ശിലകള്‍ വീണ്ടും അയോധ്യയിലേക്ക്

അയോധ്യ എന്ന് വിളിക്കപ്പെടുന്ന ഫൈസാബാദില്‍ 1992 ഡിസംബര്‍ ആറിന് നാലര നൂറ്റാണ്ട് പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട സ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള വിശ്വഹിന്ദു പരിഷത്തിന്‍െറ ചിരകാല പദ്ധതി സാക്ഷാത്കരിക്കുന്നതിന് തുടക്കം കുറിക്കാന്‍ രണ്ട് ലോഡ് കല്ല് പുതുതായി സ്ഥലത്തത്തെിച്ചിരിക്കയാണത്രെ തീവ്ര ഹിന്ദുത്വ സംഘടന. മൂന്ന് നിലകളിലായി നിര്‍ദിഷ്ട ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ 2.25 ലക്ഷം ഘനയടി ശിലകള്‍ വേണമെന്നിരിക്കെ ഇത് രണ്ടാംനിലക്കുള്ള കല്ലുകളാണെന്നും ആദ്യ നിലയിലേക്ക് വേണ്ടത് വി.എച്ച്.പി സംഭരിച്ചുവെച്ചിട്ടുണ്ടെന്നും രാമജന്മഭൂമി ന്യാസ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസ് പറയുന്നു. പക്ഷേ, ക്ഷേത്രനിര്‍മാണം എപ്പോള്‍ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവരാരും വ്യക്തമാക്കുന്നില്ല. രാമക്ഷേത്രം നിര്‍മിക്കുകതന്നെ ചെയ്യും എന്ന് കൊല്‍ക്കത്തയില്‍വെച്ച് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് ഈയിടെ ഉറപ്പിച്ചുപറഞ്ഞപ്പോഴും കൃത്യമായ കാലാവധിയെക്കുറിച്ച് മൗനമായിരുന്നു. പതിനാറാം ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ രാജ്യഭരണം പിടിച്ചെടുക്കുന്നതില്‍ വിജയിച്ചാല്‍ രാമക്ഷേത്രനിര്‍മാണം യാഥാര്‍ഥ്യമാക്കുക തന്നെ ചെയ്യുമെന്നത് ബി.ജെ.പിയുടെ ഇലക്ഷന്‍ വാഗ്ദാനമായിരുന്നു. പക്ഷേ, സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ബാബരി ഉടമസ്ഥതാ കേസില്‍ വിധി വരുംമുമ്പ് ഇത് സാധ്യമാവണമെങ്കില്‍ കോടതിവിധി മാനിക്കാന്‍ തങ്ങള്‍ തയാറല്ളെന്ന് വി.എച്ച്.പിയും ഹിന്ദുത്വവാദികളും തുറന്നുപറഞ്ഞ് ബലപ്രയോഗത്തിന് മുതിരണം. അല്ളെങ്കില്‍ ഉടമസ്ഥതാ തര്‍ക്കം കോടതിക്ക് പുറത്ത് ബന്ധപ്പെട്ട കക്ഷികളുമായി ഒത്തുതീര്‍പ്പുണ്ടാക്കി പരമോന്നത കോടതിയെ അറിയിക്കാനാവണം. ഒട്ടേറെ അനുരഞ്ജന ശ്രമങ്ങള്‍ വിഫലമായതാണ് ചരിത്രമെന്നിരിക്കെ അതിനുള്ള സാധ്യതകളില്ളെന്നതാണ് വസ്തുത. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാര്‍ രാജ്യം ഭരിക്കെ പരസ്യമായി കോടതിയലക്ഷ്യം കാണിച്ച്, പിടിച്ചെടുത്ത ബാബരി ഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ പോയാല്‍ അതിന്‍െറ ഭവിഷ്യത്ത് ഗുരുതരമാവുമെന്ന് സംഘ്പരിവാറിനറിയാം.
