ഭൂമിയെ നിലനിര്‍ത്താന്‍ മാന്ത്രിക ഫോര്‍മുലയില്ല

പാരിസില്‍ ഇന്നലെ തുടങ്ങിയ കാലാവസ്ഥാ ഉച്ചകോടി ഭൂമിയെ രക്ഷിക്കാനുള്ള ശക്തമായ മറ്റൊരു ശ്രമമാണ്-മിക്കവാറും അവസാന അവസരം. യു.എന്‍ ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഉച്ചകോടിയില്‍ 150 രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. കാലാവസ്ഥാമാറ്റം നിയന്ത്രണവിധേയമാക്കി ഭൂമിയെ നാശത്തില്‍നിന്ന് രക്ഷിക്കാന്‍വേണ്ട കൃത്യമായ തീരുമാനങ്ങളാണ് ഈ മാസം 11ന് തീരുമ്പോഴേക്കും ഉച്ചകോടിയില്‍നിന്നുണ്ടാകേണ്ടത്. ആഗോളതാപനത്തിലെ വര്‍ധനയുടെ തോത് വ്യവസായവത്കരണത്തിന് മുമ്പുണ്ടായിരുന്നതിനെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസായി ഒതുക്കിനിര്‍ത്താന്‍ കഴിയുക എന്നതാണ് ഭൂമിയുടെ രക്ഷക്കുള്ള പോംവഴി. ഇന്നത്തെ തോതില്‍ 2060ഓടെ നാലോ അഞ്ചോ ഡിഗ്രി വര്‍ധന തീര്‍ച്ചയാണ് എന്നത് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കിയിരിക്കുന്നു. താപനത്തിന് കാരണമായ ഹരിതഗൃഹവാതകങ്ങളുടെ നിര്‍ഗമനം കുറച്ചുകൊണ്ടുവരാനുള്ള നയങ്ങള്‍ അല്‍പം ആശ്വാസം നല്‍കിയെങ്കിലും അപ്പോഴും മൂന്നരഡിഗ്രി വര്‍ധന ഉണ്ടാകുമെന്ന് കണ്ടതോടെയാണ് ലോകരാഷ്ട്രങ്ങള്‍ താന്താങ്ങളുടേതായ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണപരിധികള്‍ ഏറ്റെടുത്തത്. 2010ലെ ആ ധാരണതന്നെയും അപര്യാപ്തമാണ്-എല്ലാവരും വാക്കുപാലിച്ചാല്‍പോലും 2010ഓടെ താപനവര്‍ധന രണ്ടുഡിഗ്രി കവിഞ്ഞ് 2.7 ഡിഗ്രിയിലത്തെും. ഇക്കൊല്ലത്തോടെ ഒരു ഡിഗ്രി വര്‍ധന ഏറക്കുറെ യാഥാര്‍ഥ്യമായിക്കഴിഞ്ഞു. ചരിത്രത്തില്‍ രേഖപ്പെടുത്തിയേടത്തോളം ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങളില്‍ ഒമ്പതും 2000നുശേഷമുള്ളതാണ്. ചൂടിന്‍െറ കാര്യത്തില്‍ 2014ന്‍െറ സര്‍വകാല റെക്കോഡ് ഭേദിച്ച് 2015 പുതിയ റെക്കോഡ് സ്ഥാപിക്കുകയാണ്. കടുത്ത പ്രകൃതിദുരന്തങ്ങളും അസാധാരണ പ്രതിഭാസങ്ങളും അപായസൂചന വേണ്ടത്ര നല്‍കിക്കഴിഞ്ഞു. ഇപ്പോള്‍ പാരിസിലേക്ക് ഉറ്റുനോക്കുന്ന ലോകത്തിനുമുമ്പാകെ ചോദ്യം ഒന്നുമാത്രം: അതിജീവനം സാധ്യമാകുമോ? രണ്ടു ഡിഗ്രിയിലേക്ക് താപനവര്‍ധന ഒതുക്കാന്‍ നേതാക്കള്‍ക്ക് സാധിക്കുമോ?
മതിയായ രാഷ്ട്രീയ ഇച്ഛയും മുന്‍കാഴ്ചയുള്ള നേതൃത്വവുമുണ്ടെങ്കില്‍ അത് അസാധ്യമല്ല. ബദല്‍ ഊര്‍ജസ്രോതസ്സുകള്‍ വികസിപ്പിച്ചും ശാസ്ത്ര സാങ്കേതികമേഖലയെ പ്രകൃതിസൗഹൃദമാക്കിയും മനുഷ്യരുടെ ദൈനംദിനശീലങ്ങളില്‍ ചെറിയ വിട്ടുവീഴ്ചകളും തിരുത്തലുകളും വരുത്തിയും അത് സാധിക്കാം. പക്ഷേ, തടസ്സമാവുക കാഴ്ചപ്പാടുകളിലെ സ്വാര്‍ഥപരതയും സങ്കുചിതത്വവുമായിരിക്കും. ഇപ്പോള്‍ തന്നെ, വികസിതരാജ്യങ്ങള്‍ ഉയര്‍ത്തുന്ന അന്യായമായ ഉപാധികള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നു. പരിസ്ഥിതി നശിപ്പിക്കുന്നതില്‍ ഏറ്റവുംകൂടുതല്‍ പങ്കാളികളായ വികസിതരാജ്യങ്ങള്‍ പ്രശ്നപരിഹാരത്തിന്‍െറ ഭാരം ദരിദ്രരാജ്യങ്ങളുടെയും വികസ്വരരാജ്യങ്ങളുടെയും ചുമലില്‍വെക്കുകയാണ്. തെറ്റുവരുത്തിയവര്‍തന്നെ പരിഹാരച്ചെലവും വഹിക്കണമെന്ന തത്ത്വം സമ്പന്നരാഷ്ട്രങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ല. നശിക്കുന്നുവെങ്കില്‍ എല്ലാവരും നശിക്കുമെന്നിരിക്കെ, ഇനിയും നിരര്‍ഥകമായ വാശികളുമായി ഇരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് ഓര്‍മിപ്പിക്കാനും ലോകത്തെ നയിക്കാനും സര്‍വസ്വീകാര്യമായ നേതൃത്വം ഇല്ലതാനും. സാധ്യമായ പരിഹാരംപോലും അപ്രാപ്യമാക്കുന്നതരത്തില്‍ ദേശങ്ങളും രാഷ്ട്രീയതാല്‍പര്യങ്ങളും അധപ്പതിച്ചെന്നുവന്നാല്‍ മനുഷ്യന്‍ സര്‍വനാശം അര്‍ഹിക്കുന്നു എന്നായിരിക്കും അര്‍ഥം.
