‘‘സഖാവേ, മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. നൂറു വർഷത്തിനിടെ ഇങ്ങനെയൊന്ന് ഉണ്ടായിട്ടേയില്ല. ഇനിയങ്ങോട്ട് നമ്മളാണ്... നമ്മളാണ് കാര്യങ്ങൾ തീരുമാനിക്കുക’’ -ഇംപീരിയൽ പാലസിലെ വിഭവസമൃദ്ധമായ അത്താഴശേഷം മടങ്ങാനിറങ്ങവെ, ഷിയുടെ കമന്റ്.
വർഷങ്ങൾക്കുശേഷം മോസ്കോയിൽ അതിഥിയായെത്തിയ ചൈനീസ് പ്രസിഡന്റിനോട് എതിരു പറയേണ്ടെന്ന് വിചാരിച്ചിട്ടാണോ ഇനി കാര്യം ശരിവെച്ചിട്ടാണോ എന്നറിയില്ല, പുടിൻ എല്ലാം കേട്ട് മന്ദസ്മിതത്തോടെ തലയാട്ടി. ശേഷം, പരസ്പരം ആലിംഗനം ചെയ്ത് ഇരുവരും പിരിഞ്ഞു. അഞ്ചു നാൾ മുന്നേ, നയതന്ത്രലോകം മുഴുക്കെ, ആകാംക്ഷയോടെ വീക്ഷിച്ച ‘സെവൻ കോഴ്സ് ഡിന്നറി’ന്റെ ക്ലൈമാക്സ് ഇങ്ങനെയായിരുന്നു.
ചൈനയുടെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിലെ നിർണായക കൂടിക്കാഴ്ച. പടിഞ്ഞാറിന്റെ അധികാര ഹുങ്കിനെതിരെ പുതിയ സഖ്യമൊരുക്കാനുള്ള പുറപ്പാടിലാണ് ഷി ജിൻപിങ്. അതിന്റെ ഭാഗമായാണ് റഷ്യയിലെത്തി പുടിനുമായി രണ്ടു നാൾ ചർച്ച നടത്തിയത്. എടുത്തുപറയത്തക്ക ഫലമൊന്നും ചർച്ചക്കുണ്ടായി എന്നു കരുതാനാവില്ലെങ്കിലും വരുംനാളുകളിൽ പുതിയൊരു പടിഞ്ഞാറൻ വിരുദ്ധസഖ്യം രൂപപ്പെടുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്. അതാണ്, ഷി പ്രവചിച്ച മാറ്റത്തിന്റെ കാറ്റ്.
അഞ്ചാറു മാസം മുമ്പ്, ആജീവനാന്തം വാഴാനുള്ള ലൈസൻസ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഷി ജിൻപിങ്ങിന് പതിച്ചു നൽകിയിട്ടുണ്ട്. 20ാം പാർട്ടി കോൺഗ്രസിന്റെ പ്രധാന അജണ്ടതന്നെയും അതായിരുന്നല്ലോ. അവിടന്നങ്ങോട്ട് പാർട്ടി സെക്രട്ടറിയും രാജ്യത്തിന്റെ പ്രസിഡന്റുമൊക്കെ സഖാവാണ്.
ഇനി സഖാവിന്റെ കാലശേഷമെ അവിടേക്ക് മറ്റൊരാൾ വരുകയുള്ളൂ; അല്ലെങ്കിൽ, ഈ അധികാരത്തിന്റെയൊക്കെ രസം മടുത്ത് സ്വയം ഇറങ്ങിപ്പോണം. അതെന്തായാലും, ആജീവനാന്ത പദവിയിൽ വെറുതെ കാലം കഴിച്ചുകൂട്ടാനല്ല സഖാവിന്റെ പരിപാടി. രാജ്യത്തിന്റെ ആഭ്യന്തര വികസന കാര്യങ്ങളിൽ മാത്രമായി ശ്രദ്ധയൂന്നി വെറുമൊരു ‘രാജാവാ’യി ഒതുങ്ങാനും തയാറല്ല. ബെയ്ജിങ് കേന്ദ്രീകരിച്ച്, പറ്റാവുന്നിടത്തോളം രാജ്യങ്ങളെ കൂട്ടുപിടിച്ച് ഒരു ബദൽശക്തിയായി ഉയർന്നുവരണം.
