കിംവദന്തികൾക്ക് പകരം വസ്തുതകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് പത്രപ്രവർത്തകനെ പൊലീസ് പിടിച്ചുകൊണ്ടു പോകുന്ന ആർ.കെ. ലക്ഷ്മൺ കാർട്ടൂണിലെന്ന പോലെ വസ്തുതാപരിശോധകൻ മുഹമ്മദ് സുബൈറിനെ യു.പി പൊലീസും സർക്കാറും വേട്ടയാടുന്നതിനെതിരെ ഏതാനും ദിവസം മുമ്പ് ഞങ്ങൾ എഴുതിയിരുന്നു. ഇപ്പോഴിതാ, ജനപക്ഷ മാധ്യമപ്രവർത്തനം നടത്തിയതിന്, നമ്മുടെ നാട്ടിലെ യുവജനങ്ങളുടെ സ്വകാര്യ വിവരങ്ങൾ സൈബർ അധോലോകത്ത് വിൽപനക്ക് വെച്ചിരിക്കുന്നെന്ന സത്യം പുറംലോകത്തെ അറിയിച്ചതിന് കേരള പൊലീസ് ഞങ്ങളുടെ വാതിലിൽ മുട്ടുന്നു. വിദ്വേഷ പ്രസംഗകനെതിരെ ശ്രദ്ധക്ഷണിച്ചതാണ് മുഹമ്മദ് സുബൈർ ചെയ്ത അപരാധമെങ്കിൽ സംസ്ഥാനത്തെ അരക്കോടിയിലേറെ ഉദ്യോഗാർഥികൾ പ്രതീക്ഷയോടെ, അതിലേറെ വിശ്വാസപൂർവം കേരള പബ്ലിക് സർവിസ് കമീഷനിൽ സമർപ്പിച്ച വിവരങ്ങൾ ചോരുന്നെന്ന നടുക്കുന്ന സത്യം വെളിപ്പെടുത്തിയതാണ് ഭരണകൂടത്തിന്‍റെ കണ്ണിൽ ‘മാധ്യമം’ ചെയ്ത തെറ്റ്. അതി ഗുരുതരമായ കുറ്റകൃത്യം സംബന്ധിച്ച വാർത്തയെഴുതി സർക്കാറിന്‍റെയും സമൂഹത്തിന്‍റെയും ശ്രദ്ധക്ഷണിച്ച ലേഖകനെ ഒരു കുറ്റവാളിയെ എന്ന മട്ടിൽ രണ്ടു മണിക്കൂർ ചോദ്യംചെയ്ത പൊലീസ്, രണ്ടുനാൾക്കകം അദ്ദേഹത്തിന്‍റെ ഫോൺ ഹാജരാക്കണമെന്ന് വിചിത്രമായ ഉത്തരവുമിറക്കിയിരിക്കുന്നു.

പി.എസ്.സിയിൽ രജിസ്റ്റർചെയ്ത 65 ലക്ഷം ഉദ്യോഗാർഥികളുടെ യൂസർ ഐഡിയും പാസ് വേഡും ചോർത്തി വിൽപനക്ക് വെച്ച വിവരം ജൂലൈ 22നാണ് തിരുവനന്തപുരം ബ്യൂറോയിലെ സ്റ്റാഫ് ലേഖകൻ അനിരു അശോകന്റെ പേരിൽ ‘മാധ്യമം’ പ്രസിദ്ധീകരിച്ചത്. വാർത്തയുടെ പ്രാധാന്യവും പുറത്തുവന്നാലുള്ള പ്രത്യാഘാതങ്ങളും സംബന്ധിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടുതന്നെ കൃത്യത ആവർത്തിച്ച് ഉറപ്പുവരുത്തിയശേഷമാണ് ഞങ്ങളത് ജനങ്ങളിലെത്തിച്ചത്. പ്രശ്നം പരിഹരിക്കുന്നതിനു പകരം, നൂറു ശതമാനവും സത്യസന്ധമായ വാർത്ത വ്യാജമാണെന്ന് വരുത്തിത്തീർത്ത് ഞങ്ങളുടെ വിശ്വാസ്യതയിൽ സംശയം സൃഷ്ടിക്കാനായിരുന്നു പി.എസ്.സിക്കു തിടുക്കം. അതോടെ ഔദ്യോഗിക രേഖകൾ സഹിതം തെളിവ് പുറത്തുവിടാൻ ഞങ്ങൾ നിർബന്ധിതരായി. ജനങ്ങളോട് ഉത്തരവാദിത്തമുള്ള ഏതു മാധ്യമ സ്ഥാപനവും അനുവർത്തിക്കുന്ന രീതിയാണത്. കുറ്റകൃത്യത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താനും പരിഹരിക്കാനും ശ്രമിക്കുന്നതിനു പകരം ഞങ്ങളുടെ ലേഖകന് വാർത്ത ലഭിച്ചതെങ്ങനെ എന്ന് കണ്ടെത്തി പകപോക്കുന്നതിലായിരുന്നു പി.എസ്.സിക്ക് താൽപര്യം. പി.എസ്.സിയുടെ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് വാർത്തയുടെ ഉറവിടം വെളിപ്പെടുത്താനാവശ്യപ്പെട്ട് ‘മാധ്യമ’ത്തിനുമേൽ സമ്മർദം ചെലുത്തിവരുകയാണ്. ലേഖകനെ വിളിപ്പിച്ച് ചോദ്യം ചെയ്തതിന് പുറമെ, ഇതേ ആവശ്യമുന്നയിച്ച് ചീഫ് എഡിറ്റർക്ക് നോട്ടീസ് നൽകിയിരിക്കുന്നു. വാർത്തയുടെ ഉറവിടം വെളിപ്പെടുത്താൻ നിർബന്ധിക്കുന്നത് അന്താരാഷ്ട്ര മാധ്യമ മര്യാദകളുടെ കൊടിയ ലംഘനമാണ്, ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള അതിക്രമിച്ചു കടക്കലാണ്; ഭീഷണിക്കു വഴങ്ങി അതിനു വകവെച്ചുതരാൻ നിർവാഹമില്ലെന്ന് ഗൗരവബുദ്ധ്യാ വ്യക്തമാക്കട്ടെ.

ഭരണകൂടത്തിനു ഹിതകരമല്ലാത്ത വാർത്തകളൊന്നുമേ പ്രസിദ്ധീകരിച്ചുപോകരുതെന്ന തീട്ടൂരം മുഴക്കുന്ന പ്രഖ്യാപിത അടിയന്തിരാവസ്ഥ അര നൂറ്റാണ്ട് മുമ്പ് ഈ രാജ്യത്തുണ്ടായിട്ടുണ്ട്. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് വിശേഷിപ്പിക്കാവുന്ന മാധ്യമവിരുദ്ധ നീക്കങ്ങളും പലപ്പോഴും രാജ്യത്ത് നടമാടുന്നുണ്ട്. ബലാത്സംഗക്കൊല റിപ്പോർട്ട് ചെയ്യാൻ പോയ മലയാളി മാധ്യമപ്രവർത്തകനുമേൽ യു.എ.പി.എ ചുമത്തിയതും ചോദ്യപേപ്പർ ചോർച്ച റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തതും ഉത്തർപ്രദേശിലെ വർഗീയ ഫാഷിസ്റ്റ് ഭരണകൂടമായിരുന്നു. വ്യാപം അഴിമതി റിപ്പോർട്ട് ചെയ്തവരും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് മധ്യപ്രദേശിലായിരുന്നു. വിവരാവകാശപ്രവർത്തകരും മാധ്യമപ്രവർത്തകരും നിരന്തരം വേട്ടയാടപ്പെടുന്ന മറ്റൊരു സംസ്ഥാനം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയടെയും നാടായ ഗുജറാത്താണ്. എന്നാൽ, നിർഭയ മാധ്യമപ്രവർത്തനത്തിന് വിഘാതം സൃഷ്ടിക്കുന്ന ഇത്തരം നീക്കങ്ങൾ ഇടതുപക്ഷ സർക്കാർ ഭരണത്തിലിരിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തും പൊലീസിനെ ഉപയോഗിച്ച് നടപ്പാക്കാൻ ശ്രമിക്കുന്നത് എത്രമാത്രം ഭയാനകമാണ്.

പി.എസ്.സിയിലെ അഴിമതികളും അട്ടിമറികളും മുമ്പും ഞങ്ങൾ പുറത്തുകൊണ്ടുവന്നിട്ടുണ്ട്, പൊലീസിലെ അരുതായ്മകൾക്കെതിരെ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്, കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകൂടങ്ങളെ വിമർശിച്ചിട്ടുണ്ട്. അതുവഴി ഞങ്ങൾ നിറവേറ്റുന്നത് ജനങ്ങളോടുള്ള ഉത്തരവാദിത്തമാണ്, ഭരണഘടന ഉറപ്പുനൽകുന്ന മാധ്യമ-അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ചാണത് ചെയ്യുന്നത്. ഏതെങ്കിലും ഭരണാധികാരിക്കോ ഭരണകൂടത്തിനോ മുന്നിൽ അടിയറവ് പറയാനോ തോറ്റുപിന്മാറാനോ ഞങ്ങളൊരുക്കമല്ല. ‘മാധ്യമം’ ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനു കീഴിലെ ‘മീഡിയവൺ’ ചാനലിന് അവാസ്തവ കാരണങ്ങൾ ചുമത്തി താഴിടാൻ കേന്ദ്രഭരണകൂടം ഒരുമ്പെട്ട ഘട്ടത്തിലും ഇതുതന്നെയാണ് ഞങ്ങൾ പറഞ്ഞത്. പൊലീസ് നടപടിയും നോട്ടീസുമൊന്നും ഞങ്ങളെ നിശ്ശബ്ദമാക്കാൻ പര്യാപ്തമല്ല. ഞങ്ങളുടെ വിമർശനമൊഴിവാക്കിയെടുക്കാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ ജനവിരുദ്ധവും അനീതി നിറഞ്ഞതുമായ നീക്കങ്ങളിൽനിന്ന് പിന്മാറി സത്യപ്രതിജ്ഞക്കനുസൃതമായി പ്രവർത്തിക്കുക മാത്രം ചെയ്​താൽ മതി.

ഭീഷണിപ്പെടുത്തി നിശ്ശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള പൊലീസ് നടപടികൾക്കെതിരെ നിയമപോരാട്ടം നടത്താനും അക്രമിയായ ഭരണാധികാരിക്ക് മുന്നിലും സത്യം കൈവിടരുതെന്ന് പഠിപ്പിച്ച പൂർവസൂരികൾ കാണിച്ച പാതയിലൂടെ മുന്നോട്ടുപോകാനുമാണ് ‘മാധ്യമം’ തീരുമാനിച്ചിട്ടുള്ളത്. മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കാനുള്ള ഈ ദൗത്യത്തിൽ ഇക്കാലമത്രയും സ്നേഹിച്ചും ഉപദേശിച്ചും ശാസിച്ചും ഒപ്പം നടന്ന വായനക്കാരും സാംസ്കാരിക-മാധ്യമസമൂഹവും കൂടെയുണ്ടാകുമെന്ന് ഞങ്ങൾ ആശിക്കുന്നു. 

Tags:    
News Summary - Madhyamam editorial Cannot be silenced by intimidation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.