സി.പി.ഐ മാവോയിസ്റ്റിെൻറ പോളിറ്റ് ബ്യൂറോ അംഗവും സൈനികവിഭാഗം മേധാവിയുമായിരുന്ന മല ്ലുജ്വാല കോടേശ്വര റാവു എന്ന കിഷൻജിയെ (1954–2011) മമത ബാനർജിയുടെ പൊലീസ് വെടിവെച്ചു കൊന ്നപ്പോൾ 2011 നവംബർ 24ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീം പുറപ്പെടുവിച്ച പ്രസ ്താവനയിൽ ഇങ്ങനെ വായിക്കാം: ‘എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച സത്യം പുറത്തുവരണ ം. മാവോവാദി നേതാവിനെ ഇല്ലാതാക്കാനുള്ള വ്യാജ ഏറ്റുമുട്ടൽ സംഘടിപ്പിച്ചിരിക്കുകയാണ് മമത ബാനർജി. അവർ ആ ലക്ഷ്യം നേടിയിരിക്കുകയാണ്. സംസ്ഥാന സർക്കാറിെൻറ നേതൃത്വത്തിലുള്ള അറുകൊലയാണ് ജംഗൽമഹലിൽ നടന്നിരിക്കുന്നത്. യഥാർഥ വസ്തുത അറിയാനുള്ള എല്ലാ അവകാശവും ജനങ്ങൾക്കുണ്ട്.’ പിണറായി വിജയൻ സർക്കാർ അധികാരമേറ്റെടുത്തശേഷം കേരളം കണ്ട മൂന്നാമത്തെ ‘ഏറ്റുമുട്ടൽ കൊല’യാണ് പാലക്കാട് ജില്ലയിലെ അഗളി മഞ്ചിക്കണ്ടിയിൽ തിങ്കളാഴ്ച നടന്നിരിക്കുന്നത്. കർണാടക സ്വദേശികളായ കാർത്തി, രമ, മണിവാസകം, സുരേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. 2016 നവംബർ 24ന് നിലമ്പൂർ കരുളായി വനത്തിൽ നടന്ന ‘ഏറ്റുമുട്ടലി’ൽ കുപ്പു ദേവരാജ്, അജിത എന്നീ മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടതാണ് ഈ പരമ്പരയിലെ ഒന്നാമത്തെ സംഭവം. 2019 മാർച്ച് ഏഴിന് വയനാട് ലക്കിടിയിലെ റിസോർട്ടിൽ സി.പി ജലീൽ കൊല്ലപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. ഈ ‘ഏറ്റുമുട്ടൽ കൊല’ പരമ്പരകളെക്കുറിച്ച് ജനാധിപത്യവാദികൾക്ക് സാമാന്യമായി നടത്താവുന്ന പ്രതികരണം കിഷൻജിയുടെ കൊലപാതകത്തെ തുടർന്ന് സി.പി.എം നേതാവ് മുഹമ്മദ് സലീം നടത്തിയ അതേ പ്രതികരണം തന്നെയാണ്; ‘യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്ന് ജനത്തിനറിയണം.’ പക്ഷേ, ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും–അക്കാര്യം സംഭവിക്കാൻ പോവുന്നില്ല.
തോക്കിൻ കുഴലിലൂടെ വിപ്ലവം സംഘടിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് മാവോവാദികൾ. ഗ്രാമങ്ങൾ നഗരങ്ങളെ വളയുമെന്നും അങ്ങനെ വിമോചനം സംഘടിപ്പിക്കാം എന്നുമൊക്കെ പണ്ട് മാവോ പറഞ്ഞുവെച്ചത് മനസ്സിൽ കണ്ട് തോക്കുമായി കാട്ടിലേക്ക് പോയവരാണവർ. ഉന്നതമായ ലക്ഷ്യങ്ങളും സ്വപ്നങ്ങളും അവർക്കുണ്ടെങ്കിലും അവർ തിരഞ്ഞെടുത്ത വഴി അതിവിചിത്രമാണെന്ന് സാമാന്യമായി ചിന്തിക്കുന്ന ആർക്കും മനസ്സിലാവും. തോക്കേന്തിയ ഗാന്ധിയന്മാർ എന്ന് അരുന്ധതി റോയി അവരെ വിശേഷിപ്പിച്ചത് പല അർഥങ്ങളിൽ ശരിയാണ്. അവർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരല്ല. സ്റ്റേറ്റിനെതിരെ സായുധ യുദ്ധം പ്രഖ്യാപിക്കുകയും തദാവശ്യാർഥം സൈനിക ദളങ്ങൾ രൂപവത്കരിക്കുകയും ചെയ്തവരാണ്. ഇതൊക്കെ ശരിയായിരിക്കെ തന്നെ അവരെ ഇല്ലാതാക്കാൻ നിയമവിരുദ്ധവും ഭരണഘടന ബാഹ്യവുമായ വഴി സ്വീകരിക്കാൻ ഒരു സർക്കാറിനും അവകാശമില്ല എന്നതാണ് വാസ്തവം. ഭരണഘടനയെ എതിർക്കുന്നവനും പരിരക്ഷ നൽകാൻ ബാധ്യതപ്പെട്ട ഭരണഘടനയാണ് നമ്മുടേത്.
