മിഷനറീസ് ഓഫ് ജീസസ് സന്യാസിസഭാംഗവും കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായിരുന്ന കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റമുക്തനാക്കിയിരിക്കുന്നു. നൂറിലേറെ ദിവസം നീണ്ട രഹസ്യ വിചാരണക്കൊടുവിലാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാർ ഒറ്റവരി പ്രസ്താവനയിൽ വിധി പുറപ്പെടുവിച്ചത്.
2014-16 കാലത്ത്, ബിഷപ് തന്നെ 13 തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി, 2017 മാർച്ചിൽ മഠത്തിലെ മദർ സുപ്പീരിയറിന് കന്യാസ്ത്രീ നൽകിയ പരാതിയാണ് പിന്നീട് ദേശീയതലത്തിൽവരെ ഏറെ ചർച്ചചെയ്യപ്പെട്ട കേസായി മാറിയത്. തീർത്തും പ്രതികൂല സാഹചര്യത്തിൽ സർവ ഭീഷണികളെയും വെല്ലുവിളിച്ച് പൈശാചികവൃത്തിക്കിരയായ കന്യാസ്ത്രീയും ഏതാനും സഹപ്രവർത്തകരും നടത്തിയ നിയമപോരാട്ടം ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു. അതുകൊണ്ടുതന്നെ, സമൂഹത്തിന്റെ നാനാതുറകളിൽനിന്നും നിറഞ്ഞ പിന്തുണയും ഈ പോരാട്ടത്തിന് ലഭിച്ചു; വിഷയത്തിൽ വലിയ സമരങ്ങൾക്കും കേരളം സാക്ഷ്യംവഹിച്ചു.
ഈ പോരാട്ടങ്ങൾക്കൊടുവിൽ പ്രതി ശിക്ഷിക്കപ്പെടുമെന്നുതന്നെയായിരുന്നു പൊതുവിൽ പ്രതീക്ഷിക്കപ്പെട്ടത്. വിചാരണയുടെ ഒരുഘട്ടത്തിലും സാക്ഷികൾ കൂറുമാറാത്തതും കേസിന്റെ തുടക്കം മുതലേ പരാതിക്കാരിയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകൾ പലരൂപത്തിൽ പുറത്തുവന്നതുമൊക്കെ ഫ്രാങ്കോ അകപ്പെടുമെന്ന പ്രതീതി സൃഷ്ടിച്ചു. പക്ഷേ, വിധി മറ്റൊന്നായിരിക്കുന്നു. കാര്യമായ വിശദീകരണങ്ങൾക്കൊന്നും മുതിരാതെ ഫ്രാങ്കോ മുളയ്ക്കലിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ് നീതിപീഠം.
കുറുവിലങ്ങാട്ടെ കന്യാസ്ത്രീകൾക്ക് നീതി കിട്ടാൻ പോരാടിയവരും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചവരുമെല്ലാം ഈ ഘട്ടത്തിൽ നിരാശരായതിൽ അസ്വാഭാവികതയില്ല. വിധിപ്രസ്താവം വന്നശേഷം, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ രോഷപ്രകടനങ്ങളിലും അത്ഭുതത്തിന് വകയില്ല. കേവലമൊരു ആൾക്കൂട്ട ആക്രോശമായി ഈ പ്രതിഷേധസ്വരങ്ങളെ കാണാനാവില്ല.
കേസിന്റെ ആദ്യനാൾതൊട്ടേ, അതിനെ പലരൂപത്തിൽ അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത് കേരളം കണ്ടതാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തിയും പിന്നീട് പ്രലോഭിപ്പിച്ചും കേസൊതുക്കാൻ ശ്രമിച്ചു; പരാതിയുമായി മുന്നോട്ടുപോയപ്പോൾ, ഫ്രാങ്കോയുടെ അറസ്റ്റ് തടയാനും ഫ്രാങ്കോയും സംഘവും ശ്രമിച്ചു. ഇതിനെല്ലാം സഭയുടെ പിന്തുണയുണ്ടായിരുന്നു എന്നതും രഹസ്യമല്ല. കേസന്വേഷണത്തിനുശേഷം, ഫ്രാങ്കോയെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചപ്പോഴും ഇക്കൂട്ടരുടെ സമ്മർദതന്ത്രം തുടർന്നു.
