‘അംബേദ്കർ അംബേദ്കർ എന്ന് ഉരുവിടുന്നത് ഇപ്പോൾ ഫാഷനായിരിക്കുന്നു. ഇത്രയും തവണ ഭഗവാന്റെ നാമം ഉരുവിട്ടിരുന്നുവെങ്കിൽ സ്വർഗം ലഭിക്കുമായിരുന്നു’- ഇന്ത്യൻ പാർലമെൻറിന്റെ ഉപരിസഭയിൽ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പരിഹാസമാണിത്. രാജ്യം ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാർഷിക വേളയിലെ പ്രത്യേക ഭരണഘടനാ ചർച്ചക്ക് സമാപനം കുറിച്ച് നടത്തിയ പ്രസംഗമാണ് ഭരണഘടനയുടെ മുഖ്യശിൽപിയെ പരസ്യമായി നിന്ദിക്കാൻ അമിത് ഷാ തെരഞ്ഞെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ പ്രതിപക്ഷം മാപ്പും രാജിയും ആവശ്യപ്പെട്ടതോടെ ഷാ മലക്കം മറിയുകയും അദ്ദേഹത്തിന് പിന്തുണയുമായി സാക്ഷാൽ പ്രധാനമന്ത്രിതന്നെ രംഗത്തിറങ്ങുകയും ചെയ്തു. ഭരണഘടന ചർച്ച തുടങ്ങിയതുമുതൽ പതിവുപോലെ രാഷ്ട്രത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ കടന്നാക്രമിക്കുന്നതിലാണ് പ്രധാനമന്ത്രിയടക്കമുള്ള ഭരണപക്ഷം സമയം ചെലവിട്ടുപോന്നത്. അതിന്റെ തുടർച്ചയായി അമിത് ഷാ നടത്തിയ ഈ പരാമർശങ്ങൾ നാക്കുപിഴയോ യാദൃശ്ചികത

യോ അല്ല. രാജ്യത്തെ മനുസ്മൃതിയിലധിഷ്ഠിതമായ വിചാരധാരയുടെ കാൽക്കീഴിലാക്കാൻ പതിറ്റാണ്ടുകളായി സംഘ്പരിവാർ നടത്തിവരുന്ന ഗൂഢശ്രമങ്ങൾക്ക് വിലങ്ങുതടിയായി നിൽക്കുന്നത് ഡോ. ബി.ആർ. അംബേദ്കറുടെ ധീരവും ദാർശനികവുമായ മുൻകൈയിൽ തയാറാക്കപ്പെട്ട ഇന്ത്യൻ ഭരണഘടനയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ ഉച്ഛനീചത്വങ്ങൾ തിരിച്ചുകൊണ്ടുവരണമെന്നാഗ്രഹിക്കുന്നവരുടെ മുഖ്യശത്രുവാണ് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം എന്നീ തത്ത്വങ്ങളില്‍ അടിയുറച്ച സാമൂഹിക വീക്ഷണം മുന്നോട്ടുവെച്ച അംബേദ്കർ. ഇന്ത്യയിൽ മതത്തെക്കാൾ മനുഷ്യനെ ഭിന്നിപ്പിക്കുന്നതും മനുഷ്യനെ മനുഷ്യനിൽനിന്ന് അകറ്റുന്നതും ജാതിയാണെന്നും അതിന് കാരണം ചാതുർവർണ്യമാണെന്നും ഭരണഘടനാ നിർമാണ ചർച്ചകളിൽ സമർഥിച്ച കാലം മുതൽക്കേ അംബേദ്കർ വർഗീയശക്തികളുടെ നോട്ടപ്പുള്ളിയാണ്. കോൺഗ്രസ് പാർട്ടിയിലെ ഹിന്ദുത്വവാദികളും അദ്ദേഹത്തെ അപമാനിക്കാനും മൂലക്കൊതുക്കാനും കിണഞ്ഞു ശ്രമിച്ചിരുന്നു. അതിനെയെല്ലാം അതിജയിച്ച് ഇന്നും മതനിരപേക്ഷ-ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷയും പ്രതീകവുമായി നിലകൊള്ളുന്ന ആ മഹാനുഭാവന്റെ പേര് ആവർത്തിച്ചു കേൾക്കുന്നത് അമിത് ഷായുടെതുപോലെ വർഗീയ-വിദ്വേഷ ട്രാക് റെക്കോഡുള്ള ഒരാളെ അലോസരപ്പെടുത്തുന്നതിൽ അതിശയത്തിന് വകയില്ല. അംബേദ്കറിൽനിന്നും ഭരണഘടനയിൽനിന്നും പ്രസരിക്കുന്ന ശക്തിയും ഊർജവുമാണ് രാജ്യത്തെ മനുഷ്യരെ മനുഷ്യരായി നിലനിർത്തുന്നത്. ഇല്ലെങ്കിൽ തൊട്ടുകൂടാത്തതും തീണ്ടിക്കൂടാത്തതുമായ അതിക്രൂരമായ ജാതിയുടെ പരിസരത്തുതന്നെ ഇന്നും നമ്മൾ നിൽക്കേണ്ടി വന്നേനെ.

