മഹാനായ പ്ലാറ്റോ തത്ത്വചിന്തകൻ മാത്രമായിരുന്നില്ല, ഒന്നാന്തരം ഗുസ്തിക്കാരനുമായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഗുസ്തിയിൽ പലരെയും മലർത്തിയടിച്ചതോടെയാണ് അരിസ്റ്റോക്ലിസ് എന്നു പേരുള്ളയാൾ പ്ലാറ്റോ ആയി മാറിയത്. ‘വിടർന്ന തോളുകൾ’ എന്നർഥമുള്ള പ്ലതോൻ എന്ന പദത്തിൽനിന്നാണ് പ്ലാറ്റോയുടെ നിഷ്പത്തി.
വിടർന്ന തോളും വിപുലമായ ചിന്തയും ചേർന്നാൽ വലിയ വിപ്ലവം സാധ്യമാണെന്ന് ജീവിതത്തിലൂടെ തെളിയിച്ച അദ്ദേഹം പോരാട്ടത്തേക്കാൾ സൗന്ദര്യമായിട്ടെന്തുണ്ട് എന്ന് ‘റിപ്പബ്ലിക്കി’ൽ ചോദിക്കുന്നുമുണ്ട്. ഭൂഗോളത്തിലെ സർവ പോരാളികൾക്കും ബാധകമായ ഫിലോസഫിയാണത്.
തലസ്ഥാനനഗരയിലെ ജന്തർമന്തറിൽ തമ്പടിച്ച പോരാളികളും ഇതിൽനിന്ന് ഒഴിവല്ല. അതറിയാവുന്നതുകൊണ്ടാണ്, സാക്ഷി മലികിനെപോലുള്ളവർ രണ്ടിലൊന്നറിയാതെ പിന്മാറില്ലെന്ന് തീർത്തുപറഞ്ഞിരിക്കുന്നത്. വിഷയം ഗുസ്തിയാണ്. ഇവിടെ ഇതൊരു മത്സരമല്ല; ഗോദക്കുപുറത്തെ മല്ലയുദ്ധമാണ്. അറിയാമല്ലോ, ഗുസ്തി മത്സരം നിയന്ത്രിക്കുന്നത് റഫറി, ജഡ്ജ്, മാറ്റ് ചെയര്മാന് എന്നിങ്ങനെ മൂന്നു പേരാണ്.
വിധി നിർണയം നടത്തുന്നതും ഇവർ ചേർന്നാണ്. എന്നാൽ, കളി നമ്മുടെ രാജ്യത്തെത്തുമ്പോൾ നിയന്ത്രണം സമ്പൂർണമായി ഫെഡറേഷന്റെ കൈയിൽ. തെളിച്ചു പറഞ്ഞാൽ, ടി സംഘടനയുടെ അധ്യക്ഷനും കാവിക്കൊമ്പന്മാരിൽ ഒരാളുമായ ബ്രിജ് ഭൂഷൺ സിങ്ങിന്റെ കൈപ്പിടിയിൽ.
യു.പിയിലെ കൈസർ ഗഞ്ചിൽനിന്നുള്ള പാർലമെന്റ് അംഗമായ ബ്രിജ് ഭൂഷൺ യോഗിക്കും മോദിക്കും അമിത് ഷാക്കുമെല്ലാം ഒരുപോലെ പ്രിയങ്കരൻ. കളിനിയമങ്ങൾക്ക് വിരുദ്ധമായിട്ടുള്ള ഇങ്ങേരുടെ കളികൾക്കെതിരെയാണ് സാക്ഷിയും സംഘവും ഗോദക്ക് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഫെഡറേഷന്റെ ഭരണം തോന്നിയപോലെ നടത്തുന്നതോ പോട്ടെ, വനിത താരങ്ങൾക്കുനേരെ തുടർച്ചയായി ലൈംഗികാതിക്രമത്തിനും മുതിരുകയാണ് കക്ഷി.
എതിർത്താൽ, ഫെഡറേഷന് പുറത്തായിരിക്കും താരങ്ങളുടെ സ്ഥാനം. അതോടെ, സ്വപ്നം കണ്ട കരിയർ എന്നെന്നേക്കുമായി അവസാനിക്കും. എത്രകാലം ഇത് സഹിച്ചിരിക്കാനാകും? ഒടുവിൽ, താരങ്ങളെല്ലാം ഒത്തുചേർന്നു; ആക്രമിക്കപ്പെട്ടവർ പരാതി നൽകി; നടപടിയുണ്ടാകുന്നില്ലെന്ന് കണ്ടപ്പോൾ പ്രത്യക്ഷ പ്രതിഷേധമായി. ഒന്നും രണ്ടും ദിവസമല്ല, മാസം ആറ് കഴിഞ്ഞു ഈ നിൽപ് തുടങ്ങിയിട്ട്.
