പ്രവാസികളെ അനാഥരാക്കിയ പരിഷ്കാരം

പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അപ്രതീക്ഷിതവും ആലോചനയില്ലാത്തതുമാണെന്നു പറയാതെ വയ്യ. കുറഞ്ഞ സര്‍ക്കാര്‍, കൂടുതല്‍ ഭരണം എന്ന മുദ്രാവാക്യത്തിന് ചേര്‍ന്നതാണ് ഈ നടപടി എന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്  ന്യായീകരിക്കുന്നു. പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാം ചെയ്യുന്നത് ഒരേ നോഡല്‍ ഏജന്‍സിയാണ് എന്നിരിക്കെ രണ്ടു മന്ത്രാലയങ്ങള്‍ ആവശ്യമില്ളെന്ന മന്ത്രിയുടെ നിലപാട് പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, പ്രവാസികളുടെ മനസ്സും പ്രശ്നങ്ങളും മനസ്സിലാക്കുന്നതില്‍ സര്‍ക്കാറിന് സംഭവിച്ച പരാജയമാണ് ഈ നടപടിയില്‍ തെളിയുന്നതെന്ന് പ്രവാസി സംഘടനകള്‍ ആരോപിക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്ന സര്‍ക്കാറാണ് തന്‍േറതെന്ന് ദുബൈയില്‍വെച്ച് പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദി സ്വന്തം വാക്കാണ് തെറ്റിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിദേശങ്ങളിലെ സമ്പന്ന, വാണിജ്യ പ്രമുഖരായ എന്‍.ആര്‍.ഐകളെയല്ലാതെ സാധാരണക്കാരായ പ്രവാസികളെ പരിഗണിക്കാന്‍ കേന്ദ്രം തയാറല്ളെന്ന സന്ദേശമാണ് പുതിയ നടപടിയിലൂടെ നല്‍കിയിരിക്കുന്നത്.
പ്രവാസി മന്ത്രാലയത്തിനെതിരെ ഉയര്‍ത്തപ്പെടുന്ന ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതമാണെന്നു പറഞ്ഞുകൂടാ. 2004ല്‍ മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായിരിക്കെയാണ് പ്രവാസികാര്യങ്ങള്‍ക്കായി പ്രത്യേക മന്ത്രാലയം രൂപവത്കരിക്കുന്നത്. ദീര്‍ഘകാലം അതിന്‍െറ ചുമതലവഹിച്ചിരുന്ന വയലാര്‍ രവിയുടെ പ്രവര്‍ത്തനം (പ്രവര്‍ത്തനമില്ലായ്മ) പ്രവാസികള്‍ക്ക് സംതൃപ്തി നല്‍കിയില്ല എന്നത് സത്യമാണ്. പ്രവാസി മന്ത്രാലയത്തിന്‍െറ ഉദ്ദേശ്യത്തോട് നീതി ചെയ്യാന്‍ അദ്ദേഹത്തിനായില്ല. തന്നെയുമല്ല. വെറും നൂറു കോടി രൂപയില്‍ കുറഞ്ഞ ബജറ്റ് വിഹിതവും പത്തോളം ജീവനക്കാരും മാത്രമാണ് മന്ത്രാലയത്തിന് പ്രവര്‍ത്തിക്കാന്‍ കിട്ടിയ അടിസ്ഥാന വിഭവങ്ങള്‍. ലക്ഷ്യബോധമില്ലാത്ത നേതൃത്വവും രാഷ്ട്രീയവും ധനപരവുമായ അവഗണനയും ചേര്‍ന്നപ്പോള്‍ എന്തു സംഭവിക്കാമോ അതാണ് പിന്നീട് നടന്നത്. ഈ അവസ്ഥയിലാണ് പ്രധാനമന്ത്രിയുടെ വാക്കുകേട്ട് പ്രവാസികള്‍ അവരുടെ സ്വന്തം മന്ത്രാലയത്തിന് ശാപമോക്ഷമുണ്ടാകുമെന്ന് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചതാകട്ടെ മറിച്ചും.
ഒരുലക്ഷം കോടി രൂപ രാജ്യത്തിന് വിദേശനാണ്യം നേടിക്കൊടുക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തോന്നിയെങ്കില്‍ അവരെ കുറ്റപ്പെടുത്താനാവില്ല.
