സിറിയയില്‍ അമേരിക്കയുടെയും റഷ്യയുടെയും മധ്യസ്ഥതയില്‍ നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടത്, താല്‍ക്കാലികമായെങ്കിലും കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന ദയാരഹിതമായ രക്തച്ചൊരിച്ചിലുകള്‍ക്കും അഭയാര്‍ഥിപ്രവാഹത്തിനും ശമനമുണ്ടാക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായിരിക്കുന്നു. സെപ്റ്റംബര്‍ 17ന് അമേരിക്കയുടെ വ്യോമസേന ഐ.എസ് കേന്ദ്രങ്ങള്‍ ആക്രമിക്കുകയെന്ന പേരില്‍ ബോംബിട്ടത് ബശ്ശാറിന്‍െറ സൈനികര്‍ക്കുനേരെ ആയിരുന്നെന്നും 62 സൈനികര്‍ കൊല്ലപ്പെട്ടതിനാല്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്ന്് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് അലപ്പോയിലേക്ക് അവശ്യവസ്തുക്കളുമായി പോകുകയായിരുന്ന സന്നദ്ധ സംഘങ്ങളുടെ വാഹനങ്ങളെ ആക്രമിച്ചുകൊണ്ട് സിറിയന്‍ സേന പുതിയ യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുന്നു. സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍ അസദിന്‍െറ സേന റഷ്യന്‍ സൈന്യത്തിന്‍െറ പിന്തുണയോടെ കിഴക്കന്‍ അലപ്പോയിലെ ആക്രമണം ശക്തമാക്കിയതിനാല്‍ നൂറുകണക്കിന് പേര്‍ കൊല്ലപ്പെടുകയും 20 ലക്ഷം പേര്‍ ദുരന്തത്തിലാകുകയും ചെയ്ത പശ്ചാത്തലത്തില്‍ യു.എന്‍ രക്ഷാസമിതി അടിയന്തരയോഗം വിളിച്ചുചേര്‍ക്കപ്പെട്ടിരിക്കുകയാണ്.
താല്‍ക്കാലിക വെടിനിര്‍ത്തല്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ചര്‍ച്ചക്കായി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവുമായി വീണ്ടും കൂടിക്കാഴ്ചക്ക് തയാറാണെന്ന് യു.എന്നില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി സമ്മതിച്ചിരിക്കുന്നു. വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന്‍െറ ധാര്‍മിക ഉത്തരവാദിത്തം അമേരിക്കക്കാണെന്നാണ് ബശ്ശാറിന്‍െറ നിലപാട്. വെടിനിര്‍ത്തല്‍ സമയത്ത് സന്നദ്ധ സംഘത്തിനുനേരെ ബശ്ശാറിന്‍െറ സേന നടത്തിയ ആക്രമണം യുദ്ധക്കുറ്റമാണെന്നാണ് യു.എന്‍ അടിയന്തര സഹായ സംഘം കോഓഡിനേറ്റര്‍ സ്റ്റീഫന്‍ ഒബ്രൈന്‍ ആരോപിക്കുന്നത്.
യു.എന്‍ പൊതുസഭയുടെ 71 ാം വാര്‍ഷികസമ്മേളനത്തില്‍ ബറാക് ഒബാമയും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും തങ്ങളുടെ വിടവാങ്ങല്‍ പ്രഭാഷണങ്ങളില്‍ ഊന്നിയതും സിറിയന്‍ പ്രശ്നത്തിലും അതിന്‍െറ കാരണങ്ങളിലും തന്നെയായിരുന്നു. റഷ്യയുടെ അധിനിവേശ മോഹങ്ങളാണ് സിറിയന്‍ പ്രശ്നം പരിഹരിക്കാനുള്ള അമേരിക്കയുടെ ‘ആത്മാര്‍ഥ’ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതെന്ന് ഒബാമ കുറ്റപ്പെടുത്തിയിരുന്നു.
ആഗോള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിലും പരിഹരിക്കുന്നതിലും വന്‍കിട രാജ്യങ്ങള്‍ക്ക് സാധിക്കുന്നില്ളെന്നും സൈനിക നടപടികള്‍ സിറിയയിലെ പ്രശ്നത്തിന് പരിഹാരമാകുകയില്ളെന്നും തുറന്നു സമ്മതിക്കുകകൂടി ചെയ്തു ഒബാമ തന്‍െറ പ്രഭാഷണത്തില്‍. യൂറോപ്പിലും അമേരിക്കയിലും ശക്തമാകുന്ന അഭയാര്‍ഥിവിരുദ്ധ, വംശീയ മനോഘടനയെയും രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം അഭയാര്‍ഥി പ്രശ്നങ്ങളെ പരിഹരിക്കുന്നതില്‍ ആത്മാര്‍ഥത കാണിച്ച ജര്‍മനിയെയും കാനഡയെയും അഭിനന്ദിക്കുകയും ചെയ്തു. സിറിയന്‍ പ്രതിസന്ധി രൂക്ഷമാക്കിയതില്‍ റഷ്യയുടെയും ബശ്ശാര്‍ അല്‍ അസദിന്‍െറയും പങ്കിനെ കുറിച്ച് ബാന്‍ കി മൂണും ശക്തമായ ഭാഷയിലാണ് സംസാരിച്ചത്്.
