സി.എ.എ കേസുകളും സർക്കാറി​​ന്‍റെ ഇരട്ടത്താപ്പും


കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) ഉയർന്നുവന്ന സമരങ്ങൾ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ബൃഹത്തായ ജനകീയ മുന്നേറ്റങ്ങളിലൊന്നാണ്. സാർവദേശീയ തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട ആ ജനകീയ ഉയിർത്തെഴുന്നേൽപി​െൻറ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു കേരളം. സംഘ്​പരിവാർ ഒഴികെയുള്ള മുഴുവൻ പ്രസ്ഥാനങ്ങളും അതിനെതിരെ രംഗത്തുവന്നു. സംഘ്​പരിവാർ സംഘടനകൾ കേരളത്തിൽ സി.എ.എയെ ന്യായീകരിക്കാൻ വേണ്ടി പരിപാടികൾ നടത്തുമ്പോൾ അതത് പ്രദേശത്തെ കടകളടച്ചുകൊണ്ടാണ് നാട്ടുകാർ അതിനോട് പ്രതികരിച്ചത്. കേരള സർക്കാറും ഭരണകക്ഷിയായ സി.പി.എമ്മും സി.എ.എ വിരുദ്ധ മുന്നേറ്റത്തിനൊപ്പം നിലകൊള്ളുകയും ചെയ്തു. നിയമസഭ സി.എ.എക്കെതിരെ പ്രമേയം പാസാക്കി. സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അസന്ദിഗ്​ധമായി പ്രഖ്യാപിച്ചു.

സി.എ.എക്കെതിരെ സി.പി.എം കൃത്യതയുള്ള രാഷ്​​ട്രീയ നിലപാട് സ്വീകരിക്കുമ്പോഴും കേരളത്തിലെ ആഭ്യന്തര വകുപ്പ് സി.എ.എ വിരുദ്ധ സമരത്തെ അത്ര നല്ല രീതിയിലല്ല അഭിമുഖീകരിച്ചത്. സി.പി.എമ്മുകാരല്ലാത്ത സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ വ്യാപകമായി കേസെടുക്കുന്നതിൽ സംസ്ഥാന പൊലീസ്​ അതീവ ശുഷ്കാന്തി പുലർത്തുകയുണ്ടായി. കോഴിക്കോട് കുറ്റ്യാടിയിൽ സംഘ്​പരിവാറി​െൻറ സി.എ.എ അനുകൂല പരിപാടി നടക്കുമ്പോൾ കടകളടക്കാൻ ആഹ്വാനം ചെയ്തവർക്കെതിരെയാണ് പൊലീസ്​ കർശന വകുപ്പുകൾ ചേർത്ത് കേസെടുത്തത്. കടകൾ അടച്ചതിൽ രോഷം പൂണ്ട ആർ.എസ്​.എസുകാർ 'ഗുജറാത്ത് ആവർത്തിക്കും' എന്നതടക്കമുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി പ്രകടനം നടത്തിയിട്ട് അവർക്കെതിരെ കേസെടുത്തതുമില്ല. പിന്നീട് വ്യാപകമായ വിമർശനങ്ങൾ വന്ന ശേഷം ദിവസങ്ങൾ കഴിഞ്ഞാണ് ആർ.എസ്​.എസുകാർക്കെതിരെ കേസെടുത്തത്.

