കോന്‍ ബനേഗ രാഷ്ട്രപതി?

ബിഗ് ബി ഒന്നാന്തരം നടനാണ് എന്ന് ആര്‍ക്കും സംശയമില്ല. അറുപതു വയസ്സു കഴിഞ്ഞപ്പോഴാണ് അഭിനയശേഷി പുറത്തെടുത്തത് എന്നുമാത്രം. നാലു ദശകങ്ങളായി രംഗത്തുണ്ടെങ്കിലും ഒരേ അച്ചില്‍ വാര്‍ത്തെടുത്ത കഥാപാത്രങ്ങള്‍ കാരണം നല്ലകാലത്ത് നവരസങ്ങളൊന്നും കാണിക്കാന്‍ പറ്റിയില്ല. രോഷാകുലനായ ചെറുപ്പക്കാരനായിരുന്നതിനാല്‍ സ്തോഭചലനങ്ങള്‍ക്കനുസരിച്ച് മുഖപേശികള്‍ വലിഞ്ഞുമുറുകുന്ന ഒരഭ്യാസം മാത്രമായിരുന്നു അന്നത്തെ അഭിനയം. ഷഷ്ടിപൂര്‍ത്തി കഴിഞ്ഞപ്പോള്‍ കിട്ടിയ ബ്ളാക്ക്, പാ, പികു എന്നീ ചിത്രങ്ങളൊക്കെ വേണ്ടിവന്നു അമിതാഭില്‍ ഒരഭിനേതാവുണ്ട് എന്ന് തെളിയിക്കാന്‍. ‘പികു’വിലെ, ശോധനക്കുറവുകാരണം പൊറുതിമുട്ടിയ ഭാസ്കര്‍ ബാനര്‍ജിയെ അവതരിപ്പിച്ചതിനാണ് ഇപ്പോള്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം തേടിവന്നിരിക്കുന്നത്.

ഇപ്പോള്‍ കിട്ടിയ പുരസ്കാരം സിനിമാഭിനയത്തിനുള്ളതല്ല, പൊതുജീവിതത്തിലെ അമിതാഭിനയങ്ങള്‍ക്കുള്ളതാണെന്ന് ദോഷൈകദൃക്കുകള്‍ പറഞ്ഞുപരത്തുന്നുണ്ട്. കോന്‍ ബനേഗ ക്രോര്‍പതി എന്ന് ഇന്ത്യക്കാരോട് ചോദിച്ച ബച്ചനെ ചുറ്റിപ്പറ്റി കോന്‍ ബനേഗ രാഷ്ട്രപതി എന്ന ചോദ്യം ഉയരുന്നുണ്ട്. കുറെനാളായി മോദിയുടെ സ്നേഹഭാജനമാണ്. മുമ്പ് മോദി ഗുജറാത്തിന്‍െറ അംബാസഡറാക്കി. കഴിഞ്ഞ കൊല്ലം പത്മവിഭൂഷണ്‍ കൊടുത്ത് ആദരിച്ചു. ആറുകോടി കൊടുത്ത് ദൂരദര്‍ശന്‍െറ കിസാന്‍ ചാനലിന്‍െറ അംബാസഡറാക്കി. ഈ വര്‍ഷം ആദ്യം ‘അതുല്യ ഇന്ത്യ’യുടെ അംബാസഡറാക്കി. ഇപ്പോഴിതാ മികച്ച നടനുള്ള ദേശീയപുരസ്കാരവും കൊടുത്തിരിക്കുന്നു.

