തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങൾ നൽകുന്ന മുന്നറിയിപ്പ്

അടുത്തവർഷം നടക്കാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ത്രിതല പഞ്ചായത്ത്–നഗരസഭാ തെരഞ്ഞെടുപ്പിനെ തികഞ്ഞ ശുഭപ്രതീക്ഷയോടെയാണ് ഉമ്മൻ ചാണ്ടി സർക്കാറും യു.ഡി.എഫും നേരിട്ടത്. രാജ്യംഭരിക്കുന്ന ബി.ജെ.പി ശക്തിപ്രാപിക്കുന്നുവെങ്കിൽ അത് എൽ.ഡി.എഫിെൻറ ചെലവിലായിരിക്കുമെന്നും അവർ കണക്കുകൂട്ടി. എസ്​.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബി.ജെ.പിയുമായി ഉണ്ടാക്കിയ ബാന്ധവം സി.പി.എമ്മിെൻറ കനത്ത വോട്ടുനഷ്ടത്തിലായിരിക്കും കലാശിക്കുകയെന്ന വിശ്വാസത്തിലായിരുന്നു യു.ഡി.എഫിെൻറ വിജയപ്രതീക്ഷ. പക്ഷേ, തദ്ദേശസ്വയംഭരണ സ്​ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിെൻറ ഫലങ്ങൾ ശനിയാഴ്ച പുറത്തുവന്നപ്പോൾ ഭരണപക്ഷത്തിെൻറ കണക്കുകൂട്ടലുകൾ അപ്പാടെ പിഴക്കുന്നതും പ്രതിപക്ഷം വൻ തിരിച്ചുവരവിെൻറ ലക്ഷണം കാണിക്കുന്നതും ബി.ജെ.പി മോശമല്ലാത്ത പ്രദർശനം കാഴ്ചവെക്കുന്നതുമാണ് സംസ്​ഥാനം കണ്ടത്. അപ്രതീക്ഷിത തിരിച്ചടിക്കുമുന്നിൽ അടിപതറിയ ഐക്യജനാധിപത്യ മുന്നണിയും ഘടകകക്ഷികളും തിരിച്ചടിയുടെ കാരണങ്ങൾ കണ്ടെത്തി പരിഹാരനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ചാലോചിക്കാൻ അടിയന്തരമായി യോഗങ്ങൾ ചേരുന്ന തിരക്കിലാണ്.

അവരുടെ യോഗ നിഗമനങ്ങളും തീരുമാനങ്ങളുമെന്തായാലും രാഷ്ട്രീയ നിരീക്ഷകർക്ക് സാമാന്യമായി ബോധ്യപ്പെട്ട ചില സത്യങ്ങളുണ്ട്. ഇടതുമുന്നണിയും സി.പി.എമ്മും തങ്ങൾക്കിടയിലെ വിഭാഗീയത ഒതുക്കിത്തീർക്കുന്നതിൽ ഒരളവോളം വിജയിച്ചപ്പോൾ യു.ഡി.എഫിലെയും മുഖ്യഘടകമായ കോൺഗ്രസിലെയും പടലപ്പിണക്കങ്ങളും ഗ്രൂപ്പുപോരും വിമതശല്യവും അവസാനനിമിഷംവരെ തുടരുകയായിരുന്നു. യു.ഡി.എഫിെൻറ ഭദ്രമായ കോട്ടയെന്ന് വിശ്വസിക്കപ്പെടുന്ന മലപ്പുറം ജില്ലയിൽ ഒന്നുംരണ്ടും ഘടകകക്ഷികൾക്കിടയിലെ പരസ്യസ്​പർധ പറഞ്ഞൊതുക്കാൻ ഇരുപാർട്ടികളുടെയും നേതൃത്വം നടത്തിയ അന്തിമശ്രമവും പാളി. സൗഹൃദമത്സരം എന്നുപേരിട്ട ആഭ്യന്തരയുദ്ധം മുന്നണിയുടെ വിജയസാധ്യതകൾക്ക് ഗുരുതരമായ പോറലേൽപിച്ചു. പ്രതിപക്ഷവുമായി ചേർന്ന് ഭരണകക്ഷി ഘടകങ്ങൾ മുന്നണി രൂപവത്കരിക്കുന്നതാണ് കൊണ്ടോട്ടി നഗരസഭയിലും മറ്റും കണ്ടത്. സ്​ഥാനമോഹികളുടെ വിമതപട രംഗം കൈയടക്കുന്ന കാഴ്ചയും അസാധാരണമല്ലാതായി. രണ്ടാമതായി, എന്നാൽ ഏറ്റവും പ്രധാനമായി, ഫാഷിസ്​റ്റ് ശക്തികളിലേക്കുള്ള വോട്ടുചോർച്ച ഇടതുപക്ഷത്തുനിന്ന് മാത്രമായിരിക്കുമെന്ന കോൺഗ്രസ്​–മുസ്​ലിം ലീഗ് പ്രചാരണവും ശുഭാപ്തിവിശ്വാസവും അവരെ ചതിച്ചു.

