വോട്ട് അധികാരപ്രയോഗം തന്നെയാണ്


കേരളത്തിലെ രണ്ടരക്കോടിയിലധികം വരുന്ന വോട്ടര്‍മാര്‍ തങ്ങളെ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കണമെന്ന് ഇന്ന് തീരുമാനിക്കുകയാണ്. ദൈര്‍ഘ്യമേറിയതായിരുന്നു ഇത്തവണത്തെ പ്രചാരണം. കൃത്രിമ സംവാദങ്ങള്‍കൊണ്ടും അനാവശ്യ വിവാദങ്ങള്‍കൊണ്ടും പതിവുപോലെ പ്രചാരണത്തെ സ്വന്തം വരുതിയിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ആവതു ശ്രമിച്ചു. എന്നാല്‍ ജിഷയുടെ കൊലപാതകവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സോമാലിയ പ്രയോഗവും പോലെയുള്ള അപ്രതീക്ഷിതസംഭവങ്ങളാണ് പ്രചാരണം കൊഴുപ്പിച്ചത്.  ജനാഭിപ്രായം സ്വരുക്കൂട്ടാന്‍ സ്വന്തം അണികളുടെയും നേതാക്കളുടെയും ആശയങ്ങളിലും പ്രവര്‍ത്തന പാരമ്പര്യങ്ങളിലും വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ എന്നറിയില്ല, എല്ലാവരും പുറംകരാറേല്‍പിക്കുകയാണ് ചെയ്തത്. പുതുമയുള്ള മുദ്രാവാക്യങ്ങളും പ്രചാരണ തന്ത്രങ്ങളുമൊരുക്കിയും നവമാധ്യമങ്ങളെ സമര്‍ഥമായി ഉപയോഗിച്ചും വാങ്ങിയ പണത്തിനുള്ള ജോലി കരാറുകാര്‍ ഭംഗിയായി നിര്‍വഹിച്ചെന്നു പറയാം. അങ്ങനെ കേരളത്തിലെ പ്രമുഖ പാര്‍ട്ടികളെല്ലാം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അമേരിക്കന്‍ പാരമ്പര്യവും കഴിഞ്ഞ ലോക്സഭ തെരഞ്ഞടുപ്പുകാലത്തെ രീതിയും അനുകരിച്ചിരിക്കുന്നു. അതുകൊണ്ടുതന്നെ,  ഇത്തവണത്തെ തെരഞ്ഞെടുപ്പ ് കാമ്പയിനിന് വര്‍ണശബളമായ ഒരു റിയാലിറ്റി ഷോയുടെ ആഘോഷപരതയുമുണ്ടായിരുന്നു. എലിമിനേഷന്‍ റൗണ്ടില്‍  ഇഷ്ടക്കാരന് നല്‍കുന്ന എസ്.എം.എസ് സന്ദേശം പോലെയാണ്  വോട്ടെന്ന് ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ധരിച്ചുപോയിട്ടുണ്ടോ ആവോ?

ജനാധിപത്യം സാക്ഷാത്കരിക്കപ്പെടുന്നത് പൗരന് സ്വഹിതത്താല്‍ അധികാരിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുകയും രാഷ്ട്രീയബോധത്തോടെ പൗരന്‍ അത് വിനിയോഗിക്കുകയും ചെയ്യുമ്പോഴാണ്. രാജ്യത്തിന്‍െറ വര്‍ത്തമാനത്തെക്കുറിച്ച വീക്ഷണവും ഭാവിയെക്കുറിച്ച അഭിലാഷവും ചേര്‍ന്ന പൗരന്‍െറ സാമൂഹികബോധത്തിന്‍െറയും നിലപാടിന്‍െറയും പേരാണ് രാഷ്ട്രീയം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അരാഷ്ട്രീയമാകാം. അധികാരം തന്നിഷ്ടപ്രകാരം വിനിയോഗിക്കാന്‍ ഭരണാധികാരികള്‍ക്ക് ഏറ്റവും ഉചിതം  പാര്‍ട്ടികള്‍ അരാഷ്്ട്രീയമാകുന്നതു തന്നെയാണ്. എന്നാല്‍ വോട്ടര്‍ അരാഷ്ട്രീയനായാല്‍ അപഹസിക്കപ്പെടുക ജനാധിപത്യ പ്രക്രിയയായിരിക്കും. തെരഞ്ഞെടുപ്പ് എന്നത് അധികാരം പിടിച്ചെടുക്കലിന്‍െറ പേരല്ല, ജനങ്ങള്‍ അധികാരം നല്‍കുന്നതിന്‍െറ പേരാണ്. പൗരസമൂഹത്തിന്‍െറ പ്രതീക്ഷകളെ പ്രായോഗികമാക്കാനുള്ള പദ്ധതികളും ആശയങ്ങളും കൈവശമുണ്ടെന്ന പ്രഖ്യാപനം ഓരോ പൗരനിലേക്കും എത്തിക്കുന്ന നടപടി ക്രമമാണ് തെരഞ്ഞെടുപ്പ് കാമ്പയിനുകള്‍. അവ വ്യവഛേദിച്ച്്്്്്് മനസ്സിലാക്കി തന്‍െറ അഭിലാഷങ്ങളെ നിറവേറ്റാനുള്ള പൗരന്‍െറ അധികാര കൈമാറ്റമാണ് വോട്ടിങ്. കൃത്യമായ അധികാരപ്രയോഗവും രാഷ്ട്രീയപ്രഖ്യാപനവുമാണ് ഓരോ വോട്ടും. ജയിക്കുന്നവനും തോല്‍ക്കുന്നവനുമില്ല ജനാധിപത്യപ്രക്രിയയില്‍. ജനസമ്മതി ഏറ്റവും കൂടുതല്‍ ലഭിച്ചവനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസമാണുള്ളത്. ഭിന്ന നിലപാടുള്ളവര്‍ക്കും ജനപിന്തുണയുണ്ടെന്നും അവരുടെ ഹിതം കൂടി പരിഗണിക്കാന്‍ തനിക്ക് ബാധ്യതയുണ്ടെന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ ഉള്‍ക്കൊള്ളുമ്പോഴാണ് ജനാധിപത്യം ലക്ഷ്യം നേടുക. അതുകൊണ്ടുതന്നെ, അലസഭാവത്തോടെ തെരഞ്ഞെടുപ്പിനെ സമീപിക്കുകയും ആര് ജയിക്കുന്നതും തോല്‍ക്കുന്നതും തന്നെ ബാധിക്കുന്ന കാര്യമല്ളെന്ന വിചാരത്തോടെ വോട്ട് ചെയ്യാതിരിക്കുന്നതും അപകടകരമായ അരാഷ്ട്രീയതയാണ്. സാമൂഹികോന്മുഖതയില്‍  പങ്കാളികളാകുകയും നന്മയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് മെച്ചപ്പെട്ട നാളേക്കുവേണ്ടി ഓരോ പൗരനും വോട്ടെന്ന അധികാരം സമര്‍ഥമായി പ്രയോഗിക്കുക. മത്സരിക്കുന്ന ആര്‍ക്കും തങ്ങളെ ഭരിക്കാന്‍ അര്‍ഹതയില്ളെന്ന് വ്യക്തമാക്കാന്‍ നോട്ട എന്ന ബട്ടന്‍ വോട്ടുയന്ത്രത്തില്‍ വിന്യസിച്ചു ജനാധിപത്യ പ്രക്രിയ വികാസം പ്രാപിച്ച രാജ്യത്ത് രാഷ്ട്രീയ കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്തതിന്‍െറ പേരില്‍ ചിലര്‍ ജയിലിലടക്കപ്പെട്ടത് ജനാധിപത്യത്തിനേറ്റ കളങ്കമാണ്.  പ്രവാസികള്‍ക്ക് ജോലിചെയ്യുന്ന ദേശങ്ങളില്‍ നിന്നു വോട്ടുചെയ്യാനുള്ള അവസരം ഇനിയും ലഭ്യമായില്ല എന്നത് നമ്മുടെ അലംഭാവത്തിന്‍െറ ഗൗരവമേറിയ ഉദാഹരണമാണ്. 30 ലക്ഷത്തിലേറെ മലയാളികള്‍ ഉള്‍പ്പെടുന്ന പ്രവാസിസമൂഹത്തിന്‍െറ പ്രശ്നങ്ങളോടുള്ള സഹതാപരഹിതമായ സമീപനത്തിന്‍െറ ഭാഗമാണ് ഈ അവഗണനയെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു. വികസനരംഗത്ത് ഇന്ത്യക്കുപിന്നില്‍ നില്‍ക്കുന്ന ഫിലിപ്പീന്‍സ്പോലും പ്രവാസി സമൂഹത്തിനു തടസ്സമില്ലാതെ വോട്ടെടുപ്പില്‍ പങ്കാളികളാകാനുള്ള സാങ്കേതിക സന്നാഹങ്ങള്‍ സജ്ജമാക്കി വിജയിപ്പിച്ചു എന്നുകൂടി നാം ഓര്‍മിക്കേണ്ട കാര്യമാണ്. ജനാധിപത്യത്തിന്‍േറയും മതേതരത്വത്തിന്‍േറയും അന്തസ്സത്തക്കു ഭീഷണി ഉയര്‍ത്തുന്ന തമസ്സിന്‍െറ ശക്തികള്‍ കലുഷമായ രാഷ്ട്രീയാന്തരീക്ഷം ഉപയോഗിച്ച് മുതലെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയതും ജാഗ്രത ആവശ്യപ്പെടുന്ന  വെല്ലുവിളിയാണ്.

മതേതരത്വത്തെ, മണ്ണിനെ, സൗഹൃദത്തെ, നല്ല നാളെയെ, ഭാവി കേരളത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള രാഷ്ട്രീയ നിലപാടിന്‍െറ പ്രഖ്യാപനമായി സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ എല്ലാ വോട്ടര്‍മാര്‍ക്കും ഈ തെരഞ്ഞെടുപ്പു ദിനത്തില്‍ സാധിക്കട്ടെ എന്നാശംസിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.