അമേരിക്കൻ കേന്ദ്രീകൃത സമ്പദ്-രാഷ്ട്രീയ വ്യവസ്ഥക്കുപകരം, മികച്ചൊരു ‘ചൈനീസ് മോഡൽ’ ലോകത്തിന് കാണിച്ചുകൊടുക്കണം. സാംസ്കാരിക വിപ്ലവകാലം മുതലേ ഈ അജണ്ടയുണ്ടെങ്കിലും, പ്രായോഗികതലത്തിൽ പാർട്ടി ഈ നിലയിൽ സഞ്ചരിച്ചു തുടങ്ങിയത് ഷി അധികാരത്തിൽ വന്നശേഷമാണ്. ആ യാത്രക്കിപ്പോൾ വേഗം വന്നിരിക്കുകയാണ്. ആ ലക്ഷ്യത്തിലേക്കായുള്ള വിവിധ നയതന്ത്രയാത്രകളിലാണിപ്പോൾ ഷി ജിൻപിങ്.
സൗദിയെയും ഇറാനെയും സൗഹൃദവഴിയിലെത്തിച്ചശേഷമാണ് ഷി മോസ്കോയിലേക്ക് പോയത്. സൗദിയും ഇറാനും ചങ്ങാതിമാരായാൽ ഇരു രാജ്യങ്ങൾക്കും മാത്രമല്ല, മധ്യസ്ഥരായ ചൈനക്കും അതിന്റെ ഗുണമുണ്ട്. പശ്ചിമേഷ്യയിൽ മാത്രമല്ല, ആഗോള രാഷ്ട്രീയത്തിൽതന്നെ വലിയ മാറ്റങ്ങളുണ്ടാക്കുമതെന്ന് ആർക്കും മനസ്സിലാകും. ലോകത്തിന്റെ എണ്ണക്കച്ചവടത്തിന്റെ ഒഴുക്ക് ഇനിയങ്ങോട്ട് പടിഞ്ഞാറോട്ടാവില്ലെന്നും നൂറു തരം.
ഇതൊക്കെ കൃത്യമായി മനസ്സിലാക്കിയാണ് ഷി കരുക്കൾ നീക്കിയത്. മൂന്ന് പതിറ്റാണ്ടിലധികമായി ‘നിഴൽ യുദ്ധ’ത്തിലായിരുന്ന രണ്ട് രാജ്യങ്ങളാണ് വൈരം മറന്ന് ഒന്നിക്കാൻ തീരുമാനിച്ചത്. മുമ്പൊക്കെ, ഇത്തരം സമാധാന ചർച്ചകളുടെ നടുവിൽ അമേരിക്കയും യൂറോപ്പുമൊക്കെയായിരുന്നു. അക്കാലം മാറി. ആഗോള രാഷ്ട്രീയ പണ്ഡിറ്റുകൾ പറയുന്നത്, ഇത് മാറുന്ന ലോകക്രമത്തിന്റെ സൂചനയാണെന്നാണ്. ഏതായാലും, ഇതിന്റെയെല്ലാം ആത്മവിശ്വാസത്തിലാണ് പുടിനുമായി കൂടിക്കാഴ്ചക്ക് തയാറായത്.
വർഷമൊന്ന് കഴിഞ്ഞിട്ടും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് അന്ത്യമായിട്ടില്ല. പലരും കിണഞ്ഞു ശ്രമിച്ചിട്ടും കിയവിൽ ബോംബാക്രമണം നിർത്താൻ പുടിൻ തയാറായില്ല. അനുസരണയില്ലാത്ത പുടിനെ ഉപരോധത്തിലൂടെ പാഠം പഠിപ്പിക്കാനാണ് അമേരിക്കയും മറ്റു യൂറോപ്യരുമെല്ലാം ശ്രമിച്ചത്.
