മാർക്സിസ്റ്റ് വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയുടെ മുൻ നേതാവും സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ഒരു മുൻ അംഗത്തിെൻറ പൗത്രിയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിെൻറ മകളുമായ യുവതി താൻ പ്രസവിച്ച കുഞ്ഞിനെ വെറും മൂന്നു ദിവസത്തിനകം തന്നിൽനിന്ന് എടുത്തുമാറ്റി ശിശുക്ഷേമ സമിതി മുഖേന ഇതരസംസ്ഥാന ദമ്പതികൾക്ക് ദത്ത് നൽകിയെന്ന് പരാതിപ്പെട്ടും കുഞ്ഞിനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടും തിരുവനന്തപുരം കുടുംബകോടതിയിൽ നൽകിയ ഹരജിയെ തുടർന്നുണ്ടായ സംഭവവികാസങ്ങളാണിപ്പോൾ സംസ്ഥാനത്തെ ചൂടേറിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. പേരൂർക്കട മേഖല ഡി.വൈ.എഫ്.ഐ സെക്രട്ടറി നസിയ എന്ന വിവാഹിതയെ പ്രേമിച്ച് വിവാഹംചെയ്ത പാർട്ടിക്കാരനായ അജിത്ത് ആ ബന്ധം തുടരവെ, പാർട്ടിക്കാരിതന്നെയായ അനുപമയുമായി ഒരുമിച്ചു ജീവിക്കുേമ്പാൾ അവൾ ഗർഭിണിയാവുകയും പ്രസവിക്കുകയും ചെയ്യുന്നു. ആ ആൺകുഞ്ഞിനെ ദുരഭിമാനംമൂലം എടുത്തുകൊണ്ടുപോയി മാർക്സിസ്റ്റുകാരായ അച്ഛനമ്മമാർ ശിശുക്ഷേമ സമിതിയെ ഏൽപിക്കുകയും സമിതിയുടെ ജനറൽ സെക്രട്ടറിയും മാർക്സിസ്റ്റ് യുവജന സംഘടന നേതാവുമായ ഷിജുഖാൻ ആൺകുഞ്ഞ് പെൺകുഞ്ഞാവുന്ന മറിമായമുൾപ്പെടെ വഴിവിട്ട മാർഗേണ കുഞ്ഞിനെ ആന്ധ്രപ്രദേശിലെ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവസരമൊരുക്കുന്നു-ഇതാണ് പരാതിയുടെ ചുരുക്കം.
വസ്തുതകളെല്ലാം വ്യക്തമാക്കി താൻ സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, വിജയരാഘവൻ, പി.കെ. ശ്രീമതി, പി. സതീദേവി തുടങ്ങിയവരെയെല്ലാം കണ്ടിരുന്നുവെന്നും എന്നാൽ മാസങ്ങൾക്കുശേഷവും തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കോടതിയെ സമീപിക്കേണ്ടിവന്നതെന്നും അനുപമ പറയുന്നു. എന്നാൽ, നിയമപരമായി ചെയ്യേണ്ടതേ ശിശുക്ഷേമ സമിതി ചെയ്തിട്ടുള്ളൂവെന്നാണ് മന്ത്രി വീണ ജോർജിെൻറയും സമിതിയുടെയും നിലപാട്. സി.പി.എമ്മും പോഷകസംഘടനകളും അനുപമയോടൊപ്പമാണെന്ന് പ്രഖ്യാപിച്ച് കുഞ്ഞിനെ അമ്മക്ക് തിരിച്ചുകിട്ടാനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകുമെന്ന് ഉറപ്പുനൽകുകയും ചെയ്യുന്നുണ്ടെങ്കിലും കേസിെൻറ നാൾവഴി പരിശോധിക്കുേമ്പാൾ പാർട്ടിയുടെ ആത്മാർഥത തീർത്തും സംശയാസ്പദമാണെന്ന് പറയേണ്ടിവരും. ഇഷ്ടപ്പെട്ട ആണിനും പെണ്ണിനും ഇഷ്ടമുള്ള കാലത്തോളം ഒരുമിച്ചുകഴിയാനും ഇഷ്ടമില്ലാത്തപ്പോൾ പിരിയാനും സ്വാതന്ത്ര്യമുള്ളതാണ് സോഷ്യലിസ്റ്റ് വിവാഹരീതി എന്ന് മാർക്സിസ്റ്റ് താത്ത്വികാചാര്യൻ ഇ.എം.എസ് മുേമ്പ പറഞ്ഞുവെച്ചിട്ടുണ്ടെങ്കിലും ഈ സംഭവത്തിലെ ഇഷ്ടവും അനിഷ്ടവും ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നുണ്ട്.
