ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം തികച്ചില്ളെന്നിരിക്കെ, അവിടെ ജില്ലാ പഞ്ചായത്തുകളിലെ 3112 സ്ഥാനങ്ങളിലേക്കും ബ്ളോക് പഞ്ചായത്തിലെ 77,576 സീറ്റുകളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍െറ ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുമ്പോള്‍ വ്യക്തമാകുന്നത് 2012ലും 2014ലും വന്‍ തിരിച്ചടിനേരിട്ട മായാവതിയുടെ ബി.എസ്.പി ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു എന്നതാണ്. ഇതിനകം 615 സീറ്റുകള്‍ പിടിച്ചെടുത്ത ബി.എസ്.പി മേല്‍ക്കൈ നേടിക്കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുലായം സിങ്ങിന്‍െറ സമാജ്വാദി പാര്‍ട്ടിയോടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയോടും അടിയറവ് പറയേണ്ടിവന്നത് മായാവതിയുടെ ഭരണം ധൂര്‍ത്തിന്‍െറയും അധികാരദുര്‍വിനിയോഗത്തിന്‍െറയും അഴിമതിയുടെയും മകുടോദാഹരണമായതുകൊണ്ടായിരുന്നു. ഒടുവിലത്തെ ലോക്സഭാ ഇലക്ഷനില്‍ രാജ്യത്താകെ വീശിയടിച്ച മോദി കൊടുങ്കാറ്റില്‍ കടപുഴകിയത് ബി.എസ്.പി മാത്രമായിരുന്നില്ളെന്നത് ശരി; യു.പിയിലാകട്ടെ അമിത് ഷായുടെ സൃഗാലബുദ്ധി മെനഞ്ഞെടുത്ത ഹിന്ദു ഏകതയുടെ പൊള്ളയായ മുദ്രാവാക്യത്തില്‍ മായാവതിയുടെ പശ്ചാത്തലശക്തികളായ ദലിത്-പിന്നാക്ക വിഭാഗങ്ങള്‍ മയങ്ങിവീണു എന്നതും വാസ്തവം. എങ്കിലും അഞ്ചു കൊല്ലത്തെ മായാവതി ഭരണം ജനകീയപ്രശ്നങ്ങളുടെ പരിഹാരത്തില്‍ മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. ഇപ്പോള്‍ ഒരു തിരിച്ചുവരവിന്‍െറ ലക്ഷണം പാര്‍ട്ടി കാണിക്കുന്നുവെങ്കില്‍ അതിന് ഒരേയൊരു കാരണമേയുള്ളൂ. അഖിലേഷ് യാദവിന്‍െറ നേതൃത്വത്തിലുള്ള എസ്.പി സര്‍ക്കാര്‍ നാലു വര്‍ഷംകൊണ്ട് ജനങ്ങളെ നിരാശപ്പെടുത്തിയിരിക്കുന്നു. അതിനേക്കാള്‍ നിരാശപ്പെടുത്തിയത് വികസനക്കുതിപ്പിന്‍െറ പെരുമ്പറ മുഴക്കി ഇന്ത്യയെ ഒന്നാംനമ്പര്‍ ലോകശക്തിയാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ ഹിന്ദുത്വ സര്‍ക്കാറാണ്. ജനജീവിതത്തെ അനുകൂലമായി സ്വാധീനിക്കാവുന്ന ഒരു വികസന പദ്ധതിക്കും ഇതിനകം തുടക്കംകുറിക്കാന്‍ കഴിയാതെപോയ മോദി സര്‍ക്കാര്‍ അത്യന്തം ബാലിശവും ആഗോളതലത്തില്‍ രാജ്യത്തിനപമാനകരവുമായ വിഷയങ്ങളിലേക്കാണ് ജനങ്ങളെ ആട്ടിത്തെളിക്കുന്നത്. അയ്യായിരം വര്‍ഷങ്ങളെങ്കിലും പഴക്കമുള്ള അന്ധവിശ്വാസങ്ങള്‍ ശാസ്ത്രത്തിന്‍െറ വ്യാജാവരണമിട്ട് അവതരിപ്പിച്ചു. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെ വാളെടുക്കുന്നവരെ കയറൂരിവിട്ടും ആഹാരകാര്യത്തില്‍പോലും മനുഷ്യത്വരഹിതമായ ഇടപെടല്‍ നടത്തിയും സ്വന്തക്കാരെകൂടി വെറുപ്പിച്ചുകഴിഞ്ഞു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ പതിവ് പരിപാടികളായി മാറിയിരിക്കുന്നു. നിശ്ചയമായും വിനാശകരമായ ഈ പോക്കിന്‍െറ നേരെയുള്ള പ്രതികരണമാണ് യു.പിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത്. നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയില്‍ 48 സീറ്റില്‍ വെറും എട്ടെണ്ണമാണ് ബി.ജെ.പിയെ തുണച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍െറ മണ്ഡലമായ ലഖ്നോയില്‍ ഫലം പ്രഖ്യാപിക്കപ്പെട്ട 28 സീറ്റുകളില്‍ നാലെണ്ണമേയുള്ളൂ ബി.ജെ.പിയുടെ കണക്കില്‍. കേന്ദ്ര മന്ത്രിസഭാംഗമായ കല്‍രാജ് മിശ്രയുടെ മണ്ഡലമായ ദേവ്റയില്‍ 57 സീറ്റുകളില്‍ ഏഴെണ്ണമേ പാര്‍ട്ടിക്ക് നേടാനായുള്ളൂ. മുരളി മനോഹര്‍ ജോഷി ദത്തെടുത്ത സിങ്പൂരില്‍ ജയിച്ചത് സമാജ്വാദി പാര്‍ട്ടിയാണ്. വരുണ്‍ ഗാന്ധിയുടെ മണ്ഡലമായ സുല്‍ത്താന്‍പൂരില്‍ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാന്‍ പോലും ആയില്ല; വര്‍ഗീയ തീപ്പൊരി പ്രസംഗത്തിന്‍െറ പേരില്‍ കുപ്രസിദ്ധനായ യോഗി ആദിത്യനാഥ് എം.പിയുടെ ഗോരഖ്പൂരില്‍ 52 ജില്ലാ പരിഷത്ത് സീറ്റുകളില്‍ ഏഴു മാത്രമാണ് ബി.ജെ.പിയുടെ വിഹിതം. സ്ഥിതിഗതികള്‍ വിശകലനം ചെയ്യാന്‍ ഇന്ന് ലഖ്നോവില്‍ പാര്‍ട്ടി നേതാവ് ഒ.പി. മഥൂര്‍ എത്തുമെന്നതുതന്നെ പരാജയത്തിന്‍െറ ഗൗരവം സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസിന്‍െറ പരമോന്നത നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും മണ്ഡലങ്ങളില്‍പോലും തീര്‍ത്തും ദയനീയമായ പ്രദര്‍ശനമാണ് പാര്‍ട്ടിക്ക് കാഴ്ചവെക്കാനായത് എന്നിരിക്കെ ഒരു തിരിച്ചുവരവ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷിക്കാനേ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഒരിക്കല്‍കൂടി മായാവതിയുടെ പാര്‍ട്ടിയില്‍ ജനങ്ങള്‍ പ്രതീക്ഷകള്‍ അര്‍പ്പിക്കുന്നത്. അതവരുടെ നിസ്സഹായതകൊണ്ടുകൂടിയാകാം. താരതമ്യേന മെച്ചപ്പെട്ട ബദല്‍ ജനങ്ങളുടെ മുന്നിലില്ലാതിരിക്കുമ്പോള്‍ തമ്മില്‍ ഭേദമെന്ന തോന്നലില്‍ അവര്‍ വീണ്ടും പഴയതിനെ പരീക്ഷിക്കുകയാവാം. ഏതു നിലക്കും കടുത്ത വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കിടയില്‍ മതേതര പാര്‍ട്ടികളിലാണ് ജനങ്ങള്‍ വിശ്വാസമര്‍പ്പിക്കുന്നത് എന്ന വസ്തുത ജനാധിപത്യ ഇന്ത്യയുടെ ഭാവിയെക്കുറിച്ച ശുഭസൂചനകള്‍ നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.