ഒറ്റത്തെരഞ്ഞെടുപ്പും പാർല​മെന്‍റ് ചർച്ചകളും


ലോ​​ക്സ​​ഭ​​യി​​ലേ​​ക്കും സംസ്ഥാന നി​​യ​​മ​​സ​​ഭ​​ക​​ളി​​ലേ​​ക്കും ഒരുമിച്ച് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്താ​​നു​​ള്ള ഭ​​ര​​ണ​​ഘ​​ട​​ന ഭേ​​ദ​​ഗ​​തി സംബന്ധിച്ച് പാർലമെന്റിൽ അവതരിപ്പിച്ച ബി​​ല്ലും തുടർന്ന് നടന്ന ചർച്ചകളും ഒരേസമയം ഭരണപക്ഷത്തിന് മുന്നറിയിപ്പും പ്രതിപക്ഷത്തിന് ശക്തമായ പാഠവുമാണ്. ഡിസംബർ 17നാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ’ നിയമമന്ത്രി അർജുൻ റാം മേഘ്‍വാൾ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം കണക്കിലെടുക്കാതെ നടത്തിയ ബിൽ അവതരണം അക്ഷരാർഥത്തിൽതന്നെ സർക്കാറിന് ബൂമറാങ്ങായി. ബിൽ അവതരിപ്പിക്കാനുള്ള ഭൂരിപക്ഷമേ ലോക്സഭയിൽ ഭരണപക്ഷത്തിനുള്ളൂ; അംഗീകാരം നേടാനുള്ള അംഗബലം മോദിക്കും കുട്ടർക്കുമില്ല. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ’ എന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും വാസ്തവത്തിൽ ഇതൊരു ഭരണഘടനാ നിയമമാണ്. പ്രസ്തുത നിയമത്തിൽ ഭേദഗതി വരുത്തിവേണം ‘ഒറ്റത്തെരഞ്ഞെടുപ്പ്’ എന്ന അജണ്ട യാഥാർഥ്യമാക്കാൻ. അതിന് വോട്ടെടുപ്പ് സമയത്ത് സഭയിൽ ഹാജറുള്ള അംഗങ്ങളുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം.

ബിൽ അവതരിപ്പിക്കാനുള്ള വോട്ടെടുപ്പ് നടക്കുമ്പോൾ സഭയിൽ 461 എം.പിമാരാണ് ഉണ്ടായിരുന്നത്. അതിൽ 343 പേർ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയാലേ ബിൽ പാസാകൂ. എന്നാൽ, ഭരണപക്ഷത്തിന് ആകെ കിട്ടിയത് 269 വോട്ടാണ്; പ്രതിപക്ഷത്തിന് 198ഉം. മറ്റൊരർഥത്തിൽ, സഭയിലെ കക്ഷിനിലക്കനുസരിച്ചുള്ള വോട്ടുപോലും നിർണായക ഘട്ടത്തിൽ സമ്പാദിക്കാൻ എൻ.ഡി.എക്ക് കഴിഞ്ഞില്ല. ബി.ജെ.പിയുടെതന്നെ 20 അംഗങ്ങൾ വിപ്പ് ലഭിച്ചിട്ടും വോട്ടെടുപ്പിൽ പ​ങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ, ബിൽ അവതരിപ്പിച്ച് കുടുങ്ങിപ്പോയ സ്ഥിതിയിലായി കേന്ദ്രസർക്കാർ. മുഖം രക്ഷിക്കാൻ പിന്നെ ആകെ ബാക്കിയുള്ളത് വിഷയം സംയുക്ത പാർലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുക എന്നുള്ളതാണ്. ആ വഴിയിൽ തൽക്കാലത്തേക്ക് തടിയൂരിയിരിക്കുകയാണിപ്പോൾ ഭരണപക്ഷം.

