ഇന്ത്യയുടെ അമ്പത്തൊന്നാം ചീഫ് ജസ്റ്റിസായി സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ന്യായാധിപനായ ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച ചുമതലയേറ്റു. അടുത്ത മേയിൽ വിരമിക്കുന്നതു വരെയുള്ള ആറു മാസക്കാലയളവിലേക്കാണ് നിയമനം. നീതിന്യായ മണ്ഡലത്തിൽ വസ്തുനിഷ്ഠതയിലും നിഷ്പക്ഷതയിലും ശ്രദ്ധേയരായ ന്യായാധിപരിലൊരാളാണ് ഖന്ന.
ഇന്ത്യൻ നീതിന്യായരംഗത്ത് പേരെടുത്ത എച്ച്.ആർ. ഖന്നയുടെ അനന്തരവനായ സഞ്ജീവ്, ഡൽഹി ഹൈകോടതിയിലെ ജഡ്ജിയായിരുന്ന ദേവരാജ് ഖന്നയുടെ മകനാണ്. ഇന്ദിര ഗാന്ധിയുടെ ഭരണകാലത്ത് പ്രമാദമായ ഹേബിയസ് കോർപസ് കേസിൽ അനുകൂലവിധി നൽകാത്തതിനുള്ള ശിക്ഷയെന്നോണം തന്നെ മറികടന്ന് എം.എച്ച്. ബേഗിന് ചീഫ് ജസ്റ്റിസ് പദവി നൽകിയതിൽ പ്രതിഷേധിച്ച് സുപ്രീകോടതിയിൽനിന്ന് രാജിവെച്ച് ഇറങ്ങിപ്പോയതാണ് എച്ച്.ആർ. ഖന്ന. പിന്നീട് രാഷ്ട്രപതി സ്ഥാനത്തേക്ക് കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ അദ്ദേഹം മത്സരിച്ചു. ഡൽഹിയിലെ തീസ് ഹസാരി കോടതിയിലെ അഭിഭാഷകവൃത്തിയിൽ തുടങ്ങിയ നീതിന്യായ സേവനം പരമോന്നത നീതിപീഠത്തിന്‍റെ പരമാധികാര പദവിയിലെത്തുന്നതിനിടെ വൈവിധ്യമാർന്ന നിയമവ്യവഹാരങ്ങളിൽ പ്രാഗല്ഭ്യം തെളിയിക്കാൻ സഞ്ജീവ് ഖന്നക്ക് കഴിഞ്ഞിട്ടുണ്ട്.
ഭരണഘടന നിയമം, നികുതി, വാണിജ്യനിയമം, കമ്പനി നിയമം, ഭൂനിയമം, പരിസ്ഥിതി നിയമം, വൈദ്യസേവനഭംഗ കേസുകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിധി പുറപ്പെടുവിച്ചിട്ടുണ്ട് അദ്ദേഹം. സുപ്രീംകോടതി ജഡ്ജിയായിരിക്കെ, ചീഫ് ജസ്റ്റിസിന്‍റെ ഓഫിസിനെയും വിവരാവകാശ നിയമത്തിന്‍റെ പരിധിയിൽ കൊണ്ടുവന്നതും ഇക്ടറൽ ബോണ്ടിന്‍റെ ഭരണഘടനാ വിരുദ്ധത വെളിപ്പെടുത്തി തടയിട്ടതും വോട്ടിങ് മെഷീൻ, 370ാം വകുപ്പ് കേസുകളിൽ ഔദ്യോഗിക തീരുമാനങ്ങൾക്ക് ഒപ്പം നിന്ന് തീർപ്പുകൽപിച്ചതുമൊക്കെ ആ വിധിന്യായങ്ങളിൽ പ്രധാനപ്പെട്ടതാണ്. 2019ലെ വിവരാവകാശസംബന്ധമായ വിധിന്യായത്തിൽ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉയർത്തിപ്പിടിച്ചുതന്നെ, ചീഫ് ജസ്റ്റിസിന്‍റെ ഓഫിസ് വിവരാവകാശ വരുതിയിൽതന്നെയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ചീഫ് ജസ്റ്റിസിന്‍റെ ഓഫിസിനെ തേടിയെത്തുന്ന വിവരാവകാശ നിയമമനുസരിച്ച അന്വേഷണങ്ങൾ പൊതുതാൽപര്യം തന്നെയാണോ, അതോ, ഓഫിസിന്‍റെ സ്വകാര്യതക്ക് ഊനം തട്ടിക്കുന്നതാണോ എന്നൊക്കെ വിവേചിച്ചറിയാനുള്ള ഉത്തരവാദിത്തം അദ്ദേഹം കോടതിയിലെ ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്ക് നൽകി. സുതാര്യത നഷ്ടപ്പെടുത്തുകയും അഴിമതിക്ക് ഇടനൽകുകയും ചെയ്യുന്നുവെന്ന ന്യായത്തിലായിരുന്നു ഇലക്ടറൽ ബോണ്ടുകൾക്കെതിരെ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഖന്ന വിധി പറഞ്ഞത്. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ കേസിൽ പഴയ ബാലറ്റിലേക്കുള്ള തിരിച്ചുപോക്കിനെ എതിർക്കുമ്പോഴും പുതിയ യന്ത്രസംവിധാനത്തിനെതിരെ ഉയർന്ന സംശയങ്ങളുടെ പുകമറ നീക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ അദ്ദേഹം വിധിയിൽ നിർദേശിച്ചു. ഏറ്റവുമൊടുവിൽ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കുമ്പോൾ അദ്ദേഹത്തിനെതിരായ വാദങ്ങളുടെ ബാലിശത അദ്ദേഹം ന്യായസഹിതം വ്യക്തമാക്കി. ഇങ്ങനെ നീതിന്യായസംഹിതയുടെ ആത്മാവ് ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധനേടിയ ന്യായാധിപൻ സുപ്രീംകോടതിയുടെ പരമാധ്യക്ഷ സ്ഥാനത്ത് അവരോധിക്കപ്പെടുമ്പോൾ വർത്തമാന ഇന്ത്യ അദ്ദേഹത്തിൽ കവിഞ്ഞ പ്രതീക്ഷകൾ പുലർത്തുക സ്വാഭാവികം.
