ഭരണയന്ത്രത്തിന്‍െറ നവീകരണം

അഴിമതിയില്‍ കുളിച്ച യു.ഡി.എഫ് സര്‍ക്കാറിനെ നിഷ്കാസനം ചെയ്യാന്‍ ആഹ്വാനംചെയ്തും അഴിമതിമുക്ത ഭരണം വാഗ്ദാനംചെയ്തും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതു ജനാധിപത്യമുന്നണി വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരമേറ്റിരിക്കെ, ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിക്കാന്‍ ജാഗ്രതപുലര്‍ത്തുന്നുവെന്നതിന്‍െറ തെളിവാണ് കഴിഞ്ഞദിവസം വിവിധ സര്‍വിസ് സംഘടനാ പ്രതിനിധികളോട് നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ ഗൗരവപ്പെട്ട കാര്യങ്ങള്‍. സിവില്‍ സര്‍വിസ് പൂര്‍ണമായും അഴിമതിമുക്തമാക്കുമെന്നും സ്ഥലംമാറ്റത്തിന് പൊതുമാനദണ്ഡം ഏര്‍പ്പെടുത്തുമെന്നും ഉറപ്പുനല്‍കിയ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കുശേഷം സ്റ്റേറ്റ് സിവില്‍ സര്‍വിസ് നടപ്പാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ജീവനക്കാരുടെ ആശങ്ക പരിഹരിച്ചശേഷമായിരിക്കും ഇത്. കാര്യക്ഷമതയില്ലായ്മയും കെടുകാര്യസ്ഥതയും അതിരുകവിഞ്ഞ കേന്ദ്രീകരണവും ചുവപ്പുനാടയും ഒഴിവാക്കി ഭരണയന്ത്രം നവീകരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ ഹാജറും കൃത്യതയും കര്‍ശനമായി നിരീക്ഷിക്കുമെന്നും ഓഫിസുകളില്‍ വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ളെന്നും പിണറായി ഓര്‍മപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജീവനക്കാരുടെ പ്രശ്നങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സംഘടനാ മേല്‍വിലാസം നോക്കിയായിരിക്കില്ല അവരോടുള്ള മനോഭാവമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയതോടെ ബ്യൂറോക്രസിയുടെ ഗുണപരവും ജനകീയവുമായ പുന$സംവിധാനംതന്നെയാണ് സര്‍ക്കാറിന്‍െറ അജണ്ടയിലുള്ളതെന്ന് കരുതാവുന്നതാണ്.

വില്ളേജ് ഓഫിസ് മുതല്‍ സെക്രട്ടേറിയറ്റ് വരെ നീളുന്ന ഭരണയന്ത്രത്തിന്‍െറ ഒച്ചിനെ തോല്‍പിക്കുന്ന മന്ദഗതിയും അതിന്‍െറ അനിവാര്യഫലമായ കൈക്കൂലിയും തന്മൂലം സാധാരണക്കാരും സംരംഭകരും വ്യവസായികളും ഉദ്യോഗാര്‍ഥികളും പെന്‍ഷന്‍കാരുമെല്ലാമടങ്ങുന്ന ജനം അനുഭവിക്കുന്ന പ്രയാസങ്ങളും സര്‍വരേയും നിരാശപ്പെടുത്തിയിരിക്കുന്ന സാഹചര്യമാണ് നിലവില്‍. ആരു വിചാരിച്ചാലും ഈ ഈജിയന്‍ തൊഴുത്ത് നന്നാക്കാനാവില്ളെന്ന് ധരിച്ചുവശായ സമൂഹം ഇതൊരു തിക്ത യാഥാര്‍ഥ്യമായി അംഗീകരിച്ച് അതുമായി സമരസപ്പെട്ടുപോകാന്‍ ശീലിച്ചുകഴിഞ്ഞു. വലിയ അവകാശവാദങ്ങളുമായി അധികാരമേറ്റ മുഖ്യമന്ത്രിമാരൊക്കെ ഒടുവില്‍ ഉദ്യോഗസ്ഥപ്പടയുടെ സംഘടിത ചെറുത്തുനില്‍പിന്‍െറ മുമ്പാകെ അടിയറവുപറഞ്ഞ് തോറ്റുതൊപ്പിയിട്ട് പുറത്തുപോയതാണ് ഇത$പര്യന്തമുള്ള ചരിത്രം. കാലാകാലങ്ങളിലെ വേതനവര്‍ധനയിലും ആനുകൂല്യങ്ങളിലുമല്ലാതെ ഉത്തരവാദിത്തനിര്‍വഹണത്തില്‍ അശേഷം താല്‍പര്യമില്ലാത്ത സര്‍വിസ് സംഘടനകളാണ് നിര്‍ഭാഗ്യവശാല്‍ സംസ്ഥാനത്തിന്‍െറ ബാക്കിപത്രം. സംഘടനാ നേതൃത്വങ്ങളെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി എന്നതാണ് ഇത$പര്യന്തമുള്ള അവസ്ഥ. ഏറ്റവുമൊടുവില്‍ സമുന്നതരായ ജനപ്രതിനിധികളുടെ ജനകീയ പ്രതിബദ്ധതാപരമായ കര്‍ത്തവ്യനിര്‍വഹണത്തെ ഉദ്യോഗസ്ഥ മേധാവികള്‍ പരസ്യമായി അപഹസിക്കുന്ന സ്ഥിതിവിശേഷംപോലും കാണേണ്ടിവന്നു. 1975ലെ ദേശീയ അടിയന്തരാവസ്ഥ ജനങ്ങള്‍ക്ക് പൊതുവെ പേടിസ്വപ്നമായിട്ടാണ് അനുഭവപ്പെട്ടതെങ്കിലും തുടക്കത്തില്‍ ഉദ്യോഗസ്ഥന്മാരുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കുമെതിരെ സ്വീകരിക്കപ്പെട്ട കര്‍ശന നടപടികളുടെ ഗുണഫലങ്ങള്‍ ഇപ്പോഴും മധുരസ്മരണകളാണ്.

ഗസറ്റഡും നോണ്‍ ഗസറ്റഡുമായ ഉദ്യോഗസ്ഥര്‍ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന ഭരണയന്ത്രത്തെ സമൂലമായ അഴിച്ചുപണിക്കും നവീകരണത്തിനും വിധേയമാക്കുക ക്ഷിപ്രസാധ്യമല്ല. പതിറ്റാണ്ടുകള്‍കൊണ്ട് ജീര്‍ണിച്ച് ദുഷിച്ചുനാറിയതിനെ സംശുദ്ധമാക്കാനുള്ള ശ്രമം എത്ര ആത്മാര്‍ഥമായിരുന്നാലും ലക്ഷ്യംകാണാന്‍ സമയമെടുക്കും. പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ തുടങ്ങിവെച്ച ശ്രമങ്ങളോട് സര്‍വിസ് സംഘടനകള്‍ ആത്മാര്‍ഥമായി സഹകരിച്ചാല്‍ ക്രമേണയെങ്കിലും ചരിത്രം തിരുത്തിയെഴുതാം. അതിനാദ്യമായി വേണ്ടത് രാഷ്ട്രീയ പക്ഷപാതിത്വത്തിന്‍െറ കണ്ണട മാറ്റിവെക്കുകയാണ്. കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും ഇടതുപക്ഷാഭിമുഖ്യമുള്ള സര്‍വിസ് സംഘടനകളിലാണ് അണിനിരന്നിരിക്കുന്നത്. അവരെ പരോക്ഷമായെങ്കിലും നിയന്ത്രിക്കുകയോ നയിക്കുകയോ ചെയ്ത പാര്‍ട്ടിയുടെ കരുത്തനായ നേതാവാണ് പിണറായി വിജയന്‍. അതേ കരുത്തോടെയും ആര്‍ജവത്തോടെയും ഭരണം നന്നാക്കാനും മെച്ചപ്പെടുത്താനും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ തീര്‍ത്തും നിഷേധാത്മകമായിരിക്കുകയില്ല പ്രതികരണം. അതേസമയം, സംഘടനാബന്ധം നോക്കിയാവില്ല ജീവനക്കാരോടുള്ള മനോഭാവം എന്നദ്ദേഹം ഉറപ്പുനല്‍കിയിരിക്കെ വലതുപക്ഷ സര്‍വിസ് സംഘടനകള്‍ക്കും വിവേചനത്തെ പേടിക്കേണ്ടിവരില്ല. തങ്ങളുടേതല്ലാത്ത ഭരണം പരാജയപ്പെടട്ടെ എന്ന ദുഷ്ടബുദ്ധി സംസ്കാരസമ്പന്നരായ സര്‍ക്കാര്‍ ജീവനക്കാരില്‍നിന്ന് ആശങ്കിക്കാനും ന്യായമില്ല. ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ എവിടെയുമുണ്ടാകുമെന്നത് കാര്യം വേറെ. സ്ഥലംമാറ്റം, പദവിമാറ്റം, പ്രമോഷന്‍നിഷേധം പോലുള്ള ഭീഷണികളില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം വേണം. തങ്ങളോട് അനുഭാവവും ഗുണകാംക്ഷയുമുള്ള സര്‍ക്കാറിനോട് സഹകരിക്കാന്‍ ബഹുഭൂരിഭാഗത്തിനും സന്തോഷമേ കാണൂ. രാഷ്ട്രീയാതിപ്രസരമാണ് ഭരണരംഗത്തെ ദുഷിപ്പിച്ച മറ്റൊരു തിന്മ. അരാഷ്ട്രീയവത്കരണ പ്രചാരണങ്ങളെ നിരാകരിച്ചുകൊണ്ടുതന്നെ, രാഷ്ട്രീയ സ്വാധീനത്തെ പരിധിയിലൊതുക്കാനും നിയന്ത്രിക്കാനും പുതിയ സര്‍ക്കാറിന് സാധിച്ചാല്‍ കേരളത്തിന്‍െറ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷക്ക് വകയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT