമാണെങ്കിലും കാമറ കണ്ടുള്ള പരിചയം നേരത്തേയുണ്ട്. ടാറ്റ സ്കൈ, നോക്കിയ ലൂമിയ എന്നിവയുടെ പരസ്യത്തില്‍ നേരത്തേ അഭിനയിച്ചിട്ടുണ്ട്. ആദ്യം മാതാപിതാക്കള്‍ക്ക് മകളുടെ അഭിനയമോഹം അംഗീകരിക്കാനായില്ല. സ്കൂള്‍ പ്രിന്‍സിപ്പലും അമ്മായിയുമാണ് ആദ്യം പിന്തുണച്ചത്. പടം തിയറ്ററില്‍ തകര്‍ത്തോടുകയാണ്. പക്ഷേ, അത് ആഘോഷിക്കാനോ ആസ്വദിക്കാനോ ഉള്ള സമയമില്ല. മുന്നിലുള്ളത് പത്താം ക്ളാസ് പരീക്ഷയാണ്. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ഉമ്മയും ഉപ്പയും പിണങ്ങുമെന്ന് സാഇറയുടെ സങ്കടം.

Tags:    
News Summary - wrestler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.