കുറ്റപത്രത്തിൽനിന്ന് തന്റെ പേര് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കൽ സെഷൻസ് കോടതി മുതൽ സുപ്രീംകോടതിവരെ പോയി. തനിക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നുമായിരുന്നു ഫ്രാങ്കോയുടെ ആവശ്യം. എന്നാൽ, ബിഷപ്പിന്റെ പീഡനത്തിന് കന്യാസ്ത്രീ ഇരയായിട്ടുണ്ടെന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നാണ് അന്ന് ഹൈകോടതി ജഡ്ജി വി. ഷേർസി നിരീക്ഷിച്ചത്. തുടർന്ന്, ഫ്രാങ്കോയുടെ ഹരജി തള്ളുകയും ചെയ്തു. പീഡനം നടന്നുെവന്നു പറയുന്ന ദിവസങ്ങളിൽ ബിഷപ് കന്യാസ്ത്രീ മഠത്തിൽ താമസിച്ചിരുന്നുവെന്നത് സംബന്ധിച്ച രേഖകൾ അന്ന് പ്രോസിക്യൂഷൻ ഹാജരാക്കിയതാണ്. സമാനമായ രീതിയിൽ സുപ്രീംകോടതിയും ഫ്രാങ്കോയുടെ ഹരജി തള്ളി. ആത്മീയശക്തി കോടതിക്കുമേൽ പ്രയോഗിക്കുകയാണോ എന്ന് നീരസം പ്രകടിപ്പിച്ചശേഷമാണ് പരമോന്നത നീതിപീഠം ഫ്രാങ്കോയെ മടക്കിയയച്ചത്. തുടർന്നാണ്, വിചാരണക്കുള്ള വഴിയൊരുങ്ങിയത്.
അഥവാ, വിചാരണ തുടങ്ങുംമുമ്പേ, ഫ്രാങ്കോക്കെതിരായ തെളിവുകൾ പലരൂപത്തിൽ നീതിപീഠത്തിന് മുന്നിലെത്തിയതും അത് കോടതി ശരിവെച്ചതുമായിരുന്നു. ഫ്രാങ്കോ ശിക്ഷിക്കപ്പെടും എന്ന പരാതിക്കാരുടെയും സിവിൽ സമൂഹത്തിന്റെയും വിശ്വാസത്തിന് പിന്നിലും ഇതായിരുന്നു. പക്ഷേ, അതിനെല്ലാമപ്പുറം ഫ്രാങ്കോയുടെ ദുർബല വാദങ്ങൾക്ക് സ്വീകാര്യത ലഭിച്ചതിന്റെ ന്യായം എന്തായിരിക്കുമെന്ന് ഇപ്പോഴും അവ്യക്തമാണ്.
നീതി ലഭ്യമാകാൻ ഏതറ്റംവരെയും പോകുമെന്നത് പരാതിക്കാരിക്കൊപ്പം നിലയുറപ്പിച്ച ആ കന്യാസ്ത്രീകളുടെ പ്രഖ്യാപിത നിലപാടാണ്. കോടതിവിധി വന്നശേഷവും അവർ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. 28 വർഷങ്ങൾക്കപ്പുറം, സിസ്റ്റർ അഭയ കേസിലുണ്ടായ വഴിത്തിരിവ് ചൂണ്ടിക്കാട്ടിയാണ് നിയമവഴിയിൽ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല എന്നവർ വ്യക്തമാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഫ്രാങ്കോ എന്ന പുരോഹിതൻ താൽക്കാലികമായി രക്ഷപ്പെട്ടുവെന്നേ പറയാനാവൂ. മേൽകോടതികളിൽ വിചാരണ ആവർത്തിക്കപ്പെടുമ്പോൾ ഫലം എന്തുമാകാം.
കേസിൽ അപ്പീൽ സമർപ്പിക്കുമെന്നതരത്തിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ചില സൂചനകളുണ്ട്. തീർച്ചയായും ഈ നീക്കം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. പക്ഷേ, ഒരു സംശയം അപ്പോഴും ബാക്കിയാവുന്നു: സാക്ഷികളിൽ ഒരാൾ പോലും കൂറുമാറാതിരുന്നിട്ടും കുറ്റകൃത്യത്തിന്റെ തെളിവുകളുണ്ടായിട്ടും അതൊന്നും കൃത്യമായി കോടതിയെ ബോധിപ്പിക്കുന്നതിൽ പ്രോസിക്യൂഷന് അടിതെറ്റിയത് എവിടെയാണ്? പണവും സ്വാധീനവും ഉപയോഗിച്ച് ഫ്രാങ്കോ കേസ് അട്ടിമറിച്ചെന്ന് ആ കന്യാസ്ത്രീകൾ കോടതിവിധിക്കുശേഷം ആരോപിച്ചത് മുഖവിലക്കെടുക്കേണ്ടിവരുന്നത് ഈ സംശയത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്.
വാളയാറിലും പാലത്തായിയിലുമെല്ലാം സമാനഗതിയിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതിന്റെ സമീപകാല ചരിത്രം കൂടി നമ്മുടെ മുന്നിലിരിക്കെ കന്യാസ്ത്രീക്ക് നീതി നഷ്ടപ്പെട്ടത് അത്ര യാദൃച്ഛികമാണെന്ന് കരുതാനാവുമോ? ഇതാണ് സമീപനമെങ്കിൽ മേൽക്കോടതിയിലും നീതി അകലെയാവുമോ? അങ്ങനെ സംഭവിക്കാതിരിക്കട്ടെ, നീതി യഥാതഥം ലഭ്യമാകട്ടെ എന്ന് പ്രാർഥിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.