ആറുമാസത്തെ ചുരുങ്ങിയ കാലയളവിലും അലീഗഢ് മുസ്ലിം സർവകലാശാലയുടെ ന്യൂനപക്ഷ പദവി കേസിലെ പുനർമൂല്യനിർണയം, വൈവാഹിക ബലാത്സംഗം തുടങ്ങിയ വൈവിധ്യമാർന്ന കേസുകളിൽ സഞ്ജീവ് ഖന്നക്ക് വിധി പറയാനുണ്ട്. കേസുകളിൽ ഗുണാത്മകമായ വിധിതീർപ്പിന് ഊന്നുന്നതോടൊപ്പം കാലവിളംബത്തിൽ കേസുകൾ കെട്ടിക്കിടക്കരുതെന്ന നിർബന്ധബുദ്ധിയും പുലർത്തുന്നുണ്ട് സഞ്ജീവ്.
കീഴ്കോടതികൾ മുതൽ സുപ്രീംകോടതിവരെ, കേസുകൾ കെട്ടിക്കിടന്ന് പൗരരെ കോടതിവ്യവഹാരങ്ങളിൽ തളച്ചിടുന്നതിന് അദ്ദേഹം എതിരാണ്. കോടതിമുറികളുടെ ഗാംഭീര്യവും സാങ്കേതിക സൗകര്യങ്ങളുടെ മികവിലുമല്ല, നീതിനിർവഹണത്തിൽ സഹാനുഭൂതിയും അനുതാപവും വെണ്മയും പുലർത്താൻ കഴിയുന്നതിലാണ് നീതിപീഠം വിലയിരുത്തപ്പെടുക എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ജില്ല ജഡ്ജിമാരുടെ ദേശീയസമ്മേളനത്തിൽ ജസ്റ്റിസ് ഖന്ന പ്രഖ്യാപിച്ചിരുന്നു. ഹൈകോടതികളെക്കാൾ പത്തിരട്ടി കേസുകൾ തീർപ്പാക്കുന്ന ജില്ല കോടതികളെ അദ്ദേഹം അഭിനന്ദിക്കുകയുണ്ടായി. നീതിപീഠത്തെക്കുറിച്ചും നീതിനിർവഹണത്തെക്കുറിച്ചും തന്‍റെ അഭിപ്രായങ്ങൾ മറയില്ലാതെ അദ്ദേഹം അന്ന് തുറന്നുപറഞ്ഞത് പ്രധാനമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു. ഈ കൃത്യമായ നിലപാടുകൾ ചീഫ് ജസ്റ്റിസ് എന്ന നിലക്കുള്ള അദ്ദേഹത്തിന്‍റെ വിധിതീർപ്പുകളിലും പ്രതിഫലിക്കുമോ എന്നാണ് അറിയേണ്ടത്.
മികച്ച വിധിന്യായങ്ങളിലൂടെയും അതിലും മികച്ച ന്യായപ്രഭാഷണങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു സഞ്ജീവ് ഖന്നയുടെ മുൻഗാമിയും. എന്നാൽ, ഊഴത്തിന്‍റെ അവസാനഘട്ടത്തിൽ ജുഡീഷ്യറിയുടെ നിഷ്പക്ഷതക്ക് മങ്ങലേൽപിക്കുന്ന ചില അനാരോഗ്യ പ്രവണതകൾ അദ്ദേഹത്തിൽനിന്നുണ്ടായി.
ലജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഒന്ന് മറ്റൊന്നിന് താങ്ങും കരുത്തുമായി നിലകൊള്ളേണ്ടതാണ് എന്നതുപോലെ പ്രധാനമാണ് അവ തമ്മിലുള്ള അകലത്തിന്‍റെയും അടുപ്പത്തിന്‍റെയും അതിരടയാളങ്ങളും. നിയമപരവും ഭരണഘടനാപരവുമായ ചട്ടവട്ടങ്ങളിലൊന്നും താൽപര്യമില്ലാത്തവരും എല്ലാം ചൊൽപടിയിൽ നിൽക്കണമെന്ന് ആഗ്രഹിക്കുന്നവരുമാണ് രാജ്യഭരണം കൈയാളുന്നതെന്നിരിക്കെ, അത്തരം സ്ഥാപിതതാൽപര്യങ്ങളെ മറികടന്ന് സുപ്രീംകോടതിയുടെ പരമോന്നത നീതിനിഷ്ഠ ഉയർത്തിപ്പിടിക്കാൻ പുതിയ സാരഥിക്കാവുമോ എന്നാണ് സ്വതന്ത്ര ജനാധിപത്യസ്നേഹികൾ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.