തെരഞ്ഞെടുപ്പ് പോരാട്ടം എത്രവരെ തരംതാഴാം?


ഏഴു പതിറ്റാണ്ടിന്‍െറ ജനായത്തപാരമ്പര്യം നമുക്ക് അവകാശപ്പെടാനുണ്ടെങ്കിലും തെരഞ്ഞെടുപ്പ് സമയമാകുമ്പോള്‍ വിവേകമോ പക്വതയോ തൊട്ടുതീണ്ടാത്ത പെരുമാറ്റരീതി കക്ഷികളില്‍നിന്നും നേതാക്കളില്‍നിന്നും കാണേണ്ടിവരുന്നു എന്നത് കേരളീയര്‍ കഴുത്തില്‍ തൂക്കിയിട്ടു നടക്കുന്ന പ്രബുദ്ധതയുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്. ഇലക്ഷന്‍ ഗോദയില്‍ പ്രതിയോഗിയെ തറപറ്റിക്കാന്‍ ഏത് കുത്സിത മാര്‍ഗവുമാവാം എന്ന വികല കാഴ്ചപ്പാടില്‍ പൊതുവെ സദാചാരവിരുദ്ധമായി പോലും കണക്കാക്കാവുന്ന രീതികള്‍ സ്വീകരിക്കുന്നത് ശീലമായി മാറിയിട്ടുണ്ടിവിടെ. അതിന്‍െറ ഒന്നാന്തരം ഉദാഹരണമാണ്  ‘അപരന്മാരെ’ ഇറക്കിയുള്ള വൃത്തികെട്ട കളി. എതിര്‍ ചേരിയിലെ സ്ഥാനാര്‍ഥിയുടെ പേരുള്ളവരെ, അല്ളെങ്കില്‍ പേരില്‍ സാമ്യമുള്ളവരെ മത്സരരംഗത്തിറക്കി വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ഹീനതന്ത്രം, നിഷ്പക്ഷമായി പറഞ്ഞാല്‍ മാന്യതക്ക് നിരക്കാത്ത ഏര്‍പ്പാടാണ്. ആഗതമായ നിയമസഭ തെരഞ്ഞെടുപ്പിലും അപരന്മാരുടെ വന്‍ സാന്നിധ്യം ഇരുമുന്നണികളുടെയും ജയപരാജയങ്ങളെ കാര്യമായി ബാധിച്ചേക്കാമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏത് പൗരനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവകാശമുണ്ട് എന്ന ആനുകൂല്യം ചൂഷണംചെയ്ത് മത്സരരംഗത്തെ മലീമസപ്പെടുത്തുന്ന രീതി അനഭിലഷണീയമായ ഒരു കളിയാണെന്ന് സമ്മതിക്കാത്ത പാര്‍ട്ടി ഉണ്ടാവില്ല. ഇപ്പോഴത്തെ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ 2004ല്‍ ആലപ്പുഴ ലോക്സഭ മണ്ഡലത്തില്‍നിന്ന്  പരാജയം രുചിച്ചത് അദ്ദേഹത്തിന്‍െറ പേരിലുള്ള ഒരപരന്‍ എണ്ണായിരത്തിലേറെ വോട്ട് കവര്‍ന്നതുകൊണ്ടാണ്. മറ്റു പലരുടെയും രാഷ്ട്രീയഭാവി പല ഘട്ടങ്ങളിലായി അപരന്മാര്‍ അപകടപ്പെടുത്തിയിട്ടുണ്ട്. സ്വന്തം മുന്നണിയുടെയും സ്ഥാനാര്‍ഥിയുടെയും ജയസാധ്യതയില്‍ വിശ്വാസമില്ലാത്ത, എന്തിനും ഏതിനും കുറുക്കുവഴി തേടുന്ന അധമമനസ്കരാണ് ഇമ്മട്ടിലുള്ള പിത്തലാട്ടങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കുന്നത്. പല കാര്യത്തിലും കര്‍ക്കശനിലപാട് സ്വീകരിക്കുന്ന തെരഞ്ഞെടുപ്പ് കമീഷന്‍പോലും ഈ വിഷയത്തില്‍ നോക്കുകുത്തി മാത്രമാണെന്നതാണ് ഖേദകരം. കേരള നിയമസഭയുടെ 140 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് 1203 സ്ഥാനാര്‍ഥികളെക്കൊണ്ട് നിബിഡമാവാന്‍ പ്രധാനകാരണം അപരന്മാരുടെ ബാഹുല്യംതന്നെയാണ്് . ഈ നിഷേധാത്മക പ്രവണത തിരുത്താന്‍ പരിഹാരമാര്‍ഗം കാണേണ്ടത് ആരോഗ്യകരമായ ജനായത്ത സംസ്കാരം വളര്‍ത്തുന്നതില്‍ അനിവാര്യമാണെന്നിരിക്കെ, രാഷ്ട്രീയ നേതൃത്വവും ഇലക്ഷന്‍ കമീഷനും അടിയന്തരമായി മുന്‍കൈ എടുക്കേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണം ആളും അര്‍ഥവും ചൊരിഞ്ഞ് എത്രകണ്ട് കൊഴുപ്പിക്കാനാവുമോ അതിനനുസരിച്ചായിരിക്കും ജയപരാജയങ്ങള്‍ തീരുമാനിക്കപ്പെടുക എന്നാണ് നാം പൊതുവെ വെച്ചുപുലര്‍ത്തുന്ന ധാരണ. പ്രചാരണം കൊണ്ട് വിവക്ഷിക്കുന്നത് സ്ഥാനാര്‍ഥിയുടെ വദനസൗകുമാര്യവും ആകാരസൗഷ്ഠവവും പൊലിപ്പിച്ചുകാട്ടുക ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. ജനങ്ങളോട്, അല്ളെങ്കില്‍ വോട്ടര്‍മാരോട് സ്ഥാനാര്‍ഥിക്കും അദ്ദേഹത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കക്ഷിക്കും മുന്നണിക്കുമൊക്കെ പറയാനുള്ളത് എന്താണ് എന്നതാണ് പ്രധാനം. അല്ലാതെ, നാടാകെ ഫ്ളക്സും ഹോര്‍ഡിങ്സും ഉയര്‍ത്തിക്കെട്ടി ഗുരുതരമായ പാരിസ്ഥിതിക മലിനീകരണം സൃഷ്ടിക്കുന്നത് ജനവിരുദ്ധവും ജനായത്ത വ്യവസ്ഥയത്തെന്നെ അട്ടിമറിക്കുന്നതുമായ ഒരു രീതിയാണ്. ടി.