സാർവദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന സന്നദ്ധ സംഘടനയാണ് തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷൻ. വിവിധ രാജ്യങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മുന്നിൽവെച്ച് അവർ സംഘടിപ്പിച്ച ബൃഹത്തായ ഒരു സർവേയുടെ ഫലം ജൂൺ 26ന് പുറത്തുവിടുകയുണ്ടായി. പ്രസ്തുത സർവേ അനുസരിച്ച്, സ്ത്രീകളുടെ കാര്യത്തിൽ ലോകത്ത് ഏറ്റവും മോശപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് നമ്മുടെ ഇന്ത്യ. ലിംഗപ്രശ്നങ്ങളിൽ പ്രാഗല്ഭ്യം തെളിയിച്ച 550 വിദഗ്ധരെ ബന്ധപ്പെട്ട് തയാറാക്കിയതാണ് ഈ പഠനം. ആഭ്യന്തരയുദ്ധം കൊണ്ട് തകർന്ന സിറിയ, അഫ്ഗാനിസ്താൻ, സോമാലിയ, യമൻ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യക്കുശേഷം പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്. പത്താം സ്ഥാനത്തായി അമേരിക്കയുമുണ്ട്. കൊലപാതകം, ബലാത്സംഗം, ഇരകളുടെ അരക്ഷിതാവസ്ഥ, പ്രതികൾക്ക് കിട്ടുന്ന പരിരക്ഷ, ഗാർഹികപീഡനം, അടിമവേല, മനുഷ്യക്കടത്ത് തുടങ്ങിയവയാണ് ഇന്ത്യയിൽ സ്ത്രീകളുടെ അവസ്ഥ ഇത്രയും മോശമാകാൻ കാരണമെന്നാണ് സർവേ ചൂണ്ടിക്കാട്ടുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമ കേസുകളുടെ എണ്ണത്തിൽ 2007നും 2016നുമിടയിൽ 83 ശതമാനം വർധനയുണ്ടായെന്ന ഔദ്യോഗിക കണക്കുകളും സർവേ എടുത്തുകാണിക്കുന്നുണ്ട്. ചുരുക്കത്തിൽ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ആഗോള തലസ്ഥാനമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് സർവേ കാണിക്കുന്നത്.
തോംസൺ റോയിട്ടേഴ്സ് ഫൗണ്ടേഷെൻറ സർവേ നിഷ്പക്ഷവും സമഗ്രവുമാണ് എന്നൊന്നും അവകാശപ്പെടാൻ കഴിയില്ല. അവരുടെ മാനദണ്ഡങ്ങളും നമ്മുടെ രാജ്യത്തിെൻറ രീതികളും തമ്മിൽ അന്തരങ്ങളുണ്ടാകും. മഹാഭൂരിപക്ഷം ഗ്രാമീണ ജനത നിവസിക്കുന്ന, ആധുനികസങ്കേതങ്ങൾ തൃണമൂല തലത്തിൽ പ്രാപ്യമായിട്ടില്ലാത്ത ഒരു സമൂഹത്തെ പടിഞ്ഞാറൻ രാജ്യങ്ങളുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കുന്നതിലെ പ്രശ്നങ്ങൾ ഈ റിപ്പോർട്ടിലുമുണ്ടാകും. അതേസമയം, പടിഞ്ഞാറൻ വികസിത രാജ്യമായ അമേരിക്കയും അപകടംപിടിച്ച ആദ്യ പത്ത് രാജ്യങ്ങളുടെ പട്ടികയിലുണ്ട് എന്നതും കാണാതെ പോവരുത്. എന്തുതന്നെയായാലും, സാമ്പത്തികശക്തിയായി വളർന്നുകൊണ്ടിരിക്കുന്ന ഒരു രാജ്യത്തിന് ഈ സർവേ നാണക്കേടുതന്നെയാണ്. സർവേയെയും നടത്തിയവരെയും തള്ളിപ്പറയുന്നതിന് പകരം ആത്മവിമർശനത്തോടെ സമീപിക്കുകയാണ് വേണ്ടത്.
