അരുണാചലിലെ അനാവശ്യ പ്രതിസന്ധി

വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെ രാഷ്ട്രീയപ്പോര് അസ്വസ്ഥജനകമായ അസ്ഥിരതയിലേക്ക് കാര്യങ്ങള്‍ കൊണ്ടത്തെിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രണാതീതമാണെന്നുകാണിച്ച് ഗവര്‍ണര്‍ കേന്ദ്രത്തിന് നിരന്തരമായി കത്തുകളെഴുതിയതിനുപിറകെ ജനുവരി 25ന് കേന്ദ്ര ശിപാര്‍ശപ്രകാരം അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് പ്രസിഡന്‍റ് ഭരണം ഏര്‍പ്പെടുത്തക്കത്ത പ്രതിസന്ധിയൊന്നുമില്ളെന്നും രാഷ്ട്രപതി ഭവന്‍ ബി.ജെ.പി ഓഫിസ് ആക്കി മാറ്റിയ ഗവര്‍ണറുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നും ആരോപിക്കുന്ന സംസ്ഥാന സര്‍ക്കാറിനെ നയിച്ച കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു. വിഷയത്തില്‍ പരമോന്നത നീതിപീഠം തിങ്കളാഴ്ച വാദംകേള്‍ക്കാനിരിക്കെ ഗവണ്‍മെന്‍റ് തീരുമാനം ധിറുതിപിടിച്ചതും ബി.ജെ.പിയുടെ രാഷ്ട്രീയധാര്‍മികത ചോദ്യംചെയ്യുന്നതുമാണെന്നും പാര്‍ട്ടി എം.പി കൂടിയായ ശത്രുഘ്നന്‍ സിന്‍ഹ തന്നെ തുറന്നടിച്ചിട്ടുണ്ട്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭയിലേക്കും ഒന്നിച്ചുനടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്‍റ് സീറ്റുകളില്‍ ബി.ജെ.പിയെയും സംസ്ഥാനത്തേക്ക് കോണ്‍ഗ്രസിനെയുമാണ് ജനങ്ങള്‍ വരിച്ചത്. രണ്ടുതരത്തില്‍ വന്ന ജനവിധിയില്‍ അന്നേ അസ്വസ്ഥരായ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തിന് ഭരണമേറിയ കോണ്‍ഗ്രസിനെ രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ ഭരണത്തില്‍നിന്ന് പുറന്തള്ളാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍െറ  എം.എല്‍.എമാരില്‍നിന്ന് 21 പേരെ അടര്‍ത്തിയെടുത്ത് ഗവണ്‍മെന്‍റിനെ താഴെയിറക്കാന്‍ ബി.ജെ.പി കളിക്കുമ്പോള്‍ അതിനെ നിയമവഴിയിലും സമാന രാഷ്ട്രീയക്കളികളിലൂടെയും നേരിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ നിയമസഭ സമ്മേളിച്ചിട്ടില്ല. ശീതകാലസമ്മേളനകാലത്തും സഭചേരാതെ അടഞ്ഞുകിടന്നു. ഗവര്‍ണറുടെ നിര്‍ദേശാനുസരണം സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം കൊണ്ടുവരാനിരിക്കുന്ന അവിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ ഇതുവരെ അവസരമൊരുക്കിയിട്ടില്ല. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് മറുപടിയായി, മുഖ്യമന്ത്രിയോടോ മന്ത്രിസഭയോടോ ആലോചിക്കാതെ ജനുവരിയില്‍ നടക്കേണ്ട നിയമസഭാ സമ്മേളനം ഡിസംബറില്‍ മുന്‍കൂര്‍ നടത്താനും സ്പീക്കര്‍ക്കെതിരായ അവിശ്വാസം അജണ്ടയില്‍ ഒന്നാമതുവെക്കാനും ഗവര്‍ണര്‍ ഏകപക്ഷീയമായി തീരുമാനിച്ചെന്നാണ് ഭരണകക്ഷിയുടെ ആക്ഷേപം. കേന്ദ്രം നിശ്ചയിച്ച ഗവര്‍ണര്‍ ബി.ജെ.പിക്കുവേണ്ടി കളിക്കുന്ന ദയനീയചിത്രമാണ് ഭരണഘടനാസംവിധാനം തകര്‍ന്നതിന് അദ്ദേഹം എടുത്തുകാട്ടിയ ഉദാഹരണങ്ങള്‍. രാജ്ഭവന് മുന്നില്‍ അരുണാചലുകാര്‍ വിശേഷാവസരങ്ങളില്‍ സദ്യയൊരുക്കാന്‍ ചെയ്യുന്നതുപോലെ മലമ്പോത്തിനെ അറുത്തു, ഗവര്‍ണറുടെ വസതിക്കുമുന്നില്‍ ലൗഡ്സ്പീക്കറില്‍ ബഹളംവെച്ചു എന്നൊക്കെയാണ് ‘ക്രമസമാധാന തകര്‍ച്ച’യുടെ തെളിവായി കേന്ദ്രത്തിനെഴുതിയ കത്തുകളില്‍ ഉദ്ധരിക്കുന്നത്. ഇതൊന്നും പറഞ്ഞുനില്‍ക്കാനുള്ള ന്യായങ്ങളായി ബി.ജെ.പിക്കുതന്നെ തോന്നിയിട്ടില്ളെന്ന് വ്യക്തമാക്കുന്നതാണ് വിവിധ നേതാക്കള്‍ നടത്തിവരുന്ന പ്രസ്താവനകള്‍. രാഷ്ട്രപതി ഭരണത്തിന് പാര്‍ലമെന്‍റിന്‍െറ പിന്തുണനേടിയെടുക്കുക ശ്രമകരമാണെന്നറിയുന്ന ബി.ജെ.പി 11 എം.എല്‍.എമാരുള്ള പാര്‍ട്ടിക്ക് രണ്ടു സ്വതന്ത്രന്മാരെയുംവെച്ച് അറുപതംഗ നിയമസഭയില്‍ ഭൂരിപക്ഷമൊപ്പിച്ച് ഭരണം പിടിച്ചടക്കാന്‍ തന്നെയാണ് നോക്കുന്നത്. അതിന് ആശ്വാസകരമായ ഇടവേള എന്ന നിലക്കാണ് രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശചെയ്തത്.
