പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടന്നുവന്ന അക്രമരഹിത സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള ഗൂഢശ്രമത്തിെൻറ ഭാഗമായി സംഘ്പരിവാർ ശക്തികൾ ആസൂത്രണം ചെയ്ത ഡൽഹികലാപത്തിൽ ജീവനും സ്വത്തും നഷ്ടപ്പെടുകയും പുനരധിവാസത്തിനു ഗവൺമെൻറ് സഹായമില്ലാതെ കോവിഡിെൻറ ദുരന്തകാലത്തും പെരുവഴിയിൽ എറിയപ്പെടുകയും ചെയ്ത ഇരകളെ പ്രതിക്കൂട്ടിലാക്കി നിയമത്തിെൻറ കഴുവേറ്റാനുള്ള ഹീനമായ ശ്രമമാണിപ്പോൾ നടന്നുവരുന്നത്.
രാജ്യത്തുനിന്നു മുസ്ലിംകളെ അദൃശ്യവത്കരിക്കാനും അപ്രസക്തമാക്കാനുമുള്ള ആസൂത്രിത നീക്കത്തിെൻറ ഭാഗമായി വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ, ധീരമായി എഴുന്നേറ്റുനിന്ന ഡൽഹി ശാഹീൻബാഗിലെ ഉമ്മൂമ്മമാരും പെൺകൊടികളും ഭരണകൂട ഭീകരതക്കെതിരായ അക്രമരഹിത ഗാന്ധിയൻ സമരത്തിെൻറ പുതിയ ചരിത്രം കുറിച്ചു ലോകശ്രദ്ധ നേടി. ഇൗ സമരത്തെ നിർവീര്യമാക്കാനും അതിനു കഴിയാതെ വന്നപ്പോൾ അട്ടിമറിക്കാനും എല്ലാ അടവുകളും ഭരണകൂടം പുറത്തെടുത്തുവെങ്കിലും ശാഹീൻബാഗുകൾ രാജ്യമെങ്ങും വ്യാപിച്ചു. സഹികെട്ട കേന്ദ്ര ഭരണകൂടവും ഭരണത്തെ നയിക്കുന്ന സംഘ്പരിവാർ കക്ഷികളും അനാവശ്യപ്രകോപനത്തിലൂടെ സംഘർഷാവസ്ഥ സൃഷ്ടിച്ചും കലാപമഴിച്ചുവിട്ടും സമരത്തെ ചോരയിൽ മുക്കി ശ്വാസംമുട്ടിക്കാനായി പിന്നത്തെ ശ്രമം.
പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട ഫെബ്രുവരി മധ്യവാരത്തിൽ ഡൽഹി ജാഫറാബാദ് മെട്രോ സ്റ്റേഷനു സമീപം സ്ത്രീകളും കുട്ടികളും കുത്തിയിരുപ്പുസമരം നടത്തിവരുകയായിരുന്നു. ഫെബ്രുവരി 23ന് ബി.ജെ.പി നേതാവ് കപിൽ മിശ്രയുടെ നേതൃത്വത്തിൽ ഒരു സംഘം, സമരക്കാർ സൃഷ്ടിച്ച ഗതാഗതതടസ്സം നീക്കണമെന്നാവശ്യപ്പെട്ടും പൗരത്വവിഷയത്തിൽ കേന്ദ്ര നിലപാടിനു പിന്തുണ പ്രഖ്യാപിച്ചും ആളെക്കൂട്ടി. വർഗീയവിഷം വമിക്കുന്ന പ്രസ്താവനകൾക്ക് നേരത്തേ കുപ്രസിദ്ധനായ കപിൽ മിശ്ര അന്നു നടത്തിയ റാലിയിൽ റോഡുകളിലെ ‘മാർഗതടസ്സം നീക്കാൻ’ സർക്കാറിന് അന്ത്യശാസനം നൽകുകയും ഇല്ലെങ്കിൽ അക്കാര്യം ജനക്കൂട്ടം ഏറ്റെടുക്കുമെന്നു ഭീഷണി മുഴക്കുകയും ചെയ്തു.
വൈകാതെ പ്രദേശത്ത് സംഘർഷമുടലെടുക്കുകയും മൂന്നു നാലു നാൾ കൊണ്ട് വടക്കുകിഴക്കൻ ഡൽഹി വംശീയകലാപത്തിൽ കത്തിയമരുകയും ചെയ്തു. കൊല്ലപ്പെട്ട 53 പേരിൽ 38 പേർ മുസ്ലിംകളായിരുന്നു. പതിനാലു പള്ളികളും ഒരു ദർഗയും തകർക്കപ്പെട്ടു എന്നാണ് ഒൗദ്യോഗിക കണക്ക്. കപിൽ മിശ്രയുടെ കലാപാഹ്വാനം കണ്ടുനിന്ന പൊലീസ് പലപ്പോഴും ആക്രമികളുടെ കൂടെ ചേർന്നതായി ആരോപണമുയർന്നിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് 751 കേസുകളെടുത്തതായി ഡൽഹി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി ഇൗ കേസുകളിൽ പലതിലും ചാർജ് ഷീറ്റുകൾ സമർപ്പിച്ചു തുടങ്ങി. മാധ്യമങ്ങൾക്കു മുന്നിൽ സംഘ്പരിവാർ നേതാക്കൾ കലാപാഹ്വാനം മുഴക്കുന്നതും ആളുകളെ തല്ലിക്കൊല്ലുന്നതും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതും മസ്ജിദുകൾ തകർക്കുന്നതും മലിനമാക്കുന്നതുമൊക്കെ വിഡിയോ ക്ലിപ്പുകൾ സഹിതം സമൂഹമാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. പ്രദേശം സന്ദർശിച്ച ഡൽഹി ന്യൂനപക്ഷ കമീഷനും മാധ്യമപ്രവർത്തകരും വസ്തുതാന്വേഷണ സംഘങ്ങളും മുസ്ലിംകൾക്കെതിരായ ഏകപക്ഷീയമായ വംശീയാക്രമണമാണ് നടന്നതെന്നും പൗരത്വപ്രക്ഷോഭത്തെ നിർവീര്യമാക്കുകയായിരുന്നു ലക്ഷ്യമെന്നും വെളിപ്പെടുത്തിയിരുന്നു.