ജനുവരിയിലാണ് സമരം ആരംഭിച്ചത്. ബ്രിജ് ഭൂഷണിനെതിരെ കേസെടുക്കണമെന്നായിരുന്നു ആവശ്യം. വിഷയം പഠിക്കട്ടെയെന്നായി കേന്ദ്രം. പഠിച്ചിട്ട് ശിക്ഷിക്കും എന്ന ധാരണയിൽ ദിവസങ്ങൾക്കകം സമരം പിൻവലിച്ചു. സർക്കാർ വാക്കുപാലിച്ചു; മൂന്ന് മാസം തികയും മുമ്പേ റിപ്പോർട്ട് സമർപ്പിച്ചു.
പക്ഷേ, അത് പുറത്തുവിടാൻ സർക്കാർ തയാറാകുന്നില്ല. ഭൂഷൺജിക്ക് ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ടായിരുന്നു അതെന്നാണ് സംസാരം. അല്ലെങ്കിലും അതങ്ങനെയേ വരൂ. വരുംനാളുകളിൽ ഇന്ദ്രപ്രസ്ഥത്തെ നയിക്കേണ്ടവരിലൊരാളാണ്. എന്നുവെച്ച്, പത്ത് വർഷമായി ഇയാൾ കാണിച്ചുകൂട്ടുന്ന സകല തോന്നിയവാസങ്ങൾക്ക് മുന്നിലും ഓച്ചാനിച്ച് നിൽക്കാനൊന്നുമാകില്ല. കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വീണ്ടും സമരം ആരംഭിച്ചു സാക്ഷിയും സംഘവും.
അതോടെ, സമരത്തിന് ആള് കൂടി. രാഷ്ട്രീയ, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകരിൽനിന്നൊക്കെ വേണ്ടുവോളം പിന്തുണ കിട്ടി. കോടതിയിലും വിഷയമെത്തിയതോടെ പോക്സോ വകുപ്പിൽ കേസുമെടുത്തു. എന്നിട്ടും അറസ്റ്റില്ല! അതോടെയാണ്, ജന്തർമന്തർ പ്രക്ഷോഭം കൂടുതൽ ശക്തമായത്. മേയ് 28ന് പുതിയ പാർലമെന്റിൽ മോദിജിയും തമിഴ്നാട്ടിൽനിന്നെത്തിയ ബ്രാഹ്മണ പുരോഹിതരും ചേർന്ന് ചെങ്കോൽ പ്രതിഷ്ഠ നടത്തുമ്പോൾ, പുറത്ത് പൊലീസും താരങ്ങളും ഗുസ്തി നടത്തിയതൊക്കെ അതിന്റെ ഭാഗമായിട്ടാണ്.
സാക്ഷിയെയും മറ്റും വലിച്ചിഴച്ചാണ് സേന കൊണ്ടുപോയത്. അതുകൊണ്ടൊന്നും ആ മനോവീര്യം തകർക്കാനാവില്ല. രാജ്യത്തിനുവേണ്ടി ലഭിച്ച ഒളിമ്പിക് മെഡലുകൾ ഗംഗയിലെറിഞ്ഞും പോരാട്ടം തുടരുമെന്ന് അവർ പ്രഖ്യാപിച്ചു. ഇതിനിടയിൽ, റെയിൽവേയിലെ ജോലി തെറിപ്പിക്കുമെന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും വഴങ്ങിയില്ല. ഒരു രക്ഷയുമില്ലെന്ന് മനസ്സിലായപ്പോഴാണ് തർക്ക പരിഹാരത്തിന് അമിത് ഷാ നേരിട്ടെത്തിയത്.
പിന്നെ, മന്ത്രി അനുരാഗ് ഠാകുറുമായും ചർച്ച. ജൂൺ 15നുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് ഉറപ്പ് ലഭിച്ചപ്പോഴാണ് താൽക്കാലികമായി സമരം നിർത്താൻ തീരുമാനിച്ചത്. കാവിസംഘവും അവരുടെ മാധ്യമപ്പടയും ട്രോൾ ഗ്രൂപ്പുകളും പ്രചരിപ്പിക്കുന്നതുപോലെ, സമരമൊന്നും നിർത്തിയിട്ടില്ല.
അന്വേഷണ റിപ്പോർട്ടിനനുസരിച്ച്, ജന്തർ മന്തറിൽ വീണ്ടും സമരമുഖം തുറന്നേക്കും. അതെന്തായാലും, ഫെഡറേഷൻ തലപ്പത്ത് ഇനി ആ പുമാൻ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുന്നു. സമരലക്ഷ്യങ്ങളിലൊന്ന് സാക്ഷിയും സംഘവും നേടിയിരിക്കുന്നു. ഒരു പക്ഷേ, ഒളിമ്പിക് മെഡലിനേക്കാൾ വലിയ നേട്ടം!
1992 സെപ്റ്റംബർ മൂന്നിന് ഹരിയാനയിലെ റോഹ്തക് ജില്ലയിലെ മോഖ്റ ഗ്രാമത്തിൽ ജനനം. ബസ് കണ്ടക്ടറായിരുന്നു പിതാവ് സുഖ്വീർ; മാതാവ് സുദേഷ് മലിക് പ്രദേശത്തെ ആരോഗ്യകേന്ദ്രത്തിൽ സൂപ്പർവൈസറും. അന്നാട്ടിലെ അറിയപ്പെടുന്ന ഗുസ്തിക്കാരനായിരുന്ന പിതാമഹൻ ബദുറാം ഗുസ്തി പരിശീലനം നടത്തുന്നത് കണ്ടാണ് സാക്ഷിയും ഗോദയിലിറങ്ങിയത്.