എന്‍. ശേഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷനായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങളും കര്‍ശന വ്യവസ്ഥകളും ജനപക്ഷത്തുനിന്നുകൊണ്ടായിരുന്നുവെങ്കിലും പ്രായോഗികതലത്തില്‍ ജനവിരുദ്ധതയാണ് ഇപ്പോഴും അഭംഗുരം തുടരുന്നത്. വരുന്ന പത്തുദിവസം സംസ്ഥാനത്തുടനീളം ശബ്ദമലിനീകരണം അതിന്‍െറ പാരമ്യതയിലത്തെുമെന്നുറപ്പ്. ‘കരുത്തനും പ്രിയങ്കരനുമായ’ സ്ഥാനാര്‍ഥികളുടെ പേരില്‍ പൊതുജനത്തിന്‍െറ സ്വാസ്ഥ്യംകെടുത്തുകയും ഗുരുതര നിലയില്‍ അന്തരീക്ഷമലിനീകരണത്തിനു വഴിവെക്കുകയും ചെയ്യുന്ന പതിവു ശൈലി എന്തുമാത്രം പരിഹാസ്യവും നെറികേടുമാണെന്ന് നമ്മുടെ രാഷ്ട്രീയനേതൃത്വം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അനിയന്ത്രിതമായ ശബ്ദഘോഷങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളെയും അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ശബ്ദശല്യം ഒരുനിലക്കും സഹിക്കാനാവാത്ത രോഗികളോടും വൃദ്ധജനതയോടും കുഞ്ഞുങ്ങളോടും കാട്ടുന്ന ക്രൂരത ഏത് ജനാധിപത്യപുരോഗതിയുടെ കണക്കിലാണ് ചെലവുവെക്കുക. ആശയപ്രചാരണവും സംവാദവുമെല്ലാം രാഷ്ട്രീയ അവബോധം വളര്‍ത്തുന്നതില്‍ പ്രയോജനപ്പെടില്ല എന്ന് ആരും വാദിക്കുമെന്ന് തോന്നുന്നില്ല. അതാവശ്യവുമാണ്. എന്നാല്‍, ജനങ്ങളുടെ സ്വാസ്ഥ്യം കെടുത്തിയാവരുത്.

തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് മുന്‍കാലങ്ങളെ അപേക്ഷിച്ച് ആക്രമണോത്സുകത കുറഞ്ഞുവന്നിട്ടുണ്ടെങ്കിലും നിലവാരം പുലര്‍ത്തുന്ന കാമ്പയിന്‍ രീതികള്‍ പരീക്ഷിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികളും വ്യക്തികളും ഇപ്പോഴും ഉത്സുകരല്ല എന്നത് നവീനമായ കാഴ്ചപ്പാട് വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെടുന്നതുകൊണ്ടാണ്. ഇവന്‍റ് മാനേജ്മെന്‍റിന് എല്ലാം വിട്ടുകൊടുത്ത് ഭാഗ്യം വന്നണയുന്നതും കാത്ത് വീട്ടിലിരിക്കുന്ന അവസ്ഥയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ ചുരുട്ടിക്കെട്ടുമ്പോള്‍ നഷ്ടപ്പെടുന്നത് സംവാദാത്മകസമൂഹത്തിന്‍െറ ജൈവികമൂല്യങ്ങളാണ്. അതിനിടയില്‍, പ്രതിയോഗികളെ വ്യക്തിപരമായി അധിക്ഷേപിക്കാനും തേജോവധം ചെയ്യാനും ചിലരെങ്കിലും അപാരധൈര്യം കാട്ടുന്നത് തെരഞ്ഞെടുപ്പ് പോരാട്ടത്തെ തറനിലവാരത്തിലേക്ക് കൊണ്ടിറക്കുമെന്നതില്‍ സംശയം വേണ്ട. ഇടുക്കിയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയെ കരിങ്കുരങ്ങ്, കരിംഭൂതമെന്നൊക്കെ വിളിക്കാന്‍ ഒരു സമുദായ നേതാവ് കാട്ടിയ ധാര്‍ഷ്ട്യം ഇലക്ഷന്‍ വന്നാല്‍ സാംസ്കാരികലോപത്തിന്‍െറ പരിധി ഇനിയും താഴോട്ട്  ഇറങ്ങുമെന്ന മുന്നറിയിപ്പ് നല്‍കാനാണോ എന്ന ആശങ്ക ബാക്കിനില്‍ക്കുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:45 GMT