പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ട അമ്പതാം ദിവസം കുറ്റവാളി പിടിയിലായി എന്ന വിവരം സമൂഹം ആഘോഷിച്ചത് സ്വാഭാവികം. തുടക്കത്തില്‍ സംഭവിച്ച പാളിച്ചകള്‍മൂലം അന്വേഷണം വഴിമുട്ടുന്ന ഒരവസ്ഥയുണ്ടായതും തെരഞ്ഞെടുപ്പില്‍ അതൊരു വിഷയമായതുമെല്ലാം സംഭവത്തിന് വലിയ വാര്‍ത്താ പ്രാധാന്യം നേടിക്കൊടുത്തു. എന്നാല്‍, പരിമിതികളെ മറികടന്ന് ശാസ്ത്രീയമായ അന്വേഷണത്തിലൂടെ ഇത്തരം കേസും തെളിയിക്കാനാകുമെന്ന് കാണിച്ചുതന്ന പൊലീസ് സേനക്ക് അഭിമാനിക്കാന്‍ വകയുണ്ട്. അസം സ്വദേശിയായ നിര്‍മാണത്തൊഴിലാളി അമീറുല്‍ ഇസ്ലാമിനെ പിടികൂടി അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചു. 20 ലക്ഷത്തിലധികം ഫോണ്‍ വിളികള്‍ അന്വേഷണത്തിന്‍െറ ഭാഗമായി പരിശോധിച്ചു. 1500ലധികം ആളുകളെ ചോദ്യം ചെയ്യുകയും അയ്യായിരത്തിലേറെ പേരുടെ വിരലടയാളം പരിശോധിക്കുകയും ചെയ്തു. ഡി.എന്‍.എ പരിശോധനയും ഫോണ്‍ നിരീക്ഷണവും ഫലം ചെയ്തു. ലക്ഷ്യബോധമുള്ള അന്വേഷകരും ശാസ്ത്രീയരീതികളും ചേരുമ്പോള്‍ കുറ്റവാളികളെ കണ്ടത്തൊനും കാലക്രമേണ കുറ്റകൃത്യങ്ങള്‍ കുറച്ചുകൊണ്ടുവരാനും കഴിയുമെന്നതിന് ഒരു തെളിവുകൂടിയാണിത്.
കുറ്റവാളിയെ തിരിച്ചറിയുകയെന്നത് കേസിന്‍െറ അവസാനമല്ല, തുടക്കമാണ്. ഇതുതന്നെ വലിയ നേട്ടമാണെന്നതില്‍ തര്‍ക്കമില്ല. അതേസമയം, പഴുതുകളും വൈരുധ്യങ്ങളും വകഞ്ഞുമാറ്റി, കോടതിയില്‍ തെളിയിക്കാവുന്ന രീതിയില്‍ കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയേണ്ടതുണ്ട്. തുടക്കത്തില്‍ ഉണ്ടായ വീഴ്ചകള്‍ ഗൗരവമുള്ളതായിരുന്നു. സംഭവസ്ഥലം പൊലീസ് സീല്‍ ചെയ്തിരുന്നില്ല. തെളിവുകള്‍ നഷ്ടമാകാന്‍ ഇത് കാരണമായിരിക്കാം. ജിഷയുടെ മാതാപിതാക്കളുടെ അനുവാദമില്ലാതെ തിടുക്കത്തില്‍ മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിച്ചില്ല. പൊലീസ് സേനക്ക് ഇത്തരം കാര്യങ്ങളില്‍ പരിജ്ഞാനം ഉണ്ടാക്കണമെന്ന പാഠംകൂടി ജിഷാ കേസ് നല്‍കുന്നുണ്ട്.
തുടക്കത്തിലേ പാളിച്ചകളൊഴിച്ചുനിര്‍ത്തിയാല്‍ അന്വേഷകസംഘത്തെ മാറ്റുന്നതിന് മുമ്പുതന്നെ ശാസ്ത്രീയതെളിവുകള്‍ക്കായുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അത് ഫലപ്രാപ്തി കൈവരിച്ചത് പുതിയ സംഘത്തിനു കീഴിലാണ്. ബാഹ്യ ഇടപെടലും സമ്മര്‍ദവുമില്ളെങ്കില്‍ ശരിയായ രീതിയില്‍ അന്വേഷിക്കാനുള്ള ശേഷി പൊലീസ് സേനക്കുണ്ട്. ഇപ്പോള്‍ കുറ്റവാളിയെ കണ്ടത്തെിയെങ്കിലും കേസില്‍ പഴുതുകള്‍ ബാക്കി നില്‍ക്കുന്നുവത്രെ. പൊലീസ് പുറത്തുവിട്ട വിവരങ്ങള്‍ കോടതിയില്‍ തെളിയിക്കാവുന്ന കേസാക്കി വികസിപ്പിക്കാന്‍ ഇനിയും അധ്വാനമാവശ്യമാവാം. പ്രതിയുടെ കുറ്റസമ്മതത്തിനപ്പുറം, അയാളുടെ ഉദ്ദേശ്യമെന്തായിരുന്നെന്നും കൊലനടന്നത് ഏത് സാഹചര്യത്തിലെന്നും വിശ്വസനീയമായി തെളിയിക്കേണ്ടതുണ്ട്.
പ്രതി ഇതര സംസ്ഥാന തൊഴിലാളിയാണ് എന്നത് ഇതര സംസ്ഥാനക്കാരെ മുഴുവന്‍ ആക്ഷേപിക്കുന്നതിന് ഇടയാക്കിക്കൂടാ. ഇതുവരെയും ഇക്കാര്യത്തില്‍ മലയാളികള്‍ പക്വത കാണിച്ചുവെന്നത് ആശ്വാസകരമാണ്. അതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം ശേഖരിക്കുന്നത് കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും ജിഷാ സംഭവം ഓര്‍മിപ്പിക്കുന്നു. അവരുടെ തൊഴിലിനും അന്തസ്സിനും ഭംഗംവരുത്താതെ തന്നെ ഇതര സംസ്ഥാനക്കാരുടെ കണക്കെടുത്ത് സൂക്ഷിക്കുന്നത് കുറ്റാന്വേഷണത്തിനപ്പുറം പൊതുജനാരോഗ്യം, തൊഴിലവകാശ സംരക്ഷണം, സാമൂഹിക സുരക്ഷ തുടങ്ങിയ മേഖലകളിലും പ്രയോജനം ചെയ്യും. ഇത്തരം വിവരങ്ങള്‍ ഇല്ലാത്തത് കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിന് പ്രയാസമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നുണ്ട്. മറുനാടന്‍ തൊഴിലാളികളുടെ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിന് പ്രത്യേക നടപടി വേണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കുറ്റവാളിയെ കണ്ടത്തെിയാല്‍ പോരാ, ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തുകകൂടി വേണം. അതോടൊപ്പം, ജിഷയുടെ അനുഭവം മറ്റു ചില പ്രശ്നങ്ങള്‍കൂടി പൊതുശ്രദ്ധയില്‍ കൊണ്ടുവരുന്നുണ്ട്. കുറ്റം ചെയ്യുന്ന സാഹചര്യം നമ്മുടെ നാട്ടില്‍ ഇല്ലാതാവുകയല്ല, വര്‍ധിക്കുകയാണ്. അതിനീചമായ ചെയ്തികള്‍ വരെ സാധാരണമായി വരുന്നു. കുറ്റവാസനയെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവും അടച്ചുറപ്പില്ലാത്ത വീടുകളില്‍ രാപ്പാര്‍ക്കേണ്ടിവരുന്ന ദരിദ്ര കുടുംബങ്ങളും ബാഹ്യ ഇടപെടലുകള്‍ മൂലം കാര്യശേഷി കുറഞ്ഞുപോയ ക്രമസമാധാനപാലകരും നമുക്കു മുന്നില്‍ ചോദ്യങ്ങളായി തന്നെ നിലനില്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.