നെഹ്റു മുതൽ അംബേദ്കറും ആസാദുമടക്കമുള്ളവരെയും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത അസംഖ്യം സേനാനികളെയും അതിന് മുമ്പ് രാജ്യം ഭരിച്ച ഭരണാധികാരികളെയും അവരുടെ നയങ്ങളെയും ചരിത്രത്തിൽനിന്ന് തുടച്ചുമാറ്റാനുള്ള കഠിന ശ്രമത്തിലാണ് സംഘ്പരിവാർ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള വിരോധം ആ ജീവനെടുത്തുകൊണ്ടാണ് ഹിന്ദുത്വ വർഗീയ ശക്തികൾ പ്രകടിപ്പിച്ചതെങ്കിൽ ചരിത്ര പുസ്തകങ്ങൾ വെട്ടിത്തിരുത്തിയും ചരിത്ര സ്മാരകങ്ങളുടെയും നഗരങ്ങളുടെയും പേരുമാറ്റിയുമാണ് മറ്റ് സേനാനികളോടുള്ള ഈർഷ്യ പ്രകടമാക്കുന്നത്. അതേസമയം തന്നെ ഗാന്ധിജിയുടെ കൊലയാളിയായ ഗോദ്സെയും അയാളുടെ വഴികാട്ടിയായിരുന്ന സവർക്കറും ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗോദ്സെക്ക് പ്രതിമയും അമ്പലവും പണിത് പൂജിക്കുന്ന സംഘ് പരിവാർ പ്രതിമകൾ തല്ലിത്തകർത്തും സ്മൃതിയോഗങ്ങൾ അലങ്കോലപ്പെടുത്തിയും അംബേദ്കറെ അവമതിക്കുന്നു. അതിനുമപ്പുറം ദലിത് ബഹുജനങ്ങളെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽനിന്ന് ആട്ടിപ്പായിച്ചും പൈശാചികവത്കരിച്ചും രാജ്യത്തിന്റെ മുഖ്യധാരയിൽനിന്ന് അകറ്റാനും ശ്രമിക്കുന്നു. അത്തരമൊരു ഘട്ടത്തിലും മനുഷ്യൻ എന്ന നിലയിലുള്ള എല്ലാത്തരത്തിലുമുള്ള വിവേചനങ്ങൾക്കും വേർതിരിവിനുമെതിരെ ശബ്ദമുയർത്താനും പോരാടാനുമുള്ള ശക്തിയായി നിലകൊള്ളുന്നുണ്ട് അംബേദ്കറുടെ ഓർമകൾ. അതിനാൽ ഭരണഘടനയെപ്പോലെതന്നെ ഡോ. അംബേദ്കർ എന്ന പേരും എപ്പോഴും പറഞ്ഞുകൊണ്ടുതന്നെയിരിക്കണം. തെരഞ്ഞെടുപ്പ് നേട്ടത്തിനുവേണ്ടി മാത്രം ഈ പേര് ഉച്ചരിച്ചിട്ടുള്ള ഷായെപ്പോലുള്ളവർക്ക് ഫാഷനായോ പ്രഹസനമായോ തോന്നാം. എന്നാൽ, ഇന്ത്യൻ ജനതക്ക് അങ്ങനെയല്ല. കിട്ടുന്ന അവസരങ്ങളിലെല്ലാം അംബേദ്കർ ചിന്തകൾ ഉയർത്തുകയും ആ പേര് പറയുക എന്നത് ഇന്ത്യ എന്ന ആശയത്തെ സ്നേഹിക്കുന്നവർക്ക് പുതിയകാലത്ത് ഒരു ജനാധിപത്യ, സ്വാതന്ത്ര്യ പ്രവർത്തനം കൂടിയാണ്.

Tags:    
News Summary - Madhyamam Editorial 2024 December 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.