ഷി ജിൻപിങ് ഈ വഴിയിൽ വേറിട്ടുനിന്നു. വർഷം മുഴുവൻ അടിപിടി ഗാലറിയിലിരുന്ന് കണ്ട ഷി, കഴിഞ്ഞമാസമാണ് ആദ്യമായി, അതും പരീക്ഷണാടിസ്ഥാനത്തിൽ കളത്തിലിറങ്ങി നോക്കിയത്. എഴുതി തയാറാക്കിയ 12ഇന സമാധാനപരിപാടികൾ ലോകത്തിന് മുന്നിൽ സമർപ്പിച്ചായിരുന്നു തുടക്കം. സംഗതി കൊള്ളാമല്ലോ എന്ന് അത് വായിച്ചവരൊക്കെയും പറഞ്ഞപ്പോൾ ആത്മവിശ്വാസം ഇരട്ടിച്ചു.
എങ്കിൽ പിന്നെ, പുടിനുമായി നേരിട്ടുമുട്ടിയാലെന്താ എന്നായി. വെടിനിർത്തലും റഷ്യ-യുക്രെയ്ൻ ചർച്ചയുമൊക്കെയാണ് പരിപാടികളിലെ ആദ്യ ഇനങ്ങൾ. പുടിനെ സംബന്ധിച്ച് അത്രകണ്ട് സ്വീകാര്യമല്ല അതൊന്നും. പക്ഷേ, ഷിയുടെ പട്ടികയിൽ പുടിനെക്കൂടി സന്തോഷിപ്പിക്കാനുള്ള വകയുണ്ടായിരുന്നു. യുക്രെയ്നിലെ വെടിനിർത്തൽപോലെത്തന്നെ പ്രധാനമാണ് റഷ്യക്കെതിരായ ഉപരോധം പിൻവലിക്കുന്ന കാര്യവും.
എന്നുവെച്ചാൽ, പുടിന് കാര്യമായ പരിക്കില്ലാതെ പ്രശ്നം തീർക്കുന്ന പരിപാടിയാണ് ഷിയുടേത്. എന്നാൽപിന്നെ ചർച്ച മോസ്കോയിലാക്കാമെന്ന് പുടിൻ തീരുമാനിക്കുന്നത് ഈ ഘട്ടത്തിലാണ്. ചർച്ച യുക്രെയ്നിൽ ഒതുങ്ങിയില്ല; പടിഞ്ഞാറൻ ശക്തികളെ എങ്ങനെ ഒതുക്കാമെന്നുകൂടി ഇരുനേതാക്കളും ആലോചിച്ചു.
ഏഷ്യയിൽ നാറ്റോ കടന്നുകയറുന്നത് രണ്ടുപേർക്കും നഷ്ടമാണ്. അപ്പോൾ, അതിനെതിരെ ഒന്നിക്കണം; മേഖലയിൽ പുതിയ സാമ്പത്തിക സഖ്യം കെട്ടിപ്പൊക്കണം. ഇപ്പോഴാണെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്. വ്യാപാരമേഖലയിൽ കൂടുതൽ സഹകരണമുണ്ടായാൽ കാര്യങ്ങൾ തങ്ങളുടെ കൈപ്പിടിയിൽ വരുമെന്ന കാര്യത്തിൽ ഇരുവർക്കുമില്ല സംശയം. അതുകൊണ്ട് തൽക്കാലം, കൈ കൊടുക്കാനാണ് ഇരുവരുടെയും തീരുമാനം.
മറുവശത്ത്, പുടിനാണെന്ന് ഷിക്ക് നല്ല ബോധ്യമുണ്ട്. ഏതുസമയവും പിടിവിടാം. അതൊഴിവാക്കാനാണ് പഴയ സോവിയറ്റ് രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുചേർക്കാമെന്ന ബോണസ് വെച്ചുനീട്ടിയത്. അതെന്തായാലും, യുക്രെയ്ൻ പ്രതിസന്ധി തീരാതെതന്നെ ഷിയുടെ നയതന്ത്രയാത്ര വിജയിച്ചു.
