ഏക സിവില്‍കോഡ് എന്ന ഉമ്മാക്കി

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഇടക്കിടെ വിവാദം വിതക്കാറുള്ള ഏക സിവില്‍കോഡ് വീണ്ടും പ്രശ്നവത്കരിക്കപ്പെട്ടിരിക്കുന്നു. മൂന്നു പതിറ്റാണ്ടുമുമ്പ് സുപ്രീംകോടതിയുടെ ഒരു അഭിപ്രായപ്രകടനമായിരുന്നു വാദപ്രതിവാദങ്ങള്‍ക്ക് തിരികൊളുത്തിയതെങ്കില്‍ ഇപ്പോള്‍ സുപ്രീംകോടതി പറഞ്ഞൊഴിഞ്ഞിടത്തുനിന്ന് കേന്ദ്രസര്‍ക്കാറാണ് വിഷയം സജീവമാക്കിയിരിക്കുന്നത്. ‘ഏക സിവില്‍കോഡുമായി ബന്ധപ്പെട്ട മുഴുവന്‍ വിഷയങ്ങളും ആഴത്തില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍’ കേന്ദ്ര നിയമകാര്യ മന്ത്രാലയം നിയമകമീഷന് കഴിഞ്ഞ ജൂണ്‍ ഒന്നിന് നല്‍കിയ രേഖാമൂലമുള്ള നിര്‍ദേശമാണ് പുതിയ വിവാദത്തിന്‍െറ നിമിത്തം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ അധികാരത്തിലേറിയാല്‍ ഏക സിവില്‍കോഡ് നടപ്പാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനവും ഇപ്പോള്‍ നിയമകമീഷന് നല്‍കിയ നിര്‍ദേശവും അതിന്‍െറ പശ്ചാത്തലവുമൊക്കെ ഇക്കാര്യത്തില്‍ ബി.ജെ.പിക്കുള്ള ആവേശം വ്യക്തമാക്കുന്നു. ആസന്നമായ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത സാമുദായിക വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കി കാര്യം നേടാനുള്ള ബി.ജെ.പി നീക്കമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

സുപ്രീംകോടതി അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി ഡല്‍ഹി ഘടകത്തിന്‍െറ ഒൗദ്യോഗിക വക്താവ് അശ്വിനി ഉപാധ്യായ 2015 ഡിസംബറില്‍ ഏക സിവില്‍കോഡ് ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയോടെയാണ് പുതിയ തുടക്കം. ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഹരജി തള്ളി നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ ഉപാധ്യായ ആയുധമാക്കുകയായിരുന്നു. ഇക്കാര്യത്തില്‍ കോടതിക്ക് ഒന്നും ചെയ്യാനില്ളെന്നും പാര്‍ലമെന്‍റാണ് നിയമനിര്‍മാണത്തിനുള്ള നീക്കംനടത്തേണ്ടതെന്നും പാര്‍ലമെന്‍റിന് നിര്‍ദേശം നല്‍കാന്‍ നീതിപീഠത്തിനാവില്ളെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഇതുകേട്ട ഉപാധ്യായ, ഇക്കാര്യത്തില്‍ നിയമകമീഷന്‍െറ അഭിപ്രായം തേടണമെന്നാവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡക്ക് കത്തെഴുതി. ഇതേതുടര്‍ന്നാണ് നിയമ കമീഷനോട് മന്ത്രാലയം റിപ്പോര്‍ട്ട് തേടിയത്. നിയമപരമായ സാങ്കേതികക്കുറവുകള്‍ തീര്‍ത്തുള്ള രാഷ്ട്രീയ നീക്കത്തിനാണ് ഇത്തവണ ബി.ജെ.പിയുടെ ശ്രമമെന്ന് ഇതില്‍നിന്നു വ്യക്തം. വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചചെയ്താണ് സിവില്‍കോഡ് ഏകീകരിക്കുകയെന്നും ഇക്കാര്യത്തില്‍ അടിച്ചേല്‍പിക്കലുണ്ടാവില്ളെന്നും കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതൃത്വവും പറയുന്നുണ്ട്. എന്നാല്‍, ഭരണത്തിന്‍െറ തിണ്ണമിടുക്കില്‍ ഗോസംരക്ഷണവുമായി ബന്ധപ്പെട്ടു ചുട്ടെടുക്കപ്പെട്ട പുതിയ നിയമങ്ങളെ ചൂണ്ടി സംഘ്പരിവാറിന്‍െറ ഏകാത്മദേശീയ സംസ്കാരത്തിനനുസൃതമായ ഏകപക്ഷീയ നിയമങ്ങള്‍ അടിച്ചേല്‍പിക്കാന്‍ ബി.ജെ.പി അവസരമുപയോഗിക്കുമെന്ന് ആശങ്കിക്കുന്നവരുണ്ട്.  
ഒറ്റവാര്‍പ്പ് സിവില്‍കോഡ്, വ്യക്തിനിയമങ്ങള്‍ക്ക് മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അവലംബിക്കുന്ന മുഴുവന്‍ മതവിഭാഗങ്ങളെയും ബാധിക്കുന്നതാണെങ്കിലും ഒരു പ്രത്യേക സമുദായത്തെ ഉന്നത്തില്‍ നിര്‍ത്തി തൊടുക്കുന്ന ആയുധമായി ഇത് മാറിയിട്ട് കുറെ കാലമായി. മതവര്‍ഗീയവാദികളും മതേതരത്വത്തിന്‍െറ വക്താക്കളും ഭിന്നലാക്കോടെയാണെങ്കിലും രാജ്യത്തിന് ഒരു സിവില്‍കോഡ് വേണമെന്ന് മുറവിളി കൂട്ടിക്കൊണ്ടേയിരിക്കുന്നു. വിവാഹം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശ്വാസങ്ങള്‍ക്കനുരോധമായ ജീവിതരീതി പിന്തുടരണമെന്നാണ് മതവിശ്വാസികളുടെ ആഗ്രഹം. ഇക്കാര്യങ്ങളിലെ ചൂഷണവും വിവേചനവും അവസാനിപ്പിക്കാന്‍ വിശ്വാസബദ്ധമായ നിയമത്തിലൂടെ തന്നെ കഴിയുമെന്നും അവര്‍ ഉറപ്പുപറയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് സ്വന്തം മതവും സംസ്കാരവും ആചാരങ്ങളും പുലര്‍ത്താനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 29, 30 ഖണ്ഡികകള്‍ ഈ ആഗ്രഹത്തെ മാനിക്കുന്നുണ്ട്. ന്യൂനപക്ഷങ്ങളുടെ ഈ അവകാശങ്ങള്‍ക്കുള്ള കരുതലാണ് ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കുന്നതെന്ന് ഭരണഘടനാ ശില്‍പികള്‍ വ്യക്തമാക്കിയതുമാണ്. നിര്‍ണിതമായ ഭരണഘടനാ വകുപ്പുകള്‍ക്കുമീതെ മാര്‍ഗനിര്‍ദേശക തത്ത്വത്തിന്‍െറ പ്രയോഗവത്കരണം സങ്കീര്‍ണമാണെന്ന് മേല്‍പറഞ്ഞ നിരീക്ഷണത്തില്‍ സുപ്രീംകോടതി പറഞ്ഞുവെച്ചത് അതുകൊണ്ടാണ്.

മതേതരത്വത്തില്‍ അധിഷ്ഠിതമായ രാഷ്ട്രത്തില്‍ വംശ, ലിംഗവിവേചനത്തില്‍നിന്ന് മുക്തമായ അവസരസമത്വത്തിലൂന്നിയ സാമൂഹികഘടന രൂപപ്പെടുത്തുന്നതിനുള്ള ഉപാധിയായാണ് ഏക സിവില്‍കോഡിനെ ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും സംഭവലോകത്ത് മതസാമുദായിക വിഭാഗങ്ങളെ വിഘടിപ്പിച്ച് വരുതിയില്‍ നിര്‍ത്താനുള്ള രാഷ്ട്രീയായുധമായാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഇന്ത്യയില്‍ ഇത് ഉപയോഗപ്പെടുത്തിവരുന്നത്. ഇനിയും എന്തെന്നോ എങ്ങനെയെന്നോ വിശദീകരിക്കപ്പെടാത്ത ഏക സിവില്‍കോഡ് എന്ന ഉമ്മാക്കി കാട്ടി മതപ്രമാണബദ്ധമായി വ്യക്തിനിയമങ്ങളെ പിന്തുടരുന്നവരെ, വിശേഷിച്ചും മുസ്ലിം ന്യൂനപക്ഷത്തെ ഇക്കിളികൂട്ടാനും വെകിളിപിടിപ്പിക്കാനുമാണ് ഏക സിവില്‍കോഡിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുള്ള രാഷ്ട്രീയക്കാര്‍ ശ്രമിക്കാറ്. വ്യക്തമായ മതവര്‍ഗീയ അജണ്ടയുള്ള പാര്‍ട്ടി ഭരണത്തിലിരിക്കുകയും പൊതു ദേശീയതാല്‍പര്യങ്ങളായി പ്രത്യേക മതസാമുദായിക താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ പ്രചാരവേലകള്‍ മുസ്ലിംകളാദി ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. അതിനാല്‍ ഏക സിവില്‍കോഡിന്‍െറ സാധ്യത ആരായുന്നതിനുമുമ്പ് ആദ്യം അതെന്താണെന്ന് വ്യക്തമാക്കാന്‍ ഭരണകൂടം തയാറാകണം. നിലവിലുള്ള നിയമങ്ങള്‍ റദ്ദുചെയ്യുന്നതിന് വ്യക്തമായൊരു ബദല്‍ വേണമല്ളോ. ഇന്ത്യയെന്ന ബഹുസ്വര സമൂഹത്തില്‍ കരണീയമായ പൊതുനിയമം ഏതെന്നു വ്യക്തമാക്കിയിട്ടാവാം അതിനുവേണ്ടി അഭിപ്രായം രൂപവത്കരിക്കുന്നതും പ്രയോഗസാധ്യത ആരായുന്നതും. അല്ലാതുള്ള ബഹളംവെപ്പുകളൊക്കെ എ.കെ. ആന്‍റണി പറഞ്ഞപോലെ പത്തു വോട്ടിനുള്ള വര്‍ഗീയ അജണ്ടയായേ കലാശിക്കൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.