ഭരണഘടന ചർച്ചയുടെ ബാക്കിപത്രം


ഇന്ത്യൻ ഭരണഘടനയുടെ 75ാം വാർഷികം പ്രമാണിച്ച് പാർലമെന്റ് സമ്മേളനം രണ്ടുദിവസത്തെ വിശേഷാൽ ചർച്ചക്കായി നീക്കിവെച്ചത് അവസരോചിതമായെന്ന് വിലയിരുത്തുമ്പോൾതന്നെ മഹത്തായ ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് ഭരണഘടന എത്രത്തോളം പ്രയോഗവത്കരിക്കപ്പെട്ടു എന്നതിനെക്കുറിച്ച് അർഥപൂർണമായ ചർച്ച ഇരുസഭകളിലും നടന്നുവോ എന്ന പരിശോധന പ്രസക്തമാണ്. ഭരണപക്ഷത്തെ ബി.ജെ.പിയും പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസും പരസ്പരം കുറ്റപ്പെടുത്താനാണ് ഏറെസമയം വിനിയോഗിച്ചതെന്ന് വ്യക്തം. മറ്റു പാർട്ടികളുടെ പ്രതിനിധികളാവട്ടെ, താന്താങ്ങളുടെ ഭൂമികയിൽ നിലയുറപ്പിച്ച് സംസാരിച്ചത് സ്വാഭാവികംതന്നെയെങ്കിലും അടിസ്ഥാനാദർശങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസവും അഭൂതപൂർവമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തിൽ മൗലിക തത്ത്വങ്ങളുടെ ശക്തമായ പ്രതിരോധത്തിലൂന്നിയായില്ല ചർച്ചയെന്ന് സാമാന്യമായി ചൂണ്ടിക്കാണിക്കാതിരിക്കാനാവില്ല.

‘‘ഈ ഭരണഘടനയുടെ ഏറ്റവും മോശമായ കാര്യം അതിൽ ഭാരതീയമായ ഒന്നുമില്ലെന്നതാണ്. വേദങ്ങൾക്കു ശേഷം മനുസ്മൃതിയാണ് നമ്മുടെ ഹിന്ദുരാജ്യത്തിന് ഏറ്റവും ആരാധ്യമായത്. ഈ മനുസ്മൃതി നൂറ്റാണ്ടുകളോളം വിശുദ്ധഗമനത്തെ നിർവചിച്ചു. ഇന്ന് മനുസ്മൃതിയാണ് നിയമം’’ എന്ന വി.ഡി. സവർക്കറുടെ വാക്കുകൾ ഉദ്ധരിച്ച് നിലവിലെ ഭരണഘടനയെ സംരക്ഷിക്കാൻ സവർക്കറെ ​ആരാധ്യനായി കാണുന്ന ബി.ജെ.പിക്ക് എങ്ങനെ കഴിയുമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യം മർമസ്പർശിയാണെന്ന് സമ്മതിക്കണം. ഭരണഘടനയിൽനിന്ന് മതേതരത്വം, സോഷ്യലിസം എന്ന പദപ്രയോഗങ്ങൾതന്നെ റദ്ദാക്കണമെന്ന് ​പരമോന്നത കോടതിയോട് ആവശ്യപ്പെട്ടവരാണ് ബി.ജെ.പിക്കാർ.

സുപ്രീംകോടതി ആ ആവശ്യം തള്ളിക്കളഞ്ഞതോടെ ഇനി പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി സവർക്കറുടെ സ്വപ്നത്തിലുള്ള ഹിന്ദുത്വരാജിനുവേണ്ടി പോരാടുകയാവും സംഘ്പരിവാറിന്റെ ആസൂത്രിത ദൗത്യം. പ്രധാനമന്ത്രി ന​രേന്ദ്ര മോദി ചർച്ച സമാഹരിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ പതിവുപോലെ നെഹ്റു കുടുംബത്തെ പ്രതിക്കൂട്ടിൽ കയറ്റാനാണ് തീവ്രശ്രമം നടത്തിയത്. ഇന്ദിര ഗാന്ധി തന്റെ വാഴ്ച നിലനിർത്തുന്നതിനായി 1975ൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച്, ഭരണഘടനയിലെ മൗലികാവകാശങ്ങൾ സസ്​പെൻഡ് ചെയ്ത നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചതിൽ അസാംഗത്യമില്ല. തീർച്ചയായും വിവേകശൂന്യവും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടം നൽകിയതുമായ നടപടിതന്നെയായിരുന്നു എമർജൻസി പ്രഖ്യാപനം.