ബച്ചനുതന്നെ അവാര്‍ഡ് കൊടുക്കണമെന്ന് നിര്‍ബന്ധംപിടിച്ചത് ജൂറി ചെയര്‍മാന്‍ രമേഷ് സിപ്പി. ‘പികു’വിലെ ഇര്‍ഫാന്‍ ഖാന്‍െറ പേരു നിര്‍ദേശിച്ചപ്പോള്‍ അയാളല്ല പടത്തിലെ കേന്ദ്രകഥാപാത്രം എന്നായിരുന്നു സിപ്പിയുടെ മറുപടി. അതേ യുക്തിവെച്ചാണെങ്കില്‍ ‘പികു’വിലെ കേന്ദ്രകഥാപാത്രം ദീപിക പദുക്കോണിന്‍െറ പികു ബാനര്‍ജിയാണ്, ബച്ചനല്ല എന്ന് ജൂറി അംഗം ചൂണ്ടിക്കാട്ടി. പക്ഷേ, ആ വാദം അധ്യക്ഷന്‍ അംഗീകരിച്ചില്ല. ‘അവാര്‍ഡ് വാപസി’ ടീമില്‍ അംഗമായിരുന്ന ദിബാകര്‍ ബാനര്‍ജി നിര്‍മിച്ച ‘തിത്ലി’യും സംവിധാനംചെയ്ത ‘ഡിറ്റക്ടിവ് ബോങ്കേശ് ബക്ഷി’യും നിരസിക്കപ്പെടുകയും ഹിന്ദുപുരാണത്തെ ഉപജീവിച്ചു നിര്‍മിച്ച ‘ബാഹുബലി’ മികച്ച ചിത്രമാവുകയും ഗുജറാത്ത് സിനിമാസൗഹൃദ സംസ്ഥാനമാവുകയും മികച്ച സംസ്കൃതചിത്രം എന്ന വിഭാഗം ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹസനമായി മാറിയ അവാര്‍ഡ് പ്രഖ്യാപനത്തിലാണ് ബച്ചന്‍ മികച്ച നടനാവുന്നത്. ‘മാഞ്ചി’യിലെ മലതുരക്കും മനുഷ്യനെ അവതരിപ്പിച്ച നവാസുദ്ദീന്‍ സിദ്ദീഖി ഉള്‍പ്പെടെ ഒട്ടേറെ നല്ല നടന്മാര്‍ അവഗണിക്കപ്പെട്ടു.

വയസ്സിപ്പോള്‍ എഴുപത്തിനാല്. പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്ത കൊല്ലം കഴിയും. ബച്ചനെ അടുത്ത രാഷ്ട്രപതിയാക്കാന്‍ മോദിക്കും കൂട്ടര്‍ക്കും താല്‍പര്യമുണ്ടെന്നു വെളിപ്പെടുത്തിയത് മുന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിങ്. സീ ന്യൂസിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. അമര്‍ സിങ്ങിന് ബച്ചന്‍ കുടുംബവുമായി നല്ല അടുപ്പമുള്ളതുകൊണ്ട് വെറുതെ പറഞ്ഞതാവാന്‍ വഴിയില്ല. ഭാര്യ ജയ ബച്ചന്‍ രാജ്യസഭാ എം.പിയായത് സമാജ്വാദി പാര്‍ട്ടി വഴിയാണ്. അമര്‍ സിങ്ങാണ് ബച്ചനെ മോദിക്ക് പരിചയപ്പെടുത്തിയത്. അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രി. ബച്ചന്‍ ‘പാ’യില്‍ അഭിനയിച്ച സമയം. ഗുജറാത്തിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍ ആവാന്‍ അന്ന് മോദി ക്ഷണിക്കുകയും ചെയ്തു. കഴിഞ്ഞ മാസം ബി.ജെ.പി എം.പി ശത്രുഘ്നന്‍ സിന്‍ഹ ബച്ചനെ രാഷ്ട്രപതിയാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. രാഷ്ട്രപതിക്കുപ്പായം തുന്നിവെച്ച് അദ്വാനി ക്യൂവില്‍നിന്നു വിയര്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. അദ്വാനിക്കിട്ട് ഇനിയും കൊട്ട് കൊടുക്കണം എന്ന് മോദിക്കു തോന്നിയാല്‍ നറുക്കു വീണുകൂടായ്കയില്ല. അത്തരമൊരു വലിയ പദവിക്ക് താന്‍ യോജിച്ചവനല്ല എന്ന വിനയപ്രകടനമാണ് ബച്ചന്‍െറ മറുപടി.

