ബിഹാർ തുറന്നുകാട്ടിയത് ഇന്ത്യയുടെ മനസ്സ്

വിഭാഗീയതയുടെ രാഷ്ട്രീയം വേണോ അതോ എല്ലാവരെയും ഉൾക്കൊള്ളുന്ന സഹിഷ്ണുതയുടെയും ബഹുസ്വരതയുടെയും രാഷ്ട്രീയം വേണോ എന്ന ചോദ്യത്തിന് ഇന്ത്യക്കുവേണ്ടി ബിഹാർ മറുപടി നൽകിയിരിക്കുന്നു. വർഗീയ, വിഭാഗീയ രാഷ്ട്രീയം വേണ്ട എന്നാണ് ആ ഉറച്ച മറുപടി. 243 സീറ്റുള്ള ബിഹാർ നിയമസഭയിൽ എൻ.ഡി.എ (പ്രത്യേകിച്ച് ബി.ജെ.പി) കനത്ത തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുന്നു. എതിരാളികളായ മഹാസഖ്യം സംസ്​ഥാനത്തെ എല്ലാ  പ്രദേശങ്ങളിലും എല്ലാ സമുദായങ്ങൾക്കിടയിലും വമ്പിച്ച പിന്തുണയാണ് നേടിയിരിക്കുന്നത്. ഇത് ബിഹാറിെൻറ രാഷ്ട്രീയത്തെ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തെതന്നെ സാരമായി സ്വാധീനിക്കാവുന്ന ഫലമാണ്. ഇതോടെ അധികാരമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോഴേക്കും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കേന്ദ്ര ഭരണസഖ്യം അമ്പരപ്പിക്കുന്ന പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്.

ഫെബ്രുവരിയിലെ ഡൽഹി തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് നൽകിയ പ്രഹരം ബിഹാറിൽ ജനങ്ങൾ അനേകമിരട്ടി ശക്തിയോടെ ആവർത്തിച്ചിരിക്കുന്നു. ബിഹാറിലേത് നന്നെ ശോഷിച്ച അംഗബലം പ്രതിഫലിപ്പിക്കുന്നതിലും വലിയ തോൽവിയാണുതാനും. കാരണം, ബി.ജെ.പിയുടെ ഏറ്റവും വലിയ തന്ത്രശാലിയെന്നറിയപ്പെടുന്ന പ്രസിഡൻറ് അമിത് ഷാ നേരിട്ടാണ് അവിടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി വെറും ‘പ്രചാരണ മന്ത്രി’യായോ എന്ന് ആളുകൾ ചോദിക്കാൻ തുടങ്ങുവോളം കാമ്പയിെൻറ തുടക്കത്തിൽ നരേന്ദ്ര മോദി ബിഹാറിലെങ്ങും നിറഞ്ഞുനിന്നു. 30ഓളം റാലികളിൽ സംസാരിച്ചു. പിന്നീട് ഇത് അമിതമായെന്ന് ബോധ്യപ്പെട്ടപ്പോൾ മാത്രമാണ് മോദി അൽപം പിൻവലിഞ്ഞത്. പശു രാഷ്ട്രീയമടക്കമുള്ള വർഗീയ സൂത്രങ്ങൾ ഇറക്കിനോക്കി. നിതീഷ്കുമാർ വീണ്ടും മുഖ്യമന്ത്രിയായാൽ ദലിതരുടെ സംവരണം കുറച്ച് ‘ഒരു പ്രത്യേക സമുദായ’ത്തിന് നൽകുമെന്നുവരെ വിഭാഗീയത പ്രചരിപ്പിച്ചായിരുന്നു മോദിയുടെ പ്രസംഗങ്ങൾ. നരേന്ദ്ര മോദിക്ക് ജനങ്ങളെ മനസ്സിലായില്ല; ജനങ്ങളാകട്ടെ, അദ്ദേഹത്തെ ശരിക്കും തിരിച്ചറിഞ്ഞു –ഇതാണ് ബിഹാർ പറഞ്ഞുതരുന്നത്.

