വെള്ളിയാഴ്ച പതിവുകള്‍തെറ്റിച്ച് നടത്തിയ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനവും പാക് പ്രധാനമന്ത്രി നവാസ് ശരീഫുമായി നടത്തിയ കൂടിക്കാഴ്ചയുംവഴി ഇന്ത്യ-പാക് ബന്ധത്തില്‍ വലിയൊരു എടുത്തുചാട്ടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയിരിക്കുന്നത്. മോദിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ നവാസ് ശരീഫ് പങ്കെടുത്തത് ഉഭയകക്ഷിബന്ധത്തില്‍ പുതിയൊരു തുടക്കമായി കരുതിയെങ്കിലും പിന്നീട് അതിര്‍ത്തിയിലേയും നയതന്ത്രതലങ്ങളിലെയും കടന്നുകയറ്റങ്ങള്‍ ബന്ധങ്ങളെ പഴയ ശീതസമരഘട്ടത്തിലത്തെിച്ചു. പലപ്പോഴും അത് സംഘര്‍ഷാത്മക സന്നിഗ്ധാവസ്ഥകള്‍തന്നെ സൃഷ്ടിച്ചു. ഒടുവില്‍, കഴിഞ്ഞവര്‍ഷം മുന്‍കൂട്ടി നിശ്ചയിച്ച വിദേശമന്ത്രിതല ചര്‍ച്ചകള്‍ കശ്മീര്‍ വിഘടനവാദി നേതാക്കളുമായുള്ള പാക് നയതന്ത്ര ബന്ധത്തെച്ചൊല്ലി അവസാനനിമിഷം റദ്ദ് ചെയ്തു. ആഗസ്റ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിയിരുത്തവും ഇതേകാരണം പറഞ്ഞ് റദ്ദായി. ഈ സ്തംഭനാവസ്ഥ മുതലെടുത്ത് ഗവണ്‍മെന്‍റിനെ നയിക്കുന്ന സംഘ്പരിവാറിലെ സംഘടനകളും നേതാക്കളും പാക്വിരുദ്ധ നിലപാട് കടുപ്പിക്കുകയും വിശ്രുതരായ ഗസല്‍ ഗായകരുടെയും കലാകാരന്മാരുടെയും കളിക്കാരുടെയും ഇന്ത്യാസന്ദര്‍ശനം മുടക്കുകയും ചെയ്തു. വംശീയവിദ്വേഷമുള്ളവരോടുള്ള അരിശംതീര്‍ക്കാന്‍ സംഘ്പരിവാര്‍ നേതാക്കളും പാര്‍ട്ടികളും ‘പാകിസ്താനിലേക്ക് പൊയ്ക്കൊള്ളാന്‍’ ആക്രോശം പതിവാക്കി. ഇങ്ങനെ കാര്യങ്ങള്‍ വഷളായിക്കൊണ്ടിരിക്കെയാണ് ആരോടുംമിണ്ടാതെ മോദി നേരിട്ട് പാകിസ്താനില്‍പോയി നവാസ് ശരീഫിന് ജന്മദിനാശംസ നേര്‍ന്ന് പുതിയ തുടക്കമിടുന്നതും.
റഷ്യയില്‍നിന്ന് അഫ്ഗാനിലത്തെി പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത് മടങ്ങുംവഴിയാണ് ലാഹോറിലിറങ്ങി പാക് പ്രധാനമന്ത്രിയെ കാണാനുള്ള തീരുമാനം പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിക്കുന്നത്. ഡിസംബര്‍ എട്ടിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ സന്ദര്‍ശനത്തിന്‍െറ പിറകെയാണ് മോദി ലാഹോറിലത്തെിയത്. ജനുവരി 15ന് ഇസ്ലാമാബാദില്‍ വിദേശകാര്യ സെക്രട്ടറിമാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര ഉഭയകക്ഷി സംഭാഷണത്തിന്‍െറ (കോംപ്രഹന്‍സീവ് ബൈലാറ്ററല്‍ ഡയലോഗ്-സി.ബി.ഡി) ഷെഡ്യൂള്‍ തയാറാക്കാനിരിക്കുകയാണ്. കശ്മീര്‍പ്രശ്നം, സിയാചിന്‍, സര്‍ക്രീക്ക് അടക്കമുള്ള വിഷയങ്ങളെല്ലാം സി.ബി.ഡി അജണ്ടയിലുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ നിലച്ച ചര്‍ച്ചയുടെ ഒഴുക്ക് വീണ്ടെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഇരുഭാഗത്തെയും നയതന്ത്രവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് മോദി നടത്തിയ ‘ജന്മദിന നയതന്ത്ര’ത്തിന് വ്യാപകമായ സ്വാഗതം ലഭിച്ചത്. ദേശീയസ്വത്വം നിലനിര്‍ത്തുമ്പോള്‍തന്നെ അമൃത്സറില്‍ പ്രാതല്‍ കഴിച്ച്, ലാഹോറില്‍ ഉച്ചയൂണും കഴിഞ്ഞ് അത്താഴത്തിന് കാബൂളിലത്തെുന്ന, പൂര്‍വപിതാക്കള്‍ ജീവിച്ചുപോന്ന നല്ലനാള്‍ ആവര്‍ത്തിക്കുന്ന ഒരു സ്വപ്നം 2007 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മുന്നോട്ടുവെച്ചിരുന്നു. പുതുലോകത്ത് ദേശരാഷ്ട്രീയാതിര്‍ത്തികള്‍ സാമ്പത്തിക-സാമൂഹികബന്ധങ്ങള്‍ക്ക് മതിലുകള്‍ തീര്‍ക്കാത്ത കാലമാണിതെന്നും അന്ന് ഓര്‍മപ്പെടുത്തി. ഇന്ത്യയിലെയും അയല്‍ദേശങ്ങളിലെയും ജനങ്ങള്‍ പങ്കുവെക്കുന്ന വികാരമാണ് മന്‍മോഹന്‍ തുറന്നു പ്രകടിപ്പിച്ചത്. വംശീയജ്വരം മൂര്‍ച്ഛിച്ച് വിറളിയെടുക്കുന്ന വര്‍ഗീയവാദികള്‍ ശത്രുത ആളിക്കത്തിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ജനാധിപത്യ മാനവികവാദികള്‍ ഓര്‍മിപ്പിക്കാറുള്ളതാണിത്. ഭരണകക്ഷിയില്‍പെട്ടവര്‍തന്നെ വിദ്വേഷപ്പനിയില്‍ വിറകൊള്ളുമ്പോഴാണ് മോദി മുന്‍ഗാമിയുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നത്.