പക്ഷേ, സ്വാതന്ത്ര്യാനന്തരം മിക്ക ഏഷ്യനാഫ്രിക്കൻ രാജ്യങ്ങളും ഏകാധിപത്യത്തിലേക്കും പട്ടാളവിപ്ലവത്തിലേക്കും വഴുതിവീണപ്പോൾ സുശക്തമായ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ നിലനിർത്തുന്നതിൽ ജവഹർലാൽ നെഹ്റു വഹിച്ച അദ്വിതീയ പങ്ക് നിഷേധിക്കുന്നത് തികഞ്ഞ കൃതഘ്നതയാവും. അതുപോലെ ഭൂരിപക്ഷത്തിന്റെ വിശ്വാസാചാരങ്ങളും അശാസ്ത്രീയ വിചാരധാരകളും രാജ്യത്തിന്റെമേൽ അടിച്ചേൽപിക്കുന്നതിൽനിന്ന് ആറ് പതിറ്റാണ്ടിലധികം കാലം ഇന്ത്യയെ പ്രതിരോധിച്ചു നിർത്തിയതിലും നെഹ്റുവിയൻ ചിന്തക്കും രാജ്യതന്ത്രജ്ഞതക്കും നിർണായക പങ്കുണ്ട്. അതോടൊപ്പം തീവ്ര വലതുപക്ഷം ഏറെ ആസൂത്രിതമായും വൻകിട കോർപറേറ്റുകളുടെ സഹകരണത്തോടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന സാമൂഹിക സാമ്പത്തികാസമത്വങ്ങളെ ചെറുക്കാൻ കഴിഞ്ഞില്ലെന്നതോ പോകട്ടെ അതിനവസരം സൃഷ്ടിക്കുകകൂടി ചെയ്തുകളഞ്ഞു കോൺഗ്രസ് എന്ന തിക്തസത്യം നിഷേധിക്കാനാവില്ല.

നാനാജാതി മതസ്ഥരായ 145 കോടി ഇന്ത്യക്കാർക്ക് സാമൂഹിക നീതിയും അവസരസമത്വവും ഭയരഹിതമായ ജീവിത സാഹചര്യവും ഉറപ്പാക്കാനോ പരിരക്ഷിക്കാനോ നിലവിലെ ഹിന്ദുത്വ സർക്കാറിന് സാധ്യമേ അല്ല എന്നുമാത്രമല്ല അങ്ങനെ ഒരജണ്ടയും അവർക്കില്ല. ഭൂരിപക്ഷ സമുദായത്തിന്റേതെന്ന് അവർ പറയുന്ന തീട്ടൂരങ്ങൾ ദുർബല ജനകോടികളുടെ മേൽ അടിച്ചേൽപിക്കാനുള്ള നിരന്തര ശ്രമങ്ങളാണ് നടക്കുന്നത്. നീതിന്യായ കോടതികളിൽ വരെ അത്തരമൊരു ചിന്തയാൽ സ്വാധീനിക്കപ്പെട്ടവർ കടന്നുകൂടിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ പട്ടിണിക്കാരുള്ള രാജ്യമായി ഇന്ത്യ തുടരുമ്പോഴും ലക്ഷം കോടികൾ ചെലവിട്ട് അത്യന്താധുനിക ആയുധങ്ങൾ നിർമിക്കുകയോ വാങ്ങിക്കൂട്ടുകയോ ചെയ്യുന്നതിലാണ് വാഴുന്നോർക്ക് സജീവ താൽപര്യം.

ഇതിനെ വല്ലവരും ചോദ്യംചെയ്താൽ അവർ രാജ്യദ്രോഹികളായി, ശിഷ്ടജീവിതം അഴികൾക്ക് പിന്നിലുമായി. ന്യൂനപക്ഷങ്ങൾ, ദലിതുകൾ, ആദിവാസികൾ പോലുള്ള ദുർബല വിഭാഗങ്ങളെ വിറകുവെട്ടികളും വെള്ളംകോരികളുമാക്കി എന്നെന്നേക്കും നിലനിർത്തുന്നതിലാണ് അതിസമ്പന്നരാൽ നിയന്ത്രിക്കപ്പെടുന്ന ഭരണകൂടത്തിന്റെ ജാഗ്രത. മുജ്ജന്മ പാപങ്ങളുടെ ശിക്ഷയാണ് അവരനുഭവിക്കുന്നതെന്ന വിശ്വാസം ഇതിനെല്ലാം അകമ്പടിയായുണ്ടുതാനും. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിൽ രാജ്യനന്മക്കും ഭാവിക്കുമായി പതിനൊന്നിന പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് അഴിമതി നിർമാർജനമാണ്. അതിഭീകര അഴിമതിയുടെ പേരിൽ അമേരിക്കയിൽ പ്രതിക്കൂട്ടിലായ അദാനിയുടെ തോളിൽ കൈവെച്ച് വാഴുന്ന മോദിജിക്ക് ഏത് അഴിമതിക്കെതിരെയാണ് ചെറുവിരലനക്കാനാവുക?

Tags:    
News Summary - Indian Constitution Discussion in Indian Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.