പ്രവാസിമന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തൃപ്തികരമായില്ല എന്നതിനര്‍ഥം ആ ആശയം തന്നെ തെറ്റായിരുന്നു എന്നല്ല. വിദേശകാര്യ വകുപ്പിന്‍െറ കീഴില്‍ പ്രവാസികാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഒരു ജോയന്‍റ് സെക്രട്ടറിയായിരുന്നു മുമ്പുണ്ടായിരുന്നത്. ഈ സംവിധാനം ഒട്ടും ഫലപ്രദമല്ളെന്നു കണ്ടാണ് ഉന്നതതല സമിതിയുടെ ശിപാര്‍ശ പ്രകാരം പുതിയ മന്ത്രാലയത്തിന് രൂപം കൊടുത്തത്. പ്രവാസി ഇന്ത്യക്കാരെ മാതൃരാജ്യവുമായി ബന്ധപ്പെടുത്തുക, തൊഴില്‍ മേഖലയില്‍ അവരനുഭവിക്കുന്ന ചൂഷണങ്ങള്‍ക്ക് അറുതിയുണ്ടാക്കുക, പ്രവാസികള്‍ക്ക് ധനകാര്യ-എമിഗ്രേഷന്‍-മാനേജ്മെന്‍റ് സേവനങ്ങള്‍ ലഭ്യമാക്കുക, വിവരങ്ങള്‍ യഥാസമയം അറിയിക്കുക, അടിയന്തര ഘട്ടങ്ങളില്‍ സഹായമത്തെിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യങ്ങള്‍.
വിദേശ മന്ത്രാലയത്തിന്‍െറ സേവനം ദൈനം ദിന കാര്യങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല. നയതന്ത്ര വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിദേശകാര്യ വകുപ്പിന് സാധാരണ പ്രവാസികള്‍ക്ക് സമീപിക്കാവുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പ്രത്യേക വകുപ്പുണ്ടാക്കിയത്. 12 വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന ഈ മന്ത്രാലയം പൂര്‍ണമായും അതിന്‍െറ സാധ്യതകള്‍ നിറവേറ്റിയില്ല എന്നത് സത്യമാണെങ്കിലും ഒട്ടനേകം സേവനങ്ങള്‍ നല്‍കാന്‍ അതിനായിട്ടുണ്ട്. പ്രവാസികളുടെ യാത്രയും എമിഗ്രേഷനും മറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും അവരുടെ പുനരധിവാസം, വോട്ടവകാശം, ഇരട്ട നികുതി, തടവുകാരുടെ കൈമാറ്റം തുടങ്ങിയ കാര്യങ്ങളിലും ക്രിയാത്മകമായി പ്രവാസി മന്ത്രാലയം ഇടപെട്ടതിന്‍െറ ഗുണഫലങ്ങള്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് ബോധ്യപ്പെട്ടതാണ്. പ്രവാസി മന്ത്രാലയത്തിന്‍െറ പരിമിതികള്‍ ഇല്ലാതാക്കി അതിനെ കൂടുതല്‍ സേവനോന്മുഖമാക്കണം എന്നാണ് പ്രവാസികള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. പക്ഷേ, തലവേദന ഇല്ലാതാക്കാന്‍ തലവെട്ടു ‘ചികിത്സ’യാണ് കേന്ദ്രം വിധിച്ചുകളഞ്ഞത്.
പ്രതിസന്ധി ഘട്ടങ്ങളില്‍ വിദേശ മന്ത്രാലയം പ്രവാസികളെ മറുനാടുകളില്‍നിന്ന് രക്ഷപ്പെടുത്തിയ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പ്രവാസി മന്ത്രാലയം ആവശ്യമില്ല എന്ന വാദം ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ‘ക്രൈസിസ് മാനേജ്മെന്‍റ്’ല്ല പ്രവാസി മന്ത്രാലയത്തിന്‍െറ ചുമതല, മറിച്ച് പ്രവാസികളുടെ ദൈനംദിന പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനുമുള്ള സംവിധാനമായി വര്‍ത്തിക്കലാണ്. വിദേശ മന്ത്രാലയത്തിന്‍െറ ഉന്നതങ്ങളിലെ കണ്ണില്‍പ്പെടാത്ത കൊച്ചുകൊച്ചു പ്രശ്നങ്ങള്‍ ധാരാളമുണ്ട്. വന്‍കിടക്കാരല്ലാത്ത വെറും സാധാരണക്കാരുടെ പ്രയാസങ്ങള്‍, അവ പരിഹരിക്കാനുള്ള, ജനങ്ങള്‍ക്ക് പ്രാപ്യമായിരുന്ന, സംവിധാനമാണ് ജനപ്രതിനിധികളോടോ സംസ്ഥാനങ്ങളോടോ ആലോചിക്കുകപോലും ചെയ്യാതെ ഒറ്റയടിക്ക് ഇല്ലാതാക്കിയിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.