‘ന്യൂയോര്‍ക് ടൈംസ്’ വിശേഷിപ്പിച്ചപോലെ മോദി സന്ദര്‍ശനത്തെ കൂടക്കൂടെ ചുവടുമാറ്റുന്ന ‘നയതന്ത്ര നൃത്ത’മായി കാണുന്നവരുണ്ട്. സജ്ജന്‍ ജിന്‍ഡാല്‍ എന്ന ഉരുക്കുവ്യവസായിയെ ഇടനിലക്കാരനാക്കി അവരുടെ ഗ്രൂപ്പിന്‍െറ വാണിജ്യതാല്‍പര്യങ്ങള്‍ക്കുവേണ്ടിയായിരുന്നു ‘രഹസ്യ’സന്ദര്‍ശനമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഉരുക്കുവ്യവസായികൂടിയായ നവാസ് ശെരീഫിന്‍െറ പിതാവിന്‍െറ കാലംതൊട്ടേ ജിന്‍ഡാല്‍ കുടുംബം അവരുമായി അടുത്തബന്ധം പുലര്‍ത്തുന്നു. ജിന്‍ഡാലിന്‍െറ കുടുംബസംരംഭങ്ങളായ ജെ.എസ്.ഡബ്യൂ, ജെ.എസ്.പി.എല്‍, മോണറ്റ് ഇസ്പാറ്റ് എന്നീ കമ്പനികള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്നുനടത്തുന്ന അഫ്ഗാന്‍ അയണ്‍ ആന്‍ഡ് സ്റ്റീല്‍ കണ്‍സോര്‍ട്യത്തിന് (അഫിസ്കോ) അഫ്ഗാനിലെ ബാമിയാനില്‍ കുഴിച്ചെടുക്കുന്ന ഇരുമ്പയിര് ഏറ്റവും ചെലവു കുറഞ്ഞ വഴിയായ കറാച്ചിയിലൂടെ ഇന്ത്യയിലേക്ക് കടത്താനുള്ള മാര്‍ഗമൊരുങ്ങണം. അതുപോലെ ഊര്‍ജ പ്ളാന്‍റുകളിലും വള ഫാക്ടറികളിലുമായി വന്‍നിക്ഷേപം നടത്തിയ വ്യവസായികള്‍ക്ക് മധ്യേഷ്യയില്‍നിന്ന് വിലകുറഞ്ഞ ഗ്യാസ് ഇന്ത്യയിലത്തെിക്കാന്‍ പാക് അനുമതി ലഭിക്കണം. ഇറാനില്‍നിന്നുള്ള വാതകകടത്തും ഈ വഴി വേണം. ഇതില്‍ താല്‍പര്യമുള്ള ബിസിനസ് ലോബിയാണ് മോദിയുടെ പിറകിലെന്നാണ് പ്രതിയോഗികളുടെ ആരോപണം. ഈ ആരോപണം സൂക്ഷിച്ചുവായിച്ചാല്‍ അയല്‍ദേശങ്ങള്‍ തമ്മില്‍ നല്ലബന്ധം നിലനിര്‍ത്താനാവാത്തത് രാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥക്ക് വരുത്തുന്ന വന്‍നഷ്ടം വ്യക്തമാകും. ആരോഗ്യകരമായ അയല്‍പക്കബന്ധം രാജ്യത്തിന്‍െറ സമ്പദ്രംഗത്തിനും സാമൂഹികതക്കും പകരുന്ന കരുത്ത് ആര്‍ക്കും നിഷേധിക്കാനാവില്ല. വിദേശ നയതന്ത്രത്തില്‍ ഇടനില പുതിയ കാര്യവുമല്ല. എന്നിരിക്കെ, അയല്‍പക്കവുമായി ഇഴയടുപ്പമുണ്ടാക്കാനും മേഖലയുടെ പുരോഗതിക്ക് ഒത്തുപിടിച്ചുനീങ്ങാനുമുള്ള ഏതുശ്രമത്തെയും സ്വാഗതം ചെയ്യുകതന്നെ വേണം. തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരുടെ മാത്രമല്ല, ഇരുരാജ്യത്തിന്‍െറയും ഇരുജനതയുടെയും ക്ഷേമത്തിനായിരിക്കണം ഏതുതരം നയതന്ത്രദൗത്യവും എന്നുറപ്പിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.