പ്രധാനമന്ത്രിക്കും ബി.ജെ.പിക്കും എൻ.ഡി.എക്കും മാത്രമല്ല ബിഹാർ ഫലത്തിൽ പാഠമുള്ളത്. ബഹുസ്വരതയും സഹിഷ്ണുതയും സമാധാനാന്തരീക്ഷവുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. വികസനമെന്ന മുദ്രയൊട്ടിച്ച് വിപണനം ചെയ്യപ്പെടുന്ന ‘ഗുജറാത്ത് മോഡൽ’ ശരിക്കുമെന്തെന്ന് ജനങ്ങൾ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അധികാരത്തിനുവേണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും അധികാരം ലഭിച്ചുകഴിഞ്ഞാൽ കോർപറേറ്റ് താൽപര്യങ്ങൾക്കു മുന്നിൽ അടിയറ പറയുകയും ചെയ്യുന്ന ‘വികസന മാതൃക’ക്ക് ആയുസ്സ് ഇനി ഏറെയില്ല. മതനിരപേക്ഷ, ജനപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളുന്നവർ ഒരുമിച്ചുനിന്നാൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഇനിയും സാധിക്കുമെന്നാണ് ബിഹാർ മോഡൽ തെളിയിക്കുന്നത്. പരസ്​പര ശത്രുക്കളായി നിന്നിരുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും ഒപ്പം കോൺഗ്രസും ചേർന്നപ്പോൾ എൻ.ഡി.എ ഒന്നുമല്ലാതായി. ദേശീയ രാഷ്ട്രീയത്തിൽ ഇത്തരമൊരു ചേരിക്ക് ഇടമുണ്ടെന്ന് പലരുമിപ്പോൾ മനസ്സിലാക്കുന്നു.

ഏക സംസ്​കാരത്തിലധിഷ്ഠിതമായ ദേശീയ രാഷ്ട്രീയത്തിനെതിരെ, ബഹു സംസ്​കാരങ്ങളെ പ്രതിനിധാനംചെയ്യുന്ന പ്രാദേശിക രാഷ്ട്രീയം നേടിയ ഈ വിജയം നമ്മുടെ ഫെഡറൽ സംവിധാനത്തിന് കരുത്തുപകരുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യസഭയിൽകൂടി ഭൂരിപക്ഷം നേടി തങ്ങളുടെ ഗൂഢ അജണ്ടകൾ നടപ്പിലാക്കാമെന്ന തീവ്ര വലതുപക്ഷത്തിെൻറ കണക്കുകൂട്ടലുകൾ ബിഹാർ ജനത തെറ്റിച്ചിരിക്കുന്നു. ഇത് തീർച്ചയായും ഇന്ത്യയുടെ മതനിരപേക്ഷത വീണ്ടെടുക്കാൻ സഹായിക്കും. ഫാഷിസ്​റ്റ് പ്രവണതകൾക്ക് കുറച്ചെങ്കിലൂം കടിഞ്ഞാണാകും. പശുമാംസ പ്രചാരണത്തിനിടെ മനുഷ്യമാംസം ചുടുന്നവർ മുതൽ ഇതിനൊക്കെ പ്രകോപനവും പ്രോത്സാഹനവുമായി അധികാരക്കസേരകളിലിരിക്കുന്നവർ വരെ ബിഹാറുകാരെൻറ താക്കീത് കേൾക്കുമെന്നാശിക്കുക. എല്ലാം നടക്കുമ്പോഴും, ജനങ്ങൾ ഭീതിയിലേക്ക് പതിക്കുമ്പോഴും, ആശ്വസിപ്പിക്കാൻ ഒന്നും പറയാതെ, ഒന്നിനെയും തള്ളിപ്പറയാതെ പ്രധാനമന്ത്രിയടക്കം മൗനം പാലിച്ചതിെൻറ അർഥം അവർ മനസ്സിലാക്കാതെപോയിട്ടില്ല. ബിഹാറുകാർ മോദി പറഞ്ഞതൊന്നും വിശ്വസിച്ചില്ല; അതേസമയം, അദ്ദേഹത്തിെൻറ മൗനം അവർ ഉച്ചത്തിൽ കേട്ടു. ഒരു സംസ്​ഥാനത്തിെൻറയും തെരഞ്ഞെടുപ്പുഫലം കേന്ദ്ര സർക്കാറിെൻറയോ പ്രധാനമന്ത്രിയുടെയോ  വിലയിരുത്തലാവേണ്ടിയിരുന്നില്ല. പക്ഷേ, ബിഹാറിലേത് ഇത്തവണ അങ്ങനെ ആയി. അതങ്ങനെയാക്കിയത് പ്രധാനമന്ത്രിയും ബി.ജെ.പിയുമാണ്. ആ നിലക്കുതന്നെ ബിഹാർ ഫലത്തെ ഉൾക്കൊള്ളാൻ അവർക്ക് കഴിയുമെന്നാശിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.