വീഴ്ചയില്‍നിന്ന് പഠിക്കാതെ ബി.ജെ.പി

ഉത്തരാഖണ്ഡിലെ വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ വിജയമുറപ്പിച്ചത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയ കുതിരക്കച്ചവട നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ്. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ സ്വന്തം പാളയത്തിലെ ഒരു എം.എല്‍.എയുടെ പിന്തുണ നഷ്ടപ്പെടുത്തി നാണംകെട്ട പരാജയമാണ് ബി.ജെ.പി ഏറ്റുവാങ്ങിയത്. വിജയം ബുധനാഴ്ച സുപ്രീംകോടതിയാണ് ഒൗദ്യോഗികമായി പ്രഖ്യാപിക്കുക. റാവത്ത് പ്രധാന കടമ്പ കടന്നെങ്കിലും സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിന്‍െറ സാധുതയും ഭാവിയും സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടുവേണം. ഏതായാലും രാഷ്ട്രീയ പ്രതിയോഗികളുടെ സംസ്ഥാനസര്‍ക്കാറുകളെ ഇല്ലായ്മ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഭാരതീയ ജനതാപാര്‍ട്ടിയുടെ ധാര്‍മികബലം തകര്‍ക്കുന്നതാണ് ഉത്തരാഖണ്ഡിലെ പരാജയം.

ജനാധിപത്യത്തെ ഗളഹസ്തം ചെയ്യാനുള്ള മോദിസര്‍ക്കാറിന്‍െറ നീക്കം  ഇന്ത്യയുടെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ നടപടിക്രമങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വഴിയൊരുക്കിയതു മാത്രമാണ് ഉത്തരാഖണ്ഡ് എപ്പിസോഡിന്‍െറ മിച്ചം. കേന്ദ്രത്തില്‍ ഭരണത്തിലേറുന്ന സര്‍ക്കാറുകള്‍, രാഷ്ട്രീയപ്രതിയോഗികള്‍ നയിക്കുന്ന സംസ്ഥാനസര്‍ക്കാറുകളെ പിരിച്ചുവിടാന്‍ കിട്ടിയ അവസരം മുമ്പും ഉപയോഗിച്ചിട്ടുണ്ട്. ജനാധിപത്യത്തെ അപഹസിക്കുന്ന തരത്തിലേക്ക് അത് തരംതാഴുമ്പോള്‍ കോടതി ഇടപെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍,  സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ കോടതി ഒരിക്കലും നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന വാദവുമായി കേന്ദ്രസര്‍ക്കാറിന് രാജ്യസഭയടക്കം പാര്‍ലമെന്‍റില്‍ കൂടുതല്‍ പിന്തുണ നേടിയെടുക്കാനും രാജ്യത്തെ മുച്ചൂടും വിഴുങ്ങാനുമായി വൃത്തികെട്ട ജനാധിപത്യധ്വംസന വഴികള്‍ തേടിയ ബി.ജെ.പിയെ ജുഡീഷ്യറി രംഗത്തിറങ്ങി തളക്കുന്നതാണ് ഉത്തരാഖണ്ഡ് വിഷയത്തില്‍ കണ്ടത്. നേരത്തേ അരുണാചല്‍പ്രദേശില്‍ നബാം തൂകിയുടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പാര്‍ട്ടിയിലെ വിമതശല്യം മുതലെടുത്ത് ഗവര്‍ണറെ ഉപയോഗിച്ച് മറിച്ചിടുന്നതില്‍ വിജയിച്ച ബി.ജെ.പി അന്ന് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ചിന്‍െറ അനുകൂല വിധി സമ്പാദിച്ചിരുന്നു. അതേ മാര്‍ഗത്തിലൂടെ ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലുണ്ടായ വിള്ളല്‍ മുതലെടുക്കാനായിരുന്നു പരിപാടി. ഇത് കണ്ടറിഞ്ഞുതന്നെയാവണം, രാഷ്ട്രപതിഭരണം തോന്നിയപോലെ അടിച്ചേല്‍പിക്കേണ്ടതല്ളെന്നും നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിക്കണമെന്നും ഇത്തവണ സുപ്രീംകോടതി മോദിസര്‍ക്കാറിന് മുന്നറിയിപ്പു നല്‍കിയത്. ഫെബ്രുവരിയില്‍ അരുണാചലില്‍ പിഴച്ച അടവുകളുടെ പഴുതടച്ച നീക്കം ഹരീഷ് റാവത്തിന്‍െറ നേതൃത്വത്തില്‍ ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് നടത്തി. പാര്‍ട്ടിയില്‍നിന്ന് വേറിട്ടുപോയ ഒമ്പതു പേരെ സ്പീക്കര്‍ അയോഗ്യരാക്കി. വിശ്വാസവോട്ട് നേടാന്‍ ഗവര്‍ണര്‍ നല്‍കിയ നിര്‍ദേശവും മറികടന്ന് കേന്ദ്രം ഏര്‍പ്പെടുത്തിയ രാഷ്ട്രപതിഭരണം ഇല്ലാതാക്കാനും അയോഗ്യരാക്കിയ എം.എല്‍.എമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി വിശ്വാസവോട്ടിന് അവസരമൊരുക്കാനുമുള്ള റാവത്തിന്‍െറ അപേക്ഷക്ക് ഹൈകോടതി പച്ചക്കൊടി കാട്ടി. കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കി കുതിരക്കച്ചവടത്തിനുള്ള വഴിയടച്ച സ്പീക്കറുടെയും ലജിസ്ളേച്ചറിന്‍െറയും ഭരണഘടന പരിരക്ഷ ഉറപ്പുവരുത്തേണ്ട പ്രാഥമികബാധ്യത നിര്‍വഹിക്കുകയായിരുന്നു കോടതി. തുടര്‍ന്ന് സുപ്രീംകോടതി കയറിയ കേസില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്ന ജനാധിപത്യപരീക്ഷണത്തിനുള്ള അനുമതി അംഗീകരിക്കപ്പെട്ടു. സുപ്രീംകോടതിയുടെതന്നെ മേല്‍നോട്ടത്തില്‍ സഭാതല പരിശോധനയെന്ന ആദ്യ ചരിത്രസംഭവത്തിന് ചൊവ്വാഴ്ച ഉത്തരാഖണ്ഡ് നിയമസഭ സാക്ഷിയായി. ഇതിനായി രണ്ടു മണിക്കൂര്‍ നേരത്തേക്ക് രാഷ്ട്രപതിഭരണം സസ്പെന്‍ഡ് ചെയ്തു. സഭയില്‍ ഭൂരിപക്ഷം ലഭിച്ചതിനാല്‍ രാഷ്ട്രപതി ഭരണം എന്തുചെയ്യണമെന്ന് ഇനി പരമോന്നത നീതിപീഠം തീരുമാനിക്കും.  
രാഷ്ട്രീയാസ്ഥിരതയും ക്രമസമാധാനത്തകര്‍ച്ചയുമായി സംസ്ഥാനത്തെ ഭരണസംവിധാനം പരാജയപ്പെടുമ്പോള്‍ പ്രസിഡന്‍റിന് അധികാരമേറ്റെടുക്കാന്‍ ഭരണഘടന നല്‍കിയ 356ാം വകുപ്പ് കരുതലോടെ ഉപയോഗിക്കേണ്ടതാണെന്നും രാഷ്ട്രീയ വൈരനിര്യാതനത്തിന് അത് കരുവാക്കരുതെന്നും കര്‍ണാടകയിലെ എസ്.ആര്‍. ബൊമ്മെ കേസില്‍ സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതാണ്. പ്രസ്തുത വകുപ്പ് പ്രയോഗിക്കാനുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി കോടതി നിര്‍ണയിച്ചതാണ്. ഇത് ഉയര്‍ത്തിപ്പിടിച്ചാണ് ഹൈകോടതി കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കിയ നടപടി ശരിവെച്ച് രാഷ്ട്രപതിഭരണം ഒഴിവാക്കാന്‍ ഉത്തരവിട്ടതും സുപ്രീംകോടതി വിശ്വാസവോട്ടിന് അംഗീകാരം നല്‍കിയതും. ബൊമ്മെ വിധി നിര്‍ദേശങ്ങള്‍ കാറ്റില്‍പറത്തി രാഷ്ട്രീയനേട്ടം കൊയ്യാന്‍ തുനിഞ്ഞിറങ്ങിയതാണ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ഉപയോഗിച്ച് സംസ്ഥാനസര്‍ക്കാറുകളെ അട്ടിമറിക്കാനാണ് മോദിയുടെ ശ്രമമെന്നും നേരത്തേ അരുണാചലിലും ഇപ്പോള്‍ ഉത്തരാഖണ്ഡിലും വിമത കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ചിലരുമായി ഡോവല്‍ നിരന്തരം ബന്ധപ്പെട്ടതിന് തെളിവുണ്ടെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ ആരോപിച്ചത് ശ്രദ്ധേയമാണ്. ഡോവലിന്‍െറ നേതൃത്വത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ നടത്തുന്ന വഴിവിട്ട രാഷ്ട്രീയനീക്കങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഉപാധ്യായ ആവശ്യപ്പെട്ടു. അരുണാചല്‍ പരീക്ഷണം ആവര്‍ത്തിക്കാവതല്ളെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് മുന്നറിയിപ്പ് നല്‍കിയത് ഇതറിഞ്ഞുതന്നെയാവാം. വിശ്വാസവോട്ടില്‍ തോറ്റശേഷവും കേസ് അവസാനിച്ചിട്ടില്ളെന്ന് വമ്പ് പറയുന്ന ബി.ജെ.പി കുതിരക്കച്ചവടത്തിന് പഴുതടഞ്ഞ സാഹചര്യത്തില്‍ പറ്റിയ വീഴ്ചകളില്‍നിന്ന് പഠിക്കുന്നതാവും നല്ലത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.