പാര്‍ലമെന്‍റിലേക്ക് ഭൂരിപക്ഷം നേടിയിട്ടും സംസ്ഥാനഭരണം നഷ്ടമായതിന്‍െറ ജാള്യം തീര്‍ക്കുക മാത്രമല്ല, എല്ലാം വിറ്റുതുലയ്ക്കാന്‍ തീരുമാനിച്ചിറങ്ങിയ ഗവണ്‍മെന്‍റിന് ഹൈഡല്‍ പ്രോജക്ടുകളുടെ വന്‍ വിപണികൂടിയായ അരുണാചലില്‍ വാണിജ്യക്കണ്ണ് കൂടിയുണ്ടെന്ന നിരീക്ഷണത്തിലും കഴമ്പുണ്ട്. പരിസ്ഥിതിചട്ടമടക്കമുള്ള സാമാന്യരീതികളൊക്കെ മറന്ന് പൊതുവായും സ്വകാര്യമായും ഹിമാലയന്‍ സംസ്ഥാനത്തെ പ്രകൃതിയെ ചൂഷണംചെയ്യുന്ന ഭീകരമെന്ന് വിശേഷിപ്പിക്കാവുന്ന ഹൈഡല്‍ പ്രോജക്ട് കച്ചവടമാണ് അവിടെ നടന്നുവരുന്നത്. ലോകത്തുതന്നെ ചുരുങ്ങിയ ഭൂവിസ്തൃതിയില്‍ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള പ്രദേശമാക്കി അരുണാചലിനെ മാറ്റിത്തീര്‍ക്കുന്ന വലുതും ചെറുതുമായ ഹൈഡല്‍ പവര്‍ പ്രോജക്ടുകളുടെ 150 ധാരണപത്രങ്ങളാണ് കഴിഞ്ഞ ഒരു ദശകത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചത്. എന്നാല്‍ ഇതൊക്കെയും നടന്നുവരികയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ജിന്‍ഡാല്‍ പോലെയുള്ള സ്വകാര്യകുത്തകകള്‍ ഒടുവില്‍ പദ്ധതി ഭാഗികമായെങ്കിലും ഏറ്റെടുക്കാന്‍ ഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. അതേസമയം, ധാരണപത്രങ്ങളൊപ്പിട്ട് പദ്ധതി നടത്തുന്നതിനുപകരം അതുവെച്ച് ഓഹരികള്‍ പിരിക്കുന്ന അധോലോക വ്യവസായം സംസ്ഥാനത്ത് വ്യാപിക്കുന്നുമുണ്ട്. കോണ്‍ഗ്രസില്‍ തന്നെ മുഖ്യമന്ത്രിമാരുടെ വരവുംപോക്കും വരെ ഈ ഹൈഡല്‍ പ്രോജക്ട് ലോബിയുടെ താല്‍പര്യാനുസൃതമായിരുന്നുവെന്നതാണ് സത്യം. ഇത്തരത്തിലൊരു കച്ചവടക്കണ്ണുകൂടി അരുണാചലിനെ വരുതിയില്‍ വെക്കാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിക്കില്ളെന്ന് പറഞ്ഞുകൂടാ.
ഒരു സംസ്ഥാനഭരണം പിടിക്കുന്നതിന് ബി.ജെ.പി ഏതറ്റംവരെ പോകുമെന്നതാണ് അരുണാചലില്‍ കാണുന്നത്. അതും പ്രദേശത്തെ പാട്ടിലാക്കാന്‍ യാത്രാരേഖയില്‍ ഇളവും മറ്റ് ആനുകൂല്യങ്ങളുമൊക്കെ നല്‍കുകയും അതിര്‍ത്തിയെ സംബന്ധിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ പുറത്തുവിടുകയുംചെയ്ത് ചൈന കരുനീക്കങ്ങള്‍ നടത്തുമ്പോള്‍. അതിര്‍ത്തിസുരക്ഷയും അയല്‍രാജ്യ ഭീഷണിയുമൊക്കെ ഉയര്‍ത്തിപ്പിടിച്ച് ആശങ്ക സൃഷ്ടിക്കാറുള്ള ബി.ജെ.പിക്ക് അതിര്‍ത്തി സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്ഥിരതയോ, സ്വന്തം പാര്‍ട്ടി താല്‍പര്യങ്ങളോ വലുത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമാണ് അരുണാചലില്‍ സൃഷ്ടിച്ചിരിക്കുന്ന അനാവശ്യ രാഷ്ട്രീയപ്രതിസന്ധി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.