വസ്തുത ഇതായിരിക്കെ, കലാപത്തിനു നേതൃത്വം നൽകിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുകയല്ലാതെ ഗവൺമെൻറിനു മുന്നിൽ വഴിയുണ്ടാവില്ലെന്ന് എല്ലാവരും കരുതി. എന്നാൽ, ആ ധാരണകളെയെല്ലാം കീഴ്മേൽ മറിച്ച് വംശീയാതിക്രമത്തിെൻറ ഇരകളെ തന്നെ കേസിൽ കുടുക്കുകയും പൗരത്വഭേഗദതി വിരുദ്ധപ്രക്ഷോഭത്തെ നയിച്ചവരെ പൈശാചികനിയമങ്ങൾ ചുമത്തി അറസ്റ്റുചെയ്ത് തടവിലിടുകയും ചെയ്യുന്നതാണ് ഇപ്പോൾ കാണുന്നത്. വംശീയാതിക്രമത്തിലെന്ന പോലെ ഇൗ തുടർസംഭവങ്ങളിലും ഇടപെടാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷവും ഡൽഹി ഭരണകൂടവും മടിച്ചു മൗനം പാലിച്ചത് കേന്ദ്ര ഗവൺമെൻറിെൻറ പൗരത്വപ്രക്ഷോഭ വിരുദ്ധ, മുസ്ലിം വിരുദ്ധ നീക്കങ്ങൾക്ക് കൂടുതൽ ആക്കം പകർന്നു. അവശേഷിച്ച കോടതിയുടെ ഇടപെടലിനും കേന്ദ്രം പരിഹാരം കണ്ടു.
കേസുകളിൽ ഇടപെട്ട്, പൊലീസ് നിഷ്ക്രിയത്വവും കലാപത്തിലെ ഇരകളോടുള്ള പക്ഷഭേദവും ചൂണ്ടിക്കാട്ടി ഡൽഹി പൊലീസിെൻറ അധികാരികളായ കേന്ദ്ര ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈകോടതിയിലെ ജസ്റ്റിസ് മുരളീധറിനെ രായ്ക്കുരാമാനം പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലം മാറ്റി, ഭരണകൂടത്തിന് വേണ്ടതെന്തെന്ന് അവർ വെളിപ്പെടുത്തി. അതിൽ പിന്നെ ഡൽഹി വംശീയാതിക്രമ കേസൊന്നായി അട്ടിമറിയുന്നതാണ് കണ്ടത്. അതിെൻറ പച്ചയായ തെളിവാണ് കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് സമർപ്പിച്ച കലാപക്കേസുകളിലൊന്നിെൻറ 700 പേജുവരുന്ന കുറ്റപത്രം. പൗരത്വസമരം സജീവമായ ഡിസംബറിലെ 13ാം നാൾമുതൽ ഫെബ്രുവരി 25 വരെയുള്ള സംഭവങ്ങളുടെ നാൾവഴി മുഴുവൻ വിശദീകരിച്ച കുറ്റപത്രം പൗരാവകാശപ്രവർത്തകരെ ഗൂഢാലോചനക്കുറ്റത്തിലേക്ക് വലിച്ചിഴക്കുന്നു.
എന്നാൽ, കലാപാഹ്വാനം മുഴക്കിയ കപിൽമിശ്രയെക്കുറിച്ച പരാമർശം പോലുമില്ല. എന്നല്ല, കലാപം തന്നെ ഹിന്ദുക്കളെ മുസ്ലിംകൾ പ്രകോപിപ്പിച്ചതിെൻറ ഫലമാണെന്ന വിചിത്രമായ കണ്ടെത്തലുമുണ്ട്. കേന്ദ്രമന്ത്രി അനുരാഗ് ഠാകുറിനും എം.പി പർവേഷ് മിശ്രക്കും കപിൽ മിശ്രക്കുമെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നു ചോദിച്ച ഹൈകോടതിയിലാണ് അവരുടെ പേരു പരാമർശിക്കാതെയും മുസ്ലിംകളെ കലാപത്തിന് ഉത്തരവാദികളായി ചൂണ്ടിയും കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. സംഘ്പരിവാർ നയിച്ച കലാപത്തെക്കുറിച്ച് അവരുടെ സർക്കാർ നടത്തുന്ന അന്വേഷണത്തിൽ പക്ഷഭേദമുണ്ടാവാം. എന്നാൽ, വേട്ടക്കാരെ പാട്ടിനുവിട്ട് ഇരകളെ വേട്ടക്കാരായി ചിത്രീകരിച്ച് കൊല്ലാക്കൊല ചെയ്യുന്ന ‘ന്യൂ നോർമൽ’ നീതിന്യായനിർവഹണത്തിനു തുടക്കമായി എന്നാണിപ്പോൾ ഡൽഹി കേസ് അന്വേഷണം വിളിച്ചുപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.