കേരളത്തിലെ സി.എ.എ വിരുദ്ധ സമരങ്ങളുടെ ഭാഗമായി 2019 ഡിസംബർ 17ന് ഹർത്താൽ നടത്തിയിരുന്നു. സംസ്ഥാനത്തെ നവജനാധിപത്യ പ്രസ്ഥാനങ്ങളും സാമൂഹികസംഘടനകളും പൊതു വ്യക്തിത്വങ്ങളും ആഹ്വാനം ചെയ്ത ആ ഹർത്താലിനെ തകർക്കാനുള്ള ശ്രമങ്ങളാണ് തുടക്കം മുതലേ ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്. ഹർത്താലിനെ നിയമവിരുദ്ധ പ്രവർത്തനമായി കണ്ട് നടപടികൾ സ്വീകരിക്കുമെന്ന് ഡി.ജി.പി മുൻകൂറായി പ്രഖ്യാപിച്ചു. ഹർത്താൽ സംഘാടകരെ വ്യാപകമായി അറസ്​റ്റ്​ ചെയ്യുകയും അവരുടെ പൊതുപരിപാടികൾ തടയുകയും ചെയ്തു. ഹർത്താലിന് ആഹ്വാനം ചെയ്ത വിവിധ രാഷ്​​ട്രീയസംഘടന ഭാരവാഹികൾക്കും ബുദ്ധിജീവികൾക്കും ആക്​ടിവിസ്​റ്റുകൾക്കുമെതിരെ കേസെടുക്കുന്ന അതിവിചിത്രമായ സംഭവത്തിനും കേരളം സാക്ഷിയായി. ഇപ്പോൾ, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, 'കേരളത്തിൽ സി.എ.എ നടപ്പാക്കില്ല' എന്ന പ്രസ്​താവനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തുവന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ വീരവാദം വന്ന ദിവസംതന്നെയാണ് കേരളത്തിലെ അറിയപ്പെടുന്ന ബുദ്ധിജീവികളും ആക്​ടിവിസ്​റ്റുകളും മാധ്യമപ്രവർത്തകരും അഭിഭാഷകരും മനുഷ്യാവകാശപ്രവർത്തകരും അടങ്ങുന്ന ഒരു ഡസനിലേറെ ആളുകൾക്ക് സമൻസ്​ വന്നിരിക്കുന്നത്. 2019 ഡിസംബർ 17ലെ ഹർത്താലിന് ആഹ്വാനം ചെയ്തതി​െൻറ പേരിലാണ് ഈ സമൻസ്​. ഇവരെന്തെങ്കിലും ക്രിമിനൽ നടപടികളിൽ ഏർപ്പെട്ടതായി പൊലീസ്​ പോലും പറഞ്ഞിട്ടില്ല. പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായ അമിതാധികാര പ്രവണതകൾ മാറ്റിനിർത്തിയാൽ അങ്ങേയറ്റം സമാധാനപരമായാണ് ആ ഹർത്താൽ സംസ്ഥാനത്ത് നടന്നത്. എന്നാൽ, സി.എ.എയെ എതിർത്ത് ഒരു സമരത്തിന് ആഹ്വാനം ചെയ്​തവരെ പോലും കുറ്റവാളികളായി കാണുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഒരു ഭാഗത്ത് സി.എ.എക്കെതിരെ ഗീർവാണങ്ങൾ മുഴക്കുകയും മറുവശത്ത് സി.എ.എ വിരുദ്ധ പ്രക്ഷോഭകരെ ക്രിമിനലുകളായി കണ്ട് നടപടിയെടുക്കുകയും ചെയ്യുന്നത് മറയില്ലാത്ത ഇരട്ടത്താപ്പാണ്.

സി.എ.എ വിരുദ്ധ പ്രക്ഷോഭകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം എന്ന ആവശ്യം സംസ്ഥാനത്ത് ശക്തമായി ഉയരുന്നുണ്ട്. എന്നാൽ, അതിനോട് ക്രിയാത്മകമായി പ്രതികരിക്കാൻ മുഖ്യമന്ത്രിയോ സർക്കാറോ ഇതുവരെ സന്നദ്ധമായിട്ടില്ല. അതിനിടെയാണ്, സി.എ.എ സമരക്കാർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന തമിഴ്​നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ പ്രസ്​താവന വെള്ളിയാഴ്ച പുറത്തുവരുന്നത്. ബി.ജെ.പി പിന്തുണയുള്ള എ.ഐ.എ.ഡി.എം.കെയാണ് തമിഴ്നാട് ഭരിക്കുന്നത്. ബി.ജെ.പി സഖ്യകക്ഷിയായിട്ടുപോലും സി.എ.എ വിരുദ്ധ സമരക്കാരെ വേട്ടയാടുന്ന സമീപനം തമിഴ്നാട് സ്വീകരിക്കുന്നില്ല. ഇവിടെയാകട്ടെ, സി.എ.എക്കെതിരെ വലിയ വായ്ത്താരികൾ മുഴക്കുന്ന സർക്കാറാണ്. അവർ സി.എ.എ സമരക്കാർക്കെതിരെ മാത്രമല്ല, അത്തരം സമരങ്ങൾക്ക് ആഹ്വാനം ചെയ്തവരെ പോലും പിന്നാലെ നടന്ന് വേട്ടയാടുകയാണ്. ജനം ഇതെല്ലാം ശരിയാംവിധം തിരിച്ചറിയുന്നുണ്ടെന്ന് സർക്കാർ മനസ്സിലാക്കണം.

Tags:    
News Summary - CAA cases and government duplicity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.