ശരിയായ ഭ്രാന്ത്

വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും സംഭവിച്ച കാര്യമാണിത്. രാജസ്ഥാനിലെ മേവാര്‍ സര്‍വകലാശാല ഹോസ്റ്റലില്‍ ചൊവ്വാഴ്ച രാത്രി ശാകിബ് അശ്റഫ്, ഹിലാല്‍ ഫാറൂഖ്, മുഹമ്മദ് മഖ്ബൂല്‍, ശൗക്കത്ത് അലി എന്നീ നാലു കശ്മീരി വിദ്യാര്‍ഥികള്‍ ആക്രമിക്കപ്പെട്ടു. കാരണം ലളിതം; ഹോസ്റ്റല്‍ മുറിയില്‍ അവര്‍ ബീഫ് പാചകം ചെയ്യുന്നതായി ആര്‍ക്കൊക്കെയോ ഉള്‍വിളിയുണ്ടായി. ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ കാമ്പസിന് പുറത്ത് സംഘടിച്ചത്തെി. വിദ്യാര്‍ഥികളില്‍ ചിലരും ഹിന്ദുത്വവാദികളും ചേര്‍ന്ന് കശ്മീരി വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ തുടങ്ങി. ഹിന്ദുത്വരെ  സംബന്ധിച്ചിടത്തോളം ഒരു സാധാരണ പ്രവൃത്തിമാത്രം. സംഗതിയുടെ കൈ്ളമാക്സ് ഇനി കേട്ടോളൂ: ഈ നാലു വിദ്യാര്‍ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ചുമത്തിയിരിക്കുന്ന വകുപ്പ് ഐ.പി.സി 151. അതായത്, പൊതുസമാധാനത്തിന് ഭംഗം വരുത്തല്‍! കാര്യം അവിടെയും നില്‍ക്കുന്നില്ല. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങളെ  ഗൗരവത്തിലെടുക്കുന്ന മാധ്യമങ്ങളില്‍പോലും അത് ഉള്‍പേജിലെ ഒരു കുഞ്ഞു വാര്‍ത്ത മാത്രം. കാര്യമിതാണ്: ഇതൊക്കെ വെറും സാധാരണ വാര്‍ത്ത മാത്രമാകുന്ന അവസ്ഥയിലേക്ക് സംഗതികള്‍ മാറിയിരിക്കുന്നു. അറിയുക: ഇത് മഹത്തായ മോദി യുഗമാണ്.
ഇന്നലെ (വ്യാഴാഴ്ച) അതുമായി ബന്ധപ്പെട്ട അനുബന്ധ വാര്‍ത്ത വന്നിട്ടുണ്ട്. പൊലീസ് ഹോസ്റ്റലില്‍നിന്ന് പിടിച്ചെടുത്ത മാംസക്കഷണങ്ങള്‍ ബീഫ് അല്ളെന്ന് വെറ്ററിനറി മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്തിരിക്കുന്നു. അറസ്റ്റിലായ കശ്മീരി വിദ്യാര്‍ഥികള്‍ക്ക് ജാമ്യവും കിട്ടിയിരിക്കുന്നു. അപ്പോഴും അവരെ അടിച്ചു പരുവമാക്കിയ ‘ദേശസ്നേഹി’കള്‍ അവിടെ സൈ്വരവിഹാരം നടത്തുന്നു. നമ്മുടെ നാട് എങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ട ആകുലപ്പെടുത്തുന്ന വാര്‍ത്തകളിലെ ഒടുവിലത്തേത് മാത്രമാണിത്. അസഹിഷ്ണുതക്കെതിരായ സാംസ്കാരിക ജാഗ്രതകള്‍ മാധ്യമങ്ങളിലും ഉപരിവര്‍ഗ ബുദ്ധിജീവി തലങ്ങളിലും തുടരുന്നതിനിടയില്‍തന്നെയാണ്  ഇത്തരം വര്‍ഗീയ ഭ്രാന്തുകള്‍ വാര്‍ത്തകള്‍ പോലുമാവാതെ തിമിര്‍ത്താടുന്നത്. നിരന്തരം ആക്രമിച്ചുകൊണ്ട് ഇത്തരം ചെയ്തികളൊക്കെ ദേശീയ ശീലമാക്കി മാറ്റിയെടുക്കുക എന്നായിരിക്കണം സംഘ്പരിവാര്‍  ഉദ്ദേശിക്കുന്നത്. അങ്ങനെ ഭ്രാന്തന്മാരെക്കൊണ്ട് നിറഞ്ഞ ഒരു മഹാഭാരതം അവര്‍ സ്വപ്നം കാണുന്നുണ്ടാവണം.
