സംസ്ഥാന ധന, നിയമകാര്യ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണം തുടരാന്‍ അനുമതിനല്‍കിക്കൊണ്ടുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി വിധിയുടെ പശ്ചാത്തലത്തില്‍, ഒക്ടോബര്‍ 30ന്, ഞങ്ങള്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്‍െറ തലക്കെട്ട് ‘രാജിവെക്കില്ല എന്നറിയാം; എന്നാലും’ എന്നായിരുന്നു. അതായത്, വിജിലന്‍സ് കോടതിയുടെ ഉത്തരവിന്‍െറ പേരില്‍ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് മാണി രാജിവെക്കുമെന്നൊക്കെ വിചാരിക്കുന്നത് വെറും വിഡ്ഢിത്തമാണ് എന്നര്‍ഥം. വിജിലന്‍സ് കോടതിയുടെ ഉത്തരവ് പുന$പരിശോധിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജി നവംബര്‍ ഒമ്പതിന് ഹൈകോടതി തള്ളുകയായിരുന്നു. സീസറിന്‍െറ ഭാര്യ സംശയാതീതയായിരിക്കണമെന്നതടക്കമുള്ള മൂര്‍ച്ചയുള്ള ചില പ്രസ്താവനകളും വിധിയുടെ ഭാഗമായി വന്നു. ഹൈകോടതി വിധി കൂടി വന്നതോടെ മാണിയുടെ രാജി കേരളീയ സമൂഹത്തിന്‍െറ ആവശ്യമായി മാറുകയായിരുന്നു. എന്നാല്‍, ഹൈകോടതി വിധി വന്നതുമുതല്‍ രാജി ഒഴിവാക്കാനുള്ള സര്‍വ തന്ത്രങ്ങളും മെനഞ്ഞുകൊണ്ടിരിക്കുകയായിരുന്നു മാണി. പക്ഷേ, മാധ്യമങ്ങളുടെ ജാഗ്രതയും സാമൂഹിക സമ്മര്‍ദവും പാര്‍ട്ടിക്കകത്തുനിന്നുതന്നെയുണ്ടായ തിരിച്ചടിയും നിമിത്തം രാഷ്ട്രീയ ഭീഷ്മാചാര്യനായ മാണിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. അങ്ങനെ, ചൊവ്വാഴ്ച രാത്രി മുതല്‍ കരിങ്ങൊഴക്കല്‍ മാണി മന്ത്രിയല്ലാതായി.
നിയമവ്യവസ്ഥയെ മാനിക്കുന്നതുകൊണ്ടാണ് രാജിയെന്നാണ് രാജിക്കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയൊരു മഹത്തായ ധാര്‍മികതയുടെ പുറത്താണ് അദ്ദേഹം രാജിവെച്ചിരിക്കുന്നത് എന്ന് വിചാരിക്കാന്‍ മലയാളികള്‍ വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്നവരല്ല. മാണിയോട് താനോ കോണ്‍ഗ്രസോ യു.ഡി.എഫോ രാജി ആവശ്യപ്പെട്ടിട്ടില്ല എന്നും മാണിയുടെ വ്യക്തിപരമായ തീരുമാനം മാത്രമാണിത് എന്നുമാണ്, രാജി സ്വീകരിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയും മാണിയും വെറുതെ ആളുകളെ പറ്റിക്കുകയാണ്. അങ്ങനെയൊരു മഹത്തായ ധാര്‍മികതയുടെ വാഹകരാണ് അവരെങ്കില്‍ മാണി എന്നേ രാജിവെക്കേണ്ടതായിരുന്നു. ജാഗ്രത്തായ മലയാള മാധ്യമങ്ങളും പൊതുസമൂഹവും സൃഷ്ടിച്ച സമ്മര്‍ദത്തെ അതിജീവിക്കാനാവാതെയാണ് നാണംകെട്ട് മാണിക്ക് ഇറങ്ങിപ്പോവേണ്ടി വന്നത്. ആകാവുന്നതിന്‍െറ പരമാവധി വഷളനായിക്കൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ അതിശയകരമായ റെക്കോഡുകള്‍ക്ക് ഉടമയായ ഈ അതികായന്‍െറ ഇറങ്ങിപ്പോക്ക്. മാധ്യമങ്ങളും പൊതുസമൂഹവും ഇത്രമേല്‍ ജാഗ്രത്തായ ഒരു സമൂഹത്തില്‍ അഴിമതിക്കാര്‍ക്ക് പഴയപടി അള്ളിപ്പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്നതിന്‍െറ തിളങ്ങുന്ന ഉദാഹരണമാണ് മാണിയുടെ ഇറങ്ങിപ്പോക്ക്. അത് അനിവാര്യമായും സംഭവിക്കേണ്ട യാഥാര്‍ഥ്യം മാത്രമായിരുന്നു. പക്ഷേ, അതിനെ വെറുതെ വലിച്ചുനീട്ടിയതുകൊണ്ട് ഉമ്മന്‍ ചാണ്ടിയും കെ.എം. മാണിയും കൂടുതല്‍ വഷളാവുക മാത്രമാണുണ്ടായത്. അതിന്‍െറ ഫലങ്ങള്‍ അവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അനുഭവിക്കുകയും ചെയ്യും.
ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശത്തിന്‍െറ പേരിലാണ് മാണിക്ക് ഇപ്പോള്‍ ഇറങ്ങിപ്പോവേണ്ടി വന്നത്. മാണി രാജിവെച്ചതുകൊണ്ടോ മന്ത്രിയായി തുടര്‍ന്നതുകൊണ്ടോ കേരളീയ സമൂഹത്തിന് പ്രത്യേകിച്ച് എന്തെങ്കിലും ലാഭമോ നഷ്ടമോ സംഭവിക്കാന്‍ പോവുന്നില്ല. പക്ഷേ, ഈ സംഭവം തട്ടിപ്പുമായി ജീവിക്കുന്ന സര്‍വ രാഷ്ട്രീയക്കാര്‍ക്കും ഒരു പാഠമാവണം. ഒപ്പം ഇതു വഴി ഖജനാവിന് വന്നുചേര്‍ന്ന നഷ്ടങ്ങള്‍ നികത്തപ്പെടുകയും വേണം. ബാര്‍ കോഴ എന്നത് മാണിയുമായി ബന്ധപ്പെട്ടുയര്‍ന്ന കോഴ ആരോപണങ്ങളുടെ ചെറിയ തരി മാത്രമാണ്. ബജറ്റ് അവതരണം തന്നെ കോഴയിടപാടുകള്‍ക്കുള്ള ആയുധമായി അദ്ദേഹം മാറ്റിയതിനെക്കുറിച്ചുള്ള ആരോപണങ്ങളുമുണ്ട്. അതെല്ലാം അന്വേഷിക്കുകയും പിടികൂടുകയും വേണ്ടതുണ്ട്. അപ്പോള്‍ മാത്രമേ നിയമവ്യവസ്ഥയിലുള്ള വിശ്വാസം ശക്തിപ്പെടുകയുള്ളൂ.
മാണിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് ഒറ്റപ്പെട്ട കാര്യമാണെന്ന് വിചാരിക്കരുത്. ഇടതുപക്ഷം ഇപ്പോള്‍ മാണിക്കെതിരെ സമരത്തിന് ഇറങ്ങിയതുപോലും നിര്‍ബന്ധിതാവസ്ഥയിലാണ് എന്നതാണ് വസ്തുത. പാര്‍ട്ടിയിലെ മാലിന്യങ്ങള്‍ തേച്ചുകളയാന്‍ പാലക്കാട് പ്ളീനം കൂടിയപ്പോള്‍ അവിടെ മഹാനായ അതിഥിയായി ഇടതുപക്ഷം എഴുന്നള്ളിപ്പിച്ചത് ഈ മാണിയെയായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കി ഭരണം അട്ടിമറിക്കുന്നതിനെക്കുറിച്ച് സി.പി.എം ആലോചിക്കുകയും ചെയ്തിരുന്നു. ഇനി, നാളെമറ്റന്നാള്‍ ഇതേ മാണി ഇടതുപക്ഷത്തിന്‍െറ മഹാനായ നേതാവായി വന്നാലും അദ്ഭുതപ്പെടേണ്ടതില്ല. സി.പി.എം നേതാവായ വി.എസ്. അച്യുതാനന്ദന്‍ പിന്നാലെ നടന്ന് കേസ് നടത്തി ജയിലിലയച്ച നേതാവാണ് ആര്‍. ബാലകൃഷ്ണ പിള്ള. അദ്ദേഹമിപ്പോള്‍ ഇടതുപക്ഷത്തിന്‍െറ ഭാഗമാണ്. മാണിക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന ശേഷമാണ് ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട ധനമന്ത്രിമാരുടെ എംപവേര്‍ഡ് കമ്മിറ്റിയുടെ ചെയര്‍മാനായി മാണിയെ ബി.ജെ.പി സര്‍ക്കാര്‍ നിയോഗിച്ചത്. മാണിയെ മഹാനായി വാഴ്ത്തുന്ന പുസ്തക പ്രകാശനം ഒരു മാസം മുമ്പ് കൊച്ചിയില്‍ വന്ന് നിര്‍വഹിച്ചത് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയാണ്. അതായത്, ഇവരെല്ലാം കുളിമുറിയില്‍ ഒരേ മട്ടാണ്. അതായത്, ഉളുപ്പില്ലായ്മയുടെ പേരാണ് നമ്മുടെ നാട്ടില്‍ രാഷ്ട്രീയം എന്നത്. അതിന്‍െറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് മാണിയുമായി ബന്ധപ്പെട്ട നാടകങ്ങള്‍. ഈ വഷളത്തരങ്ങള്‍ തുടച്ചുനീക്കാന്‍ പറ്റുന്ന ബദല്‍ രാഷ്ട്രീയം ഉയര്‍ന്നുവരുന്നതുവരെ സഹിക്കുകയേ നമുക്ക് നിവൃത്തിയൂള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.