പ്രാസമൊപ്പിച്ചുള്ള മുദ്രാവാക്യങ്ങളൊഴിച്ചാൽ ബി.ജെ.പിയുടെ പ്രഖ്യാപനങ്ങളെല്ലാം പ്രയോഗരംഗത്ത് പൊയ്വെടിയായിത്തീരുന്നതിെൻറ ഉദാഹരണങ്ങളാണ് പാർട്ടി ഭരണത്തിൽ ഒാേരാ നാളും കണ്ടുവരുന്നത്. നരേന്ദ്ര മോദി ഭരണത്തിലേറിയ ശേഷം നടത്തിയ പ്രഖ്യാപനങ്ങളും മുദ്രാവാക്യങ്ങളും വായ്ത്താരിക്കപ്പുറം കടക്കുന്നില്ലെന്നു തന്നെയല്ല, പലപ്പോഴും കടകവിരുദ്ധമായിത്തീരുകയാണ് പ്രയോഗത്തിൽ. ബി.ജെ.പി ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ ഏറ്റവും മോശം പ്രകടനമെന്നു യോഗി ആദിത്യനാഥ് അധികാരത്തിേലറി മാസങ്ങൾ മാത്രം പിന്നിട്ട ഉത്തർപ്രദേശ് തെളിയിക്കുന്നു. ഏറ്റവുമൊടുവിൽ നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ യു.പിയിലെ വാരാണസിയിൽ പ്രശസ്തമായ ബനാറസ് ഹിന്ദു സർവകലാശാലയിൽ പെൺകുട്ടികളെ ക്രൂരമായി തല്ലിച്ചതച്ചും റബർ പെല്ലറ്റ് പ്രയോഗിച്ചുമൊക്കെയാണ് ബി.ജെ.പി സർക്കാർ ഭരണമിടുക്ക് തെളിയിച്ചിരിക്കുന്നത്. ബേഠീ ബചാവോ, ബേഠീ പഠാവോ (പെൺകുട്ടികളെ രക്ഷിക്കൂ, പെൺകുട്ടികളെ പഠിപ്പിക്കൂ) എന്ന കാമ്പയിനുമായി ഇറങ്ങിത്തിരിച്ച ബി.െജ.പിയുടെ ഭരണകൂടം പഠിക്കാനിറങ്ങിത്തിരിച്ച വിദ്യാർഥിനികളെ എത്ര വഷളായ രീതിയിലാണ് കൈകാര്യം ചെയ്യുന്നത് എന്നതിെൻറ ഭീകരസാക്ഷ്യമാണ് ശനിയാഴ്ച രാത്രി വാരാണസിയിൽ കണ്ടത്.
വ്യാഴാഴ്ച വൈകീട്ട് ആറിന് ബൈക്കിലെത്തിയ മൂന്നംഗ സംഘം ആർട്സ് ഫാക്കൽറ്റിയിെല വിദ്യാർഥിനിയെ ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടെ ശല്യപ്പെടുത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേലുദ്യോഗസ്ഥരെ വിവരമറിയിക്കാനായി വാർഡനെ സമീപിച്ചപ്പോൾ വൈകി ഹോസ്റ്റലിലെത്തിയതിന് പെൺകുട്ടിയെ ശകാരിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച വിദ്യാർഥിനികൾ പിറ്റേന്നാൾ മുതൽ സർവകലാശാല കാമ്പസിനു മുന്നിൽ സമരത്തിനിറങ്ങി. ശനിയാഴ്ച രാത്രി വി.