ജനാധിപത്യത്തിന് വേലികെട്ടുകയോ?

സൗദി അറേബ്യയില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്ക് വനിതകള്‍ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും അനുവദിച്ച് ഇതാദ്യമായി നടന്ന തെരഞ്ഞെടുപ്പ് ഇന്ത്യയിലെ പ്രാദേശികമാധ്യമങ്ങള്‍വരെ വമ്പിച്ച തോതില്‍ ആഘോഷിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ജനാധിപത്യപ്രക്രിയയില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്ന പഴയ നിലപാട് തിരുത്തി അവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള വിശാലത ആ രാജ്യം പ്രകടിപ്പിച്ചതിന്‍െറ പേരിലായിരുന്നു അത്. രാജഭരണം നിലനില്‍ക്കുന്ന സൗദി ജനാധിപത്യക്രമത്തെ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ക്രിയാത്മകമായ പരിഷ്കരണങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കി വരുന്നതാണ് കഴിഞ്ഞ മൂന്നു തദ്ദേശ തെരഞ്ഞെടുപ്പിന്‍െറ പുരോഗതി വിലയിരുത്തുമ്പോള്‍ കാണാനാവുക.
എന്നാല്‍, അന്നാട്ടിലെ ജനാധിപത്യ വികാസത്തെ കൊണ്ടാടുമ്പോള്‍തന്നെ പാര്‍ലമെന്‍ററി ജനാധിപത്യത്തിന്‍െറ വിശ്വോത്തര മാതൃകകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ ജനാധിപത്യപ്രക്രിയയില്‍നിന്നു വലിയൊരു വിഭാഗത്തെ അധികാരസ്ഥര്‍ പടിക്കു പുറത്താക്കിയ വാര്‍ത്ത അധികമൊന്നും മാധ്യമശ്രദ്ധ ലഭിക്കാതെ പോയി. ഉത്തരേന്ത്യന്‍ സംസ്ഥാനമായ ഹരിയാനയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള യോഗ്യത മാനദണ്ഡം തിരുത്തിക്കുറിച്ച് ഈ വര്‍ഷാദ്യം പഞ്ചായത്തിരാജ് നിയമം ഭേദഗതി ചെയ്തിരുന്നു. ഇതനുസരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ സ്ഥാനാര്‍ഥികള്‍ക്ക് പത്താം ക്ളാസ് വിദ്യാഭ്യാസ യോഗ്യത വേണം. ദലിതുകള്‍ക്കും സ്ത്രീകള്‍ക്കും എട്ടാം ക്ളാസ് മതി. ദലിത് സ്ത്രീകള്‍ക്ക് മിനിമം അഞ്ചാം ക്ളാസും. ഒപ്പം  സ്വന്തമായി കക്കൂസ് ഉണ്ടായിരിക്കണം. സ്ഥാനാര്‍ഥി കാര്‍ഷികവായ്പയോ വൈദ്യുതി ബില്‍ കുടിശ്ശികയോ ഇല്ലാത്ത കടമുക്തനായിരിക്കുകയും വേണം. തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാനിരിക്കെ സംസ്ഥാനത്തെ വലിയൊരു വിഭാഗത്തെ ജനാധിപത്യപ്രക്രിയയില്‍ നിന്നു പുറന്തള്ളി വോട്ടുകുത്തികളായി മാറ്റുന്ന ഓര്‍ഡിനന്‍സ് പ്രതിഷേധത്തിനിടയാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ആസന്നമായ ഘട്ടത്തില്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനും കഴിഞ്ഞ വര്‍ഷം ഇതു തന്നെ ചെയ്തിരുന്നു. ആഗസ്റ്റ് 22ന് ചണ്ഡിഗഢ് ഹൈകോടതി ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു. രണ്ടാഴ്ച കഴിഞ്ഞ് ബി.ജെ.പിക്ക് ഭൂരിപക്ഷമുള്ള ഹരിയാന നിയമസഭ പഞ്ചായത്തീരാജ് ഭേദഗതി ബില്‍ വോട്ടിനിട്ട് പാസാക്കി. തൊട്ടടുത്ത ദിനം തെരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കേസ് സുപ്രീംകോടതിയിലത്തെിയപ്പോള്‍ സെപ്റ്റംബര്‍ 17ന് തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു.
