ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതുമൂലം സംസ്ഥാനങ്ങൾക്കുണ്ടായ വരുമാനനഷ്ടം നികത്താനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ഉത്തരവാദിത്തമൊഴിയൽ മാത്രമല്ല, കരാർ ലംഘനവും ഭരണഘടനക്കും ഫെഡറൽ ഘടനക്കുമെതിരായ കലാപവുമാണ്. 2017 ജൂലൈയിൽ ജി.എസ്.ടി ഏർപ്പെടുത്തുേമ്പാൾ കേന്ദ്രം നൽകിയ ഉറപ്പായിരുന്നു, അഞ്ചു വർഷത്തേക്ക് വരുമാനനഷ്ടം കേന്ദ്രം നികത്തുമെന്നത്. ജി.എസ്.ടി ഏർപ്പെടുത്തുേമ്പാൾ കോവിഡ് പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ഇപ്പോൾ ന്യായം പറയുന്നത്.
മഹാമാരിയെ നേരിടുന്ന ഭാരം ഏറെയും കേന്ദ്രമല്ല, സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. കേന്ദ്രം ഏകപക്ഷീയമായി തീരുമാനിച്ച ലോക്ഡൗണടക്കം ജനങ്ങളെ വലച്ചപ്പോൾ നിർദേശങ്ങളും ഉപദേശങ്ങളുമാണ് സംസ്ഥാനങ്ങൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. കേന്ദ്രത്തിനുള്ളതിനേക്കാൾ ഗുരുതരമാണ് സംസ്ഥാനങ്ങൾ നേരിടുന്ന ചെലവേറ്റവും വരുമാനക്കമ്മിയും.
ഇത് പ്രതീക്ഷിച്ചതല്ലെന്നു പറഞ്ഞ് കേന്ദ്രത്തെപ്പോലെ സംസ്ഥാനങ്ങളും കൈകഴുകിയാലോ? ജനങ്ങൾക്ക് സർക്കാറുകളിൽനിന്ന് കിട്ടേണ്ട സംരക്ഷണവും പിന്തുണയും അപ്രതീക്ഷിതമായ ദുരന്തങ്ങളില്ലെങ്കിൽ മാത്രം നൽകേണ്ടതാണെന്ന നിലപാട് എത്രത്തോളം ഭരണഘടനാനുസൃതമാണ്? കേന്ദ്രം പ്രത്യക്ഷത്തിൽ സംസ്ഥാനങ്ങളെയാണ് കൈയൊഴിയുന്നതെങ്കിലും അന്തിമമായി അതെല്ലാം ജനങ്ങളെത്തന്നെ ഉപേക്ഷിക്കലാണ്.
ജനങ്ങളോട് സർക്കാറുകൾക്കുണ്ടാകേണ്ട ധാർമിക ഉത്തരവാദിത്തം ഒഴിയലും കേന്ദ്രം നൽകിയ വ്യക്തമായ ഉറപ്പിെൻറ ലംഘനവും ജനദ്രോഹമാണ്. നഷ്ടപരിഹാര സെസ് വരുമാനമായി ലഭിക്കേണ്ട മൂന്നു ലക്ഷം കോടി രൂപയിൽ 65,000 കോടി രൂപ മാത്രമാണ് പ്രതീക്ഷിക്കുന്നതെന്നും ബാക്കി 2.35 ലക്ഷം രൂപ നഷ്ടപ്പെട്ടതിനു കാരണം ഏറെയും കോവിഡ് ബാധയാണെന്നും ജി.എസ്.ടി കൗൺസിലിെൻറ യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ജി.എസ്.ടി നടപ്പാക്കിയതുമൂലം 97,000 കോടി മാത്രമേ നഷ്ടം വന്നിട്ടുള്ളൂവത്രെ. ബാക്കി കോവിഡിെൻറ കണക്കിൽപ്പെടുത്തിക്കൊണ്ടാണ് കേന്ദ്രം പറയുന്നത്, അത് തരാൻ നിയമപരമായ ബാധ്യത ഇല്ലെന്ന്.
കേന്ദ്രത്തിെൻറ നിലപാടിൽ ഒരുപാട് പ്രശ്നങ്ങളുണ്ട്. ഒന്നാമത്, ജി.എസ്.ടി വരുമാനനഷ്ടത്തിന് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയെന്നത് ജി.എസ്.ടി എന്ന ഭരണഘടനാപരമായ സംവിധാനത്തിെൻറ ഭാഗമാണ്. ഇപ്പോൾ ധനമന്ത്രി ചൂണ്ടിക്കാട്ടുന്ന, മുൻകൂട്ടി കാണാത്ത അത്യാഹിതങ്ങൾ (acts of God) എന്ന ഒന്നും ജി.എസ്.ടി നിയമത്തിൽ വ്യവസ്ഥചെയ്തിട്ടില്ല. കോവിഡ് നഷ്ടം, കോവിഡിതര നഷ്ടം എന്ന തരംതിരിവ് ഏകപക്ഷീയവും അയുക്തികവുമാണെന്നു മാത്രമല്ല, അതുസംബന്ധിച്ച കണക്കുതന്നെയും ചോദ്യംചെയ്യപ്പെടേണ്ടതാണ്.
രണ്ടാമത്, സ്വന്തം ചെയ്തികൾ കാരണം സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിയും കോവിഡിെൻറ കണക്കിൽപെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. മുേമ്പ അവശനിലയിലായിരുന്ന സമ്പദ്സ്ഥിതിക്കുമേൽ കോവിഡ് വന്നുപതിച്ചപ്പോൾ അതുണ്ടാക്കിയ പ്രത്യാഘാതം ഒരളവോളമെങ്കിലും 'ദൈവസ്രഷ്ട'മല്ല, സർക്കാർ ഉണ്ടാക്കിയതാണ്. നോട്ടുനിരോധനവും അന്യൂനമാക്കാതുള്ള ജി.എസ്.ടി നടപ്പാക്കലും ചേർന്ന് തളർത്തിയ ധനസ്ഥിതിക്കുമേലാണ് കോവിഡ് എളുപ്പത്തിൽ പിടിമുറുക്കിയത്.
പതിറ്റാണ്ടിെൻറ ഏറ്റവും കുറഞ്ഞ ആഭ്യന്തരോൽപാദന വളർച്ചനിരക്ക് (4.2 ശതമാനം) കണ്ടത് മഹാമാരിക്കു മുമ്പാണ്. മൂന്നാമത്, സംസ്ഥാനങ്ങളേക്കാൾ കേന്ദ്രത്തിന് ഉത്തരവാദിത്തമുള്ള പ്രതിസന്ധിയായിരുന്നില്ലെങ്കിൽപോലും, ജി.എസ്.ടി ഇടിവ് ഉണ്ടായിരുന്നില്ലെങ്കിൽപോലും, മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിൽ സംസ്ഥാനങ്ങളെ സഹായിക്കേണ്ടത് കേന്ദ്രമാണ്. കാരണം, ധനനയത്തിലും ധനസമാഹരണത്തിലും കേന്ദ്രത്തിനുള്ള അധികാരം സംസ്ഥാനങ്ങൾക്കില്ല. ഉണ്ടായിരുന്ന സ്വാതന്ത്ര്യംകൂടി ജി.എസ്.ടി കവരുകയാണ് ചെയ്തത്.
നാലാമത്, നഷ്ടപരിഹാരത്തുക കുറക്കാനും വൈകിക്കാനും കാരണമായി കേന്ദ്രം ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന കോവിഡിനും മുേമ്പ അതിൽ വീഴ്ചവരുത്തിയിരുന്നു. 2019 മുതൽതന്നെ കേന്ദ്രം- ചിലപ്പോൾ ബി.ജെ.പി ഇതര സംസ്ഥാനങ്ങൾക്കുമേൽ രാഷ്ട്രീയ സമ്മർദമായിട്ടുപോലും- സംസ്ഥാനങ്ങളുടെ വിഹിതം നിഷേധിച്ചും താമസിപ്പിച്ചും തുടങ്ങിയിരുന്നു.
കേന്ദ്രം ഇപ്പോൾ പറയുന്നത്, സംസ്ഥാനങ്ങൾക്കു വേണമെങ്കിൽ വായ്പ വാങ്ങാമെന്നാണ്. ഇതും ചുമതലയൊഴിയലാണ്. കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകാൻ ബാധ്യതപ്പെട്ട പണം വായ്പയായി മാത്രമേ ലഭ്യമാകൂ എങ്കിൽ അത് കേന്ദ്രംതന്നെ കടമെടുത്ത് സംസ്ഥാനങ്ങൾക്കു നൽകുകയാണ് ന്യായം.
കടമെടുക്കുന്നതിലെ സങ്കീർണതകളും പലിശനിരക്കുമൊക്കെ കുറക്കാൻ കേന്ദ്രത്തിനാണ് കഴിയുക. നികുതിയായിട്ടും വായ്പയായിട്ടും നോട്ടടിച്ചിട്ടുമൊക്കെ പണം കണ്ടെത്തി രാജ്യത്തിെൻറ സമ്പദ്ഘടനയിലേക്ക് ധനമൊഴുക്ക് ഉറപ്പുവരുത്തിയില്ലെങ്കിൽ കൂടുതൽ കടുത്ത സ്ഥിതിയിലേക്ക് രാജ്യം കൂപ്പുകുത്തുകയേ ഉള്ളൂ. ഇതിനെല്ലാമപ്പുറം ഇപ്പോൾ ബോധ്യപ്പെടുന്ന മറ്റൊന്നുണ്ട്. ഫെഡറൽ ഘടനക്ക് കരുത്തുപകരാതെ രാജ്യത്തിെൻറ സമ്പദ്സ്ഥിതി ഊർജസ്വലത വീണ്ടെടുക്കില്ല.
അതിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സ്വയംനിർണയാവകാശം കുറച്ചെങ്കിലും ആവശ്യമാണ്. ജി.എസ്.ടി വഴി കേന്ദ്രത്തിന് കൈവന്ന ഏകപക്ഷീയവും െഫഡറൽ വിരുദ്ധവുമായ അധികാരാവകാശങ്ങളിൽ പുനരാലോചന ആവശ്യമാണ്. അപ്രതീക്ഷിത അത്യാഹിതം (ആക്ട് ഓഫ് ഗോഡ്) എന്ന, ഇൻഷുറൻസ് കമ്പനിക്കാരെപ്പോലുള്ളവരുടെ ന്യായം ഒരു സർക്കാറിന് ഭൂഷണമല്ലെന്ന് കേന്ദ്രം തിരിച്ചറിയുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.