ജനാധിപത്യത്തിലെ അസാധാരണത്വങ്ങള്‍

അമേരിക്കന്‍ പ്രസിഡന്‍റ് പദവിയിലേക്ക് മത്സരിക്കുന്നതിന് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയില്‍ നടന്ന സ്ഥാനാര്‍ഥിത്വ നിര്‍ണയ മത്സരങ്ങളില്‍ ഡൊണാര്‍ഡ് ട്രംപ് നേടിയ വിജയം വിശകലനം ചെയ്യവെ എങ്ങനെയാണ് പലരും ഭൂരിപക്ഷമില്ലാതിരുന്നിട്ടും ജേതാക്കളാകുന്നത് എന്നതിനെ സംബന്ധിച്ചും അത് ജനാധിപത്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ചും നൊബേല്‍ ജേതാക്കളായ എറിക് മാസ്കിനും അമര്‍ത്യസെനും ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
സ്ത്രീ വിരുദ്ധത, മുസ്്ലിം വിരുദ്ധത, മെക്സികന്‍ വിരുദ്ധത തുടങ്ങി  അപക്വവും അപകടകരവുമായ  നിലപാടുകള്‍കൊണ്ട് സ്വന്തം രാജ്യത്തുനിന്നും ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നും ശക്തമായ വിമര്‍ശങ്ങള്‍ ഏറ്റുവാങ്ങിയ ആളാണ് ട്രംപ്. മുന്‍ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനുപോലും  അംഗീകരിക്കാന്‍ കഴിയാത്തത്ര പ്രതിലോമകരമാണ്  ട്രംപിന്‍െറ ചിന്താശൂന്യമായ പ്രകടനങ്ങള്‍. 23 സംസ്ഥാനങ്ങളില്‍ നടന്ന സ്ഥാനാര്‍ഥിത്വനിര്‍ണയ പ്രൈമറികള്‍ വിശകലനം ചെയ്തുകൊണ്ട്  60 ശതമാനം വോട്ടര്‍മാരുടെ ഹിതവും ട്രംപിന്‍െറ  എതിര്‍പക്ഷത്താണെന്ന് അമര്‍ത്യസെനും എറിക്കും വ്യക്തമാക്കുന്നു. എന്നിട്ടും അദ്ദേഹം റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായിരിക്കുന്നു.  ഭൂരിപക്ഷത്തിന്‍െറ ഹിതം എതിര്‍സ്ഥാനാര്‍ഥികളിലേക്ക് ഭിന്നിച്ചുപോകുകയും ഭൂരിപക്ഷത്തിന് അഹിതകരമായ സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്യുന്ന ജനാധിപത്യ തെരഞ്ഞെടുപ്പിലെ ബലഹീനതയുടെ ആനുകൂല്യമാണ് ട്രംപിന്‍െറ വിജയത്തിന്‍െറ കാരണം. ഇതേ കാരണംകൊണ്ടുതന്നെയാണ് ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും മൊത്തം ലഭിച്ച വോട്ട് 39 ശതമാനമേ ഉള്ളൂവെങ്കിലും ലോക്സഭയില്‍ പ്രതിപക്ഷഭീതിയില്ലാതെ ഭരിക്കാന്‍ മോദി സര്‍ക്കാറിന് സാധിക്കുന്നതെന്നും അവര്‍ തെളിവുദ്ധരിക്കുന്നു. ഇത്തരമൊരു വൈരുധ്യത്തിന്  പരിഹാരം  കണ്ടത്തൊന്‍ കൂലങ്കഷമായി ചിന്തിക്കണമെന്ന് ആവശ്യപ്പെടുകയാണ്  എറിക്കും സെനും ചെയ്യുന്നത്.
ജനാധിപത്യ സമ്പ്രദായം നിലനില്‍ക്കുന്ന ഏറ്റവും മികച്ച ജനഹിതമാര്‍ഗമാണ് എന്നത് അവിതര്‍ക്കിതമാണ്. എന്നാല്‍, ജനാധിപത്യത്തിന്‍െറ പേരില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് രീതികളും സംവിധാനങ്ങളും, അധികാരാരോഹണങ്ങള്‍, കാമ്പയിനുകള്‍, തന്ത്രങ്ങള്‍ തുടങ്ങിയവ എത്രത്തോളം ജനഹിതത്തെ പ്രതിനിധാനംചെയ്യുന്നുവെന്ന് പരിശോധിക്കേണ്ടത് എപ്പോഴാകണം? തെരഞ്ഞെടുപ്പ് ജ്വരത്തിന്‍െറ മൂര്‍ധന്യത്തില്‍ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ഉച്ചത്തില്‍ ഉയര്‍ത്തുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് ജനഹിതവുമായി ഒരു ബന്ധവുമില്ളെന്ന് എല്ലാവര്‍ക്കുമറിയാം. എണ്ണത്തിന്‍െറ കളിയായി ജനാധിപത്യബോധം ചുരുങ്ങിയതിന്‍െറ അവലക്ഷണങ്ങളാണ് പൊതുജ്വരമുണ്ടാക്കി സ്വന്തം പെട്ടിയില്‍ എളുപ്പത്തില്‍ വോട്ട് വീഴ്ത്തുന്ന ലളിത ഗുണപാഠം പ്രയോഗിക്കുന്ന പാര്‍ട്ടികള്‍ പ്രകടിപ്പിക്കുന്നത്. വര്‍ഗീയത, സാമുദായിക പ്രീണനങ്ങള്‍, കോര്‍പറേറ്റ് ബാന്ധവം എന്നിവയിലൂടെ ഭൂരിപക്ഷം തട്ടിക്കൂട്ടുന്ന  ജനാധിപത്യത്തെ പ്രതിനിധാനംചെയ്യുന്ന പാര്‍ട്ടികള്‍ യഥാര്‍ഥത്തില്‍ ജനതാല്‍പര്യങ്ങളെ അട്ടിമറിക്കുകതന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ, അരാഷ്ട്രീയത പ്രബലമാകുകയും ജനാധിപത്യത്തില്‍ ജനം പുറത്താകുകയും ചെയ്യുന്ന കാലത്ത് ജനാധിപത്യ രീതികളെക്കുറിച്ച് ആശങ്കപ്പെടുകയും പുതിയ മാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യണമെന്നാണ് അമര്‍ത്യസെനും എറിക് മാസ്കിനും നിരീക്ഷിക്കുന്നത്.