എന്നാല്‍, കേസ് വീണ്ടും പരിഗണനക്കെടുത്ത കോടതി വ്യാഴാഴ്ച ഹരിയാന ഗവണ്‍മെന്‍റിന്‍െറ തീരുമാനം ശരിവെച്ച് ഉത്തരവായിരിക്കുന്നു. ഭേദഗതിക്കെതിരെ ഉയര്‍ന്ന വിമര്‍ശങ്ങളെല്ലാം ജസ്റ്റിസ് ജെ. ചെലമേശ്വര്‍, ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രേ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിക്കളഞ്ഞു. തെറ്റും ശരിയും, നല്ലതും ചീത്തയും തിരിച്ചറിയാന്‍ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് പറയുന്ന വിധി വോട്ടും സ്ഥാനാര്‍ഥിത്വവുമൊക്കെ ഭരണഘടനാപരമായ അവകാശമാണെങ്കിലും അതിനെ ഉചിതമായ നിയമനിര്‍മാണത്തിലൂടെ നിയന്ത്രിക്കേണ്ടിവരുമെന്ന് നിരീക്ഷിക്കുന്നു. സംസ്ഥാന ഗവണ്‍മെന്‍റ് 12,000 രൂപ നല്‍കുമ്പോള്‍ പിന്നെ കക്കൂസ് നിര്‍മിക്കാതിരിക്കുന്നതെന്ത് എന്നാണ് കോടതിയുടെ ചോദ്യം. കടക്കാരനായ ഒരാള്‍ ചെലവുള്ള തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങില്ലല്ളോ എന്നും. പ്രത്യക്ഷത്തില്‍ ശരിയെന്നു തോന്നാവുന്ന കോടതിയുടെ ന്യായവാദങ്ങള്‍ സംഭവലോകത്ത് നേര്‍ വിപരീതമാണെന്നറിയാന്‍ ഹരിയാനയിലെ സ്ഥിതിഗതി തന്നെ നോക്കിയാല്‍ മതി. ജനസംഖ്യയുടെ പകുതിയോളം ഈ മാനദണ്ഡങ്ങള്‍ക്ക് അടുത്തെങ്ങും എത്താത്ത നിലയിലാണ് അവിടെ. 71.42 ശതമാനം ഗ്രാമീണരും നിരക്ഷരരാണ്. സംസ്ഥാനത്തെ സ്ത്രീസാക്ഷരത 66.8 ശതമാനമാണ്. അതില്‍തന്നെ ഭൂരിപക്ഷത്തിനും എഴുതാനും കൂട്ടിവായിക്കാനുമറിയാമെന്നല്ലാതെ നാലാം ക്ളാസ് വിദ്യാഭ്യാസം പോലുമില്ല. ഇത്ര വലിയൊരു ഭൂരിപക്ഷത്തിന് ജനാധിപത്യക്രമത്തില്‍ തങ്ങളുടെ ഭാഗധേയം നിര്‍വഹിക്കാനാവാതെ മാറിനില്‍ക്കേണ്ടി വരുന്ന സ്ഥിതിയാണ് വരാന്‍പോകുന്നത്. നിയമസഭയിലേക്കോ പാര്‍ലമെന്‍റിലേക്കോ മത്സരിക്കുന്നതിനു ഈ നിയന്ത്രണങ്ങളൊന്നും നിലവിലില്ല എന്ന വിരോധാഭാസവുമുണ്ട്.
കാര്‍ഷികകടങ്ങളാല്‍ വീര്‍പ്പുമുട്ടുന്നവരുടെ നാടാണ് ഹരിയാന. ഇവര്‍ കടക്കാരും കുടിശ്ശികക്കാരുമായത് അവരുടെ മാത്രം കുറ്റം കൊണ്ടല്ല. സര്‍ക്കാറുകളുടെ തലതിരിഞ്ഞ നയങ്ങളും ഭരണവൈകല്യങ്ങളുമാണ് അതിന്‍െറ പ്രധാന കാരണം. ശരിയും തെറ്റും തിരിച്ചറിയാന്‍ വിദ്യാഭ്യാസം വേണമെന്നു പറയുന്ന കോടതി, ഈ വിദ്യാഭ്യാസമുള്ളവര്‍ വാണു കുളം തോണ്ടിയതാണ് നാട്ടിലെ ഭരണം എന്നത് കാണാതെ പോയി. ഒൗപചാരികവിദ്യാഭ്യാസ യോഗ്യതകളാണ് പ്രാദേശിക ഭരണകൂടങ്ങളെ നേര്‍വഴിക്ക് നയിക്കുകയെന്നതിന് യാഥാര്‍ഥ്യവുമായി ബന്ധം കുറവാണ്. കക്കൂസ് നിര്‍മാണത്തിന് പണമനുവദിച്ചെന്ന സംസ്ഥാന ഭരണകൂടത്തിന്‍െറ വാദം മുഖവിലക്കെടുക്കുമ്പോള്‍ അത് എത്ര അര്‍ഹരിലേക്ക് എത്തിയിട്ടുണ്ടെന്ന വസ്തുതാന്വേഷണത്തിനു മിനക്കെട്ടാല്‍ കിട്ടുന്ന ഉത്തരം ദയനീയമായിരിക്കും. ഇങ്ങനെ തൃണമൂല തലത്തില്‍ സാഹചര്യം പാകപ്പെടുത്താതെയാണ് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ ജനാധിപത്യത്തിന്‍െറ അടിത്തട്ടു സ്ഥാപനങ്ങളില്‍നിന്നു പുറന്തള്ളാനിടയാക്കുന്ന മേല്‍ത്തട്ടിലെ പരിഷ്കരണം കൊണ്ടുവരുന്നത്. അതിനെ നീതിന്യായത്തിന്‍െറ സാങ്കേതികതയിലൂടെമാത്രം കാണുമ്പോള്‍ അവസരസമത്വമെന്ന ഭരണഘടന നല്‍കുന്ന മൗലികാവകാശം ബഹുഭൂരിപക്ഷത്തിനും നഷ്ടമാകുകയാണ് ചെയ്യുക. ചിട്ടവട്ടങ്ങളുടെ കെട്ടഴിച്ച് പരമാവധി പേരെ ഉള്‍ക്കൊള്ളുകയാണ് ജനാധിപത്യത്തിന്‍െറ അന്തസ്സത്ത. ആ കാതല്‍കരുത്തിനുള്ള കാവലാണ് ജനാധിപത്യത്തിന്‍െറ അടിത്തൂണുകളിലൊന്നായ നീതിപീഠത്തില്‍നിന്നു ജനം തേടുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.