നിയമങ്ങളുടെ മറവില്‍ അലയാന്‍ തെരുവു നായ്ക്കളെ വിടരുത്


നിയമങ്ങളുടെ ബാഹുല്യവും അധികൃതരുടെ നിസ്സംഗതയും മൂലം സങ്കീര്‍ണപ്രശ്നമായി മാറിയ കേരളത്തിലെ തെരുവു നായ്ക്കളുടെ ശല്യം ഹൈകോടതിയുടെ കഴിഞ്ഞ ദിവസത്തെ വിധിയോടെ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് അമിത പ്രതീക്ഷയായിരിക്കും. സൈ്വരജീവിതത്തിനു വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ പട്ടിശല്യം അതീവ ഗുരുതരമായി തുടരുമ്പോഴും നിയമത്തിന്‍െറ സങ്കീര്‍ണ വഴികളിലൂടെ കടന്നുചെന്നേ പ്രശ്നപരിഹാരം സാധ്യമാവൂ എന്ന കോടതിയുടെ നിരീക്ഷണം നിയമമൗലികവാദമായി വ്യാഖ്യാനിക്കപ്പെട്ടാല്‍ കുറ്റപ്പെടുത്താനാവില്ല. മനുഷ്യജീവനും സ്വസ്ഥതക്കും പ്രഥമ പരിഗണന നല്‍കുമ്പോള്‍ സംഭവിച്ചേക്കാവുന്ന സ്വാഭാവിക ചട്ടലംഘനങ്ങളില്‍ ഉത്കണ്ഠപ്പെടുന്നതിനുപകരം തെരുവു നായ്ക്കളെ ഉപദ്രവജീവിയായി കണക്കാക്കി അവയെ എത്രയും വേഗം ഉന്മൂലനം ചെയ്യാനുള്ള പോംവഴികള്‍ നിര്‍ദേശിക്കുകയായിരുന്നു നീതിപീഠം ചെയ്യേണ്ടിയിരുന്നത്. അതിനുപകരം, ഈ വിഷയത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ്വന്തമായി അധികാരമില്ളെന്നും കേന്ദ്രമൃഗസംരക്ഷണ വകുപ്പിന്‍െറയും സംസ്ഥാന സര്‍ക്കാറിന്‍െറയും സഹായത്തോടെ  മാത്രമേ മുന്നോട്ടുപോവാന്‍ കഴിയൂ എന്ന നിലപാട് ഇനിയും കുറേ മനുഷ്യര്‍ക്ക് പേപ്പട്ടിയുടെ കടിയേല്‍ക്കാനും മരണം പുല്‍കാനുമുള്ള സമയം അനുവദിച്ചുകൊടുക്കലാവില്ളേ എന്ന സംശയം ജനിപ്പിച്ചേക്കാം.
തെരുവു നായ്ക്കളുടെ ആക്രമണങ്ങളില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉണ്ടെന്നാണ് ഇവ്വിഷയകമായി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടക്ക് സമര്‍പ്പിച്ച 12 പൊതുതാല്‍പര്യഹരജികള്‍ തീര്‍പ്പാക്കിക്കൊണ്ട് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് ഓര്‍മപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഏഴു നിര്‍ദേശങ്ങള്‍ കോടതി മുന്നോട്ടുവെക്കുന്നുണ്ട്. ആ നിര്‍ദേശങ്ങള്‍ പ്രശ്നപരിഹാരം സാധ്യമാക്കാന്‍ പര്യാപ്തമാണോ എന്നതാണ് കാതലായ ചോദ്യം. 2001ലെ നായ പ്രജനന നിയന്ത്രണ നിയമം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം തുടങ്ങിയവയിലെ വ്യവസ്ഥകള്‍ പ്രകാരം മാത്രമേ തദ്ദേശസ്ഥാപനങ്ങള്‍ തെരുവു നായ്ക്കളെ കൈകാര്യം ചെയ്യാന്‍ പാടുള്ളൂ. മൃഗ ജനന നിയന്ത്രണ നിയമം ചട്ടം നാല് അനുസരിച്ച് തദ്ദേശസ്ഥാപനങ്ങളില്‍ ഏഴംഗ മേല്‍നോട്ട സമിതികള്‍ രൂപവത്കരിക്കണം. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ ഈ സമിതികളാണത്രെ പിടിക്കപ്പെടുന്ന നായകളുടെ ഭാവി തീരുമാനിക്കുന്നത്. മൃഗഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് വന്ധ്യംകരണത്തിനോ പ്രതിരോധ കുത്തിവെപ്പിനോ നിര്‍ദേശിക്കാം. പേപ്പട്ടികളെ കുറിച്ചും നായശല്യത്തെക്കുറിച്ചും മറ്റും പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സെല്‍ രൂപവത്കരിക്കണം. തെരുവു നായ്ക്കളെ കൊല്ലുന്നത് നിയമവും ചട്ടവും അനുസരിച്ചേ ആകാവൂ എന്ന വശത്തിനാണ് കോടതി ഊന്നല്‍ നല്‍കിയിരിക്കുന്നത്. അതായത്, കെട്ടിടത്തിന്‍െറ രണ്ടാം നിലയിലും വീട്ടിലെ കിടപ്പുമുറികളിലും കയറി പേപ്പട്ടി കടിച്ച അനുഭവങ്ങള്‍ ഉണ്ടായിട്ടും വിഷയത്തിന്‍െറ അടിയന്തര സ്വഭാവം പൂര്‍ണമായി ഉള്‍ക്കൊണ്ടില്ളേ എന്ന് ആരും സംശയിക്കുമാറ് ന്യായാസനം നിയമത്തിലും ചട്ടത്തിലും പിടിച്ചുതൂങ്ങുകയാണ്. നായ്ക്കളെ പുനരധിവസിപ്പിക്കാനുള്ള അഭയകേന്ദ്രം തദ്ദേശസ്ഥാപനങ്ങള്‍ സ്ഥാപിക്കണമത്രെ. നായപിടിത്തക്കാര്‍, വാന്‍, ഡ്രൈവര്‍, ആംബുലന്‍സ്, ഇന്‍സിനറേറ്റര്‍ തുടങ്ങിയവ ഏര്‍പ്പെടുത്താനും കോടതി നിര്‍ദേശിക്കുന്നുണ്ട്. കുപ്പത്തൊട്ടിയില്‍നിന്ന് ഉച്ചിഷ്ടം ഭക്ഷിച്ചു ജീവന്‍ നിലനിര്‍ത്തുന്ന മനുഷ്യര്‍ നമ്മുടെ കണ്‍മുമ്പില്‍ എത്രയോ ഉണ്ടെന്നിരിക്കെ, അവരെ പുനരധിവസിപ്പിക്കാന്‍ സാധിക്കാത്ത കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളുമാണോ പട്ടിക്കൂട് സ്ഥാപിക്കുന്നതും മൃഗശാലകള്‍ തുടങ്ങുന്നതും. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യണം എന്ന് ഓര്‍മിപ്പിക്കുന്നുണ്ടെങ്കിലും ഇതെല്ലാം പ്രായോഗികതലത്തില്‍ എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം.
 മൃഗാവകാശം വര്‍ത്തമാനകാല പരിസ്ഥിതി സംരക്ഷണ കാഴ്ചപ്പാടിലെ മുഖ്യ ഇനമാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ, മനുഷ്യരുടെ ആവാസവ്യവസ്ഥയെ അലങ്കോലപ്പെടുത്തുന്ന ‘മൃഗീയ ഇടപെടലുകളെ’ നിയമത്തിന്‍െറ ലോലമായ കണ്ണികളിലൂടെമാത്രം നോക്കിക്കാണുന്നത് ഭരണകൂടമായാലും കോടതിയായാലും  യുക്തിസഹമായോ യാഥാര്‍ഥ്യബോധത്തോടെയോ അല്ളെന്ന് ഓര്‍മിപ്പിക്കേണ്ടിവരുന്നു. വര്‍ഷാവര്‍ഷം ലക്ഷക്കണക്കിന് മനുഷ്യരെയാണ് നായ്ക്കള്‍ കടിച്ചുകീറുന്നത്. കഴിഞ്ഞവര്‍ഷം മുംബൈ മഹാനഗരത്തില്‍മാത്രം 80,000 പേര്‍ക്കാണത്രെ പട്ടിയുടെ കടിയേറ്റത്. കേരളത്തിലെ ഇന്നത്തെ അവസ്ഥ അങ്ങേയറ്റം ഭീതിജനകമാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളില്‍ മാത്രമല്ല, കൊച്ചുപട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളില്‍പോലും തെരുവു നായ്ക്കള്‍ സമാധാനജീവിതം കെടുത്തുന്നുണ്ട്. ഹൈകോടതി വിധിയുടെ വെളിച്ചത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി അധികാരമേല്‍ക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഈ ദിശയില്‍ വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രായോഗിക ബുദ്ധിയോടെയുള്ള പദ്ധതി ആവിഷ്കരിക്കുകയും ചെയ്യേണ്ടതുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.