പശ്ചിമേഷ്യയിലെ സൈനിക ഇടപെടലുകളുടെ ശരിയായ കാരണം വന്‍കിട രാജ്യങ്ങളുടെ അധിനിവേശ താല്‍പര്യങ്ങള്‍തന്നെയെന്ന് ഒരിക്കല്‍കൂടി വ്യക്തമായി വിടവാങ്ങല്‍ പ്രഭാഷണങ്ങളിലൂടെ എന്നത് മാറ്റിനിര്‍ത്തിയാല്‍ സമാധാനത്തിലേക്ക് വഴിയോ വെളിച്ചമോ ആകുന്ന ഒരു രാഷ്ട്രീയ പരിഹാരഫോര്‍മുലയും അവരുടെ കൈയിലില്ലാ എന്ന നിസ്സഹായതയാണ് ആ വാക്കുകളില്‍ തെളിഞ്ഞുനില്‍ക്കുന്നത്. മേല്‍പ്രഭാഷണങ്ങള്‍ യു.എന്‍ ആസ്ഥാനത്ത് കത്തിക്കയറുമ്പോള്‍ തന്നെയാണ് റഷ്യയുടെ പിന്തുണയുള്ള ബശ്ശാറിന്‍െറ സൈന്യം അലപ്പോയിലെ തെരുവുകളില്‍ ആക്രമണങ്ങളുടെ പരമ്പര സൃഷ്ടിച്ചത്.
പരസ്പര പൊരുത്തമോ പരിഹരിക്കണമെന്ന ആത്മാര്‍ഥ മോഹമോ ഇല്ലാത്ത വന്‍ ശക്തികള്‍ പരസ്പരം ആക്ഷേപം ചൊരിയുകയും ആയുധം പ്രയോഗിക്കുകയും നിരപരാധികളുടെ രക്തമൊഴുക്കുകയും അതിനിടയില്‍ ചര്‍ച്ചാപ്രഹസനങ്ങള്‍ നടത്തുകയും ചെയ്യുന്ന സ്ഥിതിവിശേഷം എത്ര നിരാശജനകമാണ്. ഈ ദുരവസ്ഥയുടെ ആവര്‍ത്തനമാണ് യു.എന്‍ പൊതുസഭയിലും അടിയന്തരമായി വിളിച്ചുചേര്‍ക്കുന്ന രക്ഷാസമിതികളിലും അരങ്ങേറുന്നതും. സിറിയയില്‍ അഞ്ചു വര്‍ഷമായി തുടരുന്ന പ്രതിസന്ധി പരിഹരിക്കപ്പെടാതിരിക്കുന്നതിന്‍െറയും രാഷ്ട്രീയ ഇടപെടലുകളെ ബോധപൂര്‍വം പരാജയപ്പെടുത്തുന്നതിന്‍െറയും യഥാര്‍ഥ കാരണം അമേരിക്കയുടെയും റഷ്യയുടെയും അധിനിവേശ മോഹങ്ങള്‍ മാത്രമാണ്. അമേരിക്ക, റഷ്യ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ താല്‍പര്യങ്ങളില്‍ ബലിമൃഗങ്ങളായി പരുവപ്പെട്ടിരിക്കുന്നു സിറിയയിലെ ജനങ്ങള്‍.
വെടിനിര്‍ത്തലിന്‍െറ പരാജയം തെളിയിക്കുന്നത് സിറിയയിലെ പൗരസമൂഹത്തെ സംരക്ഷിക്കാനോ അവര്‍ക്ക് സുരക്ഷ നല്‍കാനോ ആര്‍ക്കും സാധ്യമല്ളെന്നുതന്നെയാണ്. അഭയാര്‍ഥി ക്യാമ്പുകളും യുദ്ധരഹിത സുരക്ഷിത മേഖലകളും സന്നദ്ധ സഹായം നിര്‍വഹിക്കാന്‍ കഴിയാത്തവണ്ണം യുദ്ധോന്മുഖമായ, മാനവികതക്കുമേലുള്ള നിഷ്ഠുര ആക്രമണം നടക്കുന്ന ഇടങ്ങള്‍ എന്ന് റെഡ് ക്രോസിനെ കൊണ്ട് പ്രസ്താവനയിറക്കാന്‍ മാത്രം ഭീതിജനകമായ വര്‍ത്തമാനാവസ്ഥ കൂടുതല്‍ അഭയാര്‍ഥികളെ സൃഷ്ടിക്കുന്നതിനും മേഖലയിലെ അരാജകത്വം വര്‍ധിക്കുന്നതിനുമേ നിമിത്തമാകൂ. ബശ്ശാര്‍ അല്‍ അസദിനെ യുദ്ധക്കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ യു.എന്‍ അടിയന്തര രക്ഷാസമിതിക്ക് സാധിക്കുമോ എന്ന ചോദ്യത്തില്‍ അടങ്ങിയിരിക്കുന്നു സിറിയന്‍ പ്രതിസന്ധിയുടെ പരിഹാരത്തിന്‍െറയും ഉത്തരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.