11 വർഷം മുമ്പാണ് ആദ്യമായി പാർട്ടിയുടെ ജനറൽ സെക്രട്ടറി പദത്തിലെത്തിയത്. നാലു മാസം കഴിഞ്ഞപ്പോൾ രാജ്യത്തിന്റെ പ്രസിഡന്റുമായി. അന്നു തുടങ്ങിയതാണ് ആജീവനാന്ത പദവിക്കായുള്ള പുതിയ ‘സാംസ്കാരിക വിപ്ലവം’. മാവോയുടെ മധുരമനോജ്ഞ ചൈനയെ ‘മധുരമനോജ്ഞ മുതലാളിത്ത ചൈന’യെന്ന് ഭേദഗതിചെയ്യാനുള്ള നീക്കങ്ങളായിരുന്നല്ലോ ഷിയുടെ സാംസ്കാരിക വിപ്ലവത്തിന്റെ അടിത്തറ.
അത് വിജയിച്ചതിൽപിന്നെയാണ് ആജീവനാന്ത നേതാവായി തുടരാനുള്ള രാഷ്ട്രീയ പരിപാടികൾ ആരംഭിച്ചത്. ഉടക്കിയവരെയെല്ലാം വെട്ടിനിരത്തി, ആ പണിയും വെടിപ്പായി പൂർത്തിയാക്കിയതോടെയാണ് പുതിയ നയതന്ത്രവിചാരത്തിലേക്കുള്ള ചുവടുവെപ്പ്. ആദ്യഘട്ടം മോശമായിട്ടില്ല. വിജയമായിരുന്നു എല്ലാ നീക്കങ്ങളുമെന്ന് നിസ്സംശയം പറയാം.
1953 ജൂൺ 15ന് ബെയ്ജിങ്ങിൽ ജനനം. പിതാവ് ഷി ഴോങ്സുൻ പാർട്ടി സ്ഥാപകനേതാക്കളിലൊരാളായിരുന്നു. പക്ഷേ, 1962ൽ പാർട്ടിയിലെ വെട്ടിനിരത്തലിൽ പെട്ടുപോയി. ആദ്യം നാടുകടത്തി, പിന്നെ ജയിലിലിട്ടു. അതോടെ ഷിയും ‘നാടുകടത്തപ്പെട്ടു’. ഏഴു വർഷമായിരുന്നു ശിക്ഷ കാലാവധി.
1974ൽ പാർട്ടി അംഗത്വം ലഭിച്ചു. ഹെബി പ്രവിശ്യയിലെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിട്ടായിരുന്നു തുടക്കം. തൊട്ടടുത്ത വർഷം, സിങ്ഹുവ കലാശാലയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് സൈന്യത്തിൽ ചേർന്നു. 1982ൽ, ഹെബിയിലെ ഷെൻഡിങ്ങിലെ ഡെപ്യൂട്ടി സെക്രട്ടറിയായി പാർട്ടി നിയമിച്ചു. തൊട്ടടുത്ത വർഷം സെക്രട്ടറിയായി പ്രമോഷൻ. മൂന്നു വർഷം ആ പദവിയിലിരുന്നു.
അതിനുശേഷം, 2002വരെ ഫ്യൂജിയാൻ പ്രവിശ്യയിൽ ഇതേ പണിയെടുത്തു. അതുകഴിഞ്ഞ് അഞ്ചു വർഷം ഷിൻജിയാങ്ങിലും. ഇതിനിടയിൽ, മാർക്സിസ്റ്റ് തിയറിയിൽ ഡിഗ്രിയും വാങ്ങി. 2007ലാണ് ആദ്യമായി പോളിറ്റ് ബ്യൂറോയിലെത്തിയത്. തൊട്ടടുത്ത വർഷം, വൈസ് പ്രസിഡന്റുമായി. അന്നേ ആജീവനാന്ത നായകനാവുക എന്നതാണ് ലക്ഷ്യം. പിന്നെ അതിനുള്ള പണിയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.