വാരിസ് പത്താന്‍ എന്ന എം.എല്‍.എയെ മഹാരാഷ്ട്ര അസംബ്ളിയില്‍നിന്ന് സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തതും (മാര്‍ച്ച് 16) ഇതോട് ചേര്‍ത്തു വായിക്കേണ്ട കാര്യമാണ്. മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എം.ഐ.എം) എന്ന പാര്‍ട്ടിയെ പ്രതിനിധാനംചെയ്യുന്ന സഭാംഗമാണ് പത്താന്‍. നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കെ ബി.ജെ.പി അംഗമായ രാം കദം, ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാന്‍ പത്താനോട് ആവശ്യപ്പെട്ടു. ഇങ്ങനെ ആവശ്യപ്പെടാന്‍ ഇയാള്‍ക്ക് എന്ത് അവകാശം എന്നൊന്നും ചോദിക്കരുത്. ഡല്‍ഹി പട്യാല ഹൗസിലെ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനത്തെിയ പത്രപ്രവര്‍ത്തകരെ വന്ദേമാതരം വിളിക്കാന്‍ സംഘി അഭിഭാഷകര്‍ നിര്‍ബന്ധിക്കുന്നത് നമ്മളെല്ലാം ചാനല്‍ ദൃശ്യങ്ങളില്‍ കണ്ടതാണ്. അതിന്‍െറ മറ്റൊരു പതിപ്പാണ് മഹാരാഷ്ട്ര അസംബ്ളിയില്‍ കണ്ടത്.
സഹ എം.എല്‍.എയുടെ തീട്ടൂരത്തിന് വഴങ്ങി ആ മുദ്രാവാക്യം വിളിക്കാന്‍ വാരിസ് പത്താന്‍ തയാറായില്ല.  മറ്റൊരു സഭാംഗത്തെക്കൊണ്ട് അങ്ങനെ വിളിപ്പിക്കാന്‍ ഈ ബി.ജെ.പി എം.എല്‍.എക്ക് എന്തവകാശം എന്ന് സ്പീക്കറെങ്കിലും ചോദിക്കേണ്ടതായിരുന്നു. പക്ഷേ, അങ്ങനെയൊന്നുണ്ടായില്ല. സഭയില്‍ ബഹളമായി. പത്താനെ സസ്പെന്‍ഡ് ചെയ്യണമെന്ന് നിയമസഭാകാര്യ സഹമന്ത്രി രനിത് പാട്ടീല്‍ ആവശ്യപ്പെട്ടു. ദേശസ്നേഹത്തില്‍ പിറകിലായിപ്പോകരുതെന്ന് വിചാരിച്ചാവണം കോണ്‍ഗ്രസ്, എന്‍.സി.പി അംഗങ്ങളും ബി.ജെ.പിയുടെ ആവശ്യത്തെ പിന്തുണച്ചു. അങ്ങനെ ബഹുമാന്യനായ സ്പീക്കര്‍ പത്താനെ സസ്പെന്‍ഡ് ചെയ്യുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. ദേശസ്നേഹം പ്രകടിപ്പിക്കാന്‍ പുതുതലമുറയെക്കൊണ്ട് ഭാരത് മാതാ കീ ജയ് വിളിപ്പിക്കണമെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ആഹ്വാനം ചെയ്തിരുന്നു. ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഞാന്‍ തയാറാണെന്നും എന്നാല്‍, മോഹന്‍ ഭാഗവത് നിര്‍ദേശിക്കുന്നതുപോലെ വിളിക്കാന്‍ തന്നെ കിട്ടില്ളെന്നുമാണ് പത്താന്‍ പറഞ്ഞത്. അതിന്‍െറ പേരില്‍ ഒരു അംഗത്തെ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യുക, അതിന് മതേതര പാര്‍ട്ടികള്‍ എന്നവകാശപ്പെടുന്ന കോണ്‍ഗ്രസും എന്‍.സി.പിയുമെല്ലാം പിന്തുണ നല്‍കുക; കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ നമ്മുടെ ജനാധിപത്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമെല്ലാം നാം ഗൗരവത്തില്‍ ആലോചിക്കേണ്ടിയിരിക്കുന്നു.
ഇടുങ്ങിയ മനസ്സുകളുടെയും മനുഷ്യരുടെയും ഒരു സ്വര്‍ഗരാജ്യമായി നമ്മുടെ ഈ മഹത്തായ നാടിനെ മാറ്റാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അവരുടെ പ്രചാരണങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പെരുക്കത്തിനിടയില്‍ ഭ്രാന്തന്‍ നടപടികള്‍പോലും സാധാരണ കാര്യങ്ങളായി മാറുകയാണ്. മതേതരവാദികള്‍ എന്ന് നാം വിചാരിക്കുന്നവര്‍പോലും അസഹിഷ്ണുതയുടെ ഈ പെരുമഴയില്‍ നനഞ്ഞുപോവുകയാണ്. ഈ പ്രളയത്തെ നീന്തിക്കടന്ന് ജനാധിപത്യത്തിന്‍െറ സ്വച്ഛമായ മറുകരയില്‍ നാമെപ്പോഴാണ് എത്തുക?

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT