ഈസ്റ്റര്‍ ദിനമായ കഴിഞ്ഞ ഞായറാഴ്ച പാക് നഗരമായ ലാഹോറിലെ പാര്‍ക്കില്‍ നടന്ന, 72 പേര്‍ കൊല്ലപ്പെട്ട സ്ഫോടനം ആ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ സംഭവമല്ല. സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളുംകൊണ്ട് നിറഞ്ഞതാണ്, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പാകിസ്താന്‍െറ ദൈനംദിന ജീവിതം. ഒരു സ്ഫോടനത്തിനെങ്കിലും സാക്ഷിയാവാത്ത നഗരം അവിടെയില്ളെന്ന് പറയാന്‍ കഴിയും. മതഭ്രാന്തന്മാരും അധികാരക്കൊതി മൂത്ത മുല്ലമാരും സാമ്രാജ്യത്വ ഇടപെടലുകളും സൈന്യത്തിന്‍െറ ജനാധിപത്യവിരുദ്ധ നടപടികളുമെല്ലാം ചേര്‍ന്ന് ആ നാടിനെ ലോകത്തെ ഏറ്റവും പരാജയപ്പെട്ടതും അപകടംപിടിച്ചതുമായ സ്ഥലമാക്കി മാറ്റിയിരിക്കുന്നു. അതിനിടയില്‍ കുരുതികൊടുക്കപ്പെട്ട നിരപരാധികളുടെ ജീവനുകള്‍ എണ്ണമറ്റതാണ്. ആ പരമ്പരയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ലാഹോര്‍ സ്ഫോടനം.
ലാഹോര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ അസ്വസ്ഥപ്പെടുത്തുന്ന ഒരു ഘടകംകൂടിയുണ്ട്. രാജ്യത്തെ ന്യൂനാല്‍ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമുദായാംഗങ്ങളെ ലക്ഷ്യംവെച്ചായിരുന്നു ആക്രമണം എന്നതാണത്. സ്വതേ വിഭാഗീയ സംഘര്‍ഷങ്ങളും തീവ്രവാദ ആക്രമണങ്ങളുംകൊണ്ട് ദുര്‍ബലമായ രാജ്യത്തിന്‍െറ യശ്ശസ് പിന്നെയും ഇടിച്ചുകളയുന്നതായിപ്പോയി ആ സംഭവം. ചെറിയൊരു ന്യൂനപക്ഷ സമൂഹത്തെപ്പോലും ജീവിക്കാനനുവദിക്കാത്തവിധം അത്യധികം കുടുസ്സായ ചിന്താഗതി കൊണ്ടുനടക്കുന്നവരാണ് പാകിസ്താനിലെ മതതീവ്രവാദികള്‍ എന്നാണ് ലാഹോര്‍ സംഭവം അടിവരയിടുന്നത്. പാകിസ്താനി താലിബാന്‍ എന്ന് പൊതുവെ അറിയപ്പെടുന്ന തഹ്രീകെ താലിബാനെ പാകിസ്താന്‍ (ടി.ടി.പി) എന്ന പ്രസ്ഥാനത്തില്‍നിന്ന് പിരിഞ്ഞുണ്ടായ ജമാഅത്തുല്‍ അഹ്റാര്‍ എന്ന സംഘടന സ്ഫോടനത്തിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. ഈസ്റ്റര്‍ ആഘോഷിക്കുന്ന ക്രിസ്ത്യാനികളെയാണ് തങ്ങള്‍ ലക്ഷ്യംവെച്ചതെന്നും അവര്‍ പറയുന്നു. ശിയാക്കളെ ലക്ഷ്യംവെക്കുന്ന സുന്നി തീവ്രവാദികള്‍, സുന്നികളെ ലക്ഷ്യംവെച്ച് ബോംബ് പൊട്ടിക്കുന്ന ശിയാ തീവ്രവാദികള്‍, കുട്ടികളെയും സ്കൂളുകളെയും ലക്ഷ്യംവെക്കുന്ന താലിബാനികള്‍... അങ്ങനെ പലതരം ഭ്രാന്തന്‍ ആശയങ്ങള്‍ കൊണ്ടുനടക്കുന്നവരെക്കൊണ്ട് തുലഞ്ഞുപോയിരിക്കുകയാണ് പാകിസ്താന്‍ എന്ന രാജ്യം.
പാകിസ്താനിലെ സംഭവവികാസങ്ങള്‍ ഒറ്റപ്പെട്ടതല്ല. ലോകത്ത് പല മുസ്ലിം നാടുകളും സമാനമായ തമോഗര്‍ത്തങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ്. ഇറാഖ്, സിറിയ, യമന്‍, ലിബിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍നിന്ന് നാം ദിനേനയെന്നോണം സമാനമായ വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. മനുഷ്യകുലത്തിന്‍െറ മുഴുവന്‍ ശാന്തിയെക്കുറിച്ച് ഗൗരവത്തില്‍ സംസാരിക്കുന്ന ഒരു ദര്‍ശനത്തിന്‍െറ വക്താക്കള്‍ക്ക് പ്രാമുഖ്യമുള്ള നാടുകള്‍ ലോകത്തെ തന്നെ ഏറ്റവും അശാന്തമായ പ്രദേശങ്ങളായി മാറിയെന്നത് വലിയൊരു വൈരുധ്യമാണ്. ആ നാടുകളെ ഇങ്ങനെ ദുരന്തഗര്‍ത്തങ്ങളായി മാറ്റുന്നതില്‍ സാമ്രാജ്യത്വ ഇടപെടലുകള്‍ക്ക് വലിയ പങ്കുണ്ട് എന്നത് യാഥാര്‍ഥ്യംതന്നെയാണ്. പക്ഷേ, എല്ലാറ്റിനും സാമ്രാജ്യത്വ സയണിസ്റ്റ് അജണ്ടകളെ മാത്രം കുറ്റംപറഞ്ഞിരിക്കുന്നതില്‍ അര്‍ഥമില്ല. അത്തരം ലക്ഷ്യങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ക്ക് എളുപ്പം കാര്യങ്ങള്‍ നടത്താന്‍പറ്റുന്ന നിലങ്ങളായി മുസ്ലിം നാടുകള്‍ എന്തുകൊണ്ട് മാറിയെന്ന് മുസ്ലിം സമൂഹവും നേതൃത്വവും ആത്മപരിശോധന നടത്തണം.
എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് എന്ന അന്വേഷണത്തിലേക്ക് കടക്കുമ്പോള്‍ സങ്കീര്‍ണമായ പല ഘടകങ്ങളെയും നമ്മള്‍ കാണേണ്ടിവരും. അത്തരം സങ്കീര്‍ണതകളെല്ലാം ഉണ്ടായിരിക്കത്തെന്നെ മുസ്ലിം നാടുകള്‍ക്ക് ബാധകമായ പൊതുവായ ചില ഘടകങ്ങളുണ്ട്. ശക്തമായ സിവില്‍ സൊസൈറ്റി ഇത്തരം നാടുകളിലില്ല എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സിവില്‍ സൊസൈറ്റി ദുര്‍ബലമാവുന്നിടത്താണ് അധോലോക, തീവ്രവാദ, ദുരൂഹസംഘങ്ങള്‍ക്ക് ശക്തിയും പ്രാമുഖ്യവും ലഭിക്കുന്നത്. എന്തുകൊണ്ടാണ് മുസ്ലിം നാടുകളില്‍ സിവില്‍ സൊസൈറ്റി ദുര്‍ബലമായത്? കാരണം ലളിതമാണ്. ഒരു ആശയമെന്ന നിലയിലും സാമൂഹിക സംവിധാനം എന്നനിലയിലും ജനാധിപത്യം അവിടങ്ങളില്‍ വളര്‍ന്നുവന്നിട്ടില്ല. അതിനാല്‍ ഉള്ളടക്കത്തിലും ഘടനയിലും ശക്തിയുള്ള ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതുമാത്രമാണ് പോംവഴി. പക്ഷേ, മുസ്ലിം നാടുകളിലെ ജനാധിപത്യ ഉണര്‍വുകളെ തദ്ദേശീയ ഭരണകൂടങ്ങള്‍ മാത്രമല്ല, ജനാധിപത്യത്തിന്‍െറ മുന്നണിപ്പോരാളികളായ പടിഞ്ഞാറന്‍ ‘പുരോഗമന’ രാജ്യങ്ങളും ഭയക്കുന്നുവെന്നതാണ് വാസ്തവം. ജനാധിപത്യവിരുദ്ധരായ ഇത്തരം ഭരണകൂടങ്ങള്‍ക്കെല്ലാം അമേരിക്കയടക്കമുള്ള പാശ്ചാത്യശക്തികളുടെ വലിയ പിന്തുണയുണ്ട്. തദ്ദേശീയ സ്വേച്ഛാധിപതികളും അവരെ പിന്തുണക്കുന്ന പടിഞ്ഞാറന്‍ ‘പുരോഗമന’ രാജ്യങ്ങളും രണ്ടിനുമിടയില്‍ കിടന്ന് കളിക്കുന്ന മതഭ്രാന്തന്‍ ഗ്രൂപ്പുകളും ചേര്‍ന്ന് മുസ്ലിം നാടുകളെ രക്തക്കളങ്ങളാക്കി മാറ്റിയിരിക്കുകയാണ്. അതിന്‍െറ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ലാഹോര്‍ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.