യു.എ.പി.എക്ക് മുന്നില്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയല്ല വേണ്ടത്


സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്‍ ഇതെഴുതുമ്പോള്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള എ.കെ.ജി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുകയാണ്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. ആര്‍.എസ്.എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ആയിരുന്ന മനോജ് കൊല്ലപ്പെട്ട കേസില്‍, അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ജയരാജനെ 25ാം പ്രതിയായി ജനുവരി 21ന് പ്രതിപ്പട്ടികയില്‍ ചേര്‍ത്തിരുന്നു. തന്നെ പ്രതിയാക്കി, അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹരജി നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. കോടതി ഹരജി തള്ളിയതിന്‍െറ അടുത്തദിവസമാണ് ജയരാജന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുന്നത്.
മനോജിന്‍െറ വധത്തിന്‍െറ ഗൂഢാലോചനയില്‍ ജയരാജന് പങ്കുണ്ടെന്നാണ് സി.ബി.ഐ കേസ്. അങ്ങനെയുണ്ടെങ്കില്‍ അത് അന്വേഷിക്കുകയും ഉചിതശിക്ഷ അദ്ദേഹത്തിന് നല്‍കുകയുംവേണം. പക്ഷേ, സി.പി.എമ്മിനെയും ജയരാജനെയും അസ്വസ്ഥപ്പെടുത്തുന്ന കാര്യം അതല്ല. യു.എ.പി.എ എന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്. യു.എ.പി.എ ചുമത്തിക്കഴിഞ്ഞാല്‍ ജാമ്യംകിട്ടാന്‍പോലും ബുദ്ധിമുട്ടാകുമെന്ന് എല്ലാവര്‍ക്കുമറിയാം.
മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയതിനെതിരെ അന്ന് തന്നെ ഞങ്ങള്‍ ശക്തമായ നിലപാടെടുത്തിരുന്നു. ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ല യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍. രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ആര്‍ക്കും എളുപ്പം എടുത്തുവീശാവുന്ന മൂര്‍ച്ചയുള്ള വാളാണത്. കണ്ണൂര്‍ ജില്ലയില്‍ തന്നെ മറ്റൊരു യു.എ.പി.എ കേസില്‍ വിധിവന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ചെറുപ്പക്കാരാണ് പ്രസ്തുത കേസില്‍ ഏഴും അഞ്ചും വര്‍ഷത്തെ തടവിന് വിധേയരായിരിക്കുന്നത്. നാറാത്ത് എന്ന പ്രദേശത്ത് അവര്‍ ആയുധ പരിശീലനം നടത്തി എന്നാണ് കേസ്. പക്ഷേ, ബോംബ് അടക്കമുള്ള മാരക ആയുധങ്ങളൊന്നും അവിടെനിന്ന് കണ്ടെടുക്കുകയോ പ്രയോഗിച്ചതായി തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ല. അതേസമയം, കണ്ണൂരില്‍നിന്ന് തന്നെ സി.പി.എം, ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍നിന്ന് ദിനേനയെന്നോണം ബോംബടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെടുക്കപ്പെടാറുണ്ട്. അതായത്, നാറാത്ത് ആയുധ പരിശീലനം നടന്നിട്ടുണ്ടെങ്കില്‍ ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന ശിക്ഷ അവര്‍ക്ക് നല്‍കണം. അല്ലാതെ, യു.എ.പി.എ നിയമം പക്ഷപാതപരമായി ചിലര്‍ക്കെതിരെ മാത്രം ചുമത്തി വേട്ടയാടുമ്പോള്‍ സമൂഹത്തില്‍ അതേക്കുറിച്ച സംശയങ്ങളുണ്ടാവുക സ്വാഭാവികമാണ്. രാഷ്ട്രീയവും മതപരവുമായ മുന്‍വിധികളും പക്ഷപാതങ്ങളും മുന്നില്‍വെച്ച് ആളുകളെ വേട്ടയാടാനുള്ള ആയുധമാണ് യു.എ.പി.എ എന്ന വിമര്‍ശത്തിന് അടിവരയിടുന്നതാണ് ഈ സംഭവങ്ങള്‍.
ദേശീയതലത്തില്‍ മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടി നശിപ്പിക്കാനുള്ള ആയുധമായിട്ടാണ് യു.എ.പി.എ ഉപയോഗിക്കപ്പെടുന്നത്. ഇന്ത്യയിലാകമാനം ആയിരക്കണക്കിന് മുസ്ലിം ചെറുപ്പക്കാരാണ് യു.എ.പി.എ കേസുകളില്‍ പ്രതികളാക്കപ്പെട്ട്, തങ്ങള്‍ക്കെതിരെയുള്ള കേസ് എന്താണെന്നുപോലും അറിയാതെ വര്‍ഷങ്ങളായി തടവറ ഭിത്തികള്‍ക്കകത്ത് ജീവിതം നരകമാക്കി കഴിഞ്ഞുപോരുന്നത്. അവരുടെ പ്രശ്നം ഗൗരവത്തില്‍ ഏറ്റെടുക്കാന്‍ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇതുവരെയും ധൈര്യംകാണിച്ചിട്ടില്ല.
മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് അന്നത്തെ യു.പി.എ ഭരണകൂടമാണ് ഈ കരിനിയമത്തെ പൊടിതട്ടിയെടുത്ത് കൂടുതല്‍ കടുത്ത വ്യവസ്ഥകളിലൂടെ പുനരവതരിപ്പിച്ചത്. സി.പി.എമ്മും മുസ്ലിം ലീഗും കോണ്‍ഗ്രസും അടക്കമുള്ള മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും അതിനെ പിന്താങ്ങുകയാണ് ചെയ്തത്. ഭരണകൂട-പൊലീസ് തേര്‍വാഴ്ചക്കും കടുത്ത മനുഷ്യാവകാശലംഘനത്തിനും ഇത് കാരണമാവുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രസ്ഥാനങ്ങളും അന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞതാണ്. എന്നാല്‍, മുംബൈ ആക്രമണത്തെ തുടര്‍ന്നുണ്ടായ ഉന്മാദ ദേശീയതയുടെ ഇരച്ചുകയറ്റത്തില്‍ വിവേകികളുടെ ഈ ശബ്ദത്തിന് ചെവികൊടുക്കാന്‍ ആരും സന്നദ്ധമായില്ല.
കേരളത്തില്‍ ആദ്യമായി യു.എ.പി.എ എടുത്തുപയോഗിക്കുന്നത് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കുമ്പോഴാണ്. മുസ്ലിം ലീഗും സി.പി.എമ്മും ഇന്ന് യു.എ.പി.എക്കെതിരെ ചിലപ്പോഴെങ്കിലും സംസാരിക്കുന്നുണ്ട്. കോണ്‍ഗ്രസ്, മറ്റുപല കാര്യത്തിലുമെന്നപോലെ അഴകൊഴമ്പന്‍ നിലപാടിലാണ്. പക്ഷേ, കേന്ദ്രാധികാരം കൈയാളുന്ന ബി.ജെ.പി, യു.എ.പി.എ എന്നല്ല, ആളുകളെ പൂട്ടിയിട്ട് പീഡിപ്പിക്കാന്‍ പറ്റുന്ന സര്‍വ കരിനിയമങ്ങളുടെയും ഉപാസകരാണ്. അത്തരമൊരു സന്ദര്‍ഭത്തില്‍ സാധാരണ ക്രിമിനല്‍ കേസുകളില്‍ പോലും യു.എ.പി.എ ചുമത്തപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല. ജയരാജനെതിരെ യു.എ.പി.എയുടെ നീരാളിക്കൈകള്‍ നീണ്ടപ്പോഴാണ് അതിന്‍െറ ഗൗരവം സി.പി.എം മനസ്സിലാക്കുന്നത്. പക്ഷേ, അപ്പോഴേക്കും സമയം വൈകിപ്പോയിരുന്നു. എന്നാല്‍, കരിനിയമം അതിന്‍െറ ചമ്മട്ടികൊണ്ട് പ്രഹരിക്കുമ്പോള്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ശീതീകരിച്ച ആശുപത്രി മുറികളില്‍പോയി കിടക്കുകയല്ല വിപ്ളവ പാര്‍ട്ടി ചെയ്യേണ്ടത്; തെരുവില്‍ അതിനെതിരെ പ്രതിരോധനിര കെട്ടിപ്പടുക്കുകയാണ്. അതിനുള്ള രാഷ്ട്രീയ, സംഘടനാശേഷി സി.പി.എമ്മിനുണ്ടോ?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.