തിരുവനന്തപുരം കോർപറേഷനിലെ രണ്ടാംകക്ഷിയായി ബി.ജെ.പി ഉയർന്നതും കോൺഗ്രസ്​ മൂന്നാം സ്​ഥാനത്തേക്ക് ദയനീയമായി പതിച്ചതും ഇതിന് വ്യക്തമായ സാക്ഷ്യംനൽകുന്നു. അവിടെ മാത്രമല്ല, കോഴിക്കോട്, പാലക്കാട് തുടങ്ങിയ നഗരങ്ങളിലും കോൺഗ്രസ്​ വോട്ടുകളാണ് ബി.ജെ.പി പിടിച്ചെടുത്തതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണ്. അതേയവസരത്തിൽ മാട്ടിറച്ചി നിരോധം, പശുവിെൻറ പേരിലുള്ള മനുഷ്യക്കശാപ്പ്, ദലിത് കൊല തുടങ്ങിയ ഫാഷിസ്​റ്റ് അജണ്ടകൾ മുഖ്യ വിഷയമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ ഇടതുമുന്നണി ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളിൽ നേട്ടം കൊയ്തതായി ഫലങ്ങൾ വ്യക്തമാക്കുന്നു. ന്യൂനപക്ഷരക്ഷ കോൺഗ്രസിൽ മാത്രം എന്ന് നാഴികക്ക് നാൽപതുവട്ടം ഉരുവിട്ട് നടന്ന യു.ഡി.എഫുകാർക്ക് ഇത$പര്യന്തമുള്ള ദുരനുഭവങ്ങളെ മറപ്പിക്കാനോ പുതിയ പ്രതീക്ഷകൾ ജനിപ്പിക്കാനോ കഴിഞ്ഞില്ല. ഒപ്പം, മാറിയ സാഹചര്യത്തിൽ ബി.ജെ.പിയുടെ ഉയർച്ചയിൽ കണ്ണുനട്ട സവർണരിൽ നല്ലൊരുവിഭാഗം കോൺഗ്രസിനെ കൈയൊഴിഞ്ഞ് തീവ്ര വലതുപക്ഷ പാളയത്തിൽ അഭയംതേടിയിട്ടുണ്ടെന്ന വസ്​തുതയും പുറത്തുവന്നു. മൂന്നാമത്തേതും അത്രതന്നെ സുപ്രധാനവുമായ മറ്റൊരു കാരണം, യു.ഡി.എഫ് ഭരണത്തിലിരുന്ന തദ്ദേശസ്​ഥാപനങ്ങളെ മുച്ചൂടും ഗ്രസിച്ച അഴിമതിയുടെനേരെ സാധാരണക്കാരൻ രൂക്ഷമായി പ്രതികരിച്ചതാണ്. ഫണ്ട് ദുർവിനിയോഗത്തിലും സ്വജനപക്ഷപാതത്തിലും മണൽ–ക്വാറിമാഫിയകളെ വഴിവിട്ട് സഹായിക്കുന്നതിലും ഒരറപ്പും ഉളുപ്പും തോന്നാതിരുന്ന പഞ്ചായത്ത്–നഗരസഭ ഭാരവാഹികളെ കിട്ടിയ സന്ദർഭത്തിൽ ജനം പാഠംപഠിപ്പിച്ചിട്ടുണ്ട്.

അതേസമയം, ബി.ജെ.പിയുടെ ദേശീയതലത്തിലെ അധികാരലബ്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രഘോഷങ്ങളും ജാതിസംഘടനകളുമായുണ്ടാക്കിയ ബാന്ധവങ്ങളും കാവിപ്പടയെ ഒരടി മുന്നോട്ടുവെക്കാൻ സഹായിച്ചിട്ടുണ്ടെന്ന് കാണാതിരുന്നുകൂടാ. അതാകട്ടെ, യു.ഡി.എഫ് മാത്രം നേരിടുന്ന ഭീഷണിയല്ല. എൽ.ഡി.എഫും ദലിത് പിന്നാക്കസമുദായങ്ങളും മതന്യൂനപക്ഷങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന വിപത്താണ്. ഇതേപ്പറ്റിയുള്ള തിരിച്ചറിവ് ഇടതുമുന്നണിയുടെ വിജയത്തിൽ പങ്കുവഹിച്ചപോലെ ലീഗിതര ന്യൂനപക്ഷ കൂട്ടായ്മകളുടെ അവഗണിക്കാനാവാത്ത രാഷ്ട്രീയ സാന്നിധ്യത്തിനും വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ, ബിഹാറിെൻറ മാതൃക പിൻപറ്റി എല്ലാ വിഭാഗം മതേതരശക്തികളുടെയും കൂട്ടായ്മക്കേ കേരളമുൾപ്പെടെയുള്ള, രാജ്യത്തിെൻറ പൊതുവായ മതേതരത്വ പ്രതിരോധം യാഥാർഥ്യമാക്കാൻ കഴിയൂ. സങ്കുചിതവും താൽക്കാലികവുമായ നേട്ടങ്ങൾക്കുവേണ്ടി ആരെങ്കിലും തിരശ്ശീലക്കുപിന്നിൽ ഫാഷിസ്​റ്റുകളുമായി വോട്ടുകച്ചവടം നടത്തിയിട്ടുണ്ടെങ്കിൽ അതിെൻറ ഭവിഷ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നുകൂടി ഓർത്തിരുന്നാൽ നന്ന്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.