ഈ സംഭവത്തോടെ ഒരുകാര്യം ഉറപ്പായിരിക്കുന്നു: നിലവിലെ കക്ഷി നിലയനുസരിച്ച് സംഘ്പരിവാറിന് രാജ്യത്ത് ‘ഒറ്റത്തെരഞ്ഞെടുപ്പ്’ എന്ന അജണ്ട പൂർത്തിയാക്കാൻ കഴിയില്ല. ഒന്നാമതായി,​ കേവലഭൂരിപക്ഷം നിലനിർത്താൻതന്നെ ബി.ജെ.പിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥയുണ്ട്. ഇതിൽതന്നെ ജനതാദൾ (യു) വോട്ടെടുപ്പിൽ പ​ങ്കെടുത്തെങ്കിലും ചർച്ചയുടെ ഭാഗമായില്ല. രണ്ടാമതായി, ഇക്കാര്യത്തിൽ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നതും ബിൽ അവതരണ ചർച്ച അസന്ദിഗ്ധമായി തെളിയിച്ചു. രാജ്യത്തെ പ്രാദേശിക മതേതര കക്ഷികളുടെ കൂടി കൂട്ടായ്മയാണ് ഇൻഡ്യ മുന്നണി. ഈ വിഷയത്തിൽ അതിൽനിന്ന് ഏതെങ്കിലും പാർട്ടികളെ അടർത്തിയെടുക്കാൻ ബി.ജെ.പിക്ക് കഴിയുമെന്നും കരുതാനാവില്ല. അതുകൊണ്ടുതന്നെ, ഈ നിലയിൽ ബിൽ സഭ കടക്കില്ലെന്നുതന്നെ തീർത്തുപറയാം. അതിന്റെ നിരാശ അമിത് ഷാ അടക്കമുള്ള ബി.ജെ.പി നേതാക്കൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ പത്ത് വർഷത്തെ പാർലമെന്റ് നടപടികൾ പരിശോധിക്കുമ്പോൾ, ഇത്രയും കടുത്ത തിരിച്ചടി മോദി സർക്കാർ നേരിട്ടിട്ടില്ലെന്നുറപ്പാണ്.

ഇക്കാലത്തിനിടയിൽ എ​ത്രയോ വിവാദമായ ബില്ലുകൾ പാർലമെന്റിലെത്തിയിട്ടുണ്ട്. അതിൽ പലതും പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂർണമായും അവഗണിച്ചാണ് പാസാക്കിയത്. അഞ്ചു വർഷം മുമ്പ് പാസാക്കിയ വിവാദമായ പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യംതന്നെയെടുക്കുക. 2019 ഡിസംബർ ആദ്യവാരം കേന്ദ്രമന്ത്രിസഭ ബില്ലിന് അംഗീകാരം നൽകുന്നു; തൊട്ടടുത്ത ദിവസങ്ങളിൽതന്നെ പാർലമെന്റിന്റെ ഇരുസഭകളും കടന്ന് ബിൽ രാഷ്ട്രപതിയുടെ കാര്യാലയത്തിലെത്തുന്നു; 24 മണിക്കൂറിനുള്ളിൽ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നു. ഇതിനിടയിൽ ബിൽ ജെ.പി.സിക്ക് വിടണമെന്ന ആവശ്യംപോലും അംഗീകരിക്കപ്പെട്ടില്ല. ഏതെങ്കിലും സാഹചര്യത്തിൽ ഇത്തരം ‘ചുട്ടെടുക്കലുകൾ’ സാധ്യമായില്ലെങ്കിൽ മണിബിൽ ആയി പിൻവാതിലിലൂടെയും അവതരിപ്പിക്കും. എന്നാൽ, ഈ കളി ഇനിയങ്ങോട്ട് അത്ര എളുപ്പമാകില്ലെന്ന കൃത്യമായ സന്ദേശമാണ് ‘ഒറ്റത്തെരഞ്ഞെടുപ്പ്’ ചർച്ച നൽകിയത്.