 സംഘടിത രാഷ്ട്രീയ ഐക്യനിര മുതല്‍ ജനസംഖ്യാനുപാതിക, ദേശബന്ധിത അധികാര പങ്കാളിത്തം വരെയുള്ള വിവിധ അന്വേഷണങ്ങളുടെ അനിവാര്യത ജനാധിപത്യം ആവശ്യപ്പെടുന്നുണ്ട്. ഹിതം പ്രതിഫലിപ്പിക്കാന്‍ മക്കള്‍ രാഷ്ട്രീയത്തിലേക്കും ജരാനരബാധിച്ച രാഷ്ട്രീയ നേതാക്കളിലേക്കും കാലഹരണപ്പെട്ട പാര്‍ട്ടികളിലേക്കും ജനങ്ങളെ വലിച്ചിഴക്കുന്നതാകരുത് ജനാധിപത്യ സംവിധാനങ്ങള്‍. അതിനെക്കാള്‍ ഭയജനകമാണ് അങ്ങേയറ്റം പ്രതിലോമകാരികളും ആക്രമണോത്സുകരുമായ നേതാക്കള്‍ ജനാധിപത്യത്തിന്‍െറ ബലഹീനതകളിലൂടെ അധികാരത്തിന്‍െറ ചെങ്കോലേന്തുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ദിനംപ്രതി നടത്തുന്ന വാക്പോരുകള്‍ ഒരര്‍ഥത്തിലും ജനാധിപത്യത്തെ പ്രബലപ്പെടുത്തുന്നില്ളെന്നു മാത്രമല്ല ഭൂരിപക്ഷഹിതവിരുദ്ധമായി ഫാഷിസത്തിന്‍െറ മടയിലേക്ക് സംസ്ഥാനത്തെ എളുപ്പത്തില്‍ ആനയിക്കാന്‍ ഇടവരുത്തുകയുമാണ് ചെയ്യുന്നത്. പെട്ടി തുറക്കുമ്പോള്‍ എണ്ണം കൂടുതല്‍ കിട്ടുന്നുവെന്നത് മാത്രമല്ല ജനാധിപത്യ വിജയത്തിന്‍െറ അളവുകോല്‍. രാജ്യത്തിലെ പൗരന്മാരുടെ ഹിതങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും  പ്രതിലോമകരമായ ഫാഷിസത്തെ അകറ്റിനിര്‍ത്താനും സാധിക്കുന്ന ജനാധിപത്യമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കാന്‍ നടത്തുന്ന ത്യാഗങ്ങളും ഈ വിജയത്തില്‍ സമന്വയിക്കപ്പെടേണ്ടിയിരിക്കുന്നു. വോട്ടുപെട്ടി തുറന്നതിനുശേഷമുള്ള വിലാപങ്ങള്‍ കൊണ്ട് എന്തു കാര്യം? ആലോചിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും അതിനു മുമ്പാകണം. ജനങ്ങളെ ശിഥിലീകരിക്കാനും വര്‍ഗീയാടിസ്ഥാനത്തില്‍ വിഭജിക്കാനും അവസരം പാര്‍ത്തിരിക്കുന്ന ശക്തികള്‍ ഉയര്‍ത്തുന്ന വിപത്സാധ്യതകള്‍ക്ക് തടയിടാനുതകുന്ന സഖ്യശ്രമങ്ങളും കരുനീക്കങ്ങളുമാകണം യഥാര്‍ഥ ജനാധിപത്യ വിശ്വാസികള്‍ സ്വീകരിക്കേണ്ട നയവും തന്ത്രവും. ട്രംപിന്‍െറ സ്ഥാനാരോഹണം മുന്‍നിര്‍ത്തി സെനും എറികും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേരളത്തിന്‍െറ സമകാലിക രാഷ്ട്രീയത്തിലും ഏറെ പ്രസക്തമാകുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.