ആക്രമിക്കാൻ തുനിഞ്ഞവർക്കുനേരെ സ്വയരക്ഷാർഥം വെടിവെക്കുകയാണ് പൊലീസ് ചെയ്തതെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ വിശദീകരണം. ഇത്തരം ഏതു സംഭവത്തിലും ബന്ധപ്പെട്ട ഏജൻസികൾ നൽകുന്ന വിശദീകരണം മാത്രമാണിത്. ഗുജറാത്തിൽ നടന്ന അസംഖ്യം ഏറ്റുമുട്ടൽ കൊലകളെ കുറിച്ച് അതിന് കാർമികത്വം വഹിച്ച അമിത് ഷായും ഇതേ തരത്തിലുള്ള വിശദീകരണങ്ങളാണ് നൽകിക്കൊണ്ടിരുന്നത്. പൊലീസും മുഖ്യമന്ത്രിയും നൽകുന്ന വിശദീകരണത്തിന് കടകവിരുദ്ധമായ നിലപാടാണ് സംഭവത്തെ കുറിച്ച് പ്രദേശവാസികളായ ആദിവാസികൾ നൽകുന്നത്. കീഴടങ്ങാൻ സന്നദ്ധത അറിയിച്ച മാവോവാദികളെ തണ്ടർബോൾട്ട് അവരുടെ തമ്പ് വളഞ്ഞ് വെടിവെക്കുകയായിരുന്നുവെന്നാണ് ആദിവാസി ആക്ഷൻ കൗൺസിൽ നേതാവ് മുരുകൻ ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. മാവോവാദികളുമായി അനുനയ ചർച്ചകൾക്ക് ആദിവാസികളെ ഉപയോഗിച്ച് അവരിലൂടെ മാവോവാദികൾ തമ്പടിച്ച സ്ഥലം കണ്ടെത്തി പൊലീസ് വെടിവെക്കുകയായിരുന്നു എന്നതാണ് അദ്ദേഹത്തിെൻറ ഭാഷ്യം. ആദിവാസി മാതൃസംഘം നേതാവ് ശിവാനിയും ഇതേ ആരോപണം ആവർത്തിക്കുന്നുണ്ട്. മഞ്ചിക്കണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് എൽ.ഡി.എഫിലെ രണ്ടാമത്തെ ഘടകകക്ഷിയായ സി.പി.ഐയും ആരോപിച്ചു കഴിഞ്ഞു.
പൊലീസുകാർ എഴുതിക്കൊടുക്കുന്നത് നിയമസഭയിൽ വായിച്ചതുകൊണ്ട് മാത്രം ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും ഒളിച്ചോടാനാവില്ല.
ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെട്ട ഏറ്റുമുട്ടൽ കൊലകളുടെ കാര്യത്തിൽ സുവ്യക്തമായ രാഷ്്ട്രീയ നിലപാടുണ്ട് സി.പി.എമ്മിന്. പക്ഷേ, അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണകൂടമാണ് കേരളത്തിൽ മുമ്പില്ലാത്ത വിധം ഏറ്റുമുട്ടൽ കൊലകൾക്ക് കാർമികത്വം വഹിക്കുന്നത് എന്നത് വിചിത്രമാണ്. പൊലീസ് വകുപ്പിനെ നയിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന് സംഭവിക്കുന്ന പിഴവുകൾ ഈ കോളത്തിൽ പല തവണ ചൂണ്ടിക്കാട്ടിയതാണ്. പൊലീസിന് വീഴ്ച പറ്റി എന്ന് പിണറായി വിജയൻ തന്നെ സമ്മതിച്ച 11 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാവോവാദികളെ വധിച്ച സംഭവവും യഥാർഥത്തിൽ ആ പട്ടികയിൽ വരുന്നതാണോ എന്ന് അദ്ദേഹം പരിശോധിക്കണം.
അട്ടപ്പാടിയിലെ ‘ഏറ്റുമുട്ടൽ കൊല’കൾ വലിയ രാഷ്ട്രീയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റുമുട്ടൽ കൊലകളെ കുറിച്ച് എന്തെങ്കിലും സുവ്യക്തമായ രാഷ്ട്രീയ നിലപാടുള്ളതുകൊണ്ടാണ് കോൺഗ്രസ് ഈ വിഷയം ഉയർത്തുന്നത് എന്നൊന്നും വിചാരിക്കേണ്ട. അവർക്കിതും–മറ്റേതൊരു പ്രതിപക്ഷത്തെയും പോലെ–ഒരു രാഷ്ട്രീയ ആയുധം മാത്രമാണ്. അതിനാൽതന്നെ, ഈ വിഷയം പ്രതിപക്ഷം ഉയർത്തുന്നതിൽ എന്തെങ്കിലും നൈതികതയും ആത്്മാർഥതയും പ്രതീക്ഷിക്കേണ്ട. അതേസമയം, ജനാധിപത്യവാദികൾ ഈ വിഷയത്തെ അങ്ങനെയല്ല കാണേണ്ടത്. ഇതുസംബന്ധമായ ഏത് ആവശ്യവും പരാജയെപ്പടുമെന്ന് ഉറപ്പാണ്. അപ്പോഴും ഏറ്റുമുട്ടൽ കൊലകളെ കുറിച്ച ചോദ്യങ്ങൾ നാം ചോദിച്ചു കൊണ്ടേയിരിക്കണം. ജനാധിപത്യം ദുർബലപ്പെടാതിരിക്കാൻ അത് അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.