നിങ്ങൾ എന്നെയോർത്ത് അഭിമാനിക്കുകതന്നെ ചെയ്യും

ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ഭാഗമായി രൂപവത്കരിക്കപ്പെട്ട സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആത്മഹത്യ സ്ക്വാഡിൽ ചേർന്ന് ബ്രിട്ടിഷ് രാജിനെതിരെ പൊരുതാൻ ഇറങ്ങിത്തിരിച്ച ധീര മലയാളി വക്കം ഖാദർ അറസ്റ്റ് ചെയ്യപ്പെടുകയും രഹസ്യ വിചാരണക്കൊടുവിൽ തൂക്കിക്കൊല്ലാൻ വിധിക്കപ്പെടുകയായിരുന്നു...

ചിറയിന്‍കീഴ് താലൂക്കിലെ വക്കത്ത് കടത്തുകാരനായിരുന്ന വാവാക്കുഞ്ഞിന്‍റെയും ഉമ്മസലുമ്മയുടെയും മകൻ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മലയയിലേക്ക് പ്രവാസിയായിപ്പോയതാണ്. ക്ലോഹിൽ പൊതുമരാമത്ത് വകുപ്പ് ഓവർസിയറായിട്ടായിരുന്നു നിയമനം. റാഷ് ബിഹാരി ബോസിന്‍റെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ലീഗിൽ നൂറുകണക്കിന് പ്രവാസികൾക്കൊപ്പം അദ്ദേഹവും പങ്കുചേർന്നു. ഇന്ത്യന്‍ നാഷനല്‍ ആര്‍മിയുടെ ഭാഗമായി രൂപവത്കരിക്കപ്പെട്ട സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആത്മഹത്യ സ്ക്വാഡിലേക്ക് ഖാദർ നിയോഗിക്കപ്പെട്ടു.

1942 സെപ്റ്റംബര്‍ 18ന് രാത്രി പെനാംഗ് തുറമുഖത്തു നിന്ന് ജാപ്പനീസ് അന്തര്‍വാഹിനിയില്‍ യാത്രതിരിച്ച വക്കം ഖാദര്‍, അനന്തന്‍ നായര്‍, സി.പി. ഈപ്പന്‍, മുഹമ്മദ് ഖനി, കെ.എ. ജോര്‍ജ് എന്നിവരുടെ സംഘത്തോട് സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ബാരിസ്റ്റര്‍ എൻ. രാഘവന്‍ നൽകിയ ഉപദേശം 'എരിതീയില്‍ വീഴുന്ന ഈയാംപാറ്റകളെപ്പോലെ മരിക്കരുത്; അനിവാര്യമെങ്കില്‍ ധീരന്മാരെപ്പോലെ മരിക്കുക' എന്നായിരുന്നു.

ആത്മഹത്യ സ്ക്വാഡിലെ 20 പേരും പലയിടങ്ങളിൽനിന്ന് പിടിയിലായി. ഇവരെ മദ്രാസിലെത്തിച്ച് സെന്റ് ജോര്‍ജ് കോട്ടയിലെ അതിസുരക്ഷാ ജയിലിലാണ് പാർപ്പിച്ചത്. പ്രത്യേക കോടതിയിൽ നടന്ന രഹസ്യവിചാരണക്കൊടുവിൽ വക്കം ഖാദര്‍, അനന്തന്‍ നായര്‍, ബര്‍ദാന്‍, ബോണിഫൈസ് പെരേര, ഫൗജാസിങ് എന്നിവർ കുറ്റക്കാരാണെന്നു കണ്ടെത്തി. ഇവരെ അഞ്ചു കൊല്ലത്തെ കഠിന തടവിനുശേഷം തൂക്കിക്കൊല്ലാനുമായിരുന്നു വിധി. അയര്‍ലൻഡുകാരനായ ഇ.ഇ. മാക്ക് ആയിരുന്നു ജഡ്ജി.

വിട്ടയച്ച പ്രതികൾക്കും വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് അധികൃതർ നൽകിയ ഹരജി പരിഗണിച്ച കോടതി ഖാദർ ഉൾപ്പെടെയുള്ളവരെ അടിയന്തരമായി തൂക്കിലേറ്റാൻ ഉത്തരവിട്ടു. ഖാദറിന്റെയും അനന്തൻ നായരുടെയും വധശിക്ഷ ഒരുമിച്ചാണ് നടപ്പാക്കിയത്. 1943 സെപ്റ്റംബര്‍ 10ന് (1362 റമദാൻ ഏഴിന് വെള്ളിയാഴ്ച) 26ാം വയസ്സിൽ തൂക്കിലേറ്റപ്പെടുന്നതിനു മുമ്പ് പിതാവ് വാവാക്കുഞ്ഞിനും സുഹൃത്തും സഹപ്രവർത്തകനുമായ ബോണിഫൈസ് പെരേരക്കും ഖാദർ ഓരോ കത്തുകളെഴുതി.

ബോബിഫൈസിനുള്ള കത്ത് ജയിൽമുറികൾക്കിടയിലെ അഴുക്കുചാൽ ദ്വാരത്തിലൂടെയാണ് കൈമാറിയത് (തിരുവിതാംകൂര്‍ നാട്ടുരാജ്യത്തെ കണിയാപുരം സ്വദേശിയായ ബോണിഫൈസിനെ പിടികൂടിയത് മറ്റൊരു രാജ്യമായ ബറോഡയില്‍വെച്ചാണ് എന്നതിനാൽ ബ്രിട്ടീഷ് സർക്കാറിന് അധികാരമില്ല എന്ന വാദമാണ് അദ്ദേഹത്തെ തൂക്കുമരത്തിൽനിന്ന് രക്ഷിച്ചത്). ആത്മഹത്യ സ്ക്വാഡിലെ അംഗമായ അനന്തൻ നായർക്കൊപ്പം മകൻ രക്തസാക്ഷിയായി ഒരു മാസം പിന്നിട്ടശേഷമാണ് പിതാവിന് കത്ത് ലഭിക്കുന്നത്. അതിൽ ഖാദർ ഇങ്ങനെ കുറിച്ചിട്ടിരുന്നു.

'പ്രിയപ്പെട്ട പിതാവേ, ഞാന്‍ എന്നെന്നേക്കുമായി നിങ്ങളെ വിട്ടുപിരിയുന്നു. നാളെ രാവിലെ ആറു മണിക്കു മുമ്പായിരിക്കും എന്‍റെ എളിയ മരണം. ധൈര്യപ്പെടുക. ഞാന്‍ എത്രത്തോളം ധൈര്യത്തോടും സന്തോഷത്തോടും സമാധാനത്തോടുംകൂടി മരിച്ചതെന്ന് ഒരവസരത്തില്‍ ചില ദൃക്സാക്ഷികളില്‍നിന്ന് അറിയാന്‍ ഇടയാകുമ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ സന്തോഷിക്കാതിരിക്കുകയില്ല. തീര്‍ച്ചയായും അഭിമാനിക്കുകതന്നെ ചെയ്യും.'

Tags:    
News Summary - You will be proud for me

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.