സ്​ഥിരതക്ക് വോട്ട് ചെയ്ത് തുർക്കി

തുർക്കി പാർലമെൻറിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ അഹ്മദ് ദാവൂദ് ഒഗ്ലു നയിക്കുന്ന ജസ്​റ്റിസ്​ ആൻഡ് ഡെവലപ്മെൻറ് പാർട്ടി (അക്) പോൾ ചെയ്തതിെൻറ പകുതിയോളം വോട്ടുനേടി അധികാരം അരക്കിട്ടുറപ്പിച്ചിരിക്കുന്നു. ഭരണകക്ഷി 49.4 ശതമാനം വോട്ട് നേടിയപ്പോൾ രണ്ടാം സ്​ഥാനക്കാരായ തീവ്ര യാഥാസ്​ഥിതികകക്ഷി റിപ്പബ്ലിക്കൻ പീപ്ൾസ്​ പാർട്ടിക്ക് അതിെൻറ പകുതി വോട്ടേ ലഭിച്ചുള്ളൂ. കഴിഞ്ഞ ജൂണിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏകകക്ഷി ഭരണത്തിനുള്ള ഭൂരിപക്ഷം ലഭിക്കാതിരുന്നതിനെ തുടർന്ന് ദാവൂദ് ഒഗ്ലുവിെൻറ നേതൃത്വത്തിൽ മുന്നണി ഭരണത്തിന് പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ നിർദേശിച്ചെങ്കിലും രാഷ്ട്രീയപ്രതിയോഗികൾ തീണ്ടാപ്പാടകലെ നിന്നതിനാൽ അത് വിജയിച്ചില്ല. അങ്ങനെ ആറു മാസത്തിനകം വീണ്ടും കളമൊരുങ്ങിയ തെരഞ്ഞെടുപ്പിലാണ് ഉർദുഗാെൻറ കക്ഷി കൂടിയായ അക് പാർട്ടി 316 സീറ്റിെൻറ അപ്രതീക്ഷിത ജയം നേടി ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ഇസ്​ലാം ആഭിമുഖ്യമുള്ള അക് പാർട്ടിയോട് നീരസമുള്ള രാഷ്ട്രീയനിരീക്ഷകരെല്ലാം തൂക്കുപാർലമെൻറും പ്രസിഡൻറ് ഉർദുഗാെൻറ രാഷ്ട്രീയാസ്​തമയം വരെയും പ്രവചിച്ചിരിക്കെയാണ് എല്ലാവരെയും അമ്പരപ്പിച്ച ഫലം പുറത്തുവന്നത്. പാർട്ടിക്കാർപോലും പ്രതീക്ഷിച്ചതിലും അഞ്ചെട്ടു ശതമാനം കൂടുതലാണ് അക് പാർട്ടിയുടെ പെട്ടിയിൽ വീണത്. ഇതോടെ, 2003ൽ അധികാരത്തിലേറിയ റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസിഡൻറ് പദത്തിലെ ഈഴവും കരുത്തും വർധിപ്പിക്കുകയാണ്. സിവിലിയൻ ഭരണഘടനയും പ്രസിഡൻഷ്യൽ ജനാധിപത്യവുമെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കാനുള്ള ഭൂരിപക്ഷം പക്ഷേ, ഇത്തവണയും അക് പാർട്ടിക്ക് ലഭിച്ചിട്ടില്ല. 330 സീറ്റുകൾ തനിച്ചു നേടിയെങ്കിൽ മാത്രമേ ഭരണഘടനാ ഭേദഗതി സാധ്യമാകുകയുള്ളൂ. എന്നാൽ, കുർദ് തീവ്രവാദികളുടെ ആഭ്യന്തര ഭീഷണിയും ഐ.എസ്​ ഭീകരാക്രമണവുംകൊണ്ട് അകത്തും സിറിയൻസംഘർഷത്തിെൻറ കെടുതികൾ പുറത്തുമായി പ്രതിസന്ധിക്കു മുഖാമുഖം നിൽക്കുന്ന തുർക്കിയിൽ സ്​ഥിരതയുള്ള കരുത്തുറ്റ ഭരണകൂടമെന്ന അത്യാവശ്യം ജനം തിരിച്ചറിഞ്ഞു എന്നാണ് തെരഞ്ഞെടുപ്പ് ഫലത്തിൽനിന്നു വ്യക്തമാവുന്നത്. രാജ്യം രണ്ടു ഭീകരാക്രമണങ്ങൾക്കിരയാവുകയും അകത്തും പുറത്തും രാഷ്ട്രീയ മാധ്യമലോകത്തിെൻറ പിന്തുണ നഷ്ടപ്പെടുകയും ചെയ്തിട്ടും തൂക്കുസഭയിൽനിന്ന് ശക്തമായ ഏകകക്ഷീഭരണത്തിലേക്കുള്ള തിരിച്ചുവരവിന് കളമൊരുക്കിയത് ഉർദുഗാനിലും അക് പാർട്ടിയിലും ജനം അർപ്പിച്ച അതിരില്ലാത്ത വിശ്വാസമാണ്.

13 വർഷക്കാലത്തെ ഭരണംകൊണ്ട് യൂറോപ്പിലെ ‘രോഗി’യുടെ പരിവേഷത്തിൽനിന്ന് അജയ്യ രാഷ്ട്രീയശക്തിയായി തുർക്കിയെ മാറ്റാൻ ഉർദുഗാന് കഴിഞ്ഞെന്നത് രാഷ്ട്രീയ പ്രതിയോഗികൾപോലും സമ്മതിച്ചതാണ്. എന്നാൽ, സമീപകാലത്തെ പശ്ചിമേഷ്യയിലെ മാറിമറിയുന്ന രാഷ്ട്രീയസമവാക്യങ്ങൾക്കിടയിൽ തുർക്കി ഒറ്റപ്പെടുന്ന സ്​ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞത്. കുർദുകളുമായി അനുരഞ്ജനത്തിൽ നീങ്ങാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയും കുർദിസ്​താൻ വർക്കേഴ്സ്​ പാർട്ടി എന്ന പി.കെ.കെയുടെ തീവ്രവാദി വിഭാഗം ചാവേർസേന രൂപവത്കരിച്ച് ആക്രമണങ്ങൾക്കു മുതിരുകയും ചെയ്തതോടെ തുർക്കിക്ക് ആഭ്യന്തര ശത്രുക്കളായി. അയൽദേശങ്ങളായ ഇറാഖിലും സിറിയയിലുമുള്ള സംഘർഷം തങ്ങൾക്കു കൂടി ഭീഷണിയാകുമെന്നു വന്നതോടെ അതിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ തുർക്കി നിർബന്ധിതമായി. സിറിയയിലെ ഐ.എസ്​ ഭീകരതക്കെതിരായി നടന്ന ആക്രമണത്തിൽ പങ്കാളിയായതോടെ പുറം ശത്രുക്കളും വർധിച്ചു. രാജ്യത്തെ പഴയ മതേതര തീവ്രവാദികൾ അന്തർദേശീയ തലത്തിൽ പ്രചാരണയുദ്ധവുമായി രംഗത്തെത്തി.
കഴിഞ്ഞ ജൂണിലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പാർലമെൻറിൽ ഭൂരിപക്ഷം നഷ്ടമായതോടെ കൂനിന്മേൽ കുരുവെന്നോണം പ്രശ്നങ്ങൾ ഒന്നൊന്നായി വന്നു. ഭരണസ്​ഥിരതയുടെ നഷ്ടം സമ്പദ്ഘടനയുടെ മാന്ദ്യമായി പ്രതിഫലിച്ചു. തുർക്കി കറൻസി താഴോട്ടുപോയി. കാലുഷ്യം മുതലെടുക്കാൻ കുർദ് തീവ്രവാദികളും ഐ.എസ്​ ഭീകരരും ആക്രമണങ്ങൾ സംഘടിപ്പിച്ചു.

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണത്തിൽ 102 പേർ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ്. അതുകൊണ്ടുതന്നെ, ഉർദുഗാെൻറ അസ്​തമയം എല്ലാവരും പ്രതീക്ഷിച്ചു. ഹുർറിയത് പോലുള്ള പത്രങ്ങളും സി.എൻ.എൻ തുർക്കി അടക്കമുള്ള ചാനലുകളും, പഴയ പാർട്ടിക്കാരായിരുന്ന ഫത്ഹുല്ലാ ഗുലെൻറ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളും, ഇതിനൊക്കെ ചൂട്ടുപിടിച്ച് പാശ്ചാത്യമാധ്യമങ്ങളും –എല്ലാം ഉർദുഗാനെ എതിർത്തു. പാർട്ടി പിളർത്താൻ യത്നിച്ചവർക്ക് മുൻ പ്രസിഡൻറ് അബ്ദുല്ല ഗുലിനൊപ്പം ചിലരെ അടർത്തിയെടുക്കാനും കഴിഞ്ഞു. ഈ സംഘടിതനീക്കങ്ങൾക്കെതിരെയാണ് ഉർദുഗാൻ ജയിച്ചുകയറിയിരിക്കുന്നത്. തെരഞ്ഞെടുപ്പിലെ ജനഹിതം അംഗീകരിക്കാനുള്ള പക്വതയെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങളും അവരുടെ സേവപിടിത്തക്കാരും കാണിക്കണം എന്ന് ഉർദുഗാൻ പറഞ്ഞത് ഇതെല്ലാം മനസ്സിൽവെച്ചാണ്.
തുർക്കിയെ ശൈഥില്യത്തിലേക്ക് വിട്ടുകൊടുക്കില്ലെന്ന വോട്ടർമാരുടെ വാശി ആശാവഹമാണ്. അലകുംപിടിയും വേർപെട്ടു കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയുടെ ചുറ്റുവട്ടത്ത് അടുക്കും ചിട്ടയുമുള്ള ഭദ്രമായൊരു ഭരണകൂടം അനുപേക്ഷ്യമായ സന്ദർഭത്തിലാണ് തുർക്കിയും അസ്​ഥിരപ്പെടുകയാണോ എന്ന ആശങ്കയുയർന്നത്. എന്നാൽ, അതിനനുവദിക്കില്ലെന്ന അന്നാട്ടുകാരുടെ ദൃഢനിശ്ചയം തുർക്കിക്കു മാത്രമല്ല, മേഖലക്കുതന്നെ പകരുന്ന ആത്മവിശ്വാസം ചെറുതല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.