കുറച്ചു നാളായി ബിഗ് ബി ബി.ജെ.പിയുടെ പ്രിയപ്പെട്ട താരമാണ്. മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’യെ  പിന്തുണച്ച് സംസാരിച്ചു. എല്‍.പി.ജി സബ്സിഡി ഉപേക്ഷിക്കാനുള്ള ‘ഗിവ് ഇറ്റ് അപ് കാമ്പയിനി’ല്‍ മോദിക്കൊപ്പം ചേര്‍ന്നു. രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതക്കെതിരെ നിലപാട് പ്രഖ്യാപിച്ച ആമിര്‍ഖാനെ ‘അതുല്യ ഇന്ത്യ’യുടെ അംബാസഡര്‍ സ്ഥാനത്തുനിന്നു മാറ്റിയപ്പോള്‍ പകരക്കാരനായി. മഹാരാഷ്ട്രയിലെ ബീഫ് നിരോധത്തെക്കുറിച്ച് ചോദിച്ച ടൈംസ് നൗ വാര്‍ത്താവതാരകന്‍ അര്‍ണാബ് ഗോസ്വാമിയോട് ‘ഞാനൊരു സസ്യഭുക്കാണ്. ബീഫ് നിരോധത്തെക്കുറിച്ച് എനിക്കറിയില്ളെ’ന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ബ്ളോഗിലും ട്വിറ്ററിലും സാമൂഹികപ്രശ്നങ്ങളെക്കുറിച്ച് വാചാലനാവുന്ന ആളാണ്. സ്വന്തം സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തിയത് അറിഞ്ഞില്ളെന്ന് നിഷ്കളങ്കത നടിക്കുക മാത്രമല്ല നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് അനുസരിക്കണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ഹിന്ദുവലതുപക്ഷത്തിനൊപ്പമാണ് മനസ്സ്. ഈയിടെയായി തീവ്രദേശീയവാദിയാണ്.  ക്രിക്കറ്റ് കമന്‍േററ്റര്‍മാര്‍ വേണ്ടത്ര രാജ്യസ്നേഹത്തോടെയല്ല കളിവിവരണം നടത്തുന്നത് എന്ന് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ കമന്‍േററ്റര്‍ നമ്മുടെ കളിക്കാരെക്കുറിച്ചാണ് മറ്റുള്ളവരെക്കുറിച്ചല്ല കൂടുതലും പറയേണ്ടത് എന്ന് പോസ്റ്റിടുമ്പോള്‍ ദേശീയപതാകയായിരുന്നു പ്രൊഫൈല്‍ ചിത്രം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-പാക് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍െറ ഉദ്ഘാടനച്ചടങ്ങില്‍ ദേശീയഗാനം പാടി, കളിയെ  ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധമായി കാണുന്ന ക്രിക്കറ്റ് ദേശീയതക്ക് ചൂട്ടുപിടിച്ചു. അതിന് നാലുകോടി പ്രതിഫലം വാങ്ങി എന്ന് ആരോപണമുയര്‍ന്നെങ്കിലും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ നിഷേധിച്ചത് രക്ഷയായി. ദേശീയഗാനം തെറ്റിച്ചാണ് പാടിയത്. മംഗള്‍ ദായക്, മംഗള്‍ നായക് ആയി. അതിനെതിരെ ഡല്‍ഹിയില്‍ പൊലീസ് കേസുണ്ട്.

എഴുപതുകളിലെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥക്ക് എതിരെ തിരശ്ശീലയില്‍ ആഞ്ഞടിച്ച രോഷാകുലനായ യുവാവ് ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. അടുത്ത സുഹൃത്ത് രാജീവ് ഗാന്ധിയുടെ പ്രേരണയില്‍ രാഷ്ട്രീയത്തിലിറങ്ങിയത് 1984ല്‍. അലഹബാദ് ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയം. മൂന്നുവര്‍ഷത്തിനുശേഷം ബോഫോഴ്സ് വിവാദത്തില്‍പെട്ട് രാജി. തന്‍െറ നിര്‍ദോഷമായ സാമൂഹിക സേവനത്തിന്‍െറ ഉദ്ദേശ്യശുദ്ധിയെ ജനങ്ങള്‍ സംശയിച്ചതിനാലാണ് രാഷ്ട്രീയം വിടുന്നത് എന്നായിരുന്നു വിശദീകരണം.

ഒരു കാര്യം ഉറപ്പ്. കലാമിനെപ്പോലെ സര്‍വരാലും സ്വീകാര്യനാണ്. കോണ്‍ഗ്രസ് എം.പിയും ഇന്ദിര കുടുംബത്തിന്‍െറ കുടുംബസുഹൃത്തും ആയിരുന്ന ആള്‍. മുലായം സിങ്ങിനുവേണ്ടി പ്രചാരണം നയിക്കുകയും ഭാര്യയെ സമാജ്വാദി പാര്‍ട്ടിയുടെ എം.പിയാക്കുകയും ചെയ്ത ആള്‍. മമത ബാനര്‍ജി ക്ഷണിച്ചപ്പോള്‍ കൊല്‍ക്കത്തയില്‍ പോയി ദേശീയഗാനം പാടിക്കൊടുത്തയാള്‍. മോദിയുടെ പ്രിയപ്പെട്ട ദേശസ്നേഹി. എങ്ങനെ സര്‍വസമ്മതന്‍ അല്ലാതിരിക്കും?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT