ഏകീകരണത്തിന്‍െറ വഴി വിദ്വേഷപ്രചാരണമോ?

പിറവിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരായ മനുഷ്യരെ ഉത്കൃഷ്ടരും നികൃഷ്ടരുമാക്കി വിഭജിക്കുകയും കുലത്തൊഴിലിന്‍െറയും മറ്റുംപേരില്‍ അനേകായിരം ജാതികളാക്കി ശിഥിലീകരിക്കുകയും ചെയ്ത മനുഷ്യത്വവിരുദ്ധമായ ഒരു സംസ്കാരത്തെ മഹത്ത്വവത്കരിക്കുകയും മതവത്കരിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ ഹൈന്ദവസമൂഹത്തിന്‍െറ ഐക്യത്തെക്കുറിച്ചും ഏകീകരണത്തെക്കുറിച്ചും നിരന്തരം ശബ്ദിക്കുന്നത് മിതമായിപറഞ്ഞാല്‍ പരിഹാസ്യമാണ്. നമ്പൂതിരി മുതല്‍ നായാടിവരെയുള്ളവരെ ഒരു കൊടിക്കൂറക്കുകീഴില്‍ അണിനിരത്തുകയാണ് തന്‍െറ ദൗത്യമെന്ന് കേരളത്തിലെ ഒരു പ്രബല ജാതിസംഘടനയുടെ തലവന്‍ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റംവരെ പറഞ്ഞുനടക്കുന്നതില്‍ ആത്മാര്‍ഥതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ വേണ്ടത് ‘ഒരുജാതി ഒരുമതം ഒരുദൈവം’ എന്ന് പഠിപ്പിച്ച സമുദായാചാര്യന്‍െറ ഉദാത്തമായ ആശയങ്ങളെ അടിസ്ഥാനമാക്കി യഥാര്‍ഥ സമത്വത്തെക്കുറിച്ച് ബോധവത്കരിക്കുകയായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് ശപിച്ച ഹൈന്ദവ നവോത്ഥാനനായകന്‍ സ്വാമി വിവേകാനന്ദനെ അങ്ങനെ പറയിക്കാന്‍ പ്രേരിപ്പിച്ച സാഹചര്യങ്ങള്‍ ഇല്ലാതാവണമെന്ന് ആ മഹാത്മാവിന്‍െറ നാമധേയം വിറ്റുകാശാക്കുന്ന കാവിപ്പടക്ക് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ അവര്‍ ചെയ്യേണ്ടത് ജാതിസംഘടനകളെ രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കായി പ്രലോഭിപ്പിച്ചും പ്രീണിപ്പിച്ചും സ്വന്തംപാളയത്തിലേക്ക് തെളിക്കാന്‍ കുറുക്കുവഴികള്‍ തേടുകയായിരുന്നില്ല; കൈവന്ന അധികാരം വിശാല മാനവികതയുടെ അടിത്തറയില്‍ മതനിരപേക്ഷവും നീതിനിഷ്ഠവുമായ സമൂഹനിര്‍മിതിക്കുവേണ്ടി വിനിയോഗിക്കുകയായിരുന്നു. പക്ഷേ, അവര്‍ക്കുവേണ്ടത് യഥാര്‍ഥ സമത്വമോ സൗഹൃദമോ സമാധാനപൂര്‍ണമായ ഇന്ത്യയോ ഒന്നുമല്ല, രാജ്യത്തെ നിയമാനുസൃതപൗരന്മാരില്‍ ഒരു വലിയവിഭാഗത്തെ അപരവത്കരിച്ചും ചകിതരാക്കിയും മുഖ്യധാരയില്‍നിന്ന് ബഹുദൂരം അകറ്റി അതീവ സങ്കുചിത വര്‍ഗീയതാല്‍പര്യങ്ങള്‍ നേടിയെടുക്കുകയാണെന്ന് ദിനേന വാക്കിലൂടെയും പ്രവൃത്തിയിലൂടെയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഈ കുത്സിതലക്ഷ്യംനേടാന്‍ സ്ഥിരമായി ആവര്‍ത്തിക്കുന്ന പല്ലവിയാണ് ന്യൂനപക്ഷപ്രീണനം എന്ന തീര്‍ത്തും വാസ്തവവിരുദ്ധമായ ദുരാരോപണം. ഈ അസത്യപ്രചാരണം ഫലിച്ചതിന്‍െറ ഫലമാണ് 50 വര്‍ഷത്തെ മുസ്ലിം സ്ഥിതിയെക്കുറിച്ച് പഠനംനടത്തി സച്ചാര്‍സമിതി സമര്‍പ്പിച്ച സമഗ്ര റിപ്പോര്‍ട്ട്. സുപ്രധാന ജീവിതതുറകളിലഖിലം രാജ്യത്തെ ഏറ്റവുംവലിയ മതന്യൂനപക്ഷം പട്ടികജാതി-വര്‍ഗങ്ങളെക്കാള്‍ പിന്‍നിലയിലാണെന്ന് വസ്തുതകളുടെയും കണക്കുകളുടെയും വെളിച്ചത്തില്‍ ചൂണ്ടിക്കാട്ടിയ പ്രസ്തുത റിപ്പോര്‍ട്ട് പക്ഷേ സംഘ്പരിവാര്‍ അപ്പടി നിരാകരിക്കുകയായിരുന്നു. ചിലതെങ്കിലും അംഗീകരിച്ചാല്‍ നാളിതുവരെ ഉന്നയിച്ച പ്രീണനാരോപണത്തിന് നില്‍ക്കക്കള്ളി നഷ്ടപ്പെടും എന്ന തിരിച്ചറിവാണ് കാരണം. അന്ധവും യുക്തിരഹിതവുമായ ന്യൂനപക്ഷവിരോധമാണ് ഭൂരിപക്ഷസമുദായത്തിന്‍െറ ഏകീകരണത്തിന് അവര്‍ കണ്ടത്തെിയ മാര്‍ഗം. അല്ലാതെ നടേ സൂചിപ്പിച്ചപോലെ നവോത്ഥാനനായകര്‍ കാഴ്ചവെച്ച മാതൃകയിലൂടെ ഹൈന്ദവസമുദായത്തെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മചെയ്ത് സംസ്കരിക്കുകയും പരിഷ്കരിക്കുകയും ചെയ്യുകയല്ല. അതിനുള്ള ക്ഷമയോ സന്മനസ്സോ സദ്വിചാരമോ അവര്‍ക്കില്ലതാനും. ഏറ്റവും ലജ്ജാകരവും പുതിയതുമായ ഉദാഹരണമാണ് സമത്വത്തിലേക്ക് മുന്നേറ്റയാത്ര നടത്തുന്ന എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍െറ വിവാദത്തിനും കേസിനും വഴിവെച്ച വിഷലിപ്ത വാക്യങ്ങള്‍. ഇതരസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികള്‍ ഓടയില്‍ മുങ്ങിത്താഴുന്നത് കണ്ടപ്പോള്‍ ജാതിയോ മതമോ നോക്കാതെ തന്നത്താന്‍ മറന്ന് അവരുടെ ജീവന്‍ രക്ഷിക്കാന്‍ കുതിച്ചത്തെിയ നൗഷാദ് എന്ന ഓട്ടോത്തൊഴിലാളിയുടെ ജീവത്യാഗം മനുഷ്യജാതിയില്‍ പിറന്നവരെല്ലാം അങ്ങേയറ്റത്തെ കൃതജ്ഞതയോടും ആദരവോടുംകൂടി അനുസ്മരിക്കുന്ന പശ്ചാത്തലത്തില്‍ ആ മനുഷ്യസ്നേഹിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനും അയാളുടെ വിധവക്ക് ജോലി വാഗ്ദാനം ചെയ്യാനും സന്നദ്ധനായ സംസ്ഥാന മുഖ്യമന്ത്രിയുടെ പ്രവൃത്തിയില്‍പോലും ന്യൂനപക്ഷപ്രീണനം കണ്ടത്തെിക്കളഞ്ഞു കാവിപ്പട മുന്നില്‍ നടത്തിക്കുന്ന വെള്ളാപ്പള്ളി. തന്‍െറ റെഡിമെയ്ഡ് സദസ്സിന്‍െറപോലും കൈയടിവാങ്ങുന്നതില്‍ പരാജയപ്പെട്ട ഈ പ്രസ്താവന കടുത്ത പ്രതിഷേധത്തിനും തുടര്‍ന്ന് ക്രിമിനല്‍ കേസിനും വഴിവെച്ചപ്പോള്‍ ഒരു കരണംമറിച്ചിലിലൂടെ അത് മയപ്പെടുത്താന്‍ വെള്ളാപ്പള്ളിയും അദ്ദേഹത്തെ ആനയിക്കുന്നവരും ശ്രമിക്കുന്നുണ്ടെങ്കിലും ന്യൂനപക്ഷപ്രീണനം എന്ന പല്ലവി ഉപേക്ഷിക്കാന്‍ അപ്പോഴും തയാറായിട്ടില്ല. കേരളത്തിലെ ഒ.ബി.സിക്കാര്‍ക്ക് സംവരണം ചെയ്ത സര്‍ക്കാറുദ്യോഗങ്ങള്‍ നേടിയെടുക്കുന്നതില്‍ ബന്ധപ്പെട്ട സമുദായങ്ങള്‍ എത്രത്തോളം വിജയിച്ചു എന്ന് കണ്ടത്തെി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ജസ്റ്റിസ് നരേന്ദ്രന്‍ കമീഷനെ കേരളസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. കമീഷന്‍ കണ്ടത്തെിയതോ? 10 കൊല്ലങ്ങള്‍ക്കകം മുസ്ലിംകള്‍ക്ക് 7000 തസ്തികകള്‍ നഷ്ടപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളിയുടെ സമുദായമായ, ഈഴവര്‍ക്ക് നഷ്ടമായത് വെറും അഞ്ചു തസ്തികകള്‍ എന്ന്! ഇതാണ് ന്യൂനപക്ഷപ്രീണനത്തിന്‍െറ ഒരു സാമ്പ്ള്‍. നൂറ്റാണ്ടിനുമുമ്പേ വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവന്ന ക്രൈസ്തവസമുദായം സ്വാഭാവികമായും അര്‍ഹമായ സ്ഥാനങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍ അതില്‍ പ്രീണനമാരോപിച്ചിട്ടെന്തുകാര്യം? സര്‍ക്കാറുകള്‍ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉദാരമായനുവദിച്ചപ്പോള്‍ അത് വേണ്ടെന്ന് പരസ്യമായി പറഞ്ഞവരാണ് എസ്.എന്‍.ഡി.പിയും എന്‍.എസ്.എസും. ഇപ്പോള്‍ കണക്കുകൂട്ടി ഭൂരിപക്ഷത്തിന് എണ്ണം കുറവാണെന്ന് വാദിക്കുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ? ജാതിരഹിതമായ ഹൈന്ദവസമൂഹ ഐക്യം സുന്ദരമായ സ്വപ്നമാണ്. മതന്യൂനപക്ഷങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തി, വിദ്വേഷപ്രചാരണത്തിലൂടെ അത് നേടിയെടുക്കാമെന്നത് ദിവാസ്വപ്നംമാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.