മോദിസര്‍ക്കാറിന്‍െറ രണ്ടുവര്‍ഷം

മോദിസര്‍ക്കാറിന്‍െറ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തപ്പെടുകയാണിപ്പോള്‍. സ്വാഭാവികമായും ബി.ജെ.പിയും അതിനോടു ബന്ധപ്പെട്ടവരും മോദിഭരണത്തെ വാനോളം പുകഴ്ത്തുന്നു. മറുവശത്ത് കോണ്‍ഗ്രസും മറ്റും അതിനെ സമ്പൂര്‍ണ പരാജയമായി വിശേഷിപ്പിക്കുന്നു. മോദിഭരണത്തില്‍ നേട്ടംകാണുന്നവരാണ് വന്‍കിട വ്യാപാര സ്ഥാപനങ്ങളും കുത്തകകളും. അതേസമയം, കര്‍ഷകരടക്കമുള്ള സാധാരണക്കാരായ ജനസാമാന്യത്തിന്‍െറ നിത്യജീവിതാനുഭവങ്ങള്‍ സന്തോഷത്തിന് വകനല്‍കുന്നില്ല. ഭരണത്തെ പ്രശംസിക്കുന്നവര്‍ക്ക് ലഭിക്കുന്ന മാധ്യമപിന്തുണയോ പ്രചാരണോപാധികളോ ഇല്ലാത്ത പൊതുജനത്തിന്‍െറ നേരനുഭവമെന്താണ്? വളര്‍ച്ചനിരക്കിന്‍െറയും മൊത്തം ആഭ്യന്തരോല്‍പാദനത്തിന്‍െറയും കണക്കുകള്‍ പുറത്തുവരുന്നുണ്ട്.

സര്‍ക്കാര്‍പരസ്യങ്ങളില്‍ വളര്‍ച്ചയുടെയും സമ്പന്നതയുടെയും വിശേഷങ്ങളാണ് കാണുക. പാവങ്ങളുടെ നിത്യജീവിത ദുരിതങ്ങളോ സാമൂഹിക ഉച്ചനീചത്വങ്ങളോ അസ്വസ്ഥതകളോ അത്തരം പട്ടികകളില്‍ സ്ഥാനംപിടിക്കാതെ പോകുന്നതില്‍ അതിശയമില്ല. എല്ലാം കമ്പോളശക്തികള്‍ക്ക് സ്വതന്ത്രമായി വിട്ടുകൊടുക്കുന്നതിനെ പുരോഗതിയായി കണക്കാക്കുന്നവര്‍ മോദിസര്‍ക്കാറിനെ പുകഴ്ത്താന്‍ മുന്നിലുണ്ട്. സാമ്പത്തിക ഉദാരീകരണം ഇത്ര പോരാ എന്ന പരിഭവമേ അവര്‍ക്കുള്ളൂ. കണക്കുകളുടെയും അവകാശവാദങ്ങളുടെയും ബഹളങ്ങള്‍ക്കിടയില്‍ സാധാരണ ഇന്ത്യക്കാരന്‍െറ അനുഭവങ്ങളെ അറിയാന്‍ കൃത്യമായ ശ്രമങ്ങളൊന്നുമില്ല എന്നതാണ് ഒരു ദുര്യോഗം. ഇന്നത്തെ അവസ്ഥയില്‍ വാര്‍ഷികകണക്ക് തയാറാക്കല്‍ ഒൗദ്യോഗിക സംവിധാനങ്ങളുടെ സാമര്‍ഥ്യപ്രകടനം മാത്രമാണ്. അതിനപ്പുറം, ജനജീവിത യാഥാര്‍ഥ്യങ്ങളുടെ നിഷ്പക്ഷമായ വിലയിരുത്തലിന് ഭരണനേതൃത്വം തയാറായിരുന്നെങ്കിലെന്ന് ആശിക്കാനേ നിവൃത്തിയുള്ളൂ.

അഴിമതിരാഹിത്യം, സാമ്പത്തികപുരോഗതി, രാജ്യാന്തരബന്ധങ്ങള്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് മോദിസര്‍ക്കാര്‍ ഭരണമികവ് അവകാശപ്പെടുന്നത്. കോണ്‍ഗ്രസ് ഭരണവുമായി തട്ടിക്കുമ്പോള്‍ ഈ അവകാശവാദത്തില്‍ കഴമ്പുണ്ടുതാനും. കുംഭകോണങ്ങളുടെ ഉത്സവമായിരുന്നു യു.പി.എ ഭരണം. എന്‍.ഡി.എ ഭരണത്തില്‍ അത്തരം കഥകള്‍ അങ്ങനെ കേള്‍ക്കാനില്ല. പക്ഷേ, ലളിത് മോദി, വിജയ് മല്യ, കള്ളപ്പണ നിക്ഷേപങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഭദ്രമായി അടച്ചുപൂട്ടപ്പെടുന്നുണ്ട്. വിദേശ ബന്ധങ്ങളില്‍ (വിശേഷിച്ച് അയല്‍പക്കബന്ധങ്ങളില്‍) ചില നല്ല സൂചനകളുണ്ട്. ചൈന, നേപ്പാള്‍, പാകിസ്താന്‍, ബംഗ്ളാദേശ് തുടങ്ങിയ രാജ്യങ്ങളുമായി ബന്ധം ഇതിലേറെ മെച്ചപ്പെടുത്താന്‍ കഴിയേണ്ടതായിരുന്നു എന്നേ ദോഷൈകദൃക്കുകള്‍ക്കുവരെ പറയാനാവൂ. പാക് വിരോധവും ‘ബംഗ്ളാദേശി’ അലര്‍ജിയും ഇവിടത്തെ ഭരണപക്ഷത്തിന്‍െറ രാഷ്ട്രീയമൂലധനത്തില്‍പെടുന്നതിനാല്‍ ഇതുതന്നെ ധാരാളമെന്ന് കരുതുന്നവരുമുണ്ട്. ഇതിലെല്ലാം കോണ്‍ഗ്രസിനെക്കാള്‍ ഭേദമാവുക എന്നത് നേട്ടമായി കരുതുന്നതില്‍ അര്‍ഥമില്ല. വലിയ പ്രതീക്ഷ നല്‍കിയാണ് എന്‍.ഡി.എ ഭരണംപിടിച്ചത്. അതിനോട് എത്ര നീതിപുലര്‍ത്തിയെന്നതാണ് ചോദ്യം. അഴിമതിപ്പേര് കേള്‍പ്പിക്കാതെ കല്‍ക്കരിപ്പാടങ്ങള്‍ ലേലംചെയ്തതും നേരിട്ടുള്ള വിദേശനിക്ഷേപം വ്യാപിപ്പിച്ചതും നേട്ടങ്ങളുടെ പട്ടികയിലുണ്ടെങ്കിലും വ്യവസായ-തൊഴില്‍രംഗങ്ങള്‍ മുരടിപ്പിലാണ്. കര്‍ഷകര്‍ക്കും ദലിതര്‍ക്കും നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാതെ കിടക്കുന്നു. മന്ത്രാലയങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ലോക്സഭക്ക് മുമ്പാകെ വെക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുപോലും വെറുതെയായി.

രാജ്യം നേരിടുന്ന വലിയ ഭീഷണിവരുന്നത് ഭരണപക്ഷവുമായി ബന്ധപ്പെട്ടവരില്‍നിന്നുതന്നെയാണ്. വര്‍ഗീയപ്രചാരണങ്ങള്‍ മുതല്‍ ആള്‍ക്കൂട്ടനീതിവരെ ഇന്ത്യയുടെ മുഖം വികലമാക്കുന്നുണ്ട്. മറ്റുള്ളവര്‍ എന്തു ഭക്ഷിക്കണമെന്നും ആരെ എങ്ങനെയൊക്കെ കൊല്ലണമെന്നും സിദ്ധാന്തം മാത്രമല്ല, പ്രായോഗികപാഠങ്ങളും നല്‍കുന്നവര്‍ വിഹരിക്കുമ്പോള്‍ സര്‍ക്കാര്‍ നിസ്സഹായ സാക്ഷിയായി നില്‍ക്കുന്നു. ഭീതിയുടെ അന്തരീക്ഷത്തില്‍ അതിനെ ചെറുക്കാത്ത ഭരണകാര്യക്ഷമതപോലും ആപത്കരമാകാമെന്ന് ഫാഷിസ്റ്റ് ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിന്‍െറ കാതലാണ് ഭരണവികേന്ദ്രീകരണവും ഫെഡറലിസവും. എന്‍.ഡി.എ ഭരണത്തില്‍ അധികാരം കൂടുതല്‍ കേന്ദ്രീകരിക്കപ്പെടുകയാണ്. ഫെഡറല്‍ സംവിധാനത്തെ എത്ര പുച്ഛത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന് ഉത്തരാഖണ്ഡിലും മറ്റും രാജ്യം നേരിട്ടുകണ്ടു. സ്വദേശി മുദ്രാവാക്യമുയര്‍ത്തി അധികാരമേറ്റെടുത്തവര്‍ വിദേശ മൂലധനത്തിന് വഴങ്ങിക്കൊടുക്കുകയും തൊഴിലാളിപക്ഷ ചട്ടങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ആഗോള കമ്പോളത്തില്‍ എണ്ണവില കുറഞ്ഞ ഘട്ടങ്ങളില്‍പോലും ഇന്ത്യയില്‍ കനത്ത വിലചുമത്തി വിലക്കയറ്റത്തിന് ആക്കംകൂട്ടി. കര്‍ഷകര്‍ക്ക് ലാഭം ഉറപ്പുവരുത്തുമെന്ന വാഗ്ദാനം സര്‍ക്കാര്‍ മറന്നു. ജെ.എന്‍.യു-ഹൈദരാബാദ് സര്‍വകലാശാലകളിലെ സംഭവങ്ങള്‍ സര്‍ക്കാറിലെ ദലിത് വിരുദ്ധത പുറത്തുകൊണ്ടുവന്നു. ഭരണനേട്ടങ്ങളെ മായ്ച്ചുകളയാന്‍പോന്ന ഇത്തരം വികല മനോഭാവങ്ങളും സമീപനങ്ങളും തിരുത്തിക്കൊണ്ടേ ജനപക്ഷഭരണം സാധ്യമാകൂ. അതിന് ആദ്യംവേണ്ടത് സത്യസന്ധമായ സ്വയം വിലയിരുത്തലാണ്. നേട്ടങ്ങളെ പറ്റിയുള്ള ആര്‍പ്പുവിളികള്‍ക്കിടയില്‍ അത് നടക്കുമോ?

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.