സിയെ കാണാൻ ശ്രമിച്ച വിദ്യാർഥികളിലൊരു വിഭാഗത്തെ തടഞ്ഞുവെച്ചതിനെ തുടർന്ന് അവർ കുത്തിയിരിപ്പു സമരം തുടങ്ങി. ഇതോടെ പൊലീസ് സമരക്കാരെ പിരിച്ചുവിടാൻ ലാത്തിവീശുകയും ഹോസ്റ്റലുകളിൽ കയറി ലാത്തിച്ചാർജും പെല്ലറ്റ് പ്രയോഗവും നടത്തുകയും ചെയ്തു. വനിത പൊലീസിെൻറ അകമ്പടിയില്ലാതെയാണ് ഗേൾസ് ഹോസ്റ്റലുകളിൽ കയറി പെൺകുട്ടികളെ തല്ലിച്ചതച്ചത്. നാലു പെൺകുട്ടികൾക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒടുവിൽ ഹോസ്റ്റലുകൾ രായ്ക്കുരാമാനം അടച്ചുപൂട്ടി കുട്ടികളോട് സ്ഥലം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. നാട്ടിലേക്ക് ട്രെയിൻ ടിക്കറ്റെടുക്കാനുള്ള സാവകാശംപോലും നൽകാതെ െപൺകുട്ടികളെ തെരുവിലിറക്കുകയായിരുന്നു. ലാത്തിച്ചാർജും അനിഷ്ടസംഭവങ്ങളും വിവാദമായതോടെ ആദിത്യനാഥ് സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും ഏതാനും ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രതിപക്ഷത്തിെൻറ രാഷ്ട്രീയ മുതലെടുപ്പ് ഒഴിവാക്കാനുള്ള മുഖംരക്ഷിക്കൽ നടപടി മാത്രമാണതെന്ന് യോഗി ഭരണത്തിെൻറ നാൾവഴികൾ പറയുന്നുണ്ട്.
കേന്ദ്രത്തിൽ ഭരണത്തിലേറിയതു മുതൽ കാമ്പസുകളെ തല്ലിയൊതുക്കി നിശ്ശബ്ദമാക്കാനുള്ള ശ്രമം ആസൂത്രിതമായി നടത്തിവരുകയാണ് സംഘ്പരിവാർ. സ്ഥാപനങ്ങളുടെ അക്കാദമിക അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനെക്കാൾ സംഘി സ്വയംകൃത നിയമങ്ങൾ അടിച്ചേൽപിച്ച് കുട്ടികളെ ‘സംസ്കരിക്കാനുള്ള’ ശ്രമമാണ് കേന്ദ്ര സർവകലാശാലകളിൽ നടത്തിവരുന്നത്. കലാലയത്തിെൻറ ജനാധിപത്യാന്തരീക്ഷം ഇല്ലാതാക്കി ആർ.എസ്.എസിെൻറ ശാഖാചിട്ടയിൽ അവയെ വാർത്തെടുക്കാനുള്ള ശ്രമമാണ് സംഘ്പരിവാറിേൻറതെന്ന ബുദ്ധിജീവികളുടെയും സാമൂഹിക പ്രവർത്തകരുടെയും ആക്ഷേപത്തിൽ കഴമ്പുണ്ട്. ബനാറസ് കലാശാലയിൽ സംഘ്മെറിറ്റിൽ കയറിക്കൂടിയ വി.സിയുടെ ‘ഭരണപരിഷ്കാരങ്ങൾ’ തന്നെ അതിനു തെളിവ്.