അന്ന് പ്രായം 12. ആ സമയം അവിടെ പെൺകുട്ടികൾ ഗുസ്തി പരിശീലിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, ഈശ്വർ ദഹിയ എന്ന പരിശീലകന്റെ കീഴിൽ പഠനം ആരംഭിച്ചപ്പോൾതന്നെ ഗ്രാമവാസികളിൽനിന്ന് മുറുമുറുപ്പുകൾ കേട്ടു. സത്യത്തിൽ അന്ന് തുടങ്ങിയ പോരാട്ടമാണ് സാക്ഷിയുടേത്. പെൺകുട്ടികളുടെ അഭാവത്തിൽ ആൺകുട്ടികളുമായി മല്ലിട്ടാണ് പരിശീലനത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്.
പിന്നീട്, മന്ദീപ് സിങ്ങിന്റെ കീഴിൽ ഗുസ്തിയുടെ പ്രഫഷനൽ പാഠങ്ങളും മനസ്സിലാക്കി. 2010ലെ ലോക ജൂനിയർ ചാമ്പ്യൻഷിപ്പാണ് എടുത്തുപറയേണ്ട ആദ്യ അന്താരാഷ്ട്ര മത്സരവേദി. അവിടെനിന്ന് വെങ്കലവുമായാണ് മടങ്ങിയത്. നാല് വർഷത്തിനുശേഷം, വിഖ്യാത അമേരിക്കൻ റെസ്ലർ ഡെവ് ഷെൽറ്റ്സിന്റെ നാമധേയത്തിൽ നടന്ന അന്താരാഷ്ട്ര മത്സരത്തിൽ സ്വർണം നേടിയതോടെ ശ്രദ്ധിക്കപ്പെടുന്ന താരമായി. അതേ വർഷം കോമൺവെൽത്ത് ഗെയിംസിൽ വെള്ളിയും 2015ൽ ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടിയതോടെ എണ്ണപ്പെട്ട അന്താരാഷ്ട്ര താരങ്ങളുടെ പട്ടികയിലിടം പിടിച്ചു.
2016ലെ റിയോ ഒളിമ്പിക്സിൽ 58 കിലോ വിഭാഗത്തിൽ ചൈനയുടെ ഷാങ് ലാനിനെ തോൽപിച്ച് സാക്ഷി വെങ്കലം സ്വന്തമാക്കിയപ്പോൾ അത് ഇന്ത്യക്ക് ചരിത്രനിമിഷമായി. രാജ്യത്തിനുവേണ്ടി ആദ്യ ഒളിമ്പിക് മെഡൽ നേടുന്ന വനിത ഗുസ്തി താരം. തൊട്ടടുത്ത വർഷം, ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി നേടിയതോടെ കായിക ലോകത്ത് സൂപ്പർ താരപദവിയിലേക്കുയർന്നു.
സർക്കാർ പത്മശ്രീയും ഖേൽ രത്നയുമൊക്കെ നൽകി ആദരിച്ചു. റെയിൽവേയിൽ ഗസറ്റഡ് റാങ്കിൽ ജോലിയും നൽകി. ഈ ആദരവൊക്കെ നൽകിയ സർക്കാറും ഫെഡറേഷനുമാണിപ്പോൾ തിരിഞ്ഞുകുത്തിയിരിക്കുന്നതും അറസ്റ്റ് ചെയ്ത് നടുറോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയതുമെല്ലാം. ഇതുപോലെ, രാജ്യത്തിന് അഭിമാനമായവരായിരുന്നു സാക്ഷിയുടെ സമരസഖാക്കളെല്ലാം.
അതറിയാവുന്നവരും അവർ രാജ്യത്തിന് സമർപ്പിച്ച സേവനങ്ങളുടെ വില മനസ്സിലാക്കിയവരുമെല്ലാം അതിനെ ഒരു ജനാധിപത്യ പോരാട്ടമായി കണ്ട് അവർക്കൊപ്പം നിന്നു. ഈ ട്രാക്കിൽനിന്ന് വഴിതെറ്റിപ്പോയത് സ്പോർട്സ് പേഴ്സൻ സ്പിരിറ്റിനേക്കാൾ അധികാരദാസ്യം ഇഷ്ടപ്പെടുന്ന പയ്യോളി എക്സ്പ്രസ് പോലെ ചുരുക്കം ചില ‘താര’ങ്ങൾക്കുമാത്രമാണ്. കോമൺവെൽത്ത് ഗെയിംസിലടക്കം നിരവധി മെഡലുകൾ നേടിയ രാജ്യാന്തര റെസ്ലർ സത്യവ്രത് കാദിയാനാണ് സാക്ഷിയുടെ ജീവിതസുഹൃത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.