പിന്നെയെന്തിനാണ് ഒരിക്കല്‍ക്കൂടി ശിലാപൂജയും അതോടനുബന്ധിച്ച കോലാഹലങ്ങളുമെന്ന് ചോദിച്ചാല്‍ മറുപടി വ്യക്തമാണ്. മുമ്പെന്നെത്തേയുംപോലെ രാമക്ഷേത്ര നിര്‍മാണത്തിലല്ല അതിന്‍െറ പേരില്‍ ഭൂരിപക്ഷ സമുദായ വികാരങ്ങള്‍ ഇളക്കിവിട്ട് വോട്ട് നേടുന്നതിലാണ് സംഘ്പരിവാറിന് താല്‍പര്യം. ചിലപ്പോഴൊക്കെ അവരതില്‍ വിജയിച്ചിട്ടുണ്ട്, പലപ്പോഴും പരാജയപ്പെട്ടിട്ടുമുണ്ട്. അതിവൈകാരികത കൊണ്ട് കളിക്കാനും വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാനും ഇതിനേക്കാള്‍ മൂര്‍ച്ചയേറിയ ആയുധം അവരിതുവരെ കണ്ടത്തെിയിട്ടില്ല. 1990ല്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ദേശവ്യാപകമായി നടത്തിയ രാമക്ഷേത്ര രഥയാത്രയായിരുന്നല്ളോ 1991ല്‍ യു.പിയില്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റിയതും ലോക്സഭയില്‍ പ്രധാന പ്രതിപക്ഷമായി ഉയര്‍ത്തിയതും. 1999-2004 കാലത്ത് അടല്‍ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ അധികാരത്തിലിരുന്ന കാലത്ത് അയോധ്യയില്‍ ക്ഷേത്രം പണിയാന്‍ പക്ഷേ, ഹിന്ദുത്വവാദികള്‍ക്ക് കഴിഞ്ഞില്ളെന്നത് ശ്രദ്ധേയമാണ്. വീണ്ടും പലപ്പോഴും ദേ, ക്ഷേത്രം പണിയുന്നു എന്ന് ഉദ്ഘോഷിക്കാനല്ലാതെ മന്ദിര നിര്‍മാണം നിറവേറാത്ത സ്വപ്നമായിത്തന്നെ തുടരുന്നതാണ് കണ്ടത്. മാത്രമല്ല ക്ഷേത്രനിര്‍മാണത്തില്‍ ഒരു താല്‍പര്യവും പ്രദര്‍ശിപ്പിക്കാതിരുന്ന മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടിയും മുലായം സിങ് യാദവിന്‍െറ സമാജ്വാദി പാര്‍ട്ടിയും യഥാക്രമം അധികാരത്തിലേറുന്നതിനാണ് അയോധ്യ സ്ഥിതിചെയ്യുന്ന യു.പി സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ലോക്സഭാ സീറ്റുകള്‍ ബി.ജെ.പി വാരിക്കൂട്ടിയത് ദലിത്, പിന്നാക്ക, മുസ്ലിം വോട്ടുകള്‍ ശിഥിലീകരിക്കപ്പെട്ടതുകൊണ്ട് മാത്രമാണെന്ന് സമ്മതിക്കപ്പെട്ടതാണ്. പക്ഷേ, 2017ല്‍ യു.പി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഡല്‍ഹിയിലെയും ബിഹാറിലെയും ദുരനുഭവങ്ങുടെ വെളിച്ചത്തില്‍ പഴയ ആത്മവിശ്വാസം സംഘ്പരിവാറിനില്ല. ആ പശ്ചാത്തലത്തിലാണ് വി.എച്ച്.പിയുടെ മേല്‍വിലാസത്തില്‍ ഒരിക്കല്‍ക്കൂടി രാമക്ഷേത്ര നിര്‍മിതിയില്‍ അഭയം തേടാന്‍ കാവിക്കൂട്ടം നിര്‍ബന്ധിതമാവുന്നത്. നിയമലംഘനം ഒരിക്കലും അനുവദിക്കില്ളെന്ന് അഖിലേഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കെ രക്തരൂഷിതമായൊരഭിമുഖീകരണത്തിന് തീവ്രഹിന്ദുത്വവാദികള്‍ ഉദ്യുക്തരാവണമെന്നില്ല. പക്ഷേ, ഭൂരിപക്ഷ സമുദായത്തില്‍ പരമാവധി മതഭ്രാന്ത് ഇളക്കിവിടാന്‍ അവര്‍ ശ്രമിക്കുമെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ത്തന്നെ നിരന്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍കൊണ്ട് പൊറുതിമുട്ടുകയാണ് സമാജ്വാദി സര്‍ക്കാര്‍. കലുഷമായ അന്തരീക്ഷത്തില്‍, പുതിയ പ്രകോപനങ്ങള്‍ നേരിടാന്‍ മതേതര പാര്‍ട്ടികള്‍ സര്‍ക്കാറിനെ തുണച്ചില്ളെങ്കില്‍ വര്‍ഗീയ കൂട്ടായ്മതന്നെയാവും മേല്‍ക്കൈ നേടുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.