നീതിബോധം, മനുഷ്യത്വം, വിട്ടുവീഴ്ച തുടങ്ങിയ ദൈവദത്ത മൂല്യങ്ങളാണ് എക്കാലവും ലോകത്തെ നിലനിര്‍ത്തിപ്പോന്നിട്ടുള്ളത്. ഇന്നത്തെ നിര്‍ണായക പ്രതിസന്ധിയില്‍ ഭൂഗോളത്തെ രക്ഷിക്കാനും അവക്ക് കഴിയും. എന്നാല്‍, ചൂഷകരായ ഒരു ന്യൂനപക്ഷം ഭൂനിവാസികളെ കൊലക്കുകൊടുക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. വര്‍ഷംപ്രതി അന്തരീക്ഷ മലിനീകരണംമൂലം മരിക്കുന്ന 70 ലക്ഷം മനുഷ്യരും കാലാവസ്ഥാമാറ്റം കാരണം മരിക്കുന്ന അഞ്ചുലക്ഷം മനുഷ്യരും അഭയാര്‍ഥികളാക്കപ്പെടുന്ന കോടിക്കണക്കിനാളുകളും ഈ ചൂഷണത്തിന്‍െറ ഇരകളാണ്. പരിധിവിട്ടുള്ള വികസനം പരിസ്ഥിതിനാശത്തിന് കാരണമായിട്ടുണ്ട് -ആ വികസനഭ്രാന്തിന്‍െറ കാരണമാകട്ടെ ചിലരുടെ അത്യാര്‍ത്തിയും. കാലാവസ്ഥാ ചര്‍ച്ചകളില്‍ വരാത്ത മറ്റൊന്നുണ്ട്-ഭൂമിയിലെ മനുഷ്യരെയും ജീവജാലങ്ങളെയും വിഭവങ്ങളെയും പരിസ്ഥിതിയെയും നശിപ്പിക്കുന്ന ഏറ്റവുംവലിയ സംഹാരശക്തിയായ യുദ്ധവും അധിനിവേശങ്ങളും. പരിസ്ഥിതിചൂഷണത്തില്‍ മുന്‍പന്തിയിലുള്ളത് ചൈനയല്ല എന്ന് കണക്കുകള്‍ പറയുന്നു-പെന്‍റഗണ്‍ എന്ന അമേരിക്കന്‍ യുദ്ധകാര്യാലയമാണ് ഏറ്റവുംവലിയ വില്ലന്‍. യു.എസിനകത്ത് 6000 താവളങ്ങളും മറ്റ് 60ലേറെ രാജ്യങ്ങളിലായി ആയിരത്തിലേറെ താവളങ്ങളുമായി രണ്ടു കോടി 80 ലക്ഷം ഏക്കറില്‍ അധീശത്വമുള്ള പെന്‍റഗണ്‍ ഓരോദിവസവും കത്തിക്കുന്നത് മൂന്നരലക്ഷം വീപ്പ എണ്ണയാണത്രെ. എന്നാല്‍, ഇത്രവലിയ ദുര്‍ഭൂതങ്ങളെ കാലാവസ്ഥാചര്‍ച്ചകള്‍ കണക്കിലെടുക്കാറില്ല. മലിനീകരണം റിപ്പോര്‍ട്ട് ചെയ്യുകയെന്ന ബാധ്യതയില്‍നിന്ന് പെന്‍റഗണെ നേരത്തേ ഒഴിവാക്കിയിട്ടുണ്ട്. കോര്‍പറേറ്റുകളാണ് മലിനീകരണത്തിന്‍െറ മറ്റൊരു വലിയസ്രോതസ്സ്. തീരുമാനങ്ങളെ സ്വാധീനിക്കാന്‍ കെല്‍പുള്ള ഇക്കൂട്ടരും ശരിയായധാരണക്ക് തടസ്സമാകാം. ചുരുക്കത്തില്‍, പരിഹാരസാധ്യത ഇല്ലാത്തതല്ല ഭൂമി നേരിടുന്ന ഭീഷണി. ആര്‍ത്തിപൂണ്ട യുദ്ധവ്യവസായികളും കോര്‍പറേറ്റുകളും അവരെ നിലക്കുനിര്‍ത്താന്‍ കഴിയുന്ന പൊതുനേതൃത്വത്തിന്‍െറ അഭാവവുമാണ് പ്രശ്നം. ഇത്രവലിയ പ്രശ്നത്തെ മറികടക്കാന്‍ പാരിസില്‍ പത്തുപന്ത്രണ്ട് ദിവസം ചേരുന്ന ഉച്ചകോടിക്ക് കഴിയുമോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.