വിവാഹിതയായ ഒരു യുവതിയുമായി അതറിഞ്ഞുകൊണ്ടുതന്നെ ഒരു പാർട്ടിപ്രവർത്തകൻ ബന്ധപ്പെടുന്നതിലെ ഔചിത്യമാണ് ഒന്നാമത്തേത്. ആ ബന്ധം നിലനിൽക്കെ പാർട്ടിപ്രവർത്തകയായ മറ്റൊരു യുവതിയുമായി നിയമാനുസൃതമല്ലാത്ത ബന്ധം സ്ഥാപിക്കുകയും അതിൽ കുഞ്ഞ് ജനിക്കാൻ പോവുന്നു എന്നു കാണുേമ്പാൾ ആദ്യത്തെ പങ്കാളിയിൽനിന്ന് നിർബന്ധിച്ച് വിവാഹമോചനം നേടുകയും ചെയ്യുന്നതിലെ മാനുഷികത എത്രത്തോളം എന്നതും ചോദ്യമാണ്. ഇയാൾ കീഴ്ജാതിക്കാരനായതിനാൽ അയാളിൽനിന്ന് മകൾക്ക് കുഞ്ഞ് ജനിച്ചത് പുറമേക്കറിയുന്നതിലെ ദുരഭിമാനമാണ് മാതാപിതാക്കളെ അറ്റകൈക്ക് പ്രേരിപ്പിച്ചതെന്ന ന്യായമായ പരാതിയും ഉയർന്നുവരുന്നു. ജാതിക്കും മതത്തിനും അതീതരെന്ന് നാഴികക്ക് നാൽപതുവട്ടം ഉരുവിടുന്ന ഒരിടതുപക്ഷ വിപ്ലവപ്രസ്ഥാനത്തിന് പൊറുപ്പിക്കാൻ കഴിയുന്നതാണോ ഈ ക്രൂരത എന്ന ചോദ്യമാണ് അടുത്തത്. ശല്യം ഒഴിവാക്കാൻ വിദൂരതയിലെങ്ങോ ജീവിക്കുന്ന ദമ്പതികൾക്ക് കുഞ്ഞിെൻറ ദത്തിന് തടസ്സം നീക്കാൻ കൃത്രിമ രേഖകളും നടപടികളും സ്വീകരിച്ച ശിശുക്ഷേമ സമിതിയുടെ സെക്രട്ടറി പാർട്ടിക്കാരൻതന്നെയായിരിക്കെ, സംഭവം ശരിയാണെന്നു തെളിഞ്ഞാൽ അക്കാര്യവും വിശദീകരിക്കാൻ സി.പി.എം ബാധ്യസ്ഥമായിത്തീരുന്നു.
അെതല്ലാമിരിക്കട്ടെ, സംഭവത്തിെൻറ ആകത്തുക കൂടുതൽ ഗൗരവപൂർണമായ സമസ്യയിലേക്ക് വിരൽചൂണ്ടുന്നുണ്ട്. അത് മറ്റൊന്നുമല്ല. ഇത്തരം വ്യവഹാരങ്ങളിൽ സത്വര നടപടികൾ നീതിപൂർവം സ്വീകരിക്കാൻ യഥാസമയം തയാറാവേണ്ടത് സംസ്ഥാന സർക്കാറാണ്. പ്രശ്നത്തിൽ ഇടപെടുന്നത് പക്ഷേ മിക്കപ്പോഴും ഭരിക്കുന്ന സർക്കാറിനെ നിയന്ത്രിക്കുന്ന സി.പി.എം എന്ന പാർട്ടിയാണ്. സർക്കാറും പാർട്ടിയും തമ്മിലെ ബന്ധം വേർതിരിയാനാവാത്തവിധം സങ്കീർണവും കുഴഞ്ഞുമറിഞ്ഞതുമാവുന്നുണ്ട്. ക്രിമിനൽ കേസുകളിലും - ചിലപ്പോൾ സിവിൽ കേസുകളിലും - പ്രതികളാവുന്നത് പാർട്ടിക്കാരാണെങ്കിൽ കേസുകൾ അപ്പാടെ അട്ടിമറിയുന്നതും ജനങ്ങൾക്ക് നീതി ലഭിക്കാതെ പോവുന്നതും ഇത് ആദ്യത്തെയോ രണ്ടാമത്തെയോ തവണയല്ല. കൊലപാതകക്കേസുകളിലടക്കം പലതവണ കേരളം അത് അനുഭവിച്ചതാണ്. ജനങ്ങളുടെ വോട്ട് വാങ്ങി, അധികാരത്തിലേറി അവരുടെ നികുതിപ്പണംകൊണ്ട് ഭരിക്കുന്ന പാർട്ടി ഭരണയന്ത്രത്തെ ഒരു തത്ത്വദീക്ഷയുമില്ലാതെ പാർട്ടിക്കാർക്ക് ഏൽപിച്ചുകൊടുക്കുന്നതും പരിചയസമ്പന്നതയോ യോഗ്യതയോ പരിഗണിക്കാതെ സർക്കാർ സമിതികളുടെ തലപ്പത്ത് പാർട്ടിക്കാരെ കുത്തിനിറക്കുന്നതും പാർട്ടിക്കുതന്നെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നാണ് അനുപമ കേസ് വ്യക്തമാക്കുന്നത്. ഉലക്ക വിഴുങ്ങി ചുക്കുവെള്ളം കുടിക്കുന്നതാണ് ഒടുവിലത്തെ കാഴ്ച.
സർവോപരി, തങ്ങൾ കറകളഞ്ഞ മതേതരവാദികളാണെന്ന് വാദിക്കുേമ്പാഴും ധാർമിക സദാചാരമൂല്യങ്ങളോട് തീർത്തും വിടപറഞ്ഞ തലമുറകളെ ആസൂത്രിതമായി വളർത്തിയെടുത്താലുള്ള ഭവിഷ്യത്ത് അനാവരണം ചെയ്യുന്നതുകൂടിയാണിപ്പോഴത്തെ സംഭവം. മൂല്യപരവും സദാചാരവുമായ എല്ലാ പ്രവർത്തനങ്ങളെയും മതമൗലികവാദ, പിന്തിരിപ്പൻ മുദ്രകുത്തി അയിത്തം കൽപിക്കുന്ന പ്രവണത മൂല്യമുക്തമായ ഒരു തലമുറയെ സൃഷ്ടിക്കാൻ മാത്രമേ ഉതകൂ എന്ന് ചിന്താശക്തിയുള്ളവർ മനസ്സിലാക്കുന്നത് നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.