പ്രതിപക്ഷത്തിന്റെ അസാമാന്യമായ പ്രകടനങ്ങൾക്കും ഈ ചർച്ച സാക്ഷ്യംവഹിച്ചു. അവരുടെ ശക്തമായ ഇടപെടലിൽ സാക്ഷാൽ അമിത് ഷാക്ക് പോലും പലകുറി പിഴച്ചു. ഇ​​ൻ​​ഡ്യ സ​​ഖ്യ​​ത്തി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​ക്ക​​ളാ​​യ രാ​​ഹു​​ൽ ഗാ​​ന്ധി, കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ, സ​​മാ​​ജ് വാ​​ദി പാ​​ർ​​ട്ടി ത​​ല​​വ​​ൻ അ​​ഖി​​ലേ​​ഷ് യാ​​ദ​​വ് തു​​ട​​ങ്ങി​​യ​​വ​​രൊ​​ന്നും ഹാ​​ജ​​രി​​ല്ലാ​​തി​​രു​​ന്ന സ​​ഭ​​യി​​ൽ പ്രതിപക്ഷത്തെ ര​​ണ്ടാം നി​​ര നേ​​താ​​ക്ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന ശ​​ക്ത​​മാ​​യ ക​​ട​​ന്നാ​​ക്ര​​മ​​ണ​മായിരുന്നു അതെന്ന പ്രത്യേകതയുമുണ്ട്. കോ​ൺ​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ന​യി​ച്ച ചർച്ചയിൽ ഗൗ​ര​വ് ഗൊ​ഗോ​യ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ല്യാ​ൺ ബാ​ന​ർ​ജി, മു​സ്‍ലിം ലീ​ഗി​ന്റെ ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ആ​ർ.​എ​സ്.​പി​യു​ടെ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, മ​ജ്‍ലി​സി​ന്റെ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി എ​ന്നി​വ​ർ മ​ത്സ​രി​ച്ച് മിന്നലാക്രമണം നടത്തിയതോടെ ഭരണപക്ഷം ശരിക്കും പ്രതിരോധത്തിലായി.

പ്ര​​തി​​പ​​ക്ഷ നേ​​താ​​ക്ക​​ൾ സം​​സാ​​രി​​ക്കും​​തോ​​റും ബി​​ല്ലി​​ൽ എ​​തി​​ർ​​പ്പ് കൂ​​ടു​​മെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി​​യ അ​​മി​​ത് ഷാ, ​​ഡി.​​എം.​​കെ നേ​​താ​​വ് ടി.​​ആ​​ർ. ബാ​​ലു ബി​​ൽ ജെ.​​പി.സി​​ക്ക് വി​​ടാ​​മെ​​ന്ന് പ​​റ​​ഞ്ഞ​​തോടെ, അതു കച്ചിത്തുരുമ്പാക്കുകയായിരുന്നു. വാസ്തവത്തിൽ, അവർ നടത്തിയത് അതിജീവനത്തിന്റെ പോരാട്ടമായിരുന്നു. ഈ ബിൽ നിയമമായാൽ ഇല്ലാതാവുക രാജ്യത്തെ പ്രാദേശിക കക്ഷികളായിരിക്കും. അക്കാര്യം തിരിച്ചറിഞ്ഞ് അവർ നടത്തിയ പോരാട്ടം ഉജ്ജ്വലവും ചരിത്രപരമവുമായി. ഐക്യത്തോടെ നിലയുറപ്പിച്ചാൽ, ഏത് ഏകാധിപതിയെയും മൂലക്കിരുത്താനാകുമെന്ന സന്ദേശവും അതിലുണ്ട്. അതുകൊണ്ടുതന്നെ, ഒറ്റത്തെരഞ്ഞെടപ്പ് ചർച്ച മതേതര ഇന്ത്യ എന്നും ഓർമിച്ചു​വെക്കേണ്ട സുപ്രധാനമായൊരു അധ്യായമാണ്.

Tags:    
News Summary - One Nation One Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.