നിയമം പാലിക്കാനും ലംഘിക്കാനും


ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ നയിക്കുന്ന ആര്‍ട്ട് ഓഫ് ലിവിങ് (എ.ഒ.എല്‍) ഫൗണ്ടേഷന്‍ നാളെ, വെള്ളിയാഴ്ച മുതല്‍ ഞായര്‍ കൂടിയ ദിനങ്ങളില്‍ ഡല്‍ഹിയില്‍ യമുന നദീതീരത്ത് നടത്തുന്ന ലോക സാംസ്കാരിക ഉത്സവം പരിസ്ഥിതി പ്രശ്നങ്ങളുയര്‍ത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇടപെട്ടിരിക്കുന്നു. പരിസ്ഥിതി ലോല പ്രദേശത്തെ ആയിരം ഏക്കറില്‍ സംവിധാനിക്കുന്ന പരിപാടി പാരിസ്ഥിതിക പ്രത്യാഘാതങ്ങളുളവാക്കുമെന്നതിനാല്‍ തടയണമെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച ട്രൈബ്യൂണല്‍ സംഘാടകര്‍ക്ക് അഞ്ചു കോടി രൂപ പിഴയിട്ട് പരിപാടിക്ക് സോപാധിക അനുമതി നല്‍കിയിരിക്കുകയാണ്. പരാതി വൈകിയെന്ന സാങ്കേതികകാരണം ചൂണ്ടിക്കാട്ടിയ ട്രൈബ്യൂണല്‍ വിഷയത്തില്‍ ബന്ധപ്പെട്ട ഗവണ്‍മെന്‍റ് വകുപ്പുകള്‍ വീഴ്ചവരുത്തിയതായി എടുത്തുപറഞ്ഞു. കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തിയതിന് ഡല്‍ഹി വികസന അതോറിറ്റി (ഡി.ഡി.എ) ക്ക് അഞ്ചും മലിനീകരണ നിയന്ത്രണബോര്‍ഡിന് ഒന്നും ലക്ഷം രൂപ പിഴയുമുണ്ട്. 

ലോകത്തെ 155 രാജ്യങ്ങളില്‍നിന്ന് 3.5 ലക്ഷം പേരുടെ സാന്നിധ്യം, മാനവികപ്രഘോഷണങ്ങളുയരുന്ന മതാന്തര സംവാദം, യോഗപ്രദര്‍ശനങ്ങള്‍, സെലിബ്രിറ്റികളുടെ നൃത്തസംഗീത പരിപാടികള്‍ തുടങ്ങിയ സവിശേഷതകളോടെ രാജ്യങ്ങളെയും സംസ്കാരങ്ങളെയും മത പ്രത്യയശാസ്ത്രങ്ങളെയും ഒന്നിച്ചുനിര്‍ത്താന്‍ നടത്തുന്നതെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന ‘ലോകത്തെ ഏറ്റവും വലിയ’ ആത്മീയാഘോഷ പരിപാടിയാണ് മണ്ണിനും മനുഷ്യനും ഹാനിവരുത്തുന്നതെന്ന ആക്ഷേപം വിളിച്ചുവരുത്തിയിരിക്കുന്നത്. ഈ നിയമലംഘനങ്ങള്‍ക്ക് സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നവര്‍ ഒത്താശ ചെയ്തുകൊടുത്തുവെന്ന പരാതിക്കാരുടെ ആരോപണത്തെ ശരിവെക്കുന്നതാണ് ട്രൈബ്യൂണലിന്‍െറ ബുധനാഴ്ചത്തെ വിധി. ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശമുയര്‍ത്തിയിരുന്നു. പരിപാടി വിവാദമായതോടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കില്ളെന്ന് അറിയിച്ചിരുന്നു. ഡല്‍ഹി കുടിവെള്ളത്തിന് അവലംബിക്കുന്ന യമുനയുടെ തീരത്തെ നദീജലം കവിഞ്ഞൊഴുകുന്ന കണ്ടലും ചതുപ്പുമടങ്ങുന്ന പ്രദേശം പാഴ്വസ്തുക്കളടക്കം ഉപയോഗിച്ച് നികത്തിയാണ് സംഗമനഗരിയൊരുക്കുന്നത്. ഭൂഗര്‍ഭ ജല ഉപഭോഗത്തെ കാര്യമായി ബാധിക്കും ഇതെന്ന് പരിസ്ഥിതിജ്ഞാനികള്‍ ചൂണ്ടിക്കാണിക്കുന്നു. സമീപനാളുകളില്‍ ഡല്‍ഹിയില്‍ മഴ പെയ്താല്‍ അടുത്തിടെ ചെന്നൈയിലും ശ്രീനഗറിലുമുണ്ടായതുപോലുള്ള വന്‍ വെള്ളപ്പൊക്കവും അവര്‍ ആശങ്കിക്കുന്നുണ്ട്. ഇത്രയും ലോലമായ പ്രദേശത്ത് താല്‍ക്കാലിക കെട്ടിടങ്ങളും പാലങ്ങളും പണിയുന്നത് ആവാസവ്യവസ്ഥയെയും അതുവഴി നദിയുടെയും നഗരത്തിന്‍െറയും സുസ്ഥിരമായ നിലനില്‍പിനെയും ബാധിക്കും. കൊതുകിനും പ്രാണികള്‍ക്കുമെതിരായി പ്രദേശത്ത് വന്‍തോതില്‍ നടത്തുന്ന കീടനാശിനി പ്രയോഗം പക്ഷി, പ്രാണി, ഉരഗജന്തു വൈവിധ്യങ്ങളുടെ കലവറയെ നശിപ്പിക്കുമെന്നും ദേശാടനപ്പക്ഷികളുടെ തിരിച്ചുവരവിന്‍െറ സമയത്ത് യമുന തീരത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നുമാണ് പരിപാടിക്കെതിരെ നല്‍കിയ പരാതിയില്‍ ആക്ടിവിസ്റ്റ് ആനന്ദ് ആര്യ ചൂണ്ടിക്കാട്ടിയത്. പ്രദേശത്തിന്‍െറ പാരിസ്ഥിതികപ്രാധാന്യം മുന്‍നിര്‍ത്തി ഗവണ്‍മെന്‍റ് കൈക്കൊണ്ട നിയമനിയന്ത്രണങ്ങള്‍ക്കെല്ലാം വിരുദ്ധമായ പ്രവര്‍ത്തനമാണ് എ.ഒ.എല്‍ ഫൗണ്ടേഷന്‍ ചെയ്തുകൂട്ടുന്നതെന്നും പ്രദേശത്തിന്‍െറ പ്രാധാന്യമറിയാതെ നടത്തുന്ന അനധികൃത പ്രവൃത്തികളുടെ ദോഷം പരിഹരിക്കാന്‍ അടുത്തൊന്നുമാവില്ളെന്നും മറ്റൊരു പരാതിക്കാരനായ യമുന ജിയേ അഭിയാന്‍ പ്രവര്‍ത്തകന്‍ മനോജ് മിശ്ര പറഞ്ഞു. 

സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരാതി സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികളോട് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ പരാതിയില്‍ ഉന്നയിക്കപ്പെട്ടതെല്ലാം വാസ്തവമാണെന്ന് തെളിയുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങളെല്ലാം സ്വീകരിച്ചു എന്നു സംഘാടകരും അനുമതി നല്‍കാന്‍ ബാധ്യസ്ഥരായ കേന്ദ്രങ്ങളും ഒറ്റയടിക്കു പറയുമ്പോഴും ഹരിത ട്രൈബ്യൂണല്‍ അന്വേഷിച്ച പാരിസ്ഥിതിക പ്രശ്നങ്ങളൊന്നും അവര്‍ കണക്കിലെടുത്തില്ളെന്നാണ് വ്യക്തമാവുന്നത്. നിലം നികത്താന്‍ പാഴ്വസ്തുക്കള്‍ കുന്നുകൂട്ടിയതിന്‍െറ പടങ്ങളടക്കം നല്‍കിയ പരാതിയോട് അത്തരത്തിലൊന്നില്ളെന്ന കണ്ണടച്ച മറുപടിയാണ് ഡി.ഡി.എ നല്‍കുന്നത്. താല്‍ക്കാലിക പാലങ്ങള്‍ പണിയാന്‍ അനുമതി നല്‍കിയില്ളെന്ന് ഡി.ഡി.എ, ഡല്‍ഹി സര്‍ക്കാര്‍, കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം എന്നിവ വ്യക്തമാക്കുന്നു. വെള്ളപ്പൊക്കസമയത്ത് താല്‍ക്കാലിക പാലമുണ്ടാക്കി ജീവന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികരെ സംഗമനഗരിയില്‍ പാലം പണിയാന്‍ പ്രതിരോധവകുപ്പ് ഉപയോഗിച്ചത് ഏതു മാനദണ്ഡം ഉപയോഗിച്ച് എന്ന ചോദ്യത്തിനുമില്ല വ്യക്തമായ മറുപടി. ഇത്രയും ജനലക്ഷങ്ങള്‍ തിങ്ങിക്കൂടുന്ന സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാത്തതിനാല്‍ തല്‍സംബന്ധമായ അനുമതിയും രേഖാമൂലം ഇനിയും ലഭിച്ചിട്ടുവേണം. ഈ വീഴ്ചകളെല്ലാം അംഗീകരിച്ചുകൊണ്ട് വൈകിക്കിട്ടിയ പരാതിയില്‍ മേലില്‍ നിയമലംഘനം പാടില്ളെന്ന കര്‍ശന ഉപാധി വെച്ചിരിക്കുകയാണ് ട്രൈബ്യൂണല്‍. പരിസ്ഥിതി ആഘാതം സംബന്ധിച്ച് അവിടെ ഒരു മരംപോലും വെട്ടുന്നില്ളെന്നാണ് രവിശങ്കര്‍ പറയുന്നത്. പ്രദേശത്തെ ജൈവവൈവിധ്യവും ആവാസവ്യവസ്ഥയുമൊന്നും സംഘാടകരോ അധികാരികളോ ഗൗനിച്ചില്ളെന്ന ട്രൈബ്യൂണല്‍ വിലയിരുത്തല്‍ ശരിവെക്കുകയാണ് അദ്ദേഹം. 
നിയമവും നിയന്ത്രണവുമൊക്കെ സാധാരണക്കാര്‍ക്ക് പാലിക്കാനുള്ളതാണ് എന്നതുപോലെ സാമ്പത്തിക, രാഷ്ട്രീയ, ആത്മീയമേഖലകളിലെ വരേണ്യര്‍ക്ക് ലംഘിക്കാനുമുള്ളതാണ് എന്നതിന്‍െറ പച്ചയായ തെളിവായി ജീവനകലയുടെ വിശ്വ സാംസ്കാരികസംഗമം. ഗംഗ നദി ശുദ്ധീകരിക്കാന്‍ പ്രത്യേക വകുപ്പും വകയിരുത്തലുമൊക്കെ സംവിധാനിച്ച, ‘സ്വച്ഛ് ഭാരത്’ മുദ്രാവാക്യമുയര്‍ത്തുന്ന ബി.ജെ.പിയും അവരെ ആവുന്നിടത്തെല്ലാം വിമര്‍ശിക്കുന്ന ആം  ആദ്മിയും യമുന തീരത്തെ ആള്‍ദൈവാഘോഷപ്പൊലിമക്കു മുന്നില്‍ ഒരുപോലെ കവാത്തു മറക്കുന്നുവെന്നാണ് ഹരിത ട്രൈബ്യൂണല്‍ വിളിച്ചുപറയുന്നത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.