ദേശത്തെ അമ്മയായി കാണുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. അഞ്ചു വർഷം മുമ്പ് ഡൽഹിയിൽ നടന്ന പ്രമാദമായ കൂട്ടബലാത്സംഗ കൊലപാതകത്തിനെതിരായ ബഹുജനരോഷത്തിെൻറ പശ്ചാത്തലത്തിൽ, ആ രോഷത്തെ മുതലെടുത്തുകൊണ്ടുകൂടിയാണ് നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരുന്നത്. എന്നാൽ, കഴിഞ്ഞ കുറെ കാലമായി രാജ്യത്തുനിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കാര്യങ്ങൾ ഇതിന് നേർവിപരീതമായ സന്ദേശമാണ് നൽകുന്നത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിലെ ഉന്നാവിൽ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെടുന്ന ദയനീയ അവസ്ഥയുണ്ടായി. ഇവിടെ പ്രതിസ്ഥാനത്ത് ബി.ജെ.പി എം.എൽ.എമാർ വരെയുണ്ട്. ലോകംതന്നെ ഞെട്ടിപ്പോയ കഠ്വ ബലാത്സംഗ-കൊലപാതക കേസിൽ പ്രതികളെ സംരക്ഷിക്കാൻ സംഘടിപ്പിക്കപ്പെട്ട റാലിക്ക് നേതൃത്വം കൊടുത്തവർ ബി.ജെ.പി മന്ത്രിമാർതന്നെയാണ്. ഇതെല്ലാം ഒറ്റപ്പെട്ട കാര്യങ്ങളായി തള്ളിക്കളയാൻ കഴിയില്ല. അധികാരകേന്ദ്രങ്ങൾതന്നെ അക്രമികളെ സംരക്ഷിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിർദയം കൈകാര്യം ചെയ്യപ്പെടും എന്ന സന്ദേശമായിരുന്നു പ്രസരിക്കേണ്ടിയിരുന്നത്. എന്നാൽ, നേർ വിപരീതമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ ലാഘവത്തോടെ കാണുന്ന പ്രവണത വളരുന്നതിൽ ഇത് വലിയ പങ്ക് വഹിക്കുന്നുണ്ട്.
പുരോഗമന ആശയങ്ങളുടെ കൊടിവാഹകരായിട്ടാണ് കലാകാരന്മാർ കരുതപ്പെടുന്നത്. കേരളത്തിലെ സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ എടുത്ത ഒരു തീരുമാനം ഏവരെയും വേദനിപ്പിക്കുന്നതാണ്. നടിെയ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിചേർക്കപ്പെട്ട നടൻ ദിലീപിനെതിരായ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം ലളിതമായി പറഞ്ഞാൽ മോശമായിപ്പോയി. നാലു നടിമാർ ‘അമ്മ’യിൽനിന്ന് രാജി പ്രഖ്യാപിച്ചത് ധീരമായ നടപടിയാണ്. നടൻ ദിലീപ് കുറ്റക്കാരനാണ് എന്ന് ആരും പറയുന്നില്ല. എന്നാൽ, അദ്ദേഹത്തെ സസ്പെൻഡ് ചെയ്യാനിടയായ സാഹചര്യം ഇപ്പോഴും അതേപടി നിലനിൽക്കുന്നുണ്ട്. അങ്ങനെയിരിക്കെ രണ്ടു ദിവസം മുമ്പ് ആ നടപടി പിൻവലിച്ചതിെൻറ യുക്തി മനസ്സിലാക്കാനാവില്ല. നമ്മുടെ സിനിമാ മേഖലയെ അടക്കിവാഴുന്ന ആൺകോയ്മയുടെ പ്രതിഫലനം മാത്രമാണിതെന്നാണ് ‘വിമൻ ഇൻ സിനിമ കലക്ടിവ്’ പോലെയുള്ളവരുടെ അഭിപ്രായം. ഒരു സഹപ്രവർത്തക ആക്രമിക്കപ്പെട്ടപ്പോൾ ഇങ്ങനെയൊരു നിലപാട് എടുക്കാൻ അമ്മ എന്ന പേര് വഹിക്കുന്ന കലാകാരന്മാരുടെ സംഘടനക്ക് എങ്ങനെ സാധിക്കുന്നു എന്നത് അതിശയകരമാണ്. ഇടതുപക്ഷത്തിെൻറ ഭാഗമായ മൂന്ന് ജനപ്രതിനിധികളും ഈ തീരുമാനത്തിെൻറ ഭാഗമാണ് എന്നത് കൂടുതൽ ആശ്ചര്യകരമാണ്. സസ്പെൻഷൻ പിൻവലിച്ച നടപടിയെ യുക്തിപരമായും നൈതികമായും ന്യായീകരിക്കാൻ അമ്മക്ക് സാധിക്കില്ല. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ നിങ്ങൾ ഏതു പക്ഷത്ത് നിൽക്കുന്നു എന്ന ചോദ്യത്തെ അഭിമുഖീകരിക്കാതെ ‘അമ്മ’ക്ക് മുന്നോട്ടുപോവാൻ കഴിയില്ലതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.