അസന്ദിഗ്ധമായ ജനവിധി


പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പിലും കേരളം പതിവ് തെറ്റിച്ചില്ല. അടുത്ത അഞ്ചുവര്‍ഷം ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരിക്കട്ടെ, യു.ഡി.എഫ് ആഗ്രഹിച്ചതും ആഹ്വാനം ചെയ്തതുമായ ഭരണത്തുടര്‍ച്ച വേണ്ടതില്ല എന്ന സംസ്ഥാനത്തെ സമ്മതിദായകരുടെ തീരുമാനം അസന്ദിഗ്ധമാണ്. 91 സീറ്റുകള്‍ നേടി എല്‍.ഡി.എഫ് അധികാരത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. വികസനത്തിന് ഭരണത്തുടര്‍ച്ച വേണമെന്ന് ശഠിച്ച യു.ഡി.എഫിന് 47 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. യു.ഡി.എഫില്‍ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത് മുഖ്യ ഘടകകക്ഷിയായ കോണ്‍ഗ്രസിനു തന്നെ. നിലവിലെ 39 സീറ്റുകളില്‍നിന്ന് പാര്‍ട്ടിയുടെ ശക്തി 22 ആയി കുറഞ്ഞു. രണ്ടാമത്തെ കക്ഷിയായ മുസ്ലിംലീഗിനും നേരിട്ടു തിരിച്ചടി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, കൊടുവള്ളി മണ്ഡലങ്ങള്‍ ലീഗിനെ കൈവിട്ടപ്പോള്‍ കുറ്റ്യാടി ഇടതുപക്ഷത്തുനിന്ന് പിടിച്ചെടുക്കാനായി. എന്നാല്‍, പാര്‍ട്ടിയുടെ എക്കാലത്തെയും ഭദ്രമായ കോട്ടയായിരുന്ന താനൂര്‍ ലീഗിന് നഷ്ടപ്പെട്ടതാണ് എടുത്തുപറയേണ്ട വസ്തുത. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനുമുണ്ടായിരിക്കുന്നു രണ്ട് സീറ്റ് നഷ്ടം. എം.പി. വീരേന്ദ്രകുമാര്‍ നയിക്കുന്ന ജനതാദള്‍ -യു വിന് കനത്ത ആഘാതം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. മന്ത്രി കെ.പി. മോഹനന്‍െറയും സിറ്റിങ് എം.എല്‍.എ ശ്രേയാംസ് കുമാറിന്‍െറയും പരാജയത്തോടെ നിയമസഭക്ക് പുറത്തായിരിക്കുന്നു പാര്‍ട്ടിയുടെ സ്ഥാനം. മന്ത്രി ഷിബു ബേബിജോണിനടക്കം മുഴുവന്‍ സ്ഥാനാര്‍ഥികളും പരാജയപ്പെട്ട ആര്‍.എസ്.പിയുടെയും ഗതി അതുതന്നെ. അവസാന നിമിഷം ആര്‍.എസ്.പിയില്‍ നിന്ന് പുറംകണ്ടം ചാടി ഇടതുപക്ഷത്ത് അഭയം പ്രാപിച്ച കോവൂര്‍ കഞ്ഞുമോനാകട്ടെ ജയിച്ചുകയറുകയും ചെയ്തു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് വെട്ടിക്കളയണമെന്ന് അവസാനം വരെ ആവശ്യപ്പെട്ടുകൊണ്ടിരുന്ന എക്സൈസ് മന്ത്രി കെ. ബാബുവിനെ എന്തു വിലകൊടുത്തും മത്സരിപ്പിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ വാശി വെല്ലുവിളിയായെടുത്ത തൃപ്പൂണിത്തുറക്കാര്‍ മധുരമായി പ്രതികാരം ചെയ്തിരിക്കുന്നു.
യു.ഡി.എഫ് ഭരണത്തോടുള്ള ജനങ്ങളുടെ അമര്‍ഷവും പ്രതിഷേധവുമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്ന് സാമാന്യമായി വിലയിരുത്തുമ്പോഴും എന്തുകൊണ്ട് പരാജയം ഇത്രക്ക് കനത്തതായി എന്ന ചോദ്യം അവശേഷിക്കുന്നു. യു.ഡി.എഫിലെ അനൈക്യവും മുഖ്യ ഭരണകക്ഷിയിലെ ഛിദ്രതയുമാണ് കാരണമെന്ന ന്യായം ഇത്തവണ പ്രസക്തമല്ല. താരതമ്യേന കെട്ടുറപ്പോടെയാണ് ഭരണമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. വെറും രണ്ട് എം.എല്‍.എമാരുടെ ഭൂരിപക്ഷത്തോടെ ഭരണം തുടങ്ങിയ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നിരന്തരമായ പ്രതിസന്ധികളെ അതിജീവിച്ച് അഞ്ചുവര്‍ഷം തികച്ചതുതന്നെ എടുത്തുപറയാവുന്ന നേട്ടമായിരുന്നു. എന്നിട്ടും ജനങ്ങള്‍ അതവഗണിക്കുകയും ഇനിയൊരു ഊഴം യു.ഡി.എഫിന് അനുവദിച്ചുകൂടെന്ന് തീരുമാനിക്കുകയും ചെയ്തുവെങ്കില്‍ അതിന് വഴിവെച്ചത് പ്രതിച്ഛായ നിശ്ശേഷം തകര്‍ത്ത അഴിമതിയാരോപണങ്ങള്‍ തന്നെയാണെന്നു പറയേണ്ടി വരും. ഇടതുമുന്നണി പ്രചാരണത്തിലുടനീളം ഊന്നിയ വിഷയവും അതുതന്നെ. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍പോലും നിരന്തരം കടംവാങ്ങേണ്ടിവന്ന സര്‍ക്കാറിന് പക്ഷേ, പൊതുധനം ദുര്‍വിനിയോഗം ചെയ്യുന്നതിനോ വഴിവിട്ട നിയമനങ്ങള്‍ ലക്കും ലഗാനുമില്ലാതെ നടത്തുന്നതിനോ സന്തോഷ് മാധവനെപ്പോലുള്ള കുപ്രസിദ്ധര്‍ക്കുപോലും റവന്യൂ ഭൂമി പതിച്ചുനല്‍കുന്നതിനോ അശേഷം മനസ്സാക്ഷിക്കുത്തുണ്ടായില്ല. സമ്പൂര്‍ണ മദ്യനിരോധത്തെക്കുറിച്ച് ഇടതടവില്ലാതെ വാഗ്ദാനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും മദ്യമുതലാളിമാരെ പ്രീണിപ്പിക്കാനും സന്തോഷിപ്പിക്കാനും പിന്‍വാതിലിലൂടെ ആവുന്നതൊക്കെ ചെയ്തു. വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് കടിഞ്ഞാണിടുന്നതില്‍ ദയനീയമായി പരാജയപ്പെട്ടതോടൊപ്പം എയ്ഡഡ് സ്കൂളുകളുടെ വിതരണത്തില്‍ ഒരു തത്ത്വദീക്ഷയും പുലര്‍ത്തിയില്ല. മുഖ്യമന്ത്രിയുടെ ഓഫിസ്പോലും കളങ്കിതരാല്‍ മലീമസമായി. സോളാര്‍ തട്ടിപ്പ് സര്‍ക്കാര്‍തലത്തിലെ അധാര്‍മിക ഇടപാടുകളുടെ അധോലോക കാഴ്ചകളാണ് അനാവരണം ചെയ്തത്. സഹികെട്ട ജനം കിട്ടിയ അവസരം വേദനജനകമായ പ്രതികാരത്തിനുപയോഗിച്ചു എന്നുവേണം തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്താന്‍.
പ്രധാനമന്ത്രിയടക്കം ഡസനിലധികം കേന്ദ്രമന്ത്രിമാരും ദേശീയ വന്‍തോക്കുകളും കേരളത്തിലേക്കൊഴുകി വന്‍ പ്രലോഭനങ്ങളും പ്രീണനങ്ങളും വാരിവിതറി കൊണ്ടുപിടിച്ച പ്രചാരണം നടത്തിയതിന്‍െറ ഫലമായി സംസ്ഥാനത്ത് ഇത്തവണ ബി.ജെ.പിക്ക് താമര വിരിയിക്കാന്‍ സാധിച്ചുവെന്നത് സത്യമാണ്. പക്ഷേ, ഒ. രാജഗോപാലിനെപോലുള്ള മുതിര്‍ന്ന നേതാവിനെ അവസാനവട്ടവും ഇറക്കി മത്സരിപ്പിച്ചപ്പോഴാണ് നേമത്ത് മാത്രം കാവിക്കൊടി പാറിച്ചതെന്നോര്‍ക്കണം. ഏഴു മണ്ഡലങ്ങളില്‍ രണ്ടാംസ്ഥാനത്തത്തൊനും എന്‍.ഡി.എക്ക് കഴിഞ്ഞിട്ടുണ്ട്. അതേയവസരങ്ങളില്‍, വെള്ളാപ്പള്ളി നടേശനും പുത്രനും തട്ടിക്കൂട്ടിയ ബി.ഡി.ജെ.എസ് എന്ന ജാതിപ്പാര്‍ട്ടി മല എലിയെ പ്രസവിച്ച പരുവത്തിലായത് മിച്ചം. സി.കെ. ജാനുവിനെപോലുള്ള ആദിവാസി നേതാക്കളെ ഗോദയിലിറക്കിയതും ഗുണം ചെയ്തില്ല. എങ്കിലും രാജ്യം അടക്കിഭരിക്കുന്ന ഫാഷിസ്റ്റ് പ്രസ്ഥാനം മതേതര കേരളത്തെ പിടിയിലൊതുക്കാന്‍ നടത്തുന്ന ആസൂത്രിത നീക്കത്തെ നിസ്സാരവത്കരിക്കുന്നത് അപകടകരമാവും. കക്ഷിബന്ധങ്ങള്‍ക്കതീതമായ മതേതര സമൂഹത്തിന്‍െറ ജാഗ്രതയാണ് പ്രതിരോധത്തിന്‍െറ ഫലപ്രദമായ വഴി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.