ആർ.എസ്.എസ് പശ്ചാത്തലമാണ് നിലവിലെ വൈസ് ചാൻസലർ ഗിരീഷ് ചന്ദ്ര ത്രിപാഠിയുടെ യോഗ്യത. നേരത്തേ അദ്ദേഹം ജോലിചെയ്തിരുന്ന അലഹബാദ് യൂനിവേഴ്സിറ്റിയിൽ വിവരാവകാശ നിയമപ്രകാരം നടത്തിയ അന്വേഷണത്തിൽ ഗവേഷണ പ്രവർത്തനത്തിെൻറ രേഖകളോ ഗവേഷണ മാഗസിനുകളിൽ ലേഖനങ്ങളോ ഏതെങ്കിലും ഗവേഷകർക്കുള്ള ഗൈഡ്ഷിപ്പോ തുടങ്ങി വഹിക്കുന്ന പദവിക്കു ചേർന്ന യോഗ്യതകളൊന്നും ഉള്ളതായി രേഖയിലില്ലെന്നാണ് മറുപടി ലഭിച്ചത്. വളർന്ന സാഹചര്യത്തിെൻറ സ്വഭാവം തെൻറ അധികാരമണ്ഡലത്തിൽ അദ്ദേഹം പ്രകടിപ്പിക്കുന്നുമുണ്ട്. ദിനം മുഴുവൻ വിദ്യാർഥികൾക്കു മുന്നിൽ തുറന്നിട്ടിരുന്ന കാമ്പസിലെ സൈബർ ലൈബ്രറി ‘കുട്ടികൾ അശ്ലീല വെബ്സൈറ്റുകൾ ഉപയോഗിക്കുമെന്ന ആശങ്കയാൽ’ സമയം വെട്ടിച്ചുരുക്കി.
ഗേൾസ് ഹോസ്റ്റലുകളുടെ ഗേറ്റുകൾ വൈകീട്ട് ആറിനുതെന്ന അടച്ചുപൂട്ടിയിട്ടു. രാത്രി എട്ടിനു ശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുമതിയില്ല. നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പില്ല. കലാശാലയിൽ ഒരു സമരത്തിലും പങ്കുകൊള്ളില്ലെന്ന് നേരത്തേ എഴുതി ഒപ്പിട്ടുകൊടുക്കണം... ഇങ്ങനെ പോകുന്നു ബനാറസ് കലാശാലയിൽ പെൺകുട്ടികൾക്ക് ഏർപ്പെടുത്തിയ പുതിയ നിയമങ്ങൾ. ഇതെല്ലാം കുട്ടികളെ ‘സംസ്കരിക്കാൻ’ എന്നാണ് വി.സിയുടെ ന്യായം. പക്ഷേ, പെൺകുട്ടികൾക്ക് നേരമിരുട്ടും മുമ്പ് ഹോസ്റ്റൽ അണയുന്നതടക്കമുള്ള സുരക്ഷ ഉപദേശങ്ങൾ നൽകുന്ന അധികൃതർ അവർക്ക് കാമ്പസ് പരിസരത്ത് സുരക്ഷയൊരുക്കുന്നതിൽ പരാജയപ്പെട്ടു എന്നു മാത്രമല്ല, അതിനെതിരായ നടപടികൾ സ്വീകരിക്കുന്നതിനു പകരം ആശങ്കയുടെ പേരിൽ സമരത്തിനിറങ്ങിയ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളുടെ നേർക്ക് തിണ്ണമിടുക്ക് കാണിക്കാനാണ് അധികൃതർക്ക് തിടുക്കം.
സർവകലാശാലക്കും മറ്റു കോളജ് കാമ്പസുകൾക്കും ദീർഘാവധി കൊടുത്ത് പ്രക്ഷോഭം ഒതുക്കുന്നതിനുള്ള വഴികളാരായുകയാണ് സംസ്ഥാന സർക്കാർ. അഥവാ, പെൺകുട്ടികളെ രക്ഷിക്കാനും പഠിപ്പിക്കാനും കൊടിപിടിക്കുന്നതൊക്കെ അധികാരപ്പടിയെത്തുവോളം കൊള്ളാം. ഭരണം കൈയിലണഞ്ഞാൽ പിന്നെ ആൺ, പെൺ ഭേദമൊന്നുമില്ലാതെ തല്ലിയൊതുക്കൽ തന്നെ സംഘ്പരിവാറിെൻറ ‘ആർഷ സംസ്കാര മോഡൽ’ എന്നതിെൻറ ഏറ്റവും പുതിയ െതളിവായി മാറുകയാണ് ബനാറസ് ഹിന്ദു സർവകലാശാലയിലെ അനിഷ്ട സംഭവവികാസങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.