ഭരണനിര്‍വഹണം: ഇത് നല്ല തുടക്കം

ഒരു ഭരണനേതാവില്‍നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിച്ചതുതന്നെയാണ് അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്ഥാന ബ്യൂറോക്രസിയുടെ ആസ്ഥാനത്തുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസംഗം. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ എല്ലാ ജീവനക്കാരെയും വിളിച്ചുകൂട്ടി അദ്ദേഹം ഓര്‍മിപ്പിച്ച കാര്യങ്ങള്‍ നടപ്പായാല്‍ അതൊരു മഹത്തായ മാറ്റമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പൊതുഖജനാവില്‍നിന്ന് ശമ്പളംപറ്റുന്ന ‘ജനസേവകന്മാരി’ല്‍ പലരും കുറെക്കാലമായി സ്വന്തം ചുമതലകളോട് എത്രത്തോളം വഞ്ചന കാട്ടുന്നുവെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു-സൗമ്യമായ ഭാഷയിലാണെങ്കിലും. പഞ്ച് ചെയ്ത് ഹാജര്‍ അടയാളപ്പെടുത്തിക്കഴിഞ്ഞാല്‍ കസേരയിലിരിക്കുന്നവര്‍ കുറവ്. ഇരുന്നാല്‍തന്നെ ശരിക്ക് ജോലിചെയ്യുന്നവര്‍ ചുരുക്കം. ഫയലുകളില്‍ തീര്‍പ്പെടുക്കുന്നതിന് പകരം അവ അങ്ങോട്ടുമിങ്ങോട്ടും തട്ടുന്നതിലാണ് പലര്‍ക്കും കമ്പം. വല്ലതും ചെയ്യുന്നുവെങ്കില്‍തന്നെ അതിന് തരംപോലെ കൈക്കൂലി വേണംതാനും. ചെറിയൊരു വിഭാഗം സത്യസന്ധരായി ജോലിയെടുക്കുന്നവരായുണ്ട്. എന്നാല്‍, ‘സര്‍ക്കാര്‍ മുറ’ എന്ന ശൈലി നിത്യഭാഷയിലത്തെുവോളം വ്യാപകമാണ് നിരുത്തരവാദിത്തവും അഴിമതിയും. ഇത് നേരെയാക്കാന്‍ കഴിഞ്ഞാല്‍ അതുമാത്രം മതിയാകും ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരമാകാന്‍. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ ഈ മുന്‍കൈ സ്വാഗതം ചെയ്യപ്പെടണം. കഴിയുന്നത്ര നേരത്തേ, ചീഫ് സെക്രട്ടറി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വരെ ഉള്‍ക്കൊള്ളുന്ന ഭരണനിര്‍വഹണവിഭാഗത്തോട് അവരുടെ ചുമതലയെപ്പറ്റി ഓര്‍മിപ്പിച്ചത് ഇക്കാര്യത്തിന് സര്‍ക്കാര്‍ കല്‍പിക്കുന്ന ഗൗരവത്തിന്‍െറ സൂചനയാണ്. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന പ്രതീക്ഷയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ നല്‍കുന്നത്.
ബ്യൂറോക്രസിയിലെ പുഴുക്കുത്തുകള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞിട്ടുണ്ട്. ഇന്നും നാം ബ്രിട്ടീഷ് ഭരണകാലത്തെ ഫയല്‍നോട്ട രീതിയാണ് പിന്തുടരുന്നത്. ബ്രിട്ടീഷ് രീതിക്ക് മികവുകള്‍ വല്ലതുമുണ്ടെങ്കില്‍ ജനങ്ങള്‍ക്കത് അനുഭവിക്കാനാകുന്നില്ല. ഒരു ഫയലിന്മേല്‍ എങ്ങനെ തീര്‍പ്പാക്കണമെന്നല്ല, മറിച്ച് എങ്ങനെ തീര്‍പ്പെടുക്കാതിരിക്കാമെന്നാണ് കീഴുദ്യോഗസ്ഥരും മേലുദ്യോഗസ്ഥരും നോക്കുന്നത്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നതുപോലെ, ഓരോ ഫയലിലുമുള്ളത് ജീവിതമാണ്. ഫയലില്‍ ഉദ്യോഗസ്ഥര്‍ എഴുതുന്ന കുറിപ്പുകള്‍ ജീവിതങ്ങളെ രക്ഷപ്പെടുത്താനും നശിപ്പിക്കാനും ഉതകും. ഫയലുകള്‍ അവധാനതയോടെ, അനുഭാവപൂര്‍വം കൈകാര്യം ചെയ്താല്‍ പോരാ, അത് കാര്യക്ഷമതയോടെയും നിയമാനുസൃതമായും ആയാല്‍പോരാ, എത്രയും വേഗത്തില്‍ ആവുകകൂടി വേണം. ഇടനിലക്കാരും അഴിമതിയും ഇല്ലാതാകണം.
മുഖ്യമന്ത്രി പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരമാണ്. അദ്ദേഹത്തിന്‍െറ സംബോധിതരില്‍ വലിയൊരു വിഭാഗം ജീവനക്കാരുടെ സംഘടനകളില്‍പെടുന്നവരും അതില്‍തന്നെ വലിയ വിഭാഗം ഇടതുപക്ഷ സര്‍വിസ് സംഘടനക്കാരുമാണ്. പിണറായി പറഞ്ഞ കാര്യങ്ങള്‍ അതേ ഗൗരവത്തില്‍ അവര്‍കൂടി ഉള്‍ക്കൊണ്ടാല്‍തന്നെ നമ്മുടെ ഉദ്യോഗസ്ഥ മേഖല മിക്കവാറും ശുദ്ധീകരിക്കപ്പെടും. അവകാശത്തെപ്പറ്റി വളരെയേറെ ബോധമുള്ളവരും ഉത്തരവാദിത്തത്തെപ്പറ്റി ബോധമില്ലാത്തവരുമാണ് സര്‍ക്കാര്‍ ജീവനക്കാരെന്നത് പൊതുജനങ്ങളുടെ അഭിപ്രായവും അനുഭവവുമാണ്. ജനതാല്‍പര്യത്തില്‍ എടുത്ത പല തീരുമാനങ്ങളും നടപടികളും ഒടുവില്‍ ജീവനക്കാരുടെ സംഘടിത ശക്തിക്കുമുന്നില്‍ വൃഥാവിലായ ചരിത്രം ഒരുപാടുണ്ട്. സമീപനത്തില്‍ ജനപക്ഷമാറ്റം വരുത്താന്‍ ഏറ്റവും കഴിയുന്നതും കഴിയേണ്ടതും ഇന്നത്തെ ഭരണപക്ഷത്തുള്ള സംഘടനകള്‍ക്കാണ്. അവകാശങ്ങള്‍ ജീവനക്കാര്‍ക്ക് കിട്ടേണ്ടതുതന്നെ. പക്ഷേ, ശമ്പളം വാങ്ങി സംഘടനാപ്രവര്‍ത്തനം മാത്രം നടത്തുന്ന രീതി മാറിയേപറ്റൂ. കൃത്യവിലോപത്തിന് ശിക്ഷയുണ്ടാകുമെന്നും അങ്ങനെ ശിക്ഷിക്കപ്പെടുമ്പോള്‍ ആരും രക്ഷക്കത്തെുമെന്ന് കരുതേണ്ടതില്ളെന്നും മുഖ്യമന്ത്രി ജീവനക്കാരോട് തുറന്നടിച്ചത് ഈ സാഹചര്യത്തിലാണ് ശ്രദ്ധേയമാകുന്നത്. ഭരണയന്ത്രം ശുദ്ധവും കാര്യക്ഷമവുമാക്കിക്കൊണ്ടാണ്, അല്ലാതെ ഉദ്യോഗസ്ഥരെ തന്നിഷ്ടത്തിനുവിട്ട് വല്ലപ്പോഴും നാടുവാഴിശൈലിയില്‍ ‘ജനസമ്പര്‍ക്ക’മേളകള്‍ നടത്തിക്കൊണ്ടല്ല ഭരണകൂടം ആത്മാര്‍ഥതയും കഴിവും തെളിയിക്കേണ്ടത്. പറഞ്